junction kerala.com

Monday, December 31, 2012

രണ്ടാം ജന്മം.

എട്ടാം യാമത്തില്‍ തന്നെ എഴുന്നേറ്റു. കയ്യിന്റെ അറ്റത്ത്‌ ലക്ഷ്മിയെയും, നടുവില്‍ സരസ്വതിയെയും, താഴെ ഗോവിന്ദനെയും ഒക്കെ നോക്കി. ആരെയും കാണാനില്ലല്ലോ? മനസ്സ് പതറിപ്പോയി. മുഖം കഴുകി മൂലയില്‍ വെച്ചിരുന്ന പഴയ സഞ്ചി എടുത്തു. പത്തു യമങ്ങളുടെയും (വിലക്കുകള്‍ -) പൊതികള്‍ അഴിച്ചു നോക്കി. ഉറുമ്പും, പാറ്റയും അരിച്ചു സുഷിരങ്ങള്‍ വീണിരിക്കുന്നു. അഹിംസയുടെയും, അസ്തേയയുടെയും (മോഷ്ട്ടിക്കാതിരിക്കുക), അര്‍ജവയുടെയും (സത്യസന്ധത) 'അ' അവരുമായുള്ള ബന്ധം വിടര്‍ത്തി സത്ത്യത്തിന്റെയും, ശൌചത്തിന്റെയും, ക്ഷമയുടേയും കൂടെ ലോപിച്ചിരിക്കുന്നു. ബ്രഹ്മചര്യം (ലൈംഗിക ശുദ്ധത) പലരുടെയും നടുവില്‍ നഗ്നയായി കിടന്നു കാമലൊലയായി മാടി വിളിക്കുന്നു. ധൃടചിത്തത (മനസ്ഥിരത) മുടി അഴിച്ചിട്ടു, മനോരോഗിയായി എന്തൊക്കെയോ പുലമ്പുന്നുണ്ട്. ദയയെ, നിര്‍ദയത്വം തിന്നു കഴിഞ്ഞിരിക്കുന്നു. മിതാഹാരം, മാംസ ഭക്ഷണം തിന്നു കൊഴുത്തിരിക്കുന്നു. അറുപത്തിനാല് അനാചാരങ്ങളുടെ പൊക്കണസഞ്ചിയുടെ ഉള്ളില്‍ നിന്നും അടക്കിയ ചിരികള്‍ കേട്ടു. പത്തു അനുഷ്ഠാനങ്ങളുടെ അടുത്ത പൊതിയും അഴിച്ചു നോക്കി. "വിനയത്തെ" ആറാം യാമത്തിന്റെ മറവില്‍ അടക്കം ചെയ്തുവത്രെ. സംതൃപ്തി അതൃപ്തി പ്രകടിപ്പിച്ചു മൂലയില്‍ ഇരിക്കുന്നു. ദാനവും, പരസ്പര വിശ്വാസവും ദാനവന്മാരുടെ വാളിന് ഇരയായി കഴിഞ്ഞിരിക്കുന്നു. ഈശ്വര പൂജയും, ഗ്രന്ഥ വായനയും സന്യാസം എടുത്തിരിക്കുന്നു. അവബോധം (ജ്ന്യാനം) തല ചുറ്റി വീണു കിടക്കുന്നു. പരിശുദ്ധ പ്രതിജ്ഞകള്‍ അപവിത്രങ്ങളായി കിടന്നു മോങ്ങുന്നു. മന്ത്രോച്ചാരണം വിശുദ്ധ നൂലുകളില്‍ ആത്മഹത്യ ചെയ്തു തൂങ്ങി കിടക്കുന്നു. വിരക്തി സ്വര്‍ണ്ണാലങ്കാരങ്ങള്‍ നിറഞ്ഞ മേനി കാട്ടി കുഴഞ്ഞാടുന്നു.
Photo: രണ്ടാം ജന്മം.
എട്ടാം യാമത്തില്‍ തന്നെ എഴുന്നേറ്റു. കയ്യിന്റെ അറ്റത്ത്‌ ലക്ഷ്മിയെയും, നടുവില്‍ സരസ്വതിയെയും, താഴെ ഗോവിന്ദനെയും ഒക്കെ നോക്കി. ആരെയും കാണാനില്ലല്ലോ? മനസ്സ് പതറിപ്പോയി. മുഖം കഴുകി മൂലയില്‍ വെച്ചിരുന്ന പഴയ സഞ്ചി എടുത്തു. പത്തു യമങ്ങളുടെയും (വിലക്കുകള്‍ -) പൊതികള്‍ അഴിച്ചു നോക്കി. ഉറുമ്പും, പാറ്റയും അരിച്ചു സുഷിരങ്ങള്‍ വീണിരിക്കുന്നു. അഹിംസയുടെയും, അസ്തേയയുടെയും (മോഷ്ട്ടിക്കാതിരിക്കുക), അര്‍ജവയുടെയും (സത്യസന്ധത)  'അ' അവരുമായുള്ള ബന്ധം വിടര്‍ത്തി സത്ത്യത്തിന്റെയും, ശൌചത്തിന്റെയും, ക്ഷമയുടേയും കൂടെ ലോപിച്ചിരിക്കുന്നു. ബ്രഹ്മചര്യം  (ലൈംഗിക ശുദ്ധത) പലരുടെയും നടുവില്‍ നഗ്നയായി കിടന്നു കാമലൊലയായി മാടി വിളിക്കുന്നു. ധൃടചിത്തത (മനസ്ഥിരത) മുടി അഴിച്ചിട്ടു, മനോരോഗിയായി എന്തൊക്കെയോ പുലമ്പുന്നുണ്ട്. ദയയെ,  നിര്‍ദയത്വം തിന്നു കഴിഞ്ഞിരിക്കുന്നു. മിതാഹാരം, മാംസ ഭക്ഷണം തിന്നു കൊഴുത്തിരിക്കുന്നു. അറുപത്തിനാല്  അനാചാരങ്ങളുടെ പൊക്കണസഞ്ചിയുടെ ഉള്ളില്‍ നിന്നും അടക്കിയ ചിരികള്‍ കേട്ടു. പത്തു അനുഷ്ഠാനങ്ങളുടെ അടുത്ത പൊതിയും അഴിച്ചു നോക്കി.  "വിനയത്തെ" ആറാം യാമത്തിന്റെ മറവില്‍ അടക്കം ചെയ്തുവത്രെ. സംതൃപ്തി അതൃപ്തി പ്രകടിപ്പിച്ചു മൂലയില്‍ ഇരിക്കുന്നു. ദാനവും, പരസ്പര വിശ്വാസവും ദാനവന്മാരുടെ വാളിന് ഇരയായി കഴിഞ്ഞിരിക്കുന്നു. ഈശ്വര പൂജയും, ഗ്രന്ഥ വായനയും സന്യാസം എടുത്തിരിക്കുന്നു. അവബോധം (ജ്ന്യാനം) തല ചുറ്റി വീണു കിടക്കുന്നു. പരിശുദ്ധ പ്രതിജ്ഞകള്‍ അപവിത്രങ്ങളായി കിടന്നു മോങ്ങുന്നു. മന്ത്രോച്ചാരണം വിശുദ്ധ നൂലുകളില്‍ ആത്മഹത്യ ചെയ്തു തൂങ്ങി കിടക്കുന്നു. 
അയാളും ആ പഴയ സഞ്ചികള്‍  ദൂരെ വലിച്ചെറിഞ്ഞു. ഒരു വലിയ ചാക്ക് തന്നെ കയ്യിലെടുത്തു. ഇന്നെടുക്കാനുള്ള തലകളുടെ, ബലാല്‍സംഗം ചെയ്യാനുള്ള പെണ്‍കുട്ടികളുടെ, മോഷ്ടിക്കുവാനുള്ള സാധനങ്ങളുടെ, പറയാനുള്ള നുണകളുടെ ഒരു നീണ്ട പട്ടികയുമായി പുറത്തിറങ്ങി. പെണ്‍പൂച്ചകളും, പെണ്‍പട്ടികളും അയാളുടെ കണ്ണുകളില്‍ നോക്കി ഓലിയിടുന്നുണ്ടായിരുന്നു. രണ്ടാം കല്പ്പത്തില്‍ നീണ്ട നിദ്രയില്‍ എല്ലാം മറന്നു കിടക്കുന്ന യുഗപുരുഷനെ വിളിക്കാനെന്ന പോലെ. സന്തോഷത്തോടെ നടന്നു നീങ്ങുന്ന അയാളുടെ ദേഹത്തില്‍ നിന്നും  വിയര്‍പ്പായി വീഴുന്ന രക്തത്തുള്ളികള്‍ നക്കി, പിന്നാലെ ചെന്നായ്ക്കളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു.

ഇടവഴി.

ഇടവഴിയോ? മുള്ള് കുത്തുമോ? ഓര്‍മ്മകളിലെ ഇടവഴിയിലേക്ക് അറിയാതെ ഇറങ്ങി പോയി. മാധവിയമ്മ എല്ലാ വര്‍ഷവും വേലി കേട്ടില്ല. പനമ്പട്ടയുടെ നാരു കൊണ്ടാണ് മുള്ള് വേലി കെട്ടുക. ഒരു കൊല്ലത്തിനു മുമ്പ് തന്നെ വേലി ഇടവഴിയിലേക്ക് തൂങ്ങിയിട്ടുണ്ടാകും.പോരാത്തതിന്, ഒരു ചെറിയ ഇടം കണ്ടാല്‍ മതി. പാടത്ത് വരുന്ന പശുക്കളും, ആടുകളും എല്ലാം മാധവിയമ്മയുടെ തൊടിയിലേക്ക്‌ ചാടും. പിന്നെ, പിന്നെ വേലി ഇടവഴിയിലും ആയമ്മയുടെ തൊടി ഇടവഴിയും ആകും. വേലി കെട്ടാത്ത സമയമാണെങ്കില്‍ സൂക്ഷിച്ചു നടക്കണം. ഇല്ലെങ്കില്‍ മുമ്പിലേക്ക് നടക്കുന്ന നമ്മെ "എവിടെക്കാടാ ഇത്ര തിരക്കിട്ട് പോകുന്നത്, എന്നെയൊന്നും ഒരു വിലയില്ലാതെ" എന്നും പറഞ്ഞു മുള്ള്മാമന്‍ ഒന്ന് കൊളുത്തി വലിക്കും. കുറച്ചു പഴയ വസ്ത്രമാണെങ്കില്‍ ചിലപ്പോള്‍ 'ക്ര്ര്ര്‍' എന്നൊരു ശബ്ദമേ കേള്‍ക്കൂ. പുതുതായി വേലി കെട്ടിയ സമയമാണെങ്കില്‍ ഇടവഴിയില്‍ പച്ച മുള്ളുണ്ടാകും. കുത്തിയാല്‍ ഭയങ്കര കടച്ചിലാണ്. രണ്ടു പുറത്തും തൊട്ടാവാടി ചെടികള്‍ പൂവും, കായയുമായി ചിരിച്ചു നില്‍ക്കുന്നുണ്ടാകും. ആര് അടുത്തു കൂടെ പോയാലും വലിയ ബഹുമാനത്തോടെ കൈ കൂപ്പി കൊണ്ടിരിക്കും. വേലിപ്പുറത്ത് ഓന്തുമാമന്‍ ഇരിക്കുണ്ടാകും. "ഉം.....എങ്ങോട്ടാ?" എന്ന് തല കൊണ്ട് ചോദിക്കും. ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും പുള്ളിക്കാരന്‍ ഓടി പോകും. വലിയ തിരക്കിലാണെപ്പോഴും. പിന്നെ വലിയ തലയുള്ള തുമ്പികള്‍ ഇരിക്കുന്നുണ്ടാകും. പൈലറ്റും, എയര്‍ ഹൊസ്റ്റെസ്സും, റണ്‍വെയും ഒന്നും ഇല്ലാതെ ടെക് ഓഫ് ചെയ്യുമ്പോള്‍ പിന്നാലെ ഓടി എന്നെക്കൂടി കൊണ്ട് പോകുമോ എന്ന് ചോദിക്കാറുണ്ടായിരുന്നു. കുമാരനാശാന്റെ  "ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ......." എന്ന കവിത ഓര്‍മ്മിപ്പിക്കുന്ന വിധം പല നിറങ്ങളിലുള്ള പൂമ്പാറ്റകള്‍ ഓരോ ചെടിയിലും പറ്റിപ്പിടിച്ചിരിക്കുന്നുണ്ടാകും. മാധവിയമ്മയുടെ കൊമ്പിപ്പശുവോ, നാണുനായരുടെ ടോമിയോ ഇടവഴിയുടെ അറ്റത്ത്‌ കണ്ടാല്‍ എന്റെ തിരിച്ചു ഒരു ഓട്ടം ഉണ്ട്. ചിലപ്പോ രണ്ടു പുറവും നോക്കി ആരും ഇല്ലെന്നു ഉറപ്പിച്ചു, ട്രൌസര്‍ പൊന്തിച്ചു ഒന്ന് മൂത്രമൊഴിക്കാന്‍ നോക്കുമ്പോഴാകും "അയ്യേ, ഈ ചെക്കനു ഒരു നാണവും ഇല്ലല്ലോ" എന്നും പറഞ്ഞു മാധവിയമ്മയുടെ മകള്‍ മുകളില്‍ നിന്നും കളിയാക്കുക. ട്രൌസര്‍ പെട്ടെന്ന് താഴെക്കാക്കുമ്പോഴേക്കും മൂത്രം പകുതി അതില്‍ ആയിട്ടുണ്ടാകും. ഇനിപ്പോ അവള്‍ അവിടെയില്ലെന്നു ഉറപ്പാക്കി ഒഴിക്കാന്‍ തുടങ്ങിയാല്‍, അത് കാലിലേക്ക് തന്നെ ഒലിച്ചു വരും. ഒഴിഞ്ഞു മാറി വരുമ്പോഴേക്കും കിഴക്കോട്ടു നിന്നിരുന്ന ഞാന്‍ വടക്കോട്ട്‌ മുഖം ആക്കി നില്‍പ്പുണ്ടാകും. ചിലപ്പോള്‍ ആ വേലിത്തിണ്ണയില്‍ ചെറിയ പോടുകളുണ്ടാകും. അതിലേക്കു ഒഴിക്കുമ്പോ പേടിയുണ്ടാകും, പാമ്പോ മറ്റോ പുറത്തേക്കു ചാടിയാലോ എന്ന്. വേലിക്കരികിലുള്ള വലിയ മരങ്ങള്‍ക്ക് മുകളില്‍ കാക്കയും, കുയിലും, ചെമ്പോത്തും, തത്തമ്മയും, അണ്ണാനും ഒക്കെ തമ്മില്‍ വട്ടമേശ സമ്മേളനം നടക്കുന്നുണ്ടാകും. എന്താ ഇവര്‍ക്ക് എന്നും സമ്മേളനം കൂടാന്‍ ഒരു വിഷയം ഉണ്ടാവുക എന്ന് എന്നും ആലോചിക്കും. കുയിലിനോട് അതിന്റെ അതെ ശബ്ദത്തില്‍ തിരിച്ചു ചോദിച്ചാല്‍ ഭയങ്കര ദ്വേഷ്യത്തില്‍ ചിലക്കുന്നുണ്ടാകും. "ഇവനേതെടാ ഈ പീറചെക്കന്‍ എന്നോടു വര്‍ത്തമാനം പറയാന്‍ -" എന്ന പോലെ. ചിലപ്പോ തീവണ്ടി പോണ പോലെ ഓടുന്ന തേരട്ട ഉണ്ടാകും. അവനെ കൈ കൊണ്ട് തൊടില്ല. ഒരു മരക്കഷണം കൊണ്ട് തൊട്ടാല്‍ അപ്പൊ ചുരുണ്ട് ഒരു വട്ടമാകും. ഇനി ഉണ്ട് നീളത്തില്‍ ജാഥയായി പോകുന്ന ഉറുമ്പിന്‍ കൂട്ടം. മുമ്പിലുള്ളവന് ഒരു ചുവന്ന കൊടി കൊടുക്കാന്‍ ശ്രമിച്ചാല്‍ എല്ലാവരും കൂടി പരക്കം പായും. കടിക്കാത്ത ഉറുമ്പാണെങ്കില്‍ ചിലപ്പോള്‍ അഞ്ചാറെണ്ണത്തിനെ കയ്യില്‍ വെക്കും. കുറച്ചു മുമ്പില്‍ പോയി കുഴിയാനകളുടെ കുഴിയില്‍ ഇട്ടു കൊടുക്കും. ഉറുമ്പ്‌ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴെല്ലാം കുഴിയാന മണ്ണ് തെറുപ്പിച്ച് അതിനെ കുഴിയിലേക്ക് തന്നെ വീഴ്ത്തും. സന്ധ്യ മയങ്ങിയാല്‍ ഒറ്റ ഓട്ടമാണ്. പാമ്പും, പ്രേതവും ഒക്കെ ഇറങ്ങുംത്രെ. ഒറ്റ ഓട്ടത്തിന് അപ്പുറത്ത് എത്തിയാല്‍ എങ്ങിനെയാണ് എന്നെ പിടിക്കാന്‍ പറ്റുക? 

Friday, November 30, 2012

വിവേചന ബുദ്ധി

രാവിലെ ആറര മണി ആയാല്‍ എനിക്ക് ദിവസവും കുറെ വിരുന്നുകാരുണ്ടാവും. ആദ്യം കുറെ പ്രാവുകളാണ് ബാല്‍ക്കണിയില്‍ വരുക. അവര്‍ വരുന്നതിനു മുമ്പ് അവിടമെല്ലാം വൃത്തിയാക്കി, ഒരു വലിയ സ്റ്റീല്‍ പാത്രത്തില്‍ നിറയെ വെള്ളം ഒഴിച്ച് വെക്കണം. (വെള്ളം എല്ലാ പക്ഷികളും ദിവസം മുഴുവന്‍ കുടിച്ചു  കൊണ്ടിരിക്കും). ഒരു പാത്രത്തില്‍ നിറയെ നെല്ലും, ചാമയും കലര്‍ത്തി ചുമരില്‍ ക്കൂടെ വരിക്കു ഇട്ടു കൊടുക്കും. ഇരുപതിലും കൂടുതല്‍ പ്രാവുകള്‍ അത് മുഴുവന്‍ പത്തു പതിനഞ്ചു മിനുട്ട് കൊണ്ട് കാലിയാക്കും. അപ്പോഴേക്കും ആറെ മുക്കാല്‍ ആയിട്ടുണ്ടാവും. അപ്പുറത്തുള്ള നാല് ബദാം മരങ്ങളില്‍ അപ്പോഴേക്കും കുഞ്ഞിക്കിളികളും, മഞ്ഞക്കിളികളും, നിരന്നിരിക്കുണ്ടാവും. ഹൈ ടെന്‍ഷന്‍ കമ്പിയില്‍ രണ്ടു ബുള്‍ബുള്ള് കളും, കാക്കകളും  ഉണ്ടാകും. ഇവര്‍ക്ക്  ചാമയും, നെല്ലും ഒന്നും വേണ്ട. അവര്‍ക്ക് ചോറും, മിക്സ്ച്ചറും ആണ് പ്രിയം. കാക്കകളിലും രണ്ടു തരത്തിലുള്ളവര്‍ ഇരിക്കുന്നുണ്ടാകും. ഒന്ന് മുഴുവന്‍ കറുപ്പുള്ളവരും, മറ്റേതു കഴുത്തില്‍ ചെമ്പന്‍ വരയുള്ള ഇനവും. കറമ്പന്‍ കാക്കകള്‍ക്ക് തീരെ പേടിയില്ല. അവര്‍ കുറച്ചു തറവാടികളും ആണ്. അവര്‍ക്ക് ചോറും, മിക്സ്ച്ചറും ഇടുന്ന സ്ഥലം വേറെയാണ്. അവര്‍ ഇരിക്കുന്ന സ്ഥലത്ത് അഥവാ ഞാനോ, ഭാര്യയോ പോയി നിന്നാല്‍ ചില സമയങ്ങളില്‍ ഞങ്ങളുടെ കയ്യില്‍ കൊത്തി ഞങ്ങളെ അവിടെ നിന്നും മാറ്റും. ഈ കാക്കകള്‍ക്ക് ചോറിന്റെ കൂടെ തൈരും വേണം.  അവിടെ നിന്നും കഴിച്ചു കഴിഞ്ഞാല്‍ അവര്‍ സ്ഥലം വിടും. പിന്നെ വെയില്‍ ചൂട് പിടിച്ചാല്‍ ബാല്‍ക്കണിയില്‍ അവര്‍ (കറുത്ത കാക്കകള്‍)) മാത്രം) വന്നു ക്ഷീണം മാറ്റാന്‍ ഇരിക്കും. ചെമ്പന്‍ കാക്കകള്‍ അങ്ങിനെയല്ല. കക്കാനാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം. അവര്‍ക്കാണെങ്കില്‍ കറമ്പന്‍ കാക്കകളെ മാത്രമേ പേടിയുള്ളൂ. കോങ്കണ്ണിട്ട്   നോക്കി അവര്‍ മറ്റുള്ള പക്ഷികളുടെ മിക്സ്ചര്‍ കൂടി തട്ടിയെടുക്കും. എല്ലാം അവര്‍ക്ക് മാത്രം എന്നാണു അവരുടെ പക്ഷം.  ബാല്‍ക്കണിക്കകത്ത് ഒരു പാത്രത്തില്‍ (ഒരു പഴയ ഫ്ലവര്‍ വൈയിസ്) കുഞ്ഞിക്കിളികള്‍ക്കും, മഞ്ഞക്കിളികള്‍ക്കും, ബുള്‍ബുള്‍കള്‍ക്കും മിക്സ്ചര്‍ ഇട്ടു കൊടുക്കും. ഇതില്‍ കുഞ്ഞിക്കിളികളെ മറ്റെല്ലാ പക്ഷികളും കൊതി ഓടിക്കും. ബുള്‍ബുള്‍കളെ കുഞ്ഞിക്കിളികളെ ഒഴിച്ചാല്‍ മറ്റെല്ലാവരും കൊത്തി ഓടിക്കും. ചെമ്പന്‍ കാക്കകളും,, പ്രാവുകളും ബാല്‍ക്കണിക്കകത്തെ പാത്രത്തില്‍ നിന്നും മറ്റുള്ള കൊച്ചു പക്ഷികളെ ഓടിച്ചു മിക്സ്ചര്‍ കൊത്തിയെടുക്കും. എന്റെ അടുത്തു കുറച്ചു മിക്സ്ചര്‍ ഇട്ടു കൊടുത്താല്‍ കുഞ്ഞിക്കിളികള്‍ പലപ്പോഴും മെല്ലെ വന്നു തിന്നും. ബുള്‍ബുള്ളിനും കുറച്ചു വിട്ടു ഇട്ടു കൊടുത്താല്‍ പേടിയോടു കൂടി ചിലപ്പോള്‍ കുറച്ചൊക്കെ തിന്നും. മഞ്ഞക്കിളികള്‍ക്ക് എന്നെ പേടിയാണ്. പല തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കി എന്നെ അവിടെ നിന്നും മാറ്റാന്‍ നോക്കും. പക്ഷെ ഞാന്‍ പോയാല്‍ ചെമ്പന്‍ കാക്കകള്‍ അല്ലെങ്കില്‍ പ്രാവുകള്‍ മുഴുവനും കട്ടെടുക്കും. ഈ ചെമ്പന്‍ കാക്കകളെയും, പ്രാവുകളെയും ഓടിക്കാന്‍ ഞാന്‍ ഒരു പ്രതിമ പോലെ ബാല്‍ക്കണിയില്‍ അങ്ങിനെ നില്‍ക്കും. പേടിച്ചു, പേടിച്ചു മഞ്ഞക്കിളികള്‍ തിന്നാന്‍ പാത്രത്തില്‍ ഇരിക്കുമ്പോഴേക്കും, കള്ളന്‍ ചെമ്പന്‍ കാക്കകള്‍ അല്ലെങ്കില്‍ ആ പ്രാവുകള്‍ അവിടെ തിന്നാന്‍ വന്നിരിക്കും. അപ്പോള്‍ ഞാന്‍ അവരെ ഓടിക്കാന്‍ തുടങ്ങിയാല്‍ മഞ്ഞക്കിളികളും, കുഞ്ഞിക്കിളികളും, ബുള്‍ബുള്ളും പറന്നു പോകും. പല വഴികളും നോക്കി. അവസാനം ഞാന്‍ ഒന്ന് തീരുമാനിച്ചു. കിട്ടുന്നവര്‍ക്ക് കിട്ടട്ടെ. ഫ്ലവര്‍ വൈസ്സിലും മൂന്നു, നാല് സ്ഥലങ്ങളിലും മിക്സ്ചര്‍ ഇട്ടു കൊടുത്തു ഞാന്‍ അമ്പല ദര്‍ശനത്തിന്നു പോകും. 


അടുത്തുള്ള ഹനുമാന്റെ അമ്പലത്തിലേക്ക് പോകുന്ന വഴിക്ക് ഞാന്‍ ആലോചിച്ചു. ഈ പക്ഷികളെ പോലെ തന്നെയല്ലേ മനുഷ്യന്മാര്‍. ഉള്ളത്? ശക്തി കുറഞ്ഞവരും, കൂടിയവരും, തറവാടികളും, സൂത്രക്കാരും, കള്ളന്മാരും ഒക്കെ ഉള്ള മനുഷ്യന്മാര്‍. നമ്മളില്‍ ഇടയ്ക്കും ഇല്ലേ? മനുഷ്യന്മാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ്, നമുക്ക് സാധന സാമഗ്രികള്‍ വേണ്ടുവോളം ദൈവം (പ്രകൃതി) തരുന്നുണ്ടായിരിക്കാം. പക്ഷെ ഈ തരുന്നതില്‍ ഏറിയ പങ്കും ശക്തി കൂടിയവരും, സൂത്രക്കാരും കൈ വശം വെക്കുന്നു. നല്ലവരായ, സത്യസന്ധന്മാരായ തറവാടികള്‍ അവരുടെ ആവശ്യത്തിന്നുള്ളത് എടുത്തു മാറി നില്‍ക്കുന്നു. പാവപ്പെട്ടവര്‍ക്കാകട്ടെ ബാക്കി വന്നതില്‍ എന്തെങ്കിലും കിട്ടിയാല്‍ ഭാഗ്യം. ദൈവം ഒരു പക്ഷെ ശക്തി കൂടിയവരെയും, അതിസൂത്രക്കാരെയും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടാകും. അങ്ങിനെ ശ്രമിച്ചപ്പോള്‍, പാവപ്പെട്ടവരും, ശക്തി കുറഞ്ഞവരും പേടിച്ചു (മഞ്ഞക്കിളികളും, കുഞ്ഞിക്കിളികളും, ബുള്‍ബുള്ളും പോലെ) മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ ദൈവം വിചാരിച്ചിട്ടുണ്ടാകും "കിട്ടുന്നവര്‍ക്ക് കിട്ടട്ടെ. വിവേചന ബുദ്ധി മനുഷ്യന്മാര്‍ക്ക് കൊടുത്തിട്ടുണ്ടല്ലോ!"

Saturday, November 10, 2012

കരിനാക്ക്:

ഞങ്ങളുടെ വീടിനു കുറച്ചു ദൂരെ താമസമുള്ള ഒരു പരിചയക്കാരന്‍ ഉണ്ടായിരുന്നു, നാണുവാശാന്‍ എന്നാണു വിളിച്ചിരുന്നത്. അന്ന് ഒരു എഴുപത്തഞ്ചു വയസ്സ് വരുമായിരുന്നു. ആ വടിയും എടുത്തു വരുന്നത് കണ്ടാല്‍ ആശാനെ അറിയുന്നവരൊന്നും പിന്നെ വഴിയില്‍ നില്‍ക്കില്ല. പേര് കേട്ട കരിനാക്കുകാരന്‍ ആയിരുന്നു എന്നത് തന്നെ കാര്യം. 

ഓണക്കാലം. ഞങ്ങളുടെ അടുത്തുള്ള മമ്മത് കടയില്‍ നിറയെ ഓണക്കുലകള്‍ നിരത്തിയിരിക്കുന്നു. നാണ്‌വാര് പോയി വില ചോദിച്ചു. ഓണത്തിനു മമ്മതിന്റെ ആദ്യത്തെ കസ്ടമര്‍. ആയിരുന്നു. നാനുവാരിന്റെ കരിനാക്ക് അറിവുള്ളത് കാരണം പത്തു രൂപ കുറച്ചു തന്നെ വില പറഞ്ഞു. വില കേട്ട് നാണ്‌വാര് പറഞ്ഞു "അവിടെ തന്നെ ഇരിക്കട്ടെ." പാവം മമ്മത്. ഓണം കഴിഞ്ഞിട്ടും ഓണക്കുലകള്‍ തൂങ്ങി കിടന്നു. പഴങ്ങള്‍ ഉണങ്ങിപ്പോയി എന്ന് മാത്രം. 

എന്റെ അമ്മാമന്‍ 1963 ഇല്‍ ഭാണ്ടാരയില്‍ നിന്നും വരുന്നു. അന്ന് വീട്ടില്‍ മണ്ണെണ്ണ വിളക്കുകള്‍ ആണ്. അമ്മാമയുടെ സൈക്കിളില്‍ വെച്ചിരുന്ന ഹെഡ് ലാംപും കൊണ്ട് വന്നിരുന്നു. മുമ്പില്‍ രിഫ്ലെക്ടരും, രണ്ടു പുറത്തും പച്ചയും. ചുകപ്പും ഗ്ലാസ്സും, പിന്നില്‍ ഒരു പിടിയും ഉള്ള മണ്ണെണ്ണ വിളക്ക് രാത്രി ഇറങ്ങി നടക്കാന്‍ പറ്റിയതായിരുന്നു. എപ്പോഴെങ്കിലും ആ വീട്ടില്‍ എത്തുന്ന ഞാന്‍ സന്ധ്യക്ക്‌ അതൊന്നു കൊളുത്തി പുറത്തേക്കിറങ്ങി. പുറത്തിറങ്ങിയതും നാണുവാശാന്‍ മുന്നില്‍. ഭൂതം പോലെ നില്‍ക്കുന്നു. അമ്മാമനെ കാണാന്‍ വന്നതായിരുന്നുവത്രേ. എന്റെ കയ്യില്‍ ഉണ്ടായിരുന്ന സൈക്കിള്‍ വിളക്ക് കണ്ടു പറഞ്ഞു "ഹായ്, അത്ഭുത വിളക്കാണല്ലോ. ഒന്ന് ആ ഉമ്മറപ്പടിയില്‍ വെക്കൂ. ഞാന്‍ ഒന്ന് കാണട്ടെ." ഞാന്‍ എല്ലാവരെയും നോക്കി പേടിയോടു കൂടി താഴെ വെച്ചു. 'ഭൂം' എന്നൊരു ശബ്ദം ഉണ്ടാക്കി വിളക്ക് ഒന്നിച്ചു കത്തുന്നതെ പിന്നെ കണ്ടുള്ളൂ. അമ്മാമന്‍ ഓടി വന്നു കുറച്ചു മണ്ണെടുത്തിട്ട് തീ അണച്ചു. തിളങ്ങുന്ന ചുമപ്പു നിറമുള്ള ആ വിളക്ക് അപ്പോഴേക്കും ഒരു കരിംഭൂതം ആയി കഴിഞ്ഞിരുന്നു. നാണുവാശാന്‍ ഒരു ശബ്ദം പോലും ഉരുവിടാതെ പോയി കഴിഞ്ഞിരുന്നു. എനിക്കിപ്പോഴും സംശയം അത് അയാളുടെ ഭൂതം ആയിരുന്നോ എന്നാണു?

എന്റെ വീട്ടില്‍ ഒരു മാവ് ഉണ്ടായിരുന്നു. കപ്പല്‍ മാങ്ങ എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞിരുന്നത്. നല്ല സ്വാദ് ആയിരുന്നു. അധികം പുളിയില്ലാത്ത കാരണം പച്ചക്ക് തന്നെ ഉപ്പു കൂട്ടി തിന്നാന്‍ നല്ല സ്വാദ് ആയിരുന്നു. ഒരു കൊല്ലം നിറയെ മാങ്ങ ഉണ്ടായി. നാനുവാര്‍ വടി കുത്തി വീട്ടില്‍ വന്നു പറഞ്ഞു "ആ കിഴക്കോട്ടുള്ള കൊമ്പില്‍ മാങ്ങ നിറഞ്ഞ കാരണം ഇല കൂടി കാണുന്നില്ല." ഇതും പറഞ്ഞു പുള്ളിക്കാരന്‍ ഞങ്ങളുടെ പടിപ്പുര കൂടി കടന്നിട്ടുണ്ടാവില്ല, അതാ പൊട്ടി വീഴുന്നു അദ്ദേഹം പറഞ്ഞ ആ കൊമ്പും, മാങ്ങകളും. എന്തായാലും നാണുവാശാന്റെ കയ്യില്‍ തന്നെ ഒരു പത്തു മാങ്ങ എന്റെ അമ്മമ്മ അവരുടെ വീട്ടിലേക്കു കൊടുത്തയച്ചു. സന്തോഷത്തോടു കൂടിയായിരുന്നോ അതോ ദ്വേഷ്യം വീട്ടുകയായിരുന്നോ എന്നറിയില്ല.

നാണുവാശാന്റെ സംഭാഷണവും, മാവിന്റെ കൊമ്പു വീഴലിനും ദ്രിക്സാക്ഷിയായിരുന്ന മുണ്ടി അമ്മമ്മയോടു പറഞ്ഞു "എന്റെ തമ്പ്രാട്ടീ. ആ മൂത്താര് അയ്യപ്പന്‍റെ വീട്ടിലെ ചക്ക നിറഞ്ഞ പ്ലാവ് കണ്ടു ഇത് പോലെ എന്താ അയ്യപ്പാ പ്ലാവോന്നും വീഴില്ലല്ലോ അല്ലെ എന്ന് ചോദിക്കലും ഒരു അഞ്ചാറു ചക്കകള്‍ ഒന്നിന് മീതെ ഒന്നായി താഴെ വീണതും ദാ ഈ കഴിഞ്ഞ ആഴ്ചയില്‍ അല്ലെണ്ടായത്." പച്ചക്കറികള്‍ ഉണ്ടാക്കുന്ന എല്ലാ സ്ഥലങ്ങളിലും അന്ന് നാണുവാശാനെ പേടിച്ചു ഒരു കോലം കെട്ടി വെക്കുമായിരുന്നു "കരിങ്കണ്ണാ നോക്ക്" എന്നും അതില്‍ എഴുതുമായിരുന്നു.

ഇപ്പോള്‍ ചക്കയും, മാങ്ങയും, പച്ചക്കറികളും  ഒന്നും ഇല്ലാത്തതു കാരണം നാണുവാശാന്മാരും  ഇല്ല. കോലം കെട്ടലും ഇല്ല. ഇല്ലെങ്കില്‍ അവിടെയെങ്കിലും പോയി നിന്ന് വല്ല നോക്ക് കൂലിക്ക്  ശ്രമിക്കാമായിരുന്നു.

Thursday, November 1, 2012

സാന്‍ഡി എന്ന സുന്ദരി


കരീബിയയിലെ ഒരു കൊച്ചു സന്ദരിയായി അവള്‍ ജനിച്ചു. മന്ദ മാരുതന്‍ അവളെ തലോടി. റാഫേല്‍ ബാക്കി വെച്ച കുറച്ചു ബാഷ്പ്പ കണങ്ങള്‍ അവളുടെ കൂട്ടുകാരായി. അവളുടെ സൌന്ദര്യത്തില്‍ ആക്രുഷ്ട്ടം കൊണ്ട കുറച്ചു വായു പുത്രന്മാര്‍ അവളുടെ കൂടെ നൃത്തം ചെയ്യാന്‍ തുടങ്ങി. അവളെ വലയം ചെയ്ത സുന്ദരന്മാര്‍ അവളിലെ ശക്തി വളര്‍ത്തി. അവള്‍ സമയ സൂചിക്ക് എതിരായി, അവളുടെ കൂട്ടുകാരുടെ ശക്തി കൂടി ആര്‍ജിച്ചു  നൃത്തം ചെയ്യാന്‍ തുടങ്ങി. കരീബിയന്‍ ചൂട് വെള്ളം അവളിലെ കാമാര്‍ത്തി കൂട്ടാന്‍ തുടങ്ങിയിരുന്നു. ഫലമോ ഒക്ടോബര്‍ ഇരുപത്തിരണ്ടിന്നു ഒരു മാന്ദ്യത്തിന്റെ, ഇരുളിന്റെ മറവിലുള്ള, ജനനം. കൂടുതല്‍ ശക്തി ആര്‍ജിച്ച അവള്‍ ജമൈക, ക്യുബ, ബഹാമാസ് മുതലായ രാജ്യങ്ങളില്‍ കൂടി അവളുടെ നിശ്വാസകണ്ണുനീരില്‍ ക്കൂടി മരണം വിതച്ചു  മുന്നോട്ടു നീങ്ങുകയായിരുന്നു. ഭിഷഗ്വരന്മാര്‍ അപ്പോഴാണ്‌ അവളെ, അവളുടെ ശക്തിയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. വടക്ക് നിന്നും, പടിഞ്ഞാറു നിന്നും വന്ന അവളുടെ ശിന്കിടിമാര്‍ അവളെ കിഴക്കോട്ടു പോകുന്നതില്‍ നിന്നും തടഞ്ഞു. വടക്ക് നിന്നും വന്നവര്‍ അവളുടെ കൈ പിടിച്ചു, പടിഞ്ഞാറു നിന്നും വന്നവരുടെ ചൂടുമദ്യ ചഷകത്തിന്റെ ശക്തിയില്‍, കൂടുതല്‍ വേഗതയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. അവളുടെ നീണ്ട ഉടുപ്പിന്റെ വ്യാസം വര്‍ധിച്ചു വരുകയായിരുന്നു. ഒരു രാക്ഷസിയുടെ രൂപം കൈ കൊള്ളുന്ന അവളുടെ ശക്തിയുടെ ആഴം മനസ്സിലാക്കുവാന്‍ ഭിഷഗ്വരന്മാര്‍ കൊമ്പ്യുട്ടരൈസ്ദ്  ടോമോഗ്രാഫി സ്കാന്‍ എടുത്തു നോക്കി. മുകളിലുള്ള ഉപഗ്രഹങ്ങള്‍ അവളുടെ ശക്തിയും, ഗതിയേയും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മനുഷ്യനോടുള്ള കോപവും, അവരുടെ അഹങ്കാരവും കണ്ട് അവള്‍, അവളുടെ ചുവന്ന കണ്ണുകളും കാണിച്ചു, ഫ്ലോറിഡയെ കുളിപ്പിച്ചു കൊണ്ടിരുന്നു. എന്നിട്ടും ശക്തിയില്‍ അവള്‍ വെറും ഒരു ഇടത്തരക്കാരിയാണ് എന്ന് ഭിഷഗ്വരന്മാര്‍ വിധി എഴുതിയപ്പോള്‍, മനസ്സില്‍ അവള്‍ ചിരിക്കുകയായിരുന്നു, മനുഷ്യമനസ്സിന്റെ എല്ലാം അറിയാമെന്ന ഭാവത്തോടുള്ള ഒരു കളിയാക്കിയുള്ള ചിരി. ശിങ്കിടിമാരുടെ ശക്തി അവള്‍ രഹസ്യമായി ആര്ജിക്കുന്നത് ആരും മനസ്സിലാക്കിയിരുന്നില്ല.  ഒരു രണ്ടാം കിടക്കാരിയായി കണക്കാക്കി അവള്‍ക്കു ഒരു ഓമനപ്പേരും ഭിഷഗ്വരന്മാര്‍ കൊടുത്തു, "സാന്‍ഡി". മനുഷ്യനോടു അവളിലുള്ള പക കൂടുകയായിരുന്നു. അവള്‍ തൊള്ളായിരത്തി നാല്പത്തി ആറ് മില്ലിബാര്‍ ശക്തിയും ആര്‍ജിച്ചു ന്യു ജര്സിയില്‍ വന്നപ്പോള്‍ രണ്ടാം കിടക്കാരി തന്നെയായിരുന്നു; ആയിരത്തി തൊള്ളായിരത്തി എഴുപത്തോമ്പതില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ മടിച്ച ടിപ്പിനെക്കാള്‍ ശക്തി കുറവായിരുന്നു. എന്നിട്ട് പോലും ഇത്രയും മരണവും, നാശവും വിതച്ചു കൊണ്ട് അവള്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു "മനുഷ്യാ, ഇനിയെങ്കിലും പഠിക്കൂ. സര്‍വ്വനാശം സ്വയം വിളിച്ചു വരുത്താതിരിക്കൂ. എന്നെക്കാള്‍ കൂടുതല്‍ ശക്തിയുള്ളവര്‍ വരാതിരിക്കണമെങ്കില്‍ മനുഷ്യത്വത്തോടെ, പ്രകൃതി നിയമങ്ങള്‍ മനസ്സിലാക്കി, ഇനിയെങ്കിലും ജീവിക്കാന്‍ പഠിക്കൂ."
നാശങ്ങളുടെ കൂമ്പാരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത മനുഷ്യമാക്ക്രികള്‍ വീണ്ടും മറവിയുടെ നീണ്ട കറുത്ത രോമക്കുപ്പായം എടുത്തണിഞ്ഞിരുന്നു. സ്വപ്നങ്ങളുടെ വീഥികളില്‍ ക്കൂടി കടലയും കൊറിച്ചു, കയ്യില്‍ കയ്യും പിടിച്ചു ഇണപ്രാവുകളെ പ്പോലെ ശ്മശാനത്തിലേക്കുള്ള അവരുടെ യാത്ര തുടര്‍ന്നു കൊണ്ടിരുന്നു.

Friday, October 12, 2012

അഹംഭാവം


ചെന്നൈ വിമാനത്താവളം പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന കാലം. മുന്‍ഭാഗത്തെ വലിയ ഗ്ലാസ് വാതില്‍ അടഞ്ഞിരിക്കുന്നു. തുടച്ചു വൃത്തിയാകി വെച്ചിരിക്കുന്ന കാരണം അങ്ങിനെ ഒരു ഗ്ലാസ് അവിടെ ഉണ്ടെന്നു തോന്നുകയേ ഇല്ല. ഒരു നൂറു മീറ്റര്‍ അകലെ ഞാന്‍ വെറുതെ പുറത്തേക്ക് നോക്കി ഇരിക്കുന്നു. ഒരു ചെറുപ്പക്കാരന്‍ പുറത്തേക്ക് തിരക്കിട്ട് പോകുന്നു. നേരെ പോയി ഗ്ലാസ്സില്‍ മുഖം ഇടിച്ചു താഴെ ഇരുന്നു. വേദനയെക്കാള്‍ നാണക്കേടാണ്, ആരെങ്കിലും കണ്ടോ എന്നാ നാണക്കേടു, ആ ചെറുപ്പക്കാരന് ഉണ്ടായത് എന്ന് പിന്നീട് എന്നോടു പറഞ്ഞു. (പിന്നീട് അതില്‍ പെയിന്റ് കൊണ്ട് പേര് എഴുതിയത് കാരണം ഗ്ലാസ് ഉണ്ടെന്നു മനസ്സിലാവാന്‍ തുടങ്ങി.)

ഞാന്‍ ഒരു ചെറിയ പദ്യശകലം എഴുതി. വലിയ അറിവൊന്നും ഇല്ലാത്തത് കാരണം എന്റെ, ഞാന്‍ വിശ്വസിക്കുന്ന, ഒരു സുഹൃത്തിനെ കാണിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു "..... സാറിനെ കാണിച്ചാല്‍ മതി. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്തി തരും." പേടി കൊണ്ടായിരുന്നോ, ഞാന്‍ എന്തിനു ചെറുതാവണം എന്നാ ദുരഭിമാനം കൊണ്ട് ആയിരുന്നോ എന്നെനിക്കറിയില്ല ആ കവിത (കവിത ആണോ എന്ന് ഞാന്‍ പറയും, വായിക്കുന്നവര്‍ ശരി വെ
ക്കണം എന്നില്ല) ഇപ്പോഴും ഏതോ കച്ചറ ഡബ്ബയില്‍ കിടക്കുന്നു.

എന്റെ ഒരു മാഷുണ്ടായിരുന്നു. മണി മാഷ്‌., നല്ല ഒരു വ്യക്തി. പക്ഷെ ചില സമയത്ത് ദ്വേഷ്യം വന്നാല്‍ എന്താണ് ചെയ്യുക എന്ന് പറയാന്‍ പറ്റില്ല. ഏതു കുട്ടിയായാലും ദ്വേഷ്യം വന്നാല്‍, (ഒരു ഭ്രാന്തന്റെ പോലെ അപ്പോള്‍ കിതക്കാന്‍ തുടങ്ങും) ആ കിതപ്പ് തീരുന്നത് വരെ കുട്ടിയെ അടിക്കും. ആ സമയം മാഷുടെ മുഖം തന്നെ കാണാന്‍ പേടിയാണ്. വലിയവര്‍ അടക്കം കാണാത്ത ഭാവം നടിച്ചു മറഞ്ഞിരിക്കും. ദ്വേഷ്യം മാറിയാല്‍ ആ അടിച്ച കുട്ടിയെ അടുത്തുള്ള ചായകടയില്‍ കൊണ്ട് പോയി വയറു നിറയെ എന്തെങ്കിലും വാങ്ങി കൊടുക്കും. അഥവാ വേണ്ട എന്ന് പറഞ്ഞാല്‍ വീണ്ടും മാഷിനു ദ്വേഷ്യം വരും, പിന്നെ റോഡിലിട്ടും അടി കിട്ടും.

വേറേയൊരു ടീച്ചര്‍ ഉണ്ടായിരുന്നു. ടീച്ചര്‍ പാല് പോലെ വെളുത്ത സുന്ദരിയായിരുന്നു. അവര്‍ക്കും സ്വയം ഇതറിയാമായിരുന്നു. അത് കാരണം മറ്റുള്ള പെണ്ണുങ്ങളോടു, ആണുങ്ങളോട് ചോദിക്കുക പോലും വേണ്ട, അവര്‍ തീരെ മിണ്ടിയിരുന്നില്ല. അവര്‍ക്ക് സുഹൃത്തായി ആരും ഉണ്ടായിരുന്നില്ല.

എന്റെ ഒരു കൂട്ടുകാരന്‍ വേലായുധന്‍ ഉണ്ടായിരുന്നു. വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നും വരുന്നു. കറുത്ത്, ബാഹ്യ സൌന്ദര്യം തീരെ ഇല്ലാത്ത ഒരു വ്യക്തി. (പക്ഷെ ഹൃദയം കൊണ്ട് വളരെ തങ്കപ്പെട്ടവന്‍ ആണെന്ന് എനിക്ക് അറിയാം). ഇദ്ദേഹവും ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ഒരു ഒറ്റയാന്‍., പിന്നീട് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി.

അഭിപ്രായം ആരായാന്‍ മടിച്ച ഞാന്‍, ദ്വേഷ്യത്തില്‍ പൊതിഞ്ഞ മാഷ്‌, സുന്ദരിയാണെന്ന് സ്വയം ധാരണ ഉണ്ടായിരുന്ന ടീച്ചര്‍, വിക്രുതന്‍ ആണെന്ന് സ്വയം അറിയാമായിരുന്ന വേലായുധന്‍, ഈ നാല് ക്ലാസ്സിലും പെട്ടവര്‍ ഞാന്‍ ആദ്യം പറഞ്ഞ വ്യക്തിയെപ്പോലെ കാണാന്‍ പറ്റാത്ത ഒരു ഗ്ലാസ് വാതായനത്തില്‍ പോയി ഇടിച്ചു ഇരിക്കുകയാണ്. ആ ഗ്ലാസ് എങ്ങിനെ തുറക്കും എന്നറിയാതെ.........അതോ ആ ഗ്ലാസ് കണ്ടു പിടിക്കാനും, തുറക്കാനും ഉള്ള പരിശ്രമം തന്നെ ചെയ്യുന്നില്ലെന്ന് പറയാമോ? ഈ ഗ്ലാസ് തന്നെയല്ലേ നമ്മുടെ ഈഗോ, അഹങ്കാരം, അഹംഭാവം അല്ലെങ്കില്‍ ദുരഭിമാനം?

Thursday, October 11, 2012

മന്ത്രവാദം

വീട് പൂട്ടി ഒരു യാത്ര കഴിഞ്ഞു വന്ന അയാളും, ഭാര്യയും താഴ് തുറന്നു അകത്തു കയറി. യാത്ര ക്ഷീണം അകറ്റാനും, ഒരു ഉണര്മ്മ കിട്ടാനും രണ്ടു പേരും കുളിച്ചു. പൂജാ മുറിയില്‍ വിളക്ക് വെക്കാന്‍ കയറുമ്പോള്‍ വികൃത രൂപങ്ങള്‍ നിലത്തു വീണു കിടക്കുന്നത് കണ്ടു അയാളുടെ പാവം ഭാര്യ ഞെട്ടി പ്പോയി. 'റ റ u റം സ്വ റ റി'. "എന്താ ഇവിടെ പരന്നു കിടക്കുന്നത് എന്നൊന്ന് നോക്കൂ." ഉച്ചത്തില്‍ അവള്‍ പറഞ്ഞു. അയാളും ഓടിപ്പോയി നോക്കി. കണ്ണ് കലങ്ങി. ശബ്ദം കേട്ട് അയല്‍പക്കത്തെ നല്ല മൂന്നു സ്നേഹിതര്‍ വന്നു. അവരും മൂക്കത്ത് വിരല്‍ വെച്ചു. "എങ്ങിനെ ഇത് ഓരോരുത്തര്‍ക്ക് ചെയ്യാന്‍ പറ്റുന്നു?" വിരലുകള്‍ കൊണ്ട് വീണ വായിക്കുന്ന അയാള്‍ പറഞ്ഞു. മറ്റേ ആള്‍ ഒന്നും പറയാന്‍ പറ്റാതെ വിഷണ്ണനായി നില്‍ക്കുകയാണ്. മൂന്നാമത്തെ ആള്‍ പഴയ ഒരു കഥ പറഞ്ഞു      അയാളെ ആശ്വസിപ്പിക്കാന്‍ നോക്കി. നാലാമത് ഒരാള്‍ കൂടി ഓടിക്കൂടി. പൂജയിലും,  മന്ത്രവാദത്തിലും വിശ്വാസം ഉള്ള അയാള്‍ പറഞ്ഞു "നമുക്ക് ആ രാമുപ്പണിക്കരെ ഒന്ന് കൊണ്ട് വന്നു നോക്കിച്ചാലോ. വല്ല മാട്ടും മാരണവും ആണെങ്കിലോ?" വീട്ടുകാരന്റെ ഭാര്യ അയാളുടെ കുപ്പായം പിടിച്ചു  സമ്മതിക്കണം എന്ന് അപേക്ഷിക്കുന്നത് പോലെ വലിച്ചു. കുപ്പായം പഴയതാണ്. കീറും എന്ന പേടിയാല്‍ അയാള്‍ കൈ വിടുവിച്ചു രാമുപ്പണിക്കരെ കൊണ്ട് വരാന്‍ ഓടി. അദ്ദേഹം വന്നു കവടി നിരത്തി നോക്കി. വീണ്ടും, വീണ്ടും നിരത്തുന്നത് കണ്ടപ്പോള്‍ ഭാര്യയുടെ മുഖം കൂടുതല്‍ കൂടുതല്‍ ചുമക്കാന്‍ തുടങ്ങി. "എന്ത് പറ്റി, ഗുരുനാഥന്‍?" "എന്താ ഒന്നും അങ്ങുടു തെളിയിണില്ല്യാലോ." പാവം ഗുരുനാഥന്‍, ഇനി പൈസ കൂടി വാങ്ങില്ല. അത്ര നല്ല മനുഷ്യന്‍. ആണ്. നാലാമന്റെ ഭാര്യ നാലാമന്റെ ചെവിയില്‍ എന്തൊക്കെയോ കുശുകുശുക്കുന്നത് കേട്ടു. "ഞാന്‍ ഇപ്പോള്‍ വരാം. ആരും പോകേണ്ട."  നാലാമന്‍ അങ്ങിനെയാണ്. അയാളുടെ വീട്ടില്‍ എന്തെങ്കിലും ഉണ്ടായാല്‍ ചിലപ്പോള്‍ നാലാമന്‍ തന്നെ എല്ലാം സ്വയം തീരുമാനിക്കും. എന്ത് വേണമെന്ന് നാലാമന്‍ തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക്‌ അതില്‍ ശബ്ദിക്കാന്‍ പാടില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അയാള്‍ അപ്പുറത്തെ മൌലവിയെയും കൂട്ടി വന്നിരിക്കുന്നു. പ്രശസ്തനും, ബഹുമാന്യനും ആണ്. കൂടെ  അദ്ദേഹത്തിന്റെ അഞ്ചു വയസ്സുള്ള പേരക്കുട്ടി ജമീലയും ഉണ്ട്. അദ്ദേഹവും എന്തൊക്കെയോ ചെയ്തു കണ്ണ് മിഴിച്ചിരുന്നു. "ഒരു പുടിയും കിട്ടുന്നില്ല." ഭാര്യ കൊടുത്ത മിട്ടായിയും ചവച്ചു കൊണ്ട് അപ്പോള്‍ ജമീല അവിടെ വന്നു. കൊഞ്ചുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു "ഇതെന്താ സരസ്വതി എന്ന ശബ്ദം പിച്ചിച്ചീന്തി ഇട്ടിരിക്കണ്?" കള്ളമില്ലാത്ത പിഞ്ചു മനസ്സ് പറയുന്നത് കേട്ടു എല്ലാവരുടെയും ചുണ്ടില്‍ ഒരു സമാധാനത്തിന്റെ പുഞ്ചിരി പരന്നു. ഭാര്യ കുഞ്ഞിനെ എടുത്തു ഉമ്മ കൊണ്ട് കുളിപ്പിച്ചു. അവളുടെ കൈ നിറയെ മിട്ടായി നല്‍കി. എല്ലാവരും കൂടി അക്ഷരങ്ങള്‍ കൂട്ടി ഇട്ടു, "സരസ്വതി". ഒരു വിളക്ക് ആ കുഞ്ഞു കൈകള്‍ കൊണ്ട് തന്നെ കൊളുത്തി.  ചന്ദനത്തിരിയുടെ നറുമണം ചുറ്റും പറക്കുമ്പോള്‍, ആ കുഞ്ഞു കൈകളില്‍ ഉള്ള വിളക്ക് കൊണ്ട് ദേവിയെ ഉഴിയുമ്പോള്‍ മൌലവി അടക്കം എല്ലാവരും കൈ കൂപ്പി നില്‍ക്കുകയായിരുന്നു.  മനസ്സ് തുറന്നു പ്രാര്‍ഥിക്കുകയായിരുന്നു. "എല്ലാവര്‍ക്കും നല്ലത് തോന്നണേ!" 

ഭാര്യ പെട്ടെന്ന് തന്നെ അടുക്കളയില്‍ കയറി എല്ലാവര്ക്കും ചായ ഉണ്ടാക്കി. 
"യാ കുന്ദെന്തു തുഷാര ഹാര ധവളാ..............." മനസ്സില്‍ മാത്രം ഇനി ചൊല്ലപ്പെടണമെന്ന നിശ്ചയത്തില്‍ വിരലുകള്‍ അപ്പോള്‍ ആ തിളച്ച ചായയില്‍ ശാപമോക്ഷതിന്നു വേണ്ടി തപസ്സു ചെയ്യുകയായിരുന്നു. 

ചായയുടെ ആവി അയാളുടെ കണ്ണില്‍ കയറി ഒരു തുള്ളിയായി  പുറത്തു വന്നു ചായ ഗ്ലാസ്സില്‍ പതിച്ചു.  ആ കണ്ണുനീരിനും മഞ്ഞ നിറമുണ്ടോ എന്നറിയുന്നതിന്നു മുമ്പ് അത് ചായയില്‍ മിശ്രിതമായി. ചുറ്റും പരക്കുന്ന ചിരിയുടെ ഭംഗിയില്‍ ആരും കണ്ടിട്ടില്ല എന്ന് വിചാരിച്ചു. പക്ഷെ അയാളുടെ ഭാര്യ "അധികം ചായ കുടിക്കേണ്ട" എന്ന് പറഞ്ഞ് അതെടുത്ത് തൂത്തു കളഞ്ഞു. എല്ലാവരും പറഞ്ഞു "ചേട്ടന്റെ ഒരു ഭാഗ്യം! ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയില്ലേ?" അയാളും, ഭാര്യയും ആ ചിരിയില്‍ പങ്കു ചേര്‍ന്നു, എല്ലാം മറന്ന്.

Monday, October 8, 2012

ഉന്തുവണ്ടിക്കാരന്‍:

"പഴയ പാത്രങ്ങള്‍ കൊടുക്കാനുണ്ടോ?", "പഴയ തുണി കൊടുക്കാനുണ്ടോ?", "പഴയ കടലാസ്സ്‌, പത്രം കൊടുക്കാനുണ്ടോ?". രാവിലെ മുതല്‍ നിര നിരയായി ഉന്തു വണ്ടിക്കാര്‍ നീട്ടി വിളിച്ചു പോകുന്നുണ്ട്. വണ്ടികളൊക്കെ കാലി തന്നെ. ഇപ്പോള്‍ പഴയതൊന്നും ആരും കൊടുക്കുന്നില്ലെന്ന് തോന്നുന്നു. "എന്താ കച്ചവടം ഒന്നും ഇല്ലേ?" വെറുതെ ഒരുത്തന്റെ പുറകില്‍ തട്ടി ചോദിച്ചു. "മ്ചെം" തോളുകള്‍ പൊക്കി ഇല്ലെന്നുള്ളതിനു ഒരു ശബ്ദം മാത്രം അവന്റെ വായില്‍ നിന്നും വന്നു. "ഞാന്‍ കൂടെ വരട്ടെ?" അവനോടു ചോദിച്ചു. "നിങ്ങള്‍ വന്നിട്ടെന്തു ചെയ്യാനാ?" ആ ചോദ്യത്തിലും, അവന്റെ കളിയാക്കലിലും എല്ലാം അടങ്ങിയിരുന്നു. "ഒരു കൈ നോക്കാമല്ലോ?" മനസ്സില്ലാ മനസ്സോടെ അവന്‍ കൂടെ ചേര്‍ത്തു. വണ്ടി തള്ളി ഞാന്‍ ചോദിച്ചു "പഴയ വിശ്വാസങ്ങള്‍ വില്‍ക്കാനുണ്ടോ?" ഞങ്ങള്‍ രണ്ടു പേരും, വണ്ടിയോടു കൂടി പുറത്തു വീഴുന്ന പഴയ വിശ്വാസങ്ങളില്‍ മുങ്ങി പ്പോയി. എങ്ങിനെയെങ്കിലും പുറത്തു വന്നപ്പോള്‍ അവന്‍ പറഞ്ഞു "ഇതെല്ലാം കിട്ടി ഞാന്‍ എന്ത് ചെയ്യാനാ? എന്റെ പഴയ കച്ചവടം തന്നെ ഇനി ഞാന്‍ നോക്കിക്കോളാം. നിങ്ങളുടെ ആവശ്യം ഇല്ല." കിട്ടിയ പഴയ വിശ്വാസങ്ങള്‍ മുഴുവന്‍ കൈയ്യില്‍ തന്നു പറഞ്ഞു "ഇത് നിങ്ങള്‍ തന്നെ എടുത്തോ." സങ്കടപ്പെട്ടു വീട്ടില്‍ എത്തി അടുക്കി നോക്കുമ്പോള്‍ രത്നങ്ങളും, മാണിക്ക്യങ്ങളും. ഒന്ന് മനസ്സിലാകുന്ന തരത്തില്‍ തുടച്ചു എടുക്കണം.  ലോക്കറില്‍ ഭദ്രമായി പൂട്ടി വെച്ചു. അടുത്ത ദിവസം ഞാനും വണ്ടിയുമായി ഇറങ്ങി "പഴയ വിശ്വാസങ്ങള്‍ വില്‍ക്കാനുണ്ടോ?"

Sunday, October 7, 2012

വീണ്ടുമൊരു ദിനപ്പിറവി:

കാലത്തിന്റെ പേറ്റുനോവില്‍, മൌനനൊമ്പരരാഗം മീട്ടി 
രാക്കിളി വയറ്റാട്ടിയായി നിന്ന് സമയത്തോട്‌ ചൊല്ലി
"കാത്തു നില്‍ക്കുക, വ്യാകുലപ്പെടുവാന്‍ ഞാനൊന്നും 
കാണുന്നില്ല വെറുമൊരു സാധാരണ പ്രസവം മാത്രം."

ഒന്നാര യാമങ്ങള്‍ കഴിഞ്ഞങ്ങകത്തളത്തില്‍ നിന്നും 
ഓതിയാ രാക്കിളി  "സമയമേ നിനക്കഭിനന്ദനങ്ങള -
മ്മക്കാലമിന്നൊരു കുഞ്ഞിനെ, വീണ്ടുമൊരോമന
ക്കുഞ്ഞിനെ പ്രസാദിച്ചിരിക്കുന്നിരുവര്‍ക്കും  സൌഖ്യം."

ഭിത്തിക്കും മേല്‍ക്കൂരയ്ക്കുമിടയിലിരുന്നൊരു പല്ലി
പാളി നോക്കി മലമുഴക്കി വേഴാമ്പലിന്നോടു 
അടക്കി ചിരിച്ചു കൊണ്ടാ കിന്നാരം പോലെ ചൊല്ലി 
അമ്മയെപ്പോലെ തന്നെ തുടു-തുടെ കാണ്മൂ ചെക്കന്‍.

കണ്ണിറുക്കിപ്പിടിച്ചു കൊണ്ടാ വേഴാമ്പല്‍ പതിയെ, 
ചെമ്പോത്തിനോടും പിന്നെ മരം കോത്തിയോടും ചൊല്ലി 
കാലം പെറ്റൊരു കുഞ്ഞിന്റെ താരാട്ട് പാട്ടല്ലേ 
സാഗരം ഭൈരവിയില്‍ ചോല്ലുന്നതിപ്പോള്‍!

ശ്രുതി ലയം വിടാതെയാ മരത്തില്‍ കൊത്തി മരംകൊത്തി 
ശ്രവിക്കുന്നവര്‍ക്കെല്ലാം മധുരമായി കൂറ് വെച്ചു
"കേള്‍ക്കുവിന്‍ വാര്‍ത്ത, സന്തോഷത്തില്‍ മുക്കി 
പതിക്കൂ ചെമ്പോത്തിനും, കാക്കക്കും, ഗരുഡനും."

ആരവം കേട്ടൊരു സൂര്യന്‍ ആനന്ദത്താല്‍ തല നീട്ടി 
ആയിരം കൈകള്‍ കൊണ്ടാ കുഞ്ഞിനെ പൊക്കി പയ്യെച്ചൊല്ലി
"നല്ലൊരു ദിനമിതാ നിങ്ങള്‍ക്കായ്‌ ദാനം കിട്ടീ 
നല്ല ചെയ്തികളുപഹാരമായ് നല്‍കൂ നിങ്ങള്‍.""

Friday, October 5, 2012

ജ്ന്യാനേന്ദ്രന്‍മ്മാര്‍:

സന്ധ്യ ആയപ്പോള്‍ മൂന്നു കിടപ്പ് മുറികളും അടഞ്ഞു കിടക്കുകയല്ലേ എന്ന് ഉറപ്പു വരുത്തി. അവരുടെ കിടപ്പ് മുറിയില്‍ 'ഗുഡ് നൈറ്റ്' മാറ്റ്‌ ' കത്തിച്ചു വെച്ചു. വിസ്ത്താരമേറിയ കുളിമുറിയുടെ വാതില്‍ അടക്കാന്‍ തുടങ്ങിയപ്പോള്‍ ജനാലക്കപ്പുറത്ത്‌ രണ്ടു പ്രാവുകളെ ശ്രദ്ദിച്ചു. ഒരു പ്രാവ് മറ്റേ പ്രാവിന് രാത്രി കൂടേറാന്‍ ഇടം കൊടുക്കുന്നില്ല. അവസാനം തോല്‍വി സമ്മതിച്ചു അത് പാതി തുറന്ന മുകളിലെ ഗ്ലാസ് പാളിയില്‍ പോയി  ഇരുന്നു. ചരിവ് കാരണം ഇരിക്കാന്‍ അതിനു കുറച്ചു വിഷമമുണ്ട്. എങ്കിലും രാത്രി കഴിയുക തന്നെ വേണം. ചിറകു ഇളകുന്ന ശബ്ദം കേട്ടാല്‍ വലിയ വവ്വാല്‍ പൊക്കി കൊണ്ട് പോകും. 


ഓര്‍മ്മ പിന്നിലേക്ക്‌ പോയി. കുറേ ദിവസങ്ങള്‍ക്കു മുമ്പ് റെല്‍വേ സ്ടെഷനില്‍ ഒരു സുഹൃത്തിനെ കാത്തു നില്‍ക്കുകയായിരുന്നു. രാത്രി പതിനൊന്നു മണി ആയിക്കാണും. ഓവര്‍ ബ്രിഡ്ജിലേക്കുള്ള ചരിഞ്ഞ, വീതി കൂടിയ വഴിയുടെ ഒരു പുറത്തു പിച്ചക്കാര്‍ സ്ഥലം പിടിച്ചിരിക്കുന്നു. രാത്രി ഉറങ്ങാനുള്ള പുറപ്പാടാണ്. രണ്ടു മധ്യ വയസ്സര്‍ തമ്മില്‍ ലഹള അടിക്കുന്നു. അതില്‍ ഒരുത്തന്‍ കിടക്കുന്ന സ്ഥലം മറ്റവന്റെ സ്ഥിരം സ്ഥലം ആണെന്നാണ്‌ അവന്റെ വാദം. കിടക്കുന്നവന്‍ വിട്ടു കൊടുക്കുന്നില്ല. "പോട പുല്ലേ. നിനക്ക് എന്താ ചെയ്യാന്‍ പറ്റുക എന്ന് വെച്ചാല്‍ നീ നോക്കിക്കോ. ഞാന്‍ ഇവിടെ നിന്നും മാറില്ല." അവന്‍ തല മൂടി കിടന്നു. "അപ്പടിയാ?" മറ്റവന്‍ തമിഴന്‍ ആയിരിക്കണം. അവന്‍ കിടക്കുന്നവന്റെ മുകളില്‍ പോയി ആ ചെരിവില്‍ തന്നെ മൂത്രം ഒഴിച്ച് കുറച്ചു കൂടി മുകളില്‍ പോയി സുഖമായി കിടന്നു. മൂത്രം താഴെ കിടക്കുന്നവന്റെ ഭാണ്ടത്തിലേക്ക്  ഒഴുകി ഇറങ്ങി. അവന്‍ ഉറങ്ങി ക്കഴിഞ്ഞിട്ടുണ്ടാവണം. അറിഞ്ഞത് പോലുമില്ല എന്ന് തോന്നുന്നു. ഇനി നാളെ അറിയുമോ ആവോ?

ഈ മുകളിലിരിക്കുന്ന പ്രാവും അത് പോലെ ചെയ്യുമായിരിക്കുമോ? വെറുതെ ആലോചിച്ചു. 

അറിവിലും ഇത് പോലെ തന്നെയല്ലേ മനുഷ്യര്‍? അല്‍പ്പജ്ഞ്യാനികള്‍ അവനിലും കുറഞ്ഞ ബുദ്ധിയുള്ളവനെ അപകീര്‍ത്തിപ്പെടുത്തുന്നു. ജ്ഞ്യാനികള്‍ പോലും മറ്റുള്ളവരെ കൊഞ്ഞനം കുത്തുന്നു. ഒളിപ്പിച്ച ഭാഷയില്‍ അവരെ കളിയാക്കുന്നു. ഈ ജ്ഞ്യാനം കൊണ്ടെന്തു കാര്യം? ഇതാണോ ജ്ഞ്യാനം? ആയിരിക്കണം.

Thursday, October 4, 2012

അഹല്യ

മേരു രാജ്യത്തിലെ പുല്‍ത്തകിടുകളിലെല്ലാം തിരഞ്ഞിട്ടും വൃസനെ കാണാനില്ല. രാജാവ് ഇന്ദ്രനോട്  എങ്ങിനെ  ഇത് പറയും? രാജാവ് കോപിഷ്ട്ടനാകും. പറയാതിരിക്കാനും പറ്റില്ല. അദ്ദേഹത്തിന്റെ ഇഷ്ട്ട വാഹനമാണ്. മേരുവില്‍ ഈ വേനല്‍ക്കാലത്ത് പുല്ലു തീരെ ഇല്ല. പുല്ലില്ലാത്തത്‌ കാരണം ദൂരെ എങ്ങാനും പോയി ക്കാണുമോ? സൂര്യന്‍ അസ്ത്തമിക്കാന്‍ ഇനി ഒരു പതിനഞ്ചു വിനാഴിക* കൂടി ഉണ്ടായിരിക്കും. അവസാനം മന്ത്രി വിവരം രാജാവിനെ ധരിപ്പിച്ചു. ഇന്ദ്രന്‍ ആലോചിച്ചു. മിഥിലയില്‍ പോകാന്‍ വഴിയുണ്ട്. അവിടെ നിറയെ പച്ചപുല്ലു നിറഞ്ഞു ഒരു സ്ഥലമുണ്ട്. ആ മഹര്‍ഷി ഗൌതമന്‍ എന്നും വെള്ളമൊഴിക്കുന്ന അദ്ദേഹത്തിന്റെ സ്ഥലം. സൈന്നികരെയും കൂട്ടി ഇന്ദ്ര രാജാവ് നടന്നു. ഇരുട്ട് കൂടി ക്കൂടി വന്നു. മിഥിലയില്‍ എത്തിയപ്പോഴേക്കും കൂരാക്കൂരിരുട്ടു. എങ്കിലും ആ ഇരുട്ടിലും ദൂരെ കണ്ടു, വൃസന്‍ എന്ന കാള ഇരുട്ടായതൊന്നുമറിയാതെ ചെവികളും, വാലും ആട്ടി പുല്ലു തിന്നുകയാണ്. "ഇനി ഈ രാത്രിയില്‍ ഇവിടെ തന്നെ കൂടാം. പഴങ്ങളും ഭക്ഷിച്ചു, രാത്രി മരങ്ങള്‍ക്ക് മുകളിലും, താഴെയുമായി കൂടാം." രാജാവിന്റെ ആജ്ഞ കേട്ട മന്ത്രിക്കു മനസ്സില്‍ പേടി തോന്നി. ഇത് രാജാവിന്റെ സ്ഥലമല്ല. രാജ്യത്തിന്‌ പുറത്താണ്. ഇതിന്റെ ഉടമസ്ഥന്‍  അറിഞ്ഞാല്‍  വഴക്കുണ്ടാകാന്‍ സാധ്യതയുണ്ട്. അംഗബലം കുറവാണ്. ഒരു സൈന്നികനെ വിളിച്ചു ചെവിയില്‍ പറഞ്ഞു "നീ പോയി രാജാവിന്റെ ഇരട്ട സഹോദരന്‍ അഗ്നിയെ വിവരം അറിയിക്കൂ. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ചെണ്ട കൊട്ടി വിവരം അറിയിക്കാം. അപ്പോള്‍ അദ്ദേഹത്തോട്  കൂടുതല്‍ സൈന്യബലത്തോട് കൂടി വരാന്‍ പറഞ്ഞാല്‍ മതി. നീ ഓടി പോയി വിവരം അറിയിക്കൂ. കൂട്ടിനു ആരെയെങ്കിലും ചേര്‍ത്തോ." കാളയെ പിടിച്ചു ഒരു മരത്തില്‍ ബന്ധിച്ചു. പഴങ്ങളെല്ലാം ഭക്ഷിച്ചു എല്ലാവരും കിടന്നുറങ്ങി. മന്ത്രിക്കു ഉറക്കം വന്നില്ല. ഒരു യാമം@ കഴിഞ്ഞിട്ടുണ്ടാകും. ദൂരെ നിന്നും ആരൊക്കെയോ വരുന്നു. മിഥിലയിലെ രാജാവും, സൈന്നികരും, ഈ സ്ഥലത്തിന്റെ ഉടമ ഗൌതമനും ഉണ്ട്. കുഴപ്പമാകാന്‍ വഴിയുണ്ട്. മന്ത്രി വേഗം ചെണ്ട കൊട്ടി ഇരട്ട സഹോദരന് സന്ദേശം കൊടുത്തു. ഇന്ദ്രന്‍ ഉണര്‍ന്നിരുന്നു. മിഥില രാജാവിനോട് വിവരങ്ങളെല്ലാം പറഞ്ഞു. സ്ഥലം ആക്രമിച്ചു കീഴടക്കിയതാണെന്ന് അവരുടെ, പ്രത്യേകിച്ചും ഗൌതമന്റെ വാദം. കാരണം കാളയെ മരത്തില്‍ കെട്ടി പരിധി നിശ്ചയിച്ചിരിക്കുന്നു. മിഥില രാജാവ് എല്ലാ സന്നാഹത്തോടും കൂടി തന്നെയാണ് വന്നിട്ടുള്ളത്. മേരു രാജാവ് തീരുമാനിച്ചു, ഇന്ദ്രനെ കയറില്‍  കെട്ടി കൊണ്ട് പോകണം. അപ്പോഴേക്കും ദൂരെ നിന്നും ഇരട്ട സഹോദരന്‍ അഗ്നി നല്ല ആള്‍ബലത്തോടു കൂടി സ്ഥലത്തെത്തി. "സ്വന്തം ജ്യേഷ്ഠനെ കള്ളനെന്നും, ആക്രമിയെന്നും മുദ്ര കുത്തിയില്ലേ? എല്ലാം വിവരിച്ചിട്ടും മിഥില രാജാവും, ഗൌതമനും വിശ്വസിച്ചില്ലല്ലോ? ഇതിനുള്ള ശിക്ഷയായി മിഥില രാജാവിനെ ബന്ധനസ്ഥനാക്കി മുഴുവന്‍ രാജ്യവും ഞങ്ങള്‍ കൈക്കലാക്കുന്നു." മിഥില രാജാവ് ഒന്നും മിണ്ടാതെ ഗൌതമനെ നോക്കി. "നീയല്ലേ ഇതിനെല്ലാം കാരണക്കാരന്‍.? വിവരം അറിയാതെ ഉണ്ടാക്കിയ കഥ കൊണ്ടുണ്ടായ പരിണിത ഫലം ഞാനും ഈ നാട്ടുകാരും അനുഭവിക്കാം." ഒന്നും മിണ്ടാതെ ബന്ദനസ്ഥനാക്കാന്‍  കൈ നീട്ടിയ മിഥില രാജാവിനെ കണ്ടു ഗൌതമന്‍ മേരു രാജാവിന്റെ കാലു പിടിച്ചു തെറ്റ് ഏറ്റു പറഞ്ഞു. മിഥില രാജാവിനെ മോചനാക്കാന്‍ നിറഞ്ഞ കണ്ണുകളോടെ അപേക്ഷിച്ചു.  "ഈ സ്ഥലം ഇനി എനിക്ക് വേണ്ട. ഞാന്‍ ചെയ്തതിന്റെ ശിക്ഷയായി ഈ സ്ഥലം മുഴുവന്‍ ഞാന്‍ കത്തിച്ചു ചാമ്പലാക്കുന്നു. ഈ പച്ചപ്പ്‌ ഇന്നലെയുടെ മാത്രം ഓര്‍മ്മയാകും. ഇനി അയോധ്യാ മഹാരാജാവ് പറയുന്നത് വരെ ഇവിടെ ഹലം ഉഴലില്ല. ഇത് സത്യം, ഒരു മഹര്‍ഷിയുടെ സത്യം" ഗൌതമന്‍ രണ്ടു രാജാക്കന്മാരോടും കൂടി പറഞ്ഞു. സ്ഥലം കത്തിച്ചു, പച്ചപ്പ്‌ നിറഞ്ഞ ആ സ്ഥലം വെറും കല്ലിന്‍ കൂട്ടമായി മാറി. മേരു രാജാവും, മിഥില രാജാവും സുഹൃത്തുക്കളായി പിരിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം വിവരങ്ങള്‍ അറിഞ്ഞ അയോധ്യാ രാജാവ് ശ്രീരാമന്‍ പറഞ്ഞു "ഇത്രയും നല്ല സ്ഥലം അഹല്യയായി കിടക്കരുത്. ഇനിയും അതില്‍ പഴയ പോലെ പച്ചപ്പ്‌ നിറഞ്ഞു മൃഗങ്ങള്‍ക്കും, മനുഷ്യനും ഉപയോഗപ്രദമായിടട്ടെ. ഞാന്‍ തന്നെ അതിനു മുന്‍കയ്യെടുക്കാം."


*അറുപതു വിനാഴിക ഒരു നാഴിക അല്ലെങ്കില്‍ ഇരുപത്തിനാല് മിനുട്ട്.
@ ഒരു യാമം ഏഴര നാഴിക അല്ലെങ്കില്‍ മൂന്നു മണിക്കൂര്‍.

Tuesday, October 2, 2012

മാനവജ്യോതി.


നിറഞ്ഞു കത്തും  തെളിഞ്ഞ ജ്യോതീ 
എനിക്കുമൊന്നാ  തെളിവിന്‍  രഹസ്യം 
പകുത്തു തരുമോ, തെളിച്ചു തരുമോ?
കുറച്ചു നാളായ്, മനസ്സിലെന്നും 
കുറിച്ചതാണീ തുറിച്ച സത്യം
മറച്ചതാണേ, മറന്നതല്ല.
വെളിച്ചമെന്നില്‍ നിറച്ചു തരുവാന്‍ 
മരിച്ചു തരുമീ വെളുത്ത തിരിയും 
കറുത്ത മനമാണെനിക്കു പോലും 
വെറുത്തു പോകാതിരിക്കു, ദേവാ.
വിളക്കു തിരിയെ നിനക്കുമുണ്ടോ 
രഹസ്യ കാര്യം പരസ്യമാക്കാന്‍?
ദേഹിയില്ലാ ദേഹമാണെ 
ദേഹിയാണീ നിറഞ്ഞോരെണ്ണ
കീര്‍ത്തി വേണ്ടയീ തിരിക്കു മാത്രം.
എണ്ണയല്ലേല്‍,  വെണ്ണയാണോ 
തിളങ്ങുമെന്നുമീ പ്രപഞ്ചനാഥന്‍?
മണ്‍വിളക്കിന്‍ കാരണത്താല്‍ 
ഗളിക്കുകില്ലീ  ദ്രവ്യ ദേഹം 
ദഹിച്ചു പോകാതിരിക്കുവാനായ്
താപദാനം ശീലമാക്കി 
പാവമാണീ മണ്‍ വിളക്കും.
ഞാന്‍ വെറും തറ പൂഴിയാണേ
കേഴുകയാണീ മണ്‍ വിളക്കും 
മഹാമാനവന്‍ തന്നെയാണേ 
ജ്യോതി എന്നും,
നമിക്കുന്നു ഞാനാ ജ്യോതിജന്മം.

Monday, October 1, 2012

ATM:

കതകില്‍ മുട്ടി.....തുറന്നു....
ആരാ? തിരിച്ചറിയല്‍ വാക്ക് പറയൂ....
വാക്കല്ല...... നമ്പരാണ്, പ്രഭോ ................
നംബറെടുത്തോളൂ ......സന്തോഷം..എന്ത് വേണം?
നമ്പര്‍ മാറ്റണോ? ബാക്കി അറിയണോ? വലിക്കണോ?
വലിക്കാനാണ്, പ്രഭോ.
പാപങ്ങളുടെ കണക്കില്‍ നിന്നോ, പുണ്യങ്ങളുടെതില്‍ നിന്നോ?
പുണ്യങ്ങളുടെതില്‍ നിന്നും മതി, പ്രഭോ.
എത്ര വേണം എന്ന് പറയുക.
പത്തു മതി, പ്രഭോ.
പത്തു ശരി തന്നെയല്ലേ?
അതെ, പ്രഭോ.
അത്ര ബാക്കി ഇല്ല, മകനെ.
കഴിഞ്ഞ ദിവസം ഒരു രൂപ ഞാന്‍ കാണിക്കയില്‍ ഇട്ടിരുന്നല്ലോ!
അമ്പത് പൈസ ആ ഭിക്ഷക്കാരനും കൊടുത്തല്ലോ?
ശരി, ബാക്കി കാണിക്കൂ, പ്രഭോ.
പിന്‍ അടിക്കൂ, മകനെ.
പുണ്യക്കണക്കില്‍ മൈനസ് നൂറു കോടിയും,
പാപക്കണക്കില്‍ പ്ലസ് പതിനായിരം കോടിയും
ആണെന്റെ പൊന്നു മകനെ.
പ്രഭോ, താങ്കളും കള്ളാ എന്ന് വിളിച്ചു കള്ളക്കണക്ക്
കാണിച്ചു തുടങ്ങിയല്ലേ, കഷ്ടം?
തെറ്റായ പിന്‍ അടിച്ച തന്റെ
കാര്‍ഡ് ഞാന്‍ വിഴുങ്ങുന്നു, മകനെ.
പരാതി മുഖ്യ കാര്യാലയത്തില്‍ കൊടുക്കുക.
പുതിയ വീട് വെക്കാന്‍ മുണ്ടന്‍ പ്രാവ് പറ്റിയ കോലുകള്‍ നോക്കി നടക്കുകയാണ്. മുണ്ടിക്ക് പേറ്റു നോവ്‌ തുടങ്ങുക എന്നാണെന്ന് അറിയില്ല. കൊക്ക് കൊണ്ട് ഓരോ കോലിന്റെയും ബലവും, നീളവും അളക്കാന്‍ നോക്കുന്നുണ്ട്. ചില പറ്റിയ കോലുകള്‍ എടുത്തു കൊണ്ട് പോകാന്‍ നോക്കിയപ്പോള്‍ പാതി വഴിക്ക് താഴേക്കു ഇടേണ്ടി വന്നു. പറന്നുയരാന്‍ പറ്റുന്നില്ല. കിട്ടിയ പുല്ലും, കോലും ഒക്കെ ഒരുക്കൂട്ടി വീട് പകുതിയായി. കോര്‍പറേഷനിലെ സാറ് കോള്
 കണ്ടു വന്നു നോക്കി. കണ്ണും, വിരലും കൊണ്ട് മുണ്ടനോടു പറഞ്ഞു. കണ്ണു തള്ളിയ മുണ്ടന്‍ മുണ്ടിയെ നോക്കി. കണ്ണു നിറഞ്ഞ കാരണം മുണ്ടിയെ കാണുന്നില്ല. പേറ്റുനോവ് കാരണം ആസ്പത്രിയില്‍ പോയിരിക്കുമോ? സാറിനെ നാളെ പോയി കാണാം. വീടിനു ബലം കുറവാണ് എന്നല്ലേ പറഞ്ഞത്. കുറച്ചു കൂടി ബലമുള്ള വടി നോക്കാം. താഴെ നോക്കിയപ്പോള്‍ നല്ല എല്ലിന്‍ കഷ്ണം കിടക്കുന്നു. കോര്‍പറേഷനിലെ സാറ് വലിച്ചു ഈമ്പി വലിച്ചെറിഞ്ഞതാണ്. വീടിനു പറ്റിയ ബലം, നീളം. കൊക്ക് കൊണ്ട് എടുക്കാന്‍ നോക്കിയപ്പോള്‍ മുണ്ടിയുടെ മണം...പാകത്തിന് മസാലയുടെ മണവും ഉണ്ട്.

Saturday, September 29, 2012

പുതിയ പഴമ

അക്ഷരങ്ങളില്‍ ക്ഷകാരമെവിടെയെ-*
ന്നക്ഷരങ്ങളില്‍ തിരഞ്ഞ മാത്രകള്‍ 
അക്ഷമക്കും ക്ഷമയുണ്ടോ എന്ന-
ക്ഷമനായ് ആരാഞ്ഞ നാളുകള്‍
വൃത്തമൊന്നര്‍ത്ഥത്തില്‍ തീര്‍ത്തു 
വൃത്താന്ദമെന്തെന്നറിയുവാന്‍
വൃത്തത്തിലക്ഷരം വൃത്തിയായ്
ചേക്കേറി, ബഹിര്‍ ഭാഗത്തക്ഷരം 
ക്ഷോഭത്താല്‍ വിറ പൂണ്ടു.
വൃത്തമോരലങ്കാരമല്ലേ എന്നും 
വൃത്തമെത്ത്ര പൂജ്യനെന്നുമവര്‍
വൃത്തത്തിനുള്ളില്‍ നിന്നുമോതി.
ബാഹ്യരാണെങ്കിലോ ഭ്രുത്യ-
മാത്രനായ നീ  എത്ര മാത്ര പൂജ്യമെ-
ന്നക്ഷമരായ് പഴി ചൊല്ലി.
വൃത്തത്തിന്‍ വരയില്‍ നിന്നാരോ 
മൊഴി ചൊല്ലി, അക്ഷരമന്ധ-
മല്ലെന്നാകില്‍, ഐശ്വര്യം തന്നെയക്ഷരം 
ആ മൊഴിയിരവലൊരു ഭൂരിപക്ഷമായി.

*ക്ഷകാരം എന്നതിന് സൃഷ്ടി എന്നര്‍ത്ഥം കൊടുത്തിരിക്കുന്നു. 

Wednesday, September 26, 2012

അറിവിന്റെ നിറം.

ഇരുട്ട് മായുന്നതിന്നു മുമ്പ് അയാള്‍ എഴുന്നേല്‍ക്കാറുണ്ടായിരുന്നു. അന്ന് വൈകിപ്പോയിരുന്നു. മഷി കഴിഞ്ഞ പേനയും കടിച്ചു, നഷ്ട്ടപ്പെട്ടു പോയ ഇരുളിനെ ഓര്‍ത്തു അയാള്‍ വിലപിച്ചിരുന്നു. പിന്നിലേക്ക്‌ പോയാല്‍ ഇരുട്ടിനെ കാണാന്‍ പറ്റുമോ? വൃഥാവിലാവില്ലേ നടത്തം? വെറുതെ ആലോചിച്ചു. ഇരുട്ടിനു മാത്രമേ തനിക്കു ആ കറുത്ത മഷി തരാന്‍ ആവുള്ളൂ. അതില്‍ എഴുതിയാലേ സമാധാനം തോന്നൂ. ആരെങ്കിലും വായിക്കൂ. ഇനി പറഞ്ഞിട്ട് എന്ത് കാര്യം? കുനിഞ്ഞ മുഖവുമായി ഇരിക്കുന്ന അയാള്‍ തല പൊക്കി. ആരാ തന്നെ തോണ്ടിയത്? വെളുത്ത ചിരിയുമായി സൂര്യ രശ്മി മുന്നില്‍ നില്‍ക്കുന്നു. "മഷി കഴിഞ്ഞ സങ്കടത്തില്‍ ആണല്ലേ?" ആ ചിരിയില്‍ എന്തൊരു സാന്ത്വനം? ആ ചിരിക്കു എന്തൊരു വശ്യത? എന്തെ ഇത് വരെ ഞാന്‍ ഇരുട്ടിനെ പ്രേമിച്ചു നടന്നിരുന്നത്? "എന്താ ആലോചിക്കുന്നത്? തൂലികയില്‍ ഞാന്‍ നിറഞ്ഞു നിന്നാല്‍ മതിയോ?" ചോദ്യം കേട്ട് അയാള്‍ ചിരിച്ചു. വെളുത്ത മഷിയില്‍ വെളുത്ത ഏടില്‍ എഴുതിക്കിടക്കുന്ന വാക്കുകളെ ആലോചിച്ചു അറിയാതെ പൊട്ടിച്ചിരിച്ചു. ആലോചനയുടെ അതെ വഴിയില്‍ നടന്ന വെളുത്ത സുന്ദരിയും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. ആ പങ്കു ചേര്‍ന്ന ചിരിക്കു പക്ഷെ എന്തോ അര്‍ത്ഥമുണ്ടല്ലോ? സുന്ദരിയുടെ മുഖത്തേക്ക് അയാള്‍ സൂക്ഷിച്ചു നോക്കി. അറിവിന്റെ നിറമാണല്ലോ ഇത്? സാക്ഷാല്‍ സരസ്വതി! ഏഴു നിറങ്ങളും കലര്ന്നവള്‍! അല്ലെ വെളുപ്പ്‌? അറിവില്ലമയല്ലേ ഇരുട്ട്? യാതൊരു നിറവും ഇല്ലാത്ത പിച്ചക്കാരി. അപ്പോള്‍ വെളുപ്പ്‌ മഷിയില്‍ എഴുതുമ്പോള്‍ വായിക്കാന്‍ പറ്റാത്തവരല്ലേ അറിവില്ലാത്തവര്‍? തല കുനിച്ച് വെളുപ്പിനെ വന്ദിച്ച് അയാള്‍ വെളുപ്പില്‍ ഇല്ലാതാകുകയായിരുന്നു. അയാളില്‍ ഞാനും.

Tuesday, September 25, 2012

എന്റെ അറിവുകേട്:



അടുത്ത നാളിന്നു പകുത്തു നല്‍കാന്‍ 
പടുത്തു ഞാനോരീ കൊച്ചു സൌധം 
കുഴിച്ചു മാറ്റിയ കറുത്ത മണ്ണില്‍ 
കുഴച്ചു വെച്ചൊരു വെളുത്ത സുപ്തി.

മഴയ്ക്കു മുമ്പേ തഴക്കുവാനായ്
അഴിച്ചോതുക്കീ കഴിഞ്ഞ ജന്മം 
പകച്ചു നില്‍ക്കും കിതപ്പ് കാണ്‍കെ 
വിതച്ചു ഞാനെന്‍ കുതിപ്പ് കാലം.

കറുത്ത കല്ലില്‍ തികച്ചു  വെച്ചു 
മടുത്ത പാട്ടിന്‍ തുടുത്ത താളം 
കറുത്ത തേക്കില്‍ കടഞ്ഞു വെച്ചു
മറന്ന രാഗം നനുത്ത ഭാഗം.

കൊതിച്ച ചുമരില്‍ ഗണിച്ചു വെച്ചു
കുറഞ്ഞ വാക്കില്‍ നിറഞ്ഞ പ്രാസം,
പുരപ്പുറത്തായ്  തറച്ചു നിര്‍ത്തീ 
അതിര്‍ത്തി കാക്കാന്‍ അന്യാപദേശം.

കവാട മാര്‍ഗ്ഗേ തറച്ചു വെച്ചു 
ഗണിച്ച വാക്കും, തടിച്ച നാക്കും 
അതിശയോക്തിക്കയിത്തമില്ലേ
വിളിച്ചു കൂവി, വിരോധാഭാസം.

സിനെക്ഡോക്കും, മെടോനിമിക്കും 
നിമിത്തമെന്താ,  തടഞ്ഞു  നോക്കാം 
അരിക്ക് വയറും, അരക്ക് പെണ്ണും 
വരഞ്ഞു കാണാന്‍, കരഞ്ഞുവല്ലോ.

അരക്കിനാവിന്റെ കടുത്ത നോവില്‍ 
കരിച്ചു ഞാനെന്റെ മരിച്ച മോഹം
വിതച്ചതെല്ലാം മെതിക്കുവാനായ്
തികച്ചു വേണ്ടേ മികച്ച മൂള?

ശ്രമബിന്ദു

വിത്ത് പാകി പത്തായത്തില്‍ എത്തുന്ന വരെയുള്ള ഓരോ ശ്രമകണങ്ങളും അയാള്‍ ഒരു തുള്ളി പോലും കളയാതെ കുപ്പികളില്‍ സൂക്ഷിച്ചു. ചെടി വലുതാക്കി കായ തരുന്ന മരത്തിന്‍റെ പരുവത്തില്‍ ആക്കിയ വിയര്‍പ്പു തുള്ളികളും അയാള്‍ മറക്കാതെ കുപ്പികളിലാക്കി സൂക്ഷിച്ചു. മണ്ണില്‍ വീണ ഓരോ വിയര്‍പ്പു തുള്ളികളെയും അയാള്‍ ആഴത്തില്‍ കുഴിച്ചു കിണറുകളും, കുളങ്ങളും ആക്കി തിരിച്ചെടുത്തു കുപ്പികളിലാക്കി. ആരോടോ പക വീട്ടാന്‍ എന്ന പോലെ രോഷം കാട്ടി ഒഴുകുന്ന പുഴകളിലേക്ക് തെറിച്ചു വീണ ശ്രമ ബിന്ദുക്കളേയും അയാള്‍ വൃഥാ പാഴാക്കാന്‍ സമ്മതിച്ചില്ല. ഒഴുക്കിനെതിരെ നീന്തി അത് കൈക്കലാക്കി കുപ്പികളില്‍ ആക്കുന്നത് വരെ അയാള്‍ക്ക്‌ ഉറക്കം വരുമായിരുന്നില്ല. രാത്രികളുടെ അനേകം പേറ്റുനോവുകളുടെ വേദന അയാളിലേക്കും പടര്‍ന്നു വന്ന ഒരു സായാഹ്നത്തില്‍ ഭാര്യയെ നോക്കി അയാള്‍ പറഞ്ഞു "എന്തോ സുഖം തോന്നുന്നില്ല. ഒന്ന് കിടക്കട്ടെ." അന്ന് വരെയും മൃദുവായി തോന്നിയിരുന്ന പുല്‍പ്പായ അയാള്‍ക്ക്‌ ഒരു  കല്ല്‌ പോലെ തോന്നി. ഒരു കത്തിയെടുത്തു വളര്‍ന്നു വലുതാക്കിയ വാഴയുടെ അടുത്തു പോയി പറഞ്ഞു "വേദനിപ്പിക്കണം എന്ന് വിചാരിച്ചിട്ടല്ല. ആവശ്യമായി വന്നു." നീണ്ട, മുറിക്കാത്ത ഇലയുമായി വന്നു അതില്‍ കിടന്നപ്പോള്‍ അയാള്‍ക്ക്‌ ഒരു സുഖം തോന്നി. "നിങ്ങള്‍ക്കെന്താ ഭ്രാന്തു പിടിച്ചോ?" ഒരിക്കലും തിരിച്ചു ഒരക്ഷരം പറയാത്ത ഭാര്യയുടെ  വാക്കുകള്‍ ചെവിയില്‍ മുട്ടി തിരിച്ചു വന്നു. "സന്ധ്യയായി അല്ലെ? ദേവീ, നീ ആ നിലവിളക്ക് കൊളുത്തി ഒന്നിവിടെ വെക്കൂ. എനിക്കൊന്നു വായിക്കണം." വടക്കോട്ട്‌ തിരിഞ്ഞു കിടന്നു അയാള്‍ പുലമ്പി. നിലവിളക്കും കൊളുത്തി വന്ന ദേവിയും ഒരു ഉള്‍വിളി കിട്ടിയ പോലെ അയാളോട് ചേര്‍ന്ന് കിടന്നു. നാല് കണ്ണുകള്‍ രാമനാമം ചൊല്ലി അടഞ്ഞപ്പോള്‍, അയാളുടെ പ്രിയപ്പെട്ട പുളിമാവിന്‍റെ ശരീരം തെക്കേ തൊടിയിലെ രണ്ടു കുഴികളുടേയും അളവില്‍ മുറിഞ്ഞു കഴിഞ്ഞിരുന്നു.


അയാളുടെ നിറഞ്ഞ കുപ്പികള്‍ നിലത്തുറക്കാത്ത കാലുകളോടു കൂടി, അടുത്ത നാളുകളില്‍  രണ്ടു വരികളില്‍ സ്ഥാനം പിടിക്കുന്നുണ്ടായിരുന്നു. നര്‍ത്തനം ചെയ്യുന്ന രണ്ടു കണ്ണുകളുടെയും, നുരഞ്ഞു പൊങ്ങുന്ന ഗ്ലാസ്സുകളുടേയും നീണ്ട വരികളില്‍.!. 

Sunday, September 23, 2012

കീറി നാറുന്ന കുപ്പായവുമിട്ട്, പാറിപ്പറക്കുന്ന മുടിയുമായി അയാള്‍ കടല്‍ക്കരയിലേക്ക്‌ പോകുന്ന ആ പാതവക്കില്‍ ഇരുന്നു. വിസര്‍ജ്ജനത്തിനു കൊണ്ടു പോകുന്ന ഓരോ ഗണപതി  വിഗ്രഹവും  കണ്ടു അയാള്‍ കൈ കൊട്ടി ചിരിച്ചു. സ്വര്‍ണ്ണം കൊണ്ട് തീര്‍ത്ത വിഗ്രഹങ്ങള്‍, സ്വര്‍ണ്ണത്തില്‍ മുക്കിയ വിഗ്രഹങ്ങള്‍, സ്വര്‍ണ്ണ ആഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ച വിഗ്രഹങ്ങള്‍, നാല് പുറങ്ങളിലും ബള്‍ബുകളുടെ ശോഭ കൊണ്ട് തിളങ്ങുന്ന വിഗ്രഹങ്ങള്‍, വലിയ ലോറിയില്‍ വരുന്ന വിഗ്രഹം, മിനി ലോറിയില്‍ വരുന്നവ, ഓട്ടോ റിക്ഷയില്‍ വരുന്നവ, ഉന്തു വണ്ടിയില്‍ കൊണ്ട് വരുന്നവ എന്തെല്ലാം തരത്തിലുള്ള വിഗ്രഹങ്ങളാണ്! കൈ കൊട്ടി ചിരിക്കുന്ന ആ ഭ്രാന്തനെ നോക്കി വിഗ്രഹ   വിസര്‍ജ്ജനത്തിനു പോകുന്ന പലരും ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ്‌ അയാള്‍ കണ്ടത്. ഒരു മനുഷ്യനും, അയാളുടെ കൂടെ ഒരു ചെറിയ പെണ്‍കുട്ടിയും, ഒരു ആറു വയസ്സായിക്കാണും, ഒരു കൊച്ചു ഗണേശ വിഗ്രഹവും ആയി വരുന്നത്. പാട്ടും, കൊട്ടും ഒന്നും ഇല്ലാതെ അയാള്‍ ഒരു കാലില്‍ ഒരു മുളവടിയുടെ സഹായത്തോടെ  നൊണ്ടി, നൊണ്ടി ഒറ്റ കയ്യില്‍ ആ കൊച്ചു വിഗ്രഹം ബാലന്‍സ് ചെയ്തു കടലിനു നേര്‍ക്ക്‌ നടക്കുന്നു. അയാളുടെ കൊച്ചു മകള്‍ കരഞ്ഞു, തുടുത്ത മുഖവുമായി പിന്നിലും ഉണ്ട്. "വെള്ളത്തില്‍ ഒഴുക്കേണ്ട, അച്ഛാ" എന്ന് കൂടെ, കൂടെ പറയുന്നുണ്ട്. കേള്‍ക്കാത്ത ഭാവത്തില്‍ നടക്കുന്ന അയാളുടെ കയ്യില്‍ നിന്നും ആ കൊച്ചു വിഗ്രഹവും തട്ടിപ്പറിച്ചു, ആ ആറു വയസ്സുകാരിയെയും പൊക്കി പ്പിടിച്ചു ഭ്രാന്തന്‍ ഓടി. ഉറക്കെ കരയുന്ന ആ അച്ഛന്റെ ശബ്ദം ചെണ്ടകളുടെ ശബ്ദത്തില്‍ മുങ്ങുകയായിരുന്നു. കാണുന്നവരും, കേള്‍ക്കുന്നവരും പൊട്ടി, പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. പൊട്ടിയ നെഞ്ഞും, നിറഞ്ഞ കണ്ണുമായി അയാള്‍ തിരിച്ചു തന്റെ ചേരിയില്‍ എത്തിയപ്പോള്‍ കാണുന്നു. ഭ്രാന്തനും, തന്റെ മോളും കൂടി  ഒറ്റ മുറിയുള്ള ആ ചേരിയില്‍. ചിരിച്ചു കൊണ്ടിരിക്കുന്നു.  ഗണപതിയുടെ ആ കൊച്ചു വിഗ്രഹത്തെ മകള്‍ കെട്ടിപ്പിടിച്ചിരിക്കുകയാണ്. വിഗ്രഹത്തിന്റെ കഴുത്തില്‍ ഒരു പുതിയ പൂ മാലയുമുണ്ട്. ഭ്രാന്തന്റെ കണ്ണുനീര്‍ കുതിര്‍ന്ന ആരതിയില്‍ അയാളും, ആ അരുമ മോളും മുഴുകി ഇരുന്നു. ആരതിക്ക് ശേഷം മൂവരും കൂടി പറഞ്ഞു  "ഗണപതി ബാപ്പ മോറിയ, പുട്ച്ച്യാ വരഷാപ്പന്‍ ഇത്തെസ് രാഹ." ഗണപതിക്ക്‌ ജയം, അടുത്ത വര്ഷം കൂടി ഇവിടെ തന്നെ ഉണ്ടായിരിക്കണേ.

വീണ്ടും ഒരു വിരഹം

നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളഞ്ഞു, പൊട്ടിച്ചിതറി കിടക്കുന്ന കുപ്പിവളകളുടെ മധ്യത്തില്‍ അവള്‍ ഇരുന്നു. പ്രായം കയറി വരാന്‍ വിസമ്മതിക്കുന്ന ആ ശരീരം താല്‍ക്കാലികമായെങ്കിലും    ക്ഷീണിച്ചിരുന്നു. കണ്ണുകളില്‍ തുളുങ്ങി കിടക്കുന്ന അഗാധ ദുഖത്തെ, ഉള്ളില്‍ തന്നെ നിര്‍ത്തുവാന്‍ കരിങ്കല്‍ കഷ്ണങ്ങളും, മണല്‍ക്കൂനയും ഒഴുക്കിന്നെതിരെ വാരി വിതറിയിട്ടു. വിറയാര്‍ന്ന കൈകള്‍ കൊണ്ട് മുന്നില്‍ കിടക്കുന്ന  സനാതന ഓര്‍മ്മയ്ക്ക്‌ ഒരു ഭസ്മ തിലകം ചാര്‍ത്തി, ആ യുവതി യവനികയ്ക്കു പിന്നില്‍ ഒതുങ്ങി ഇരുന്നു. നാല് പുറങ്ങളിലും നടക്കുന്ന കുശു കുശുക്കളില്‍ ആസക്തി ഇല്ലാതെ ...............അവളുടെ അവസ്ഥ ആരെങ്കിലും കണ്ടിരിക്കുമോ? ഉണ്ടാവാന്‍ വഴിയില്ല. ഉണ്ടെങ്കില്‍ അവളുടെ കാലില്‍ തട്ടി ചില വാക്കുകള്‍ ചിതറുമായിരുന്നില്ലല്ലോ! നാല് പുറങ്ങളിലും ആ സുന്ദരി വീണ്ടും ആരെയോ തിരയുന്ന പോലെ നോക്കുന്നുണ്ടായിരുന്നു.

അല്ലിഗറി



പനിനീര്‍പ്പൂവിന്റെ നിത്യ സന്ദര്‍ശകനായിരുന്ന വണ്ടിനോടു ഒരിക്കല്‍ അതിന്റെ അഹന്ത പറഞ്ഞു "നിന്റെ കറുത്ത ദേഹം എന്നില്‍ മുട്ടിച്ചാല്‍ എനിക്കും പകരില്ലേ ആ  കറുപ്പ്? നിന്ദ്യമായ ആ ദരിദ്ര കറുപ്പ്!" ഒന്നും മിണ്ടാതെ ആ പാവം വണ്ട്‌ തുളസിയില്‍ പോയിരുന്നു. അവന്റെ മനസ്സിന്റെ  വ്രണം ഉഴിഞ്ഞു മാറ്റിയ തുളസിയെ നിറകണ്ണുകളോടെ  നോക്കി വണ്ട്‌ പറഞ്ഞു "താങ്കള്‍ക്കു തരാന്‍ എന്റെ കയ്യില്‍ ഈ കറുപ്പ് നിറം മാത്രമേ ഉള്ളൂ.എന്റെ കയ്യില്‍ വേറൊന്നും ഇല്ല." വെളുത്ത് സുന്ദരിയായ ആ തുളസി പറഞ്ഞു "എനിക്ക് കറുപ്പ് നല്ല ഇഷ്ടമാണ്. പുറമേ കറുപ്പാണെങ്കിലും താങ്കളുടെ അകം വെളുപ്പാണ്. തന്നോളൂ. ഞാന്‍ സന്തോഷമായി സ്വീകരിക്കാം. പ്രതിഫലമായിട്ടല്ല. താങ്കളുടെ ഓര്‍മ്മയ്ക്ക്‌ വേണ്ടി മാത്രം." സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടിയ വണ്ട്‌ കറുപ്പ് നിറം പകര്‍ന്നപ്പോള്‍ വെള്ള തുളസിയുടെ നിറം  നീലയായി  മാറി. ആ നീല തുളസിയെ  മന്ദമാരുത രൂപത്തില്‍ വന്ന ദൈവം ഉമ്മ വെച്ച് പറഞ്ഞു "പൂക്കളില്‍ ജ്ന്യാനി നീ. ഏറ്റവും ഉപയോജ്യ നീ. ഏറ്റവും പുണ്യവതി നീ." യാതൊന്നും അറിയാത്ത മാതിരി, യാതൊരു അഹന്തയും തോന്നാതെ നീലത്തുളസി വണ്ടിനോടു പറഞ്ഞു "സന്ധ്യ ആയല്ലോ! നിനക്ക് തരാന്‍ എന്റെ കയ്യില്‍ ഭക്ഷണം ഒന്നും ഇല്ല. നീ ആ ചെളിയില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയുടെ അടുത്തു പൊയ്ക്കോള്ളൂ. അവള്‍ നിനക്ക് എന്തെങ്കിലും തരാതിരിക്കില്ല." മനസ്സോടെ തുളസിയെ നമിച്ചു വണ്ട്‌ താമരയുടെ അടുത്തു പോയിരുന്നു.  ഒന്നും മിണ്ടാത്ത വണ്ടിനോടു അവള്‍ ചോദിച്ചു "വിശന്നു  വലയുക ആണല്ലേ? എന്റെ രക്തത്തിന്നു നല്ല മാധുര്യമാണ്. കുടിച്ചോളൂ. വേണ്ടുവോളം കുടിക്കാം." വയറും,  കണ്ണും  നിറഞ്ഞ വണ്ട്‌ പോകാന്‍ തുടങ്ങുമ്പോള്‍ താമര പറഞ്ഞു "തുളസിയുടെ ചില ഗുണങ്ങള്‍ എന്നിലേക്ക്‌ പകര്‍ന്നു, അല്ലെ? ഇപ്പോള്‍ രാത്രിയായി. പോകേണ്ട. ഞാന്‍ നിന്നെ പുതപ്പിക്കാം."
പനിനീര്‍പ്പൂ ഇന്നും അതിന്റെ അഹന്തയുടെ ഫലം അനുഭവിക്കുന്നു. ഇപ്പോഴും ദേഹം മുറിച്ചു നടണം. അടുത്ത തലമുറ വേണമെങ്കില്‍. അതെ വഴിയുള്ളൂ. അഹന്ത പോകുവോളം മുറിക്കട്ടെ.

Friday, September 21, 2012

എല്ലാ ദിവസവും നാളേക്ക് വിരിയുന്ന മൊട്ടുകള്‍ നോക്കി ഞാന്‍ നടക്കും. നഗരഭാവത്തില്‍ പൂക്കളുടെ വേട്ടക്കാരുടെ കണ്ണുകളില്‍ നിന്നും രക്ഷപ്പെട്ട ഈ മൊട്ടുകള്‍ എന്നെ കണ്ടാല്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടാവും. അമ്മച്ചെടിയുടെ നാളെയുടെ സ്വപ്നങ്ങളെ യാതൊരു കനിവുമില്ലാതെ നഖക്ഷതം കൊണ്ട് മുറിച്ചു  മാറ്റുമ്പോള്‍ ആ അമ്മയുടെ കണ്ണുകളില്‍ നിന്നും വീഴുന്ന അശ്രു ബിന്ദുക്കള്‍ ഞാന്‍ കണ്ടില്ലെന്ന്  നടിക്കും. ഒരു ദിവസം കൂടി അമ്മയുടെ നെഞ്ചിന്റെ ചൂടേറ്റ് ഒന്നുറങ്ങിക്കോട്ടേ എന്ന് ആ മൊട്ടുകള്‍ കെഞ്ചിക്കരയുന്നുണ്ടാവും.ആ അമ്മിഞ്ഞപ്പാലിന്റെ  രുചിയില്‍ നിന്നും നിര്‍ബ്ബന്ധമായി പിടിച്ചു മാറ്റി, ഒന്നുമറിയാത്ത ഭാവത്തില്‍ നടന്നു നീങ്ങുമ്പോള്‍ ആ അമ്മച്ചെടി എന്ത് പറഞ്ഞാവും ശപിക്കുന്നുണ്ടാകുക? അവരുടെ നിഘണ്ടുവില്‍ ഭ്രൂണ ഹത്യക്ക് എന്തായിരിക്കും ശബ്ദം ഉണ്ടാവുക? എന്റെ മുന്‍ഗാമികളായ പൂവേട്ടക്കാരെ അവര്‍ എന്താവും പേരിട്ടിട്ടുണ്ടായിരിക്കുക?  നരധാമന്‍ എന്നതിന്റെ അവരുടെ പര്യായം എന്തായിരിക്കും? കാലുകള്‍ ബന്ധിച്ചു നിറുത്തിയിരിക്കുന്ന ഭൂമീദേവിയെന്ന  എല്ലാ ചരാചരങ്ങളുടെയും അമ്മയോട്  "ഞങ്ങളോട് എന്തിനീ പാരപക്ഷ്യം? ഞങ്ങളുടെ കാലുകള്‍ക്ക് മാത്രം എന്തിനീ ബന്ധനം?" എന്ന് കണ്ണീരില്‍ കുതിര്‍ന്ന പരാതിയില്‍ ക്കൂടി ആ അമ്മച്ചെടി പറഞ്ഞിട്ടുണ്ടാവില്ലേ?  എന്റെതെന്ന കൈപ്പിടിയില്‍ ഒതുക്കുന്ന ആ പിഞ്ചു മൊട്ടുകളുടെ രക്തക്കറ, തിമിരം ബാധിച്ച എന്റെ കണ്ണുകള്‍ എത്ര സുഗമമായാണ് കണ്ടില്ലെന്നു നടിക്കുന്നത് ? കൈകളില്‍ പിടിച്ച ആ കറ എത്ര എളുപ്പമാണ് യാതൊരു വികാരവും ഇല്ലാതെ ഞാന്‍ കഴുകി കളയുന്നത്‌ ? വെള്ളത്തില്‍ മുക്കിയിട്ട ആ മൊട്ടുകള്‍ രാത്രി മുഴുവന്‍, എനിക്ക് കേള്‍ക്കാത്ത ശബ്ദത്തില്‍, അന്യോന്യം എന്തായിരിക്കും പറഞ്ഞിട്ടുണ്ടായിരിക്കുക? ആ ഭ്രൂണഹത്ത്യക്കാരനായ ഞാന്‍ എന്ന ചെകുത്താന്‍ ഉണരുന്നതിനു മുമ്പേ പുലരിയെ ഒന്ന് കാണാന്‍ നമുക്ക് മിഴി തുറക്കാം എന്നായിരിക്കുമോ? നിഷ്ക്കളങ്കത്തിന്റെ മൂര്‍ത്തീഭാവങ്ങളെ നിങ്ങള്‍ക്കെന്തറിയാം? പാപങ്ങള്‍ ഗംഗയിലും, യമുനയിലും, നിളയിലും കഴുകി ക്കളയുന്ന ഞാന്‍ നഗരത്തിലെ ഫ്ലാറ്റില്‍ നിശ്ചിതസമയങ്ങളില്‍ ഒഴുകുന്ന വെള്ള പ്രവാഹങ്ങളിലും പാപം കഴുകിക്കളയുന്നുണ്ട്. മിഴി തുറക്കുന്ന നിങ്ങളുടെ കഴുത്തില്‍ ഞാന്‍ "ഇത് ദേവന്, ഇത് ദേവിക്ക്" എന്ന തിരിച്ചറിയല്‍ ചീട്ടുകള്‍ തൂക്കി, നെഞ്ചോടു ചേര്‍ത്തു ഹോമ ചിഹ്നങ്ങളായി വെച്ചു, എന്റെ മോഹങ്ങള്‍ പൂവണിയാന്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥന എന്തായിരുന്നു? ഞങ്ങളുടെ നരധാമനായ, ഭ്രൂണഹത്യക്കാരനായ ഇവന്റെ പ്രാര്‍ത്ഥന നീ എങ്ങിനെ കേള്‍ക്കുന്നു, ദേവീ അല്ലെങ്കില്‍ ദേവാ എന്നായിരുന്നുവോ? മനുഷ്യന്റെ പര്യായമായ എന്റെ നിത്യ ദുഖത്തിന്റെ കാരണം എന്റെ ഈ സ്വാര്‍ഥത തന്നെ ആയിരുന്നുവോ? എന്നാലും എനിക്ക് പൂക്കള്‍ വേണം, മൊട്ടുകള്‍ വേണം. എനിക്കെന്റെ മോഹങ്ങള്‍ പൂവണിയണം. നിങ്ങളുടെ മോഹങ്ങള്‍ കൊണ്ട് എനിക്കെന്തു ഗുണം? ഇവിടെ എന്റെതാണ് എല്ലാം, എന്റെ ദേവന്‍, എന്റെ ദേവി.

Wednesday, September 19, 2012

ഞാനെന്ന ചവറ്റുകുട്ട

എന്താണിത്? നടവഴിയില്‍ മുഴുവന്‍ ചവറാണല്ലോ! നാറുന്ന ചപ്പു ചവര്‍ . ഇപ്പോഴല്ലേ ഞാന്‍ ഇതു വഴി വന്നത്? വഴിപോക്കര്‍ ആവും. അതോ അയല്പക്കരോ? വൃത്തി കെട്ടവരാണ്. നാറികള്‍ . ഏതായാലും ചൂലെടുത്ത് ഒന്ന് വൃത്തിയാക്കാം. ഒരറ്റം മുതല്‍ തൂത്തു വാരി കൂടയില്‍ ഇട്ടു. തിരിഞ്ഞു നോക്കി. വൃത്തിയയല്ലോ അല്ലെ? ഇതെന്താ? അത്രയും ചപ്പു ചവര്‍ വീണ്ടും! ഒരു പ്രാവശ്യം കൂടി വൃത്തിയാക്കി തിരിഞ്ഞു നോക്കി. പുറത്തു നിറച്ച ചവറ്റു കൂട നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പക്ഷെ വഴിയിലെ വൃത്തികേട് ഉണ്ടെങ്കിലും വര്‍ദ്ധിച്ചിട്ടെ ഉള്ളൂ. മനസ്സിലാകുന്നില്ല. ഇതെവിടുന്നാണ് വരുന്നതെന്നറിയാന്‍ മനസ്സിന്റെ ഉള്ളിലേക്ക് ഒന്ന് നോക്കി. എന്താ ഇതു? എന്‍റെ മനസ്സിന്‍റെ ഉള്ളിലെ വൃത്തികേടായിരുന്നല്ലോ ഇതെല്ലാം! എന്നിട്ടും ഞാന്‍ എന്തെ മറ്റുള്ളവരെ കുറ്റക്കാരാക്കിയത്? എന്റെ അറിവ് കേടാണോ? എല്ലാവരും പുകഴ്ത്താറുണ്ടല്ലോ ! എന്നെ പ്പോലെ അറിവുള്ളവര്‍ ഉണ്ടാവുകയില്ല എന്ന്. സയന്‍സ് ആയാലും, കണക്കു ആയാലും, രാഷ്ട്രീയം ആയാലും, നിയമം ആയാലും ആകാശത്തിന്നു താഴെയുള്ള എന്തിനെ പറ്റിയും എനിക്കറിവുണ്ടെന്നു! എത്ര ക്യുസ് മത്സരങ്ങളില്‍ ഞാന്‍ ജയിച്ചുട്ടുണ്ട്! എങ്കിലും എന്‍റെ തലച്ചോറിലും ഒന്ന് എത്തി നോക്കാം. ദൈവമേ! ആദ്യമായി ആ വാക്ക് പുറത്തു വന്നു. അവിടെയും വെറും ചപ്പു ചവറുകള്‍ മാത്രമാണല്ലോ! സ്നേഹം എന്നതൊന്നു അവിടെ ഉണ്ടോ? അലിവു എന്നൊരു വികാരം എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ? കഷ്ടം! ഈ ജീവിതം എന്തിനു വേണ്ടിയായിരുന്നു! മുഴുവന്‍  പാഴായിപ്പോയില്ലേ? ഈ നിമിഷം മുതല്‍ക്കു തന്നെ ആ ചപ്പു ചവറുകള്‍ ഒന്ന് വലിച്ചെറിയാന്‍ കഴിഞ്ഞെങ്കില്‍! ഈ വഴിയെല്ലാം എത്ര നന്നായിരുന്നു! എന്‍റെ അടുത്ത  തലമുറക്കെങ്കിലും ഉപയോഗപ്രദമായിരുന്നു!

Tuesday, September 18, 2012

ഞാന്‍ എന്ന നിഴല്‍:

ഞാന്‍ നിങ്ങളുടെ നിഴല്‍, നിങ്ങളുടെ സ്വന്തം നിഴല്‍ ആണ് കേട്ടോ. ഞെട്ടുന്നുണ്ട്, അല്ലെ? എന്‍റെ മുഖം നിങ്ങള്‍ക്ക് അന്യമായി തോന്നുന്നുണ്ടോ? അതോ, എന്‍റെ വാക്കുകളില്‍ വിശ്വാസക്കുറവു തോന്നിയിട്ടാണോ? ഒരു അന്യത്വം, ഒരു പരിചയമില്ലായ്മ മുഖത്ത് മിന്നിയത് കൊണ്ട് ചോദിച്ചതാണ്. എന്തെ ഒരിക്കല്‍ തീഷ്ണതയുടെ  പര്യായങ്ങളായ ആ കണ്ണുകള്‍ ഇന്ന് എന്‍റെ കണ്ണുകളില്‍ നിന്നും പിന്‍വലിച്ചത്? എന്നും, എപ്പോഴും നാല് പുറങ്ങളില്‍  പേരും, പെരുമയും  തിരഞ്ഞു കൊണ്ടിരുന്ന  ആ കണ്ണുകള്‍!,  ഇന്നെന്തേ ഒരേ ബിന്ദുവില്‍ മാത്രം, ഇമ വെട്ടാതെ, നോക്കുന്നത്? എന്‍റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഒരു ബധിരനെപ്പോലെയാണല്ലോ പെരുമാറുന്നത്. ആരെന്തു പറഞ്ഞാലും, സ്വന്തം ശ്രവണേന്ദ്രിയങ്ങളില്‍ക്കൂടി അല്ലെങ്കിലും, ആ കാതുകളില്‍ എത്തിക്കാന്‍!.എത്രയോ ശിങ്കിടികളെ വെച്ചിരുന്നില്ലേ?  തിരിച്ചെന്തെങ്കിലും പറയാതിരിക്കാന്‍ ഇപ്പോള്‍ എങ്ങിനെ കഴിയുന്നു? പേര് കേട്ട വാഗ്മി ആയിരുന്നല്ലോ! ആയിരങ്ങളെ ഊമകളാക്കി  എത്രയെത്ത്ര കയ്യടികള്‍ ചെവിയിലും, കടലാസ്സുകളിലും സൂക്ഷിച്ചു വെച്ചിട്ടുണ്ട്!   എന്ത് കണ്ടാലും, മോഹം തോന്നിയാല്‍ പിന്നെ, അത് കീശയില്‍ ആക്കണം, അതിനു വേണ്ടി ആ വസ്തുക്കളുടെ പിന്നില്‍ നിന്നും മാറാതിരുന്ന ആ ഇമകള്‍ എന്താണ് ഇപ്പോള്‍ അനങ്ങാന്‍ മടിക്കുന്നത്? എന്നെയെങ്കിലും നോക്കാതിരിക്കുന്നതെന്തേ?  അപകര്‍ഷതാ ബോധം കൊണ്ടാണോ? എന്‍റെ കണ്ണുകളില്‍ വെറുപ്പ്‌ നിറയുന്നുണ്ടോ എന്ന സംശയം കൊണ്ടാണോ? ആ സംശയം നിങ്ങള്‍ക്ക് തോന്നേണ്ട. ഞാന്‍ അതില്‍ നിന്നെല്ലാം അതീതനാണ്, മാഷെ. എങ്കിലും ഞാന്‍ പറയട്ടെ. പറയാതിരിക്കാന്‍ കഴിയില്ല. ഇത്രയും കാലം എന്നെ അന്ധനും, ഊമയും, ബധിരനും ആക്കിയ നിങ്ങളോട് ഞാന്‍ ഇപ്പോഴെങ്കിലും എന്‍റെ ചിന്തകള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍, എന്‍റെ സ്വന്തം മനസ്സാക്ഷിയോട്‌ ചെയ്യുന്ന ഒരു വലിയ തെറ്റായിരിക്കും. പറ്റില്ല, നിങ്ങള്‍ക്ക് വേണ്ടി ഇനിയും കുരിശു ചുമക്കുവാന്‍. ഞാന്‍ വിസമ്മതിക്കുന്നു.നിങ്ങളുടെ ഒരപ്പകഷ്ണവും ഞാന്‍ രുചിച്ചിട്ടില്ല. എന്നും നിങ്ങളുടെ ആജ്ഞ ശിരസാ വഹിച്ചിരുന്ന ഞാന്‍ തന്നെയാണ് ഇത് പറയുന്നത്. സംശയിക്കേണ്ട. നിങ്ങളുടെ തൊട്ടടുത്തു ഇരുന്നു തന്നെയാണ് പറയുന്നത്. ഇപ്പോള്‍ ഒരു പേടിയും തോന്നുന്നില്ല, മാഷേ. നിങ്ങളുടെ കൈകളുടെയും, കാലുകളുടെയും ഊക്കു ഒരു പാടു അറിഞ്ഞ, സഹിച്ച, ഞാന്‍ തന്നെയാണ്, മാഷേ, പറയുന്നത്.അന്നും നിങ്ങളെ പേടിച്ചിട്ടായിരുന്നില്ല ഞാന്‍ മിണ്ടാതിരുന്നിരുന്നത്. നിങ്ങളോടുള്ള സഹതാപം കൊണ്ടായിരുന്നു. എന്തെ കയ്യിന്നൊരു ഇളക്കം? എന്നോടു മിണ്ടാതിരിക്കാന്‍ ആംഗ്യം കാട്ടുകയാണോ അതോ വീണ്ടും തൊഴിക്കാന്‍ തോന്നുന്നുണ്ടോ? പറ്റില്ലല്ലോ, മാഷേ, ഇനിയും അത് ഇളകില്ല. ദൈവത്തിന്റെ നാമങ്ങള്‍ ജപിക്കാന്‍ ആ ചുണ്ടുകള്‍ ഇളകുന്നത് തന്നെ നിങ്ങളുടെ ഭാഗ്യം. നിങ്ങളെ ഞാന്‍ കളിയാക്കുക  അല്ല. അങ്ങിനെ ആയിരുന്നെങ്കില്‍ അതെന്നോ, ആ ജനലക്ഷങ്ങളുടെ  മുമ്പില്‍ വെച്ചാകാമായിരുന്നു. എനിക്കും ചെറുപ്പം ആയിരുന്നു. നിങ്ങള്‍ക്ക് എന്നെ തൊടാന്‍ പോലും കിട്ടുമായിരുന്നില്ല. പക്ഷെ ഞാന്‍ പറഞ്ഞില്ലേ? നിങ്ങളോട് എനിക്ക് സഹതാപമായിരുന്നു. നിങ്ങള്‍ വെട്ടിക്കൂട്ടുന്ന സ്വപ്ന സാമ്രാജ്യങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കിട്ടില്ല എന്നെനിക്കു അറിയാമായിരുന്നു. ഇപ്പോള്‍ ഞാനും, നിങ്ങളും ഉള്ള ഈ മുറിയില്‍, ആരും സാക്ഷികളായി ഇല്ലാത്ത ഈ വേളയില്‍, നിങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ ചെറുതാക്കാതെ, അപമാനിക്കാതെ, എല്ലാം തുറന്നു പറയണമെന്നുണ്ട്. അതാണ്‌ ഞാന്‍ തിരക്കിട്ട് വന്നത്. സമയം വൈകുന്നതിനു മുമ്പേ ഇതെല്ലാം പറഞ്ഞെ പറ്റൂ.


പിച്ച വെക്കുന്ന ആ കാലം നിങ്ങള്‍ക്ക് ഓര്‍മ്മ ഉണ്ടാവില്ല. അതിനു മുമ്പ് തന്നെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എല്ലാവരും പറഞ്ഞു, നിങ്ങള്‍ അമ്മയുടെയും, അച്ഛന്‍റെയും കൈകള്‍ പിടിച്ചു നടക്കാന്‍ പഠിച്ചുവെന്ന്. അവര്‍ ഉണ്ടെങ്കിലും, ഇല്ലെങ്കിലും ഓരോ പ്രാവശ്യവും നിങ്ങള്‍ വീഴുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നു നിങ്ങള്‍ക്ക് തുണയായിട്ടു. നിങ്ങള്‍ക്കൊന്നും പറ്റാതിരിക്കാന്‍ ഞാന്‍ നിങ്ങളെ താങ്ങുമായിരുന്നു. അവര്‍ നിങ്ങളെ വേര്‍ പിരിഞ്ഞപ്പോഴും ഞാനായിരുന്നു കൂടെ നിന്നത്.  ഞാന്‍ നിങ്ങളില്‍ നിന്നും എന്തെങ്കിലും ആസ്തിക്കോ, അല്ലെങ്കില്‍ പ്രശംസക്ക് വേണ്ടിയോ അല്ല ഇതെല്ലാം പറയുന്നത്. വേണ്ട. തല ചെരിച്ചു എന്നെ നോക്കേണ്ട. വീണ്ടും എനിക്ക് നിങ്ങളോട് സഹതാപം തോന്നും. ഞാന്‍ എന്‍റെ വാക്കുകള്‍ വീണ്ടും ആവനാഴിയില്‍ വെക്കാന്‍ ഇടയുണ്ട്. എന്‍റെ ഈ വാക്കുകള്‍ നിങ്ങള്‍ ഇവിടെ ഉപേക്ഷിച്ചു പോയേക്കാം. ആരെങ്കിലും, ആരെങ്കിലും ഒരാള്‍ ഈ കഥ വായിച്ചേക്കാം. അത് മതി, എനിക്ക്. നിങ്ങള്‍ക്ക് അഞ്ചു വയസ്സായപ്പോള്‍, സ്വന്തം കാലുകളില്‍ നില്‍ക്കാം എന്നായപ്പോള്‍ എന്നെ പിടിക്കാന്‍, എന്നെ ഉപദ്രവിക്കാന്‍ എന്‍റെ പിന്നാലെ പാഞ്ഞു വരുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്ക് പിടി തരാതെ, ഒഴിഞ്ഞു മാറുമായിരുന്നു. ആ ഒഴിഞ്ഞു മാറല്‍. എന്‍റെ ജീവനെ സംരക്ഷിക്കാന്‍ വേണ്ടി ആയിരുന്നില്ല, മാഷേ. നിങ്ങളോടുള്ള സ്നേഹം കൊണ്ടായിരുന്നു. ജീവിത കാലം മുഴുവന്‍ നിങ്ങളെ സംരക്ഷിക്കണം എന്ന് വ്രതമെടുത്ത എന്‍റെ കറ മുറിഞ്ഞ സ്നേഹമായിരുന്നു, മാഷേ അത്. നിങ്ങളുടെ വിദ്യാഭ്യാസ കാലങ്ങളിലും ഇതേ വികാര വിചാരങ്ങള്‍ ആയിരുന്നു എന്നെ നയിച്ചത്. അതിന്നു ശേഷമാണ് നിങ്ങളുടെ ഭാവമാറ്റം ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ഗുരുക്കള്‍ പഠിപ്പിച്ച നല്ല കാര്യങ്ങളെല്ലാം നിങ്ങള്‍ ഒരു വിഴുപ്പു പോലെ പിന്നിലേക്ക്‌ എറിയുകയായിരുന്നു. എന്തും വെട്ടി പിടിക്കണം, അത് ഏതു വഴിയില്‍ ക്കൂടി ആയാലും, ആരെ ചതിച്ചു ആയാലും, എന്ത് വില കൊടുത്തായാലും, എന്നുള്ള നിങ്ങളുടെ വീക്ഷണത്തില്‍ നിന്നും നിങ്ങളെ എത്ര പ്രാവശ്യം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു! നിങ്ങള്‍ക്ക് എന്നോടു പുച്ഛം ആയിരുന്നു. ആ തുപ്പല്‍ ഏറ്റു വാങ്ങി, ഒന്ന് കുളിക്കാന്‍ പോലും നില്‍ക്കാതെ നിങ്ങളുടെ പിന്നാലെ കിതച്ചു, കിതച്ചു ഒപ്പം എത്തിയതിന്‍റെ ചേതോവികാരം, എന്‍റെ ധര്‍മം, നിങ്ങള്‍ പഠിച്ച ഒരു പുസ്തകങ്ങളിലും ഇല്ലായിരുന്നു. ആ കാരണം കൊണ്ട് തന്നെ ആയിരുന്നു ആ പുച്ഛം മുഖത്ത് ഉണ്ടായിരുന്നത്. 

പേരും പെരുമയും, ധനവും  മാത്രം നിങ്ങളുടെ സൂര്യ ഭഗവാനായിരുന്നു. രാവിലെ തന്നെ ആ ഭഗവാനെയും നോക്കി നിങ്ങള്‍ക്ക് ഒരു നടത്തം ഉണ്ടായിരുന്നു. എത്രയോ പ്രാവശ്യം, നിങ്ങളെ പിന്തുടരാതിരിക്കാന്‍ എന്‍റെ മനസ്സ് എന്നോടു ആജ്ഞാപിച്ചിരുന്നു. പക്ഷെ എന്‍റെ ധര്‍മം ആയിരുന്നു നിങ്ങളെ പിന്തുടരുക എന്നത്. തെറ്റായ വഴികളില്‍ക്കൂടി പോകുമ്പോഴെല്ലാം ഞാന്‍ നിങ്ങളെ പിന്നില്‍ നിന്നും വലിച്ചിരുന്നു. ആ വഴി തെറ്റാണ്, അതിലെ പോകേണ്ട എന്ന് കേണപേക്ഷിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാവുന്ന വസ്തുതയല്ലേ? പക്ഷെ, ഓരോ പ്രാവശ്യവും നിങ്ങള്‍ കാലു മടക്കി എന്നെ തോഴിക്കുകയായിരുന്നു, ഒരു പട്ടിയെപ്പോലെ. അതില്‍ എനിക്ക് തെല്ലും വിഷമമില്ലായിരുന്നു. പക്ഷെ നിങ്ങളുടെ ചെയ്തികള്‍ എന്നെ സങ്കടപ്പെടുത്തിയിരുന്നു. അവ എനിക്ക് സഹിക്കാവുന്നതിലും കൂടുതല്‍ ആയിരിന്നു. മഴ പോലെ പെയ്തിരുന്ന എന്‍റെ കണ്ണുനീരും കണ്ടില്ലെന്നു നടിച്ചു നിങ്ങള്‍ നടക്കുകയായിരുന്നു. നിങ്ങള്‍ എറിഞ്ഞു കൊടുത്തിരുന്ന എല്ലിന്‍ കഷ്ണങ്ങളും തിന്നു എത്രയോ ശിങ്കിടികള്‍ അന്ന് നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പിന്നെ എന്‍റെ കണ്ണുനീര്‍ നിങ്ങള്‍ എങ്ങിനെ കാണാന്‍, അല്ലെ? അരുത്, ഇപ്പോള്‍ കണ്ണുനീര്‍ വീഴ്ത്തേണ്ട. കര്‍മ്മ യുദ്ധത്തിലെ അര്‍ജുനനെ പ്പോലെ ആ കണ്ണുനീര്‍ എന്നെ നിസ്സഹായനാക്കും. ഗദ് ഗധംഗളിലൂടെ പിന്നെ എനിക്കൊന്നും പറയാന്‍ പറ്റില്ല. ഞാന്‍ പറയുന്നതെല്ലാം സത്യമാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ ബോധ്യമാവുന്നുണ്ട്, അല്ലെ? ഞാന്‍, ആ കണ്ണുനീര്‍ തുടക്കുന്നില്ല. ഞാനും നിങ്ങളില്‍ നിന്നും ഒരു പാഠം ഉള്‍ക്കൊണ്ടു, കാണാത്ത പോലെ തിരിഞ്ഞിരിക്കട്ടെ.

നിങ്ങളുടെ നീണ്ട കാലടികള്‍ക്കൊപ്പം എത്തുവാന്‍ ഞാന്‍ ഓടുമായിരുന്നു. നിങ്ങള്‍ അറിയാതെ നിങ്ങളുടെ മുമ്പിലും, പിന്നിലും, വശങ്ങളിലും, എനിക്ക് മാത്രം കാണാന്‍ പറ്റിയിരുന്ന (നിങ്ങളുടെ ശിങ്കിടികള്‍ നിങ്ങള്‍ അറിയാതെ നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ കുഴിച്ചിരുന്ന) അഗാധഗര്‍ത്തങ്ങളില്‍ നിന്നും വലിച്ചു മാറ്റുമായിരുന്നു. നിങ്ങള്‍ വെറും പോഴന്‍ ആയിരുന്നു. വെറും ഒരു കളിപ്പാട്ടം. ഇരുട്ടിലും നിങ്ങളുടെ ചെയ്തികള്‍ കുറവായിരുന്നില്ല. ചെയ്തതും, ചെയ്യിച്ചതും ആയ എത്രയോ കര്‍മ്മങ്ങളുടെ രക്ത കറകള്‍ നിങ്ങളുടെ ഈ കൈകളിലുണ്ട്? വേണ്ട, പൊക്കി നോക്കാന്‍ നോക്കേണ്ട. അവ ഇനി ഒരിക്കലും പൊങ്ങുകയില്ല, മാഷേ. നൂറു കണക്കിന് കൈകള്‍ നിങ്ങള്‍ ഇത് പോലെ അനക്കാന്‍ പറ്റാതാക്കിയിട്ടില്ലേ, മറന്നു പോയോ? നിങ്ങള്‍ മറന്നാലും, എനിക്ക് മറക്കാന്‍ പറ്റുകയില്ല. കാരണം, ഞാന്‍ അതിനെല്ലാം മൂക സാക്ഷി ആയിരുന്നു. അത് മാത്രമോ, മാഷേ? രാത്രികളില്‍ നിങ്ങളുടെ പേക്കൂത്തുകളുടെ ഉടമ എന്നെയാക്കിയിരുന്നില്ലേ? എത്ര വൈദഗ്ധ്യത്തോടെയാണ് നിങ്ങള്‍ നിഴലുകള്‍ നിഴലുകളെ ആക്രമിക്കുന്നതായും, കെട്ടിപ്പുണരുന്നതായും  ചിത്രീകരിച്ച്, എന്‍റെയും, എന്‍റെ സഹോദരങ്ങളുടെയും  പുറത്തു ഉത്തരവാദിത്വം പഴി ചാരിയത്! നിങ്ങളെ ഓര്‍മ്മിപ്പിക്കുകയല്ല, മാഷേ. ദീര്‍ഘവീക്ഷണമുള്ള ഞാന്‍ അന്ന് തന്നെ നിങ്ങളുടെ ഈ നിസ്സഹായ അവസ്ഥയിലുള്ള കിടപ്പ് കണ്ടിരുന്നു. നിഴലായിട്ടല്ല മാഷേ, സത്യസ്ഥിതിയിലുള്ള ഈ അവസ്ഥ, ഈ ശരശയ്യ, തന്നെ ആയിരുന്നു കണ്ടത്. നിങ്ങളെ കാണിക്കാന്‍ എത്ര യത്നിച്ചു? പക്ഷെ നിങ്ങള്‍ ഗാന്ധാരിയെപ്പോലെ കണ്ണ് മൂടി ഇരിക്കുകയായിരുന്നല്ലോ? പോരാത്തതിന്നു എന്നെ അസൂയയുടെ മൂര്‍ത്തീഭാവമായും ചിത്രീകരിച്ചു. ഞാന്‍ ബധിരനും, മൂകനും ആയി ആക്ഷേപങ്ങള്‍ സഹിച്ച് ഇരുന്നു. കാരണം എനിക്ക് യാതൊരു നഷ്ടവും ഇല്ലായിരുന്നു.

മദ്ധ്യാഹ്നത്തിനു ശേഷം നിങ്ങള്‍ക്ക് നിങ്ങള്‍ വെട്ടിപ്പിടിച്ചത് അളക്കാനുള്ള വെമ്പലായിരുന്നു. സൂര്യനടക്കം കെട്ടിപ്പിടിച്ച നിങ്ങള്‍ സൂര്യന് മുമ്പില്‍ നടക്കുകയായിരുന്നു. സൂര്യനെ പിന്നിലാക്കിയ സന്തോഷം എല്ലാവരെയും നിങ്ങള്‍ക്ക് കാണിക്കണമായിരുന്നു. കഷ്ട്ടവും, സഹതാപവും തോന്നിയ ഞാന്‍ നിങ്ങള്‍ക്ക് മുമ്പേ നടന്നു നിങ്ങളെ തടുക്കുന്നുണ്ടായിരുന്നു.  അസ്തമയത്തിലെക്കുള്ള  ഈ പോക്ക് നിങ്ങള്‍ക്ക് നല്ലതല്ല എന്ന് പറയുന്നുണ്ടായിരുന്നു. എന്‍റെ ശരീരത്തിന് പുറത്തു വെക്കുന്ന നിങ്ങളുടെ ഓരോ കാലടിയും എനിക്ക് സഹിക്കാന്‍ പറ്റുന്നതിലും കൂടുതല്‍ ആയിരുന്നു. എന്നിട്ടും ഞാന്‍ ഒരു പരിതാപവും പറയാതെ, രക്തം പൊടിയുന്ന എന്‍റെ ദേഹം തുടയ്ക്കുക പോലും ചെയ്യാതെ, നിങ്ങളുടെ മുന്നില്‍ നടന്നു. നിങ്ങളെ, നിങ്ങളുടെ പാദങ്ങളെ  തടയുക മാത്രം ആയിരുന്നു എന്‍റെ ലക്‌ഷ്യം. കാരണം നിങ്ങളുടെ പതനം മനസ്സിലാക്കിയിരുന്ന നിങ്ങളുടെ ശിങ്കിടികള്‍, എന്തിനു നിങ്ങളുടെ  സ്വന്തം രക്തത്തില്‍ പിറന്ന മക്കള്‍ പോലും, സന്തോഷിക്കുകയായിരുന്നു. വെട്ടിപ്പിടിച്ച  ആസ്ത്തികള്‍, വിയര്‍പ്പു വീഴ്ത്താതെ അവര്‍ക്ക് സ്വന്തം ആകുന്ന നിമിഷങ്ങളെ  സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. ഈ വൈകിയ നിമിഷങ്ങളില്‍ എന്തിന്നാണ് ആ കാലുകള്‍ അനക്കാന്‍ നോക്കുന്നത്? തിരിച്ചു പോകാന്‍ നോക്കുകയാണോ? അതോ ഈ സായാന്ഹത്തിലെങ്കിലും എന്നെ ചവുട്ടിയിരുന്ന ആ കാലുകളെ ശപിക്കുകയാണോ? നിങ്ങളിലുള്ള എന്‍റെ വിശ്വാസം തീര്‍ത്തും ഇല്ലാതായിരിക്കുന്നു, മാഷേ. കാരണം ഇപ്പോഴും നിങ്ങള്‍ക്ക് അനങ്ങാന്‍ കഴിഞ്ഞാല്‍, എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍, എന്നെ ചവുട്ടി മാറ്റി അതെ മക്കളുടെ ഭാഗം നിങ്ങള്‍ വീണ്ടും പിടിക്കും. എന്നാലും എനിക്ക് വിദ്വേഷമില്ല, മാഷേ. കാരണം ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു.

ഓ, എന്തിനാണ് ആ ദയനീയമായ കണ്ണുകള്‍ കൊണ്ട് എന്നെ ഇപ്പോള്‍ നോക്കിയത്? ഒരു ദ്രിഡവിശ്വാസത്തിന്റെ ലാഞ്ചന എനിക്ക് നേരെ എറിയുന്നത് ഇപ്പോള്‍ ഞാന്‍ വേറിട്ട്‌ കാണുന്നുണ്ട്, മാഷേ. വേറെ ആരും നിങ്ങള്‍ക്ക് തുണയുണ്ടാവില്ല, അല്ലെ? പേടിക്കേണ്ട. ഞാന്‍ കൂടെയുണ്ടാവും. നിങ്ങള്‍ക്ക് കുഴിച്ച, നിങ്ങള്‍ക്കുണ്ടാക്കിയ ആ അസ്ഥിമാടത്തിന്റെ അവിടം വരെ, ഞാന്‍ തീര്‍ച്ചയായും കൂടെ നില്‍ക്കാം. നിങ്ങള്‍ എന്നെ വിശ്വസിച്ച നിലക്ക് എനിക്ക്  ചില കടമകള്‍  കൂടെയുണ്ട്, മാഷേ. ആ കാലുകള്‍ ശരിക്ക് വെക്കണം, ആ കൈകള്‍ ശരീരത്തിന്റെ വശങ്ങളില്‍ വെക്കണം, ആ വാ അടച്ചു പിടിക്കണം, ആ കണ്ണുകള്‍ തുറിക്കാതെ അടച്ചു പിടിക്കണം. അതെ മാഷേ, ഇത് ഞാന്‍ ഇപ്പോള്‍ ചെയ്തില്ലെങ്കില്‍  നിങ്ങളുടെ ആന്തരീകഭാഗങ്ങള്‍ കൂടി  വിറ്റ് നിങ്ങളുടെ  മക്കള്‍ കാശാക്കും. ഈ പാപങ്ങള്‍ ചെയ്തു കൂട്ടിയ ആന്തരീക ഭാഗങ്ങള്‍ വേറെ ആര്‍ക്കെങ്കിലും കൊടുത്താല്‍ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും. അതെനിക്ക് സമ്മതിക്കാന്‍ വിഷമമാണ്. അവസാന ശ്വാസം എടുത്തോളൂ മാഷേ, കുഴി വരെ ഞാന്‍ അനുഗമിക്കാം. എന്‍റെ കര്‍മ്മം അതോടെ തീരും. വേഗം, അവര്‍ വരുന്നുണ്ട്. തേങ്ങലുകളുടെ മുഖക്കച്ചയുമണിഞ്ഞു. നന്ദി മാഷേ, ഇപ്പോഴെങ്കിലും നിങ്ങള്‍ എന്നെ വിശ്വസിച്ചുവല്ലോ!

Monday, September 17, 2012

ഞങ്ങളുടെ പോമേറെനിയന്‍::



കുറച്ചു ദിവസങ്ങളായി അമ്മയും, മകനും കൂടി ഇടക്കിടക്ക് കുശു കുശുക്കുന്നത് കേള്‍ക്കാമായിരുന്നു. ചോതിക്കുമ്പോഴൊക്കെ ഏതെങ്കിലും ടീ വീ സീരിയലിന്റെ കഥയാണ് ഡിസ്കസ് ചെയ്യുന്നത് എന്ന് പറയും. ഇവരെന്താ കഥ എഴുതാന്‍ പോവുകയാണോ എന്ന് ഞാന്‍ മനസ്സില്‍ വിചാരിക്കും. ആ വിഡ്ഢിപ്പെട്ടിയുടെ പൊടി പോലും തുടാക്കാത്ത ഞാന്‍, ആ പെട്ടിയില്‍ കയറി മിണ്ടാതെ ഇരിക്കും. പിന്നെ രണ്ടാളുടെയും ശബ്ദമില്ല. എന്തോ ശരിയല്ല എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. 

വൈകുന്നേരമായാല്‍ ഞാന്‍ പോയി ഞങ്ങളുടെ വീടിന്‍റെ ബാല്‍കണിയില്‍ നിന്നും തലയും പുറത്തിട്ടു ഇരിക്കും. ഒന്നാമത്തെ നിലയില്‍ ആണ് ഞങ്ങളുടെ വീട്. തവള ഈച്ചയെ പിടിക്കുന്നത് പോലെ ഇടക്കൊക്കെ റോഡില്‍ ക്കൂടി പോകുന്ന ഈച്ചകളെ പിടിക്കാന്‍ ഒന്ന് നാവു നീട്ടി നോക്കും. വല്ല പഴയ ഈച്ചയൊക്കെ ആണെങ്കില്‍ കുറച്ചു നേരം എന്‍റെ നാവും നോക്കി നില്‍ക്കും. ചായക്കൊന്നും ചാന്‍സ് കാണുന്നില്ല എന്ന് മനസ്സിലാക്കിയാല്‍ മിണ്ടാതെ പൊടി തട്ടി പറന്നു പോകും. വേറൊരു ഉപയോഗം കണ്ണിനു ചില ചില്ലറ വ്യായാമം ഒക്കെ കിട്ടും. കോളേജും, ഓഫീസും ഒക്കെ വിടുന്ന നേരമായിരിക്കും. ഇന്ഗ്ലീഷ്‌ വൈദ്യന്‍ വ്യായാമം ഒക്കെ ചെയ്യാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈ അടുത്ത ദിവസങ്ങളായി വീട്ടുകാരിയും, അവളുടെ സീരിയല്‍ എല്ലാം കളഞ്ഞു, എന്‍റെ ഒപ്പം തല പുറത്തിട്ടിരിക്കും. ഉള്ള വ്യായാമവും കളയണം എന്ന വ്രതമെടുത്ത പോലെയാണ് അവളുടെ ഇരുത്തം. എന്‍റെ നേരെ മുമ്പില്‍, ഒരു സ്ടൂളില്‍ കാലില്‍ കാലും കേറ്റി ഇരിക്കുന്നത് കണ്ടാല്‍ ഒരു ടീ വീ പ്രോഗ്രാമില്‍ ഏതോ ഒരു പോത്തന്‍ അവളുടെ ഇന്റര്‍വ്യൂ എടുക്കുകയാണെന്ന് തോന്നും. 

ഇന്ന് ചെക്കന്‍ എന്‍റെ പിന്നില്‍ ഉണ്ടെന്നു തോന്നുന്നു. അവന്‍ സംവിധായകന്‍ ആണെന്ന് തോന്നുന്നു. പേരിനു മാത്രം ആയിരിക്കും. ഇവളുള്ളപ്പോള്‍ വേറെ ആരും എത്ര കട്ടും പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കല്ലേ അറിയൂ. എന്തോ പ്രോഗ്രാം ഇവരുടെ തലയില്‍ ഉണ്ട് എന്ന് ഉറപ്പാണ്. "എട മണീ, രാവിലെ ഒരു മൂന്നു മണിക്ക്, നാല് നായ്ക്കള്‍ താഴത്തു കൂടി ഒരാളുടെ നേരെ കുരച്ചു ചാടുന്നത് കണ്ടു. ഞാന്‍ എന്തോ ശബ്ദം കേട്ട് ജനലില്‍ ക്കൂടി നോക്കുകയായിരുന്നു. ഒരു കറുത്ത മീശക്കാരന്‍ ആയിരുന്നു. എന്തോ ഒരു കെട്ടും ചുമലില്‍ ഉണ്ട്. നമ്മുടെ കെട്ടിടത്തിലേക്ക് തന്നെ ആയിരുന്നു ആ മീശക്കാരന്‍റെ വരവ് വിചാരിച്ചിരുന്നത് എന്ന് തോന്നുന്നു." ഈ പറഞ്ഞതിനെ ഒക്കെ ഒന്ന് ഞാന്‍ നിരൂപണം ചെയ്തു നോക്കി. പോലീസ്കാരന്‍ ആയി കുറെ കൊല്ലങ്ങളായില്ലേ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്? ഒന്ന്, മണീ എന്ന ആ വിളി. അത് ഞാന്‍ എന്‍റെ മകനെ വിളിക്കുന്നതാണ്. ഇവള്‍ കുട്ടാ, കുഞ്ഞാ എന്നൊക്കെയോ വിളിക്കൂ. രണ്ടാമതായി , മൂന്നാല് എന്നത് ഇവളുടെ പ്രിയപ്പെട്ട ശബ്ദങ്ങള്‍ ആണ്. മൂന്നാല് കൊല്ലങ്ങള്‍ , മൂന്നാല് മാങ്ങകള്‍ , മൂന്നാല് ലിറ്റര്‍. എന്നൊക്കെയേ ഇവള്‍ പറയൂ. അപ്പൊറത്തെ തുന്നക്കാരിയുടെ കയ്യില്‍ സൂചി കേറി മൂന്നാല് ലിറ്റര്‍ ചോര പോയ കാര്യം കഴിഞ്ഞ ആഴ്ച എന്നോടു പറഞ്ഞിട്ടേ ഉള്ളൂ. മൂന്നാമത്, ഈ മൂന്ന് മണിക്കേ എനിക്ക് നല്ല ഉറക്കം കിട്ടൂ എന്ന് ഇവള്‍ക്ക് നന്നായി അറിയാം. അവസാനമായി ഈ വീട്ടിലെ ഏത് ജനാല തുറന്നാലും കെട്ടിടത്തിന്റെ ഗേറ്റ് കാണാന്‍ പറ്റില്ല. ഞാന്‍ ചെറുതായിട്ട് ചിരിച്ചു മീശ ഒന്ന് പിരിച്ചു. 

അവള്‍ക്കാ ചിരി പിടിച്ചില്ല എന്ന് തോന്നുന്നു. കറുത്ത ആ മുഖത്തു കുറച്ചു കൂടി കരിയെഴുതി കറുപ്പിച്ച പോലെ തോന്നി. അല്ലെങ്കില്‍ തന്നെ അപ്പുറത്തെ ചിലരൊക്കെ രഹസ്യമായി നമ്മുടെ പോലീസ്കാരന്‍ കുറുപ്പനും കൊള്ഗൈറ്റില്‍ പങ്കുണ്ടാവും എന്നത് അയാളുടെ ഭാര്യയെ കണ്ടാല്‍ അറിയാമല്ലോ എന്ന് പറയുന്നത് കക്കൂസ്സില്‍ ഇരിക്കുമ്പോള്‍ കേട്ടതാണ്. "നിങ്ങള്ക്ക് വിശ്വാസമില്ലെങ്കില്‍ അപ്പുറത്തെ പാറുട്ടിയോട് ചോതിച്ചു നോക്ക്. അവളുടെ ആ കൊറ്റന്‍ പട്ടിയും കൂടെ കുരക്കുന്നുണ്ടായിരുന്നു." " അപ്പോള്‍ ആ എസ്കിമോവിനെ ശാന്തമാക്കാന്‍ പാറുട്ടി നോക്കിയില്ലേ? എന്താ ആ പട്ടിയുടെ പേര്?" എസ്കിമോ വര്‍ഗ്ഗത്തില്‍ പെട്ട പട്ടിക്കു ഇവളുടെ ബേബി എന്ന പേരാണ് അവരിട്ടിരിക്കുന്നത് എന്ന് എനിക്ക് എങ്ങിന്യാ മറക്കാന്‍ പറ്റുക. ഇടക്ക് എന്‍റെ വീട്ടില്‍ നിന്നും ഞാന്‍ ഇവളെ വിളിച്ചാല്‍ പാറുട്ടിയുടെ വീട്ടില്‍ നിന്നും ഓരോ ശബ്ദങ്ങള്‍ ആ എസ്കിമോ വര്ഗ്ഗക്കാരി ഉണ്ടാക്കും. "നിങ്ങളെ, മനുഷ്യാ. വെറുതെ എന്നെ ക്കൊണ്ട് ഓരോന്ന് പറയിക്കണ്ടേ." "അച്ഛാ” ചെക്കന്‍ നേപ്പാളി ഗൂര്‍ഖയുടെ ഭാഷയില്‍ പറഞ്ഞതാണോ അതോ എന്നെ വിളി ച്ച താണോ എന്ന് പറയാന്‍ പറ്റില്ല. എന്തായാലും പിന്നില്‍ നിന്നും ചെക്കന്‍റെ മുരളല്‍ കേട്ടപ്പോള്‍ മിണ്ടാതിരുന്നു. 

ഒരു പത്തു മിനിട്ടിന്‍റെ നിശ്ശബ്ദതക്ക് ശേഷം ബാക്കി ഭാഗം തുടങ്ങി. അവള്‍ ചവുട്ടി കുതിച്ചു അകത്തേക്ക് പോകാതിരുന്നപ്പോള്‍ തന്നെ കഥ ഇനിയും തുടരും എന്നറിയാമായിരുന്നു. പണ്ടൊക്കെ എന്‍റെ നാട്ടിലെ സിനിമ കൊട്ടേല് സപ്ലൈ പോയാല്‍ എല്ലാവരും കൂടി കൂക്കും, വിസില്‍ അടിക്കും. അവിടെ തന്നെ ഇരുന്നു ഒരു ബീഡിയും വലിക്കും. പത്തു മിനിറ്റ് കാത്തു നിന്ന് പിന്നെയും സപ്ലൈ വന്നില്ലെങ്കില്‍ മണ്ണെണ്ണ ഒഴിച്ച് ഉപയോഗിക്കാവുന്ന ആ പഴഞ്ചന്‍ ജനരെടര്‍ ഓണ്‍ ചെയ്യും. പിന്നെ സിനിമയിലെ സംഭാഷണം ഒന്നും കേള്‍ക്കില്ല. അത്രയും ശബ്ദം ആ ലൊടാക്ക് യന്ത്രത്തിനു ഉണ്ടായിരുന്നു. എന്നാലും രണ്ടില്‍ ഒന്ന് ഉണ്ടാവുന്നത് വരെ പബ്ലിക് അവിടെ തന്നെ ഇരിക്കും. ഇതിന്നിടയില്‍ ചിലര്‍ അവരുടെ രണ്ടില്‍ ഒന്ന് ചെയ്യാനോ, ഇല്ലെങ്കില്‍ രണ്ടും ചെയ്യാനോ തിടുക്കിട്ടു പോയി വന്നിട്ടുണ്ടാവും. അത് അവരുടെ സ്വകാര്യം. ആ അനുഭവം വെച്ചു ഞാനും സൈലന്‍സ് മോഡില്‍ അവിടെ ഇരുന്നു. 

മൂക്കിന്നുള്ളിലുള്ള മിക്കവാറും രോമങ്ങളും പറിച്ചു കഴിഞ്ഞു എന്നായി ക്കഴിഞ്ഞപ്പോള്‍ എന്‍റെ ബേബിയുടെ ഞരക്കങ്ങള്‍ തുടങ്ങി. " പേപ്പറില്‍ ഇപ്പൊ എന്നും കള്ളന്‍മാരുടെ വാര്‍ത്ത മാത്രമേ ഉള്ളൂ. അമ്മയുടെ മാലേം, വളകളും, ഒക്കെ വീട്ടില്‍ തന്ന്യാ. നല്ല റിസ്കാ" ആദ്യ തവണ പോലെ ചെക്കന്‍റെ വക പിന്നില്‍ നിന്നും അറിവിന്‍റെ ശബ്ദം. അന്താക്ഷരി കളിക്കാന്‍ അവന്‍റെ അമ്മക്ക് എറിഞ്ഞു കൊടുത്ത പദങ്ങള്‍ പോലെ തോന്നി. "ന്നാ നമുക്ക് ഒരു ലോക്കര്‍ ബാങ്കില്‍ തുടങ്ങാം, അല്ലെ?" ഒരു വലിയ പ്രശ്നം പരിഹരിച്ച പോലെ ഞാന്‍ തല ഒന്ന് പൊന്തിച്ചു ചെക്കനെ നോക്കി. "പ്സ്..പ്സ്..പ്സ്.." ചെക്കന്‍റെ ആ കളിയാക്കിയുള്ള ചിരിയുടെ മുദ്രാഭാവം നോക്കാന്‍ എനിക്ക് പിന്നിലേക്ക്‌ നോക്കേണ്ട ആവശ്യം ഒന്നും വേണ്ടി വന്നില്ല. പണ്ട് ഇല്ലങ്ങളില്‍ പോയി താണ ജാതിക്കാര്‍ കയ്യും വായില്‍ വെച്ചു സംസാരിക്കുന്നത് പോലെ. അല്ലെങ്കില്‍ കുട്ടിക്കാലത്ത് പൂരത്തിന് പോയി പൊരി തിന്നുന്നത് പോലെ. കയ്യു തരിച്ചു കയറുന്നുണ്ടായിരുന്നു. മുമ്പിലെ ഇന്റര്‍വ്യൂക്കാരിയുടെ നിഴല്‍ കണ്ടാല്‍ എന്‍റെ ഭാര്യയാണോ അതോ വല്ല ഭൂതമാണോ എന്നെനിക്കു സംശയം തോന്നിയിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ലൈറ്റ് ഇല്ലാതെ അവളെ കാണാന്‍ നല്ല വിഷമമാണ്. എന്‍റെ ബലമായ സംശയം ഇവളെ നൈജീരിയായില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്തതാണെന്നാണ്. കറുത്ത കാറില്‍ ഇവള്‍ ചാരി നിന്നാല്‍ കാണാന്‍ പറ്റാതെ ഞാന്‍ വെള്ളം ഒഴിച്ചാലോ എന്ന് പേടിച്ചു ആദ്യത്തെ കാറ് തന്നെ ഞാന്‍ വെളുത്തതെ വാങ്ങിച്ചുള്ളൂ.പെണ്ണ് കാണാന്‍ പോയപ്പോള്‍ ഞാന്‍ ഇവള്‍ക്ക് ഭാരതീയ പൌരത്വം ഉണ്ടോ എന്ന് ചോദിച്ചതായിരുന്നു. അപ്പോഴേക്കും ആ കല്യാണ ബ്രോക്കര്‍ എന്‍റെ കഴുത്തില്‍ കാള വിഷം കഴിച്ച ശിവന്‍റെ കഴുത്തില്‍ കയറി പ്പിടിച്ച പോലെ പിടിച്ചു. എന്നിട്ട് ഒരു ഡായ ലോഗും വെച്ചു കാച്ചി "ഇദ്ദേഹം ഭയങ്കര തമാശക്കാരനാ." ബുള്‍ ഡോഗിന്റെ മുഖമുള്ള എന്നെ എല്ലാവരും ആ പേരില്‍ തന്നെയാണ് വിളിക്കുന്നതും. അതിന്നു പുറമേ പോലിസ്കാരനും. തമാശ ഏഴു അയല്പക്കത്ത് കൂടി പോകാത്ത എന്നെ ജോക്കര്‍ എന്ന് വിളിച്ച അവനെ പിന്നീട് ഒരു കേസ്സില്‍ കുടുക്കി ഇഷ്ടം പോലെ പെരുമാറിയത് വേറെയൊരു സത്യം. എന്‍റെ കൈയ്യില്‍ നിന്നും വാങ്ങിയ ബ്രോക്കര്‍ കാശിന്‍റെ ഇരട്ടി വസൂല്‍ ചെയ്യുകയും ചെയ്തു. കല്യാണത്തിനു ശേഷം ഞങ്ങളെ കണ്ടാല്‍ നാട്ടുകാര്‍ ബുള്‍ഡോഗും, ഡോബര്‍വുമണും വരുന്നുണ്ടല്ലോ എന്നായിരുന്നു പറഞ്ഞിരുന്നത് തന്നെ. ചിലര്‍ മറഞ്ഞിരുന്നു കുരയ്ക്കുന്ന ശബ്ദവും ഉണ്ടാക്കിയിരുന്നു. പോലീസ്കാരന്‍ എന്ന നിലയില്‍ എന്‍റെ ശിങ്കിടികള്‍ ആരാണ് ഞങ്ങള്‍ക്ക് ഈ പേരിട്ടത് എന്നും പറഞ്ഞു തന്നിരുന്നു. എന്റെ വകയിലെ ഒരു അടുത്ത ബന്ധു ആയിരുന്നു ഈ കര്‍മ്മം ചെയ്തത്. അത് കാരണം ഭേദ്യം ഒഴിവാക്കേണ്ടി വന്നു. കല്യാണത്തിനു ഈ ബ്രോക്കരല്ലേ കാരണക്കാരന്‍ എന്നൊരു ദ്വേഷ്യവും ഉണ്ടായിരുന്നു. അതു കാരണം ഇവളുടെ കാര്‍ബണ്‍ കോപ്പിയായ അനുജത്തിയെ അയാളുടെ കഴുത്തിലും ഞാന്‍ മുഖാന്ദിരം കെട്ടി കൊടുത്തു. അതിനു ശേഷം ഒരു പെട്ടിക്കട തുടങ്ങി അയാള്‍ അതിനുള്ളില്‍ ഒതുങ്ങി കൂടിയിരിക്കയാണ്. കൈയ്യില്‍ ഉണ്ടായിരുന്ന എല്ലാ ഫോട്ടോകളും, ജാതക കോപ്പികളും കായലില്‍ ഒഴുക്കി എന്ന് അയാള്‍ തന്നെ പറഞ്ഞു. ഇപ്പോള്‍ ഞാനും, പാറുട്ടിയുടെ ഭര്‍ത്താവും, ഈ ബ്രോക്കറും (നെടുങ്ങാടി) പിരിച്ചാലും പിരിയാത്ത കൂട്ടുകാരാണ്. "ചേട്ടാ, ചേട്ടന്‍ എന്നെ അന്ന് ലോക്കപ്പില്‍ വെച്ച് കൊന്നാലും സാരമില്ലായിരുന്നു" എന്ന് ഇടക്കിടക്ക് പറയും. എന്നോടു അയാള്‍ ചെയ്ത തെറ്റ് മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഇടക്കിടക്ക്, പ്രത്യേകിച്ചു ഒരു നാല് പെഗ് അകത്തു ചെല്ലുമ്പോള്‍, പറയാതിരിക്കില്ല.

ഏതായാലും കാര്യത്തില്‍ നിന്നും വ്യതി ചലിക്കേണ്ട. ചെക്കന്‍റെ ആ പബ്സ് ചിരി കഴിഞ്ഞപ്പോള്‍ ആ കരിനിഴല്‍ പറഞ്ഞു "ഏതു കഷ്ട്ട കാലത്തിന്നാണാവോ ഈ ജന്തുവിന്‍റെ ഭാര്യയാവാന്‍ തോന്നിയത്! ദൈവം പടപ്പിച്ചപ്പോള്‍ തലയില്‍ എന്തെങ്കിലും തിരുകി വെക്കാന്‍ മറന്നു എന്ന് തോന്നുന്നു." സമാധാനം. ആള് പോയിട്ടില്ല. ദൈവത്തിന്റെ പോലെ അപ്രത്യക്ഷമാണെന്നെ ഉള്ളൂ. ജന്തു ന്നൊക്കെ ഒരു പോലീസുകാരനോട്‌ പറയണമെങ്കില്‍ സ്വന്തം ഭാര്യ തന്നെ ആകണം. 

"മനുഷ്യാ, നിങ്ങള്‍ ഒന്നാലോചിച്ചു നോക്ക്. നിങ്ങള്‍ ഇടക്കിടക്ക് രാത്രി ഡ്യുട്ടിയില്‍ ആയിരിക്കും. നിങ്ങള്‍ ഉമ്മറത്ത്‌ കിടക്കുമ്പോള്‍ ഞങ്ങള്‍ക്ക് പേടിയില്ല. നിങ്ങള്‍ ഇല്ലാത്തപ്പോള്‍ അവിടെ ഒരു പട്ടി ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരിക്കും!” അപ്പോള്‍ ഒരു പട്ടിയാണ്‌ വിഷയം.വീണ്ടും ആ പോലീസ് സ്റ്റൈലില്‍ ബുദ്ധി അറിയാതെ പ്രവര്‍ത്തിച്ചു. ഒന്ന്, എന്‍റെ തലക്കകത്ത് ഒന്നും ഇല്ലെങ്കില്‍ ഞാന്‍ എങ്ങിനെയാണ് ആലോചിക്കുക? രണ്ടു, എനിക്ക് പകരക്കാരന്‍ അല്ലെ, പട്ടി? മൂന്നു, അവളുടെ പറച്ചില്‍ വെച്ചു നോക്കിയാല്‍ ഒരേ സമയത്ത് ഞാനും പട്ടിയും ഉണ്ടെങ്കില്‍, പട്ടി ഉള്ളിലല്ലേ കിടക്കുന്നുണ്ടാവുക? ഞാനും രാത്രി കുരയ്ക്കാന്‍ വേണ്ടി ഉമ്മറത്ത് കിടക്കുന്നു എന്നല്ലേ അവളുടെ സാരം? 

ഉത്തരങ്ങള്‍ തിരയാന്‍ തുടങ്ങും മുമ്പേ പിന്നില്‍ ചെക്കന്‍ അന്താക്ഷരി ഏറ്റെടുത്തു. "അപ്പോറത്തെ ആന്‍റിക്ക് എന്താ ഒരു തലക്കനം! ഒരു വലിയ പട്ടിയുണ്ട് എന്നുള്ള ഹുങ്കാ" പാറുട്ടിയുടെ കാര്യമാണ് പറയുന്നതെങ്കിലും അറിയാത്ത പോലെ "ഏതു ആന്‍റിയാടാ? ആ ബേബിപട്ടിയുടെ ഉടമസ്തയോ?" ആ ഇരുമ്പു കസേര വലിച്ചു തലയ്ക്കു കിട്ടുമോ എന്ന് തന്നെ തോന്നി. " നിങ്ങള്‍ ഒരു രാക്ഷസന്‍ തന്നെയാ" അന്താക്ഷരിയല്ല. ഭാര്യയുടെ കളമൊഴിയാണ്. അത് ശരി. അവള്‍ പറയുന്നത് എല്ലാം ശരി വെച്ചാല്‍ ഞാന്‍ മനുഷ്യന്‍, ഇല്ലെങ്കില്‍ ഞാന്‍ രാക്ഷസന്‍ ആണ്. "അതോണ്ടല്ലേ നിന്നെ കല്യാണം കഴിച്ചത്." മെല്ലെ ചുണ്ടനക്കാതെ പറഞ്ഞു. "എന്താ, നിങ്ങളുടെ വിചാരം എന്നൊക്കെ മനസ്സിലായി. വെറുതെ എന്നെക്കൊണ്ട് എന്തെങ്കിലും പറയിപ്പിക്കണ്ട. എത്ര ആള്‍ക്കാരാ എന്നെ കല്യാണം കഴിക്കാന്‍ തയ്യാറുണ്ടായിരുന്നത് എന്ന് എനിക്ക് മാത്രമേ അറിയൂ. എന്നിട്ട് അവസാനം..." ഒന്നും പറയണ്ട. വന്ന ചിരിയെ എന്‍റെ പൂമുഖത്ത് നിന്നും ഇല്ലാതാക്കാന്‍ കുനിഞ്ഞിരുന്നു കാലിന്‍റെ നഖം ഒന്ന് തുടച്ചു. കൂര്‍ത്തു നീണ്ട എന്‍റെ നഖങ്ങള്‍ കണ്ടപ്പോള്‍ എനിക്കും ഞാന്‍ രാക്ഷസന്‍ തന്നെ അല്ലെ എന്ന സംശയം ഉണ്ടാവാതിരുന്നില്ല. 

ഇവളെ ഒന്ന് കെട്ടിച്ചയക്കാന്‍ ഇവളുടെ തന്തപ്പിടി എത്ര പോല്ലാപ്പാടു പിടിച്ചിട്ടുണ്ട് എന്ന് എനിക്കറിഞ്ഞു കൂടെ? അപ്പൊറത്തെ ഈ ബേബി എന്ന പട്ടിയുടെ ഉടമസ്ഥ, പാറുട്ടിയുടെ ഭര്‍ത്താവ്, വിഷ്ണുസുന്ദരന്‍, ഇവളെ ഒരു പ്രാവശ്യം പെണ്ണ് കാണാന്‍ പോയതായിരുന്നു. അയാള്‍ തന്നെ എന്നോടു പറഞ്ഞതാണ്. ഈ സുന്ദരന്‍, ഞാന്‍ അങ്ങിനെയാണ് അയാളെ വിളിക്കാറ്, എപ്പോഴും ചിരിച്ചു കൊണ്ട് ഇരിക്കുന്നത് പോലെയേ തോന്നു. അയാളുടെ മുപ്പത്തി ആറു പല്ലുകളും പുറത്താണോ എന്ന് തോന്നിപ്പോകും. മുപ്പത്തി ആറു ഇല്ലെങ്കിലും മുമ്പിലെ മുകളിലുള്ള മുഴുവന്‍ പല്ലുകളും ഒന്നിനോടൊന്നു വാദിച്ചു പുറത്താണ്. അത് കാരണം എപ്പോഴും ട്യൂബ് ലൈറ്റ് ഓണ്‍ ചെയ്ത പോലെയാണ്. 'മാസ്ക്' എന്ന ഇന്ഗ്ലീഷ്‌ കാര്‍ടൂണ്‍, സിനിമ ആക്കുകയാണെങ്കില്‍ ഈ സുന്ദരന്‍ ആയിരിക്കും അതിലെ നായകന്‍ എന്നതിന് ഒരു സംശയവും എനിക്കില്ല.

അയാളുടെ ഹെല്‍മെറ്റ്‌ കൂടി സ്പെഷല്‍ ആണ്. മോട്ടോര്‍ സൈക്കിള്‍ റൈസില്‍ ഉപയോഗിക്കുന്ന മുന്‍ഭാഗം കുറച്ചു കൂടുതല്‍ കൂര്‍ത്ത തരം ഹെല്‍മെറ്റ്‌.. സാധാരണ ഹെല്‍മെറ്റ്‌ ഇട്ടാല്‍ പല്ലുകള്‍ കാരണം മുമ്പിലുള്ള ഗ്ലാസ് താഴെ ആക്കാന്‍ പറ്റില്ല. ഞാന്‍ അയാളുടെ ഹെല്‍മെറ്റിനെ ദന്ത രക്ഷകന്‍ എന്നാണു പറയുക. അയാളോട് തന്നെ ചോതിക്കും "സുന്ദരാ, ഇന്ന് ദന്ത രക്ഷകന്‍ എവിടെ?" ഒന്ന് പറയട്ടെ. ഇത്രയും നല്ല ഒരു മനുഷ്യനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. ദൈവത്തിനെ ആള്‍ രൂപത്തില്‍ കാണുക എന്ന് തന്നെ പറയാം. നാട്ടില്‍ ആര്‍ക്കും എന്തെങ്കിലും സഹായം വേണോ "ആ വിഷ്ണുസുന്ദരന്റെ അടുത്തു ഒന്ന് പോയി നോക്കാമായിരുന്നോ? അയാള്‍ ചെയ്തില്ലെങ്കില്‍ പിന്നെ കാര്യം മറന്നേക്കു." ഒരാളെയും, ഒരു ജന്തുവിനെയും നോവിക്കാത്ത മനുഷ്യന്‍ ഈ വിഷ്ണു സുന്ദരന്‍ മാത്രമേ ഉണ്ടാകൂ എന്നാണു എന്റെ ബലമായ വിശ്വാസം. ഇയാള്‍ ജനിക്കുമ്പോള്‍ തന്നെ ഇയാളുടെ അച്ഛനും, അമ്മയ്ക്കും ഇയാളുടെ പല്ലിന്‍റെ ഭാവി അറിയുമായിരുന്നുവോ ആവോ! ഈ പല്ലവ രാജ വംശം തുടങ്ങിയത് ഒരു വിഷ്ണു, സിംഹ വിഷ്ണു, ആണെന്നാണ്‌ എന്‍റെ ഓര്‍മ്മ. 

കാര്യത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല. പെണ്ണ് കാണാന്‍ വന്ന വിഷ്ണു സുന്ദരനെ എന്‍റെ ഭാര്യക്ക് ഇഷ്ട്ടപ്പെട്ടതാണത്രെ. എനിക്ക് തന്നതിന്‍റെ ഇരട്ടി സ്വര്‍ണം ഇയാള്‍ക്ക് എന്‍റെ അമ്മായി അച്ഛന്‍ വാഗ്ദാനവും ചെയ്തിരുന്നു. അന്ന് സുന്ദരന്റെ വീട്ടില്‍ എലെക്ട്രിസിറ്റി കണക്ഷന്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ സന്ധ്യ കഴിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ ഓര്‍ത്തു സുന്ദരന്‍ വേണ്ട എന്ന് പറഞ്ഞതാണത്രേ. ഈ കാര്യങ്ങളെല്ലാം പറഞ്ഞു ഞങ്ങള്‍ എപ്പോഴും ചിരിക്കുന്ന കാര്യം ഈ കറുമ്പിക്ക് അറിയില്ല. 

"നീ എന്താ കാര്യം ച്ചാല്‍ പറഞ്ഞു തുലക്കുന്നുണ്ടോ?" എനിക്ക് ദ്വേഷ്യം വരാന്‍ തുടങ്ങിയിരുന്നു. പിന്നിലേക്ക്‌ ഒന്ന് കോങ്കണ്ണിട്ട് നോക്കിയപ്പോള്‍ ചെക്കന്‍ കൈകള്‍ രണ്ടും ഒക്കത്ത് വെച്ചിരിക്കുന്നു. ശബ്ദം താഴ്ത്തി അവനോടും ചോദിച്ചു "എന്താ, നിങ്ങള്‍ പറഞ്ഞു വരുന്നത്, മണീ?" അവന്‍ വാ തുറക്കുന്നതിനു മുമ്പ് ഇവള്‍ "നമുക്ക് ഒരു പട്ടിയെ വളര്‍ത്തണം. നല്ല വെളുത്ത ഒരു പട്ടിയെ." വായില്‍ വന്ന ഉമിനീരും കൂടി തൊണ്ടയില്‍ തങ്ങിപ്പോയി. ഇവര്‍ പറഞ്ഞതിന്‍റെ പരിണിതഫലം ഗ്രഹിക്കാന്‍ എനിക്ക് അധികം സമയം ഒന്നും വേണ്ടി വന്നില്ല. ഒരാഴ്ച, ഏറി ക്കവിഞ്ഞാല്‍ ഒരു മാസം, അത് കഴിഞ്ഞാല്‍ പട്ടി സൂക്ഷിപ്പുകാരന്‍ നൂറു ശതമാനവും ഞാന്‍ മാത്രം. തുടക്കത്തില്‍ ഭയങ്കര ശ്രദ്ധ ആയിരിക്കും. അതു കഴിഞ്ഞാല്‍ രാവിലെ പട്ടി ഉണര്‍ന്നു, രാത്രി അതുറങ്ങുന്നത് വരെ മുഴുവന്‍ സൂക്ഷിപ്പ് ചുമതലയും എന്‍റെ തലയില്‍ ഇവര്‍ ഒസ്യത്ത് എഴുതി വയ്ക്കും. 

എന്‍റെ ചിന്തകള്‍ക്ക് വിഗ്നം വരുത്തി ക്കൊണ്ട് നൈജീരിയക്കാരി പറഞ്ഞു "നിങ്ങള്‍ അതിനെ നോക്കേണ്ട കാര്യം ഒന്നും ഇല്ല. മുഴുവന്‍ ചുമതലയും ഞങ്ങള്‍ രണ്ടു പേരും എടുക്കുന്നു." താഴത്തുള്ള രണ്ടു കാറിന്‍റെയും, ഒരു ബൈക്കിന്‍റെയും, ഒരു സ്കൂടറിന്‍റെയും ചുമതല ഇതു പോലെ ഇവര്‍ ഏറ്റെടുത്തതാണ്. ഒരു പൊടി തട്ടണമെങ്കില്‍ ഞാന്‍ തന്നെ ഇറങ്ങണം. " കരാര്‍ എഴുതി ഒപ്പിടണം. ട്രൈപാര്‍ട്രൈറ്റ്‌ കരാര്‍ മൂന്നു പേരും സാക്ഷി പത്രത്തോട് കൂടി ഒപ്പിടാന്‍ തയ്യാറാണോ? എന്‍റെ ചില നിബന്ധനകള്‍ അതില്‍ എടുത്തു കാട്ടണം. എങ്കില്‍ ഞാന്‍ സമ്മതിക്കാം." ധൈര്യം സംഭരിച്ചു രണ്ടു പേരോടും കൂടി പറഞ്ഞു. "നിങ്ങള്‍ കരാറും ഉണ്ടാക്കി അതും കെട്ടി പ്പിടിച്ചു ഇവിടെ ഇരുന്നോ. ഞങ്ങള്‍ അടുത്ത ആഴ്ച ചെക്കന്‍റെ പുതിയ വീടിലേക്ക്‌ മാറുന്നു. അവിടെ ഞങ്ങള്‍ പട്ടിയും, പോത്തും ഒക്കെ വളര്‍ത്തും." ആ രണ്ടാമത് പറഞ്ഞ മൃഗം എന്നെ ഉദ്ദേശിച്ചായിരുന്നു. ചെക്കന്‍ പോകുന്നത് കണ്ടു. മുമ്പിലുള്ള കസേരയില്‍ തപ്പിയപ്പോള്‍ കസേര കാലി. അവള്‍ പോകുന്ന പോലെ ഭൂമി കുലുക്കം ഉണ്ടായതാണ്. പക്ഷെ ഇരുട്ടായിരുന്നതിനാല്‍ പോകുന്നതു കണ്ടില്ല. തലയില്‍ ഇരുട്ട് കയറി. വയറില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. 

ചെക്കന്‍ പുതിയ വീട് പണിതപ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിന്‍റെ ഉള്ളില്‍ നിന്നും ശബ്ദങ്ങള്‍ വരുന്നുണ്ട്. സാധനങ്ങള്‍ എടുത്തു വെക്കുകയായിരിക്കുമോ? എന്തോ ആകട്ടെ എന്നും വിചാരിച്ചു ഒന്ന് മയങ്ങിപ്പോയി. എന്തോ കത്തുന്ന മണം ഘ്രണിച്ചാണ് രണ്ടു മണിക്കൂര്‍ കഴിഞ്ഞു ഉണര്‍ന്നത്. വയറിന്‍റെ ഉള്ളില്‍ നിന്നും ആണ്. മെല്ലെ എഴുന്നേറ്റു അടുക്കളയിലേക്ക് നോക്കി. ഇരുട്ടാണോ അതോ ബേബി അടുക്കള നിറഞ്ഞു നില്‍ക്കുകയാണോ എന്ന് മനസ്സിലായില്ല. റിവേര്‍സ് ഗീയറില്‍ ഹാളിലേക്ക് ഒന്നെത്തി നോക്കി. ടീ വീ യുടെ ശബ്ദം ചെറുതാക്കി ഇരുട്ട് സോഫയില്‍ രണ്ടു കാലുകളും കയറ്റി ഇരിക്കുകയാണ്. ചെക്കനും അടുത്ത് എന്തോ കൊറിച്ചു ഇരിക്കുകയാണ്. അവന്റെ തല അവളുടെ തോളില്‍ ആണ്. എന്‍റെ നിഴല്‍ ടീ വീ യില്‍ കാണുന്ന കാര്യം എനിക്കറിയാമായിരുന്നു. അത് കാരണം ശ്രദ്ധിച്ചു മാത്രമാണ് എത്തി നോക്കിയത്. "നമുക്ക് ഊണ് കഴിക്കുമ്പോള്‍ എല്ലാം തീരുമാനിക്കാം." രണ്ടു പേരും ഉത്സാഹത്തോടെ, ധൃതി പിടിച്ചു വന്നു. എനിക്ക് വിളമ്പി തരാന്‍ അവള്‍ക്കു ഒരു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു. ഊണ് കഴിക്കുമ്പോള്‍ പട്ടി വെളുത്ത പോമെരേണിയന്‍ ആകണമെന്നും, അതിന്‍റെ പേര് പാറു എന്നായിരിക്കുമെന്നും, ചെക്കന്‍റെ അറിവില്‍ അഞ്ചായിരം കൊടുത്താല്‍ കിട്ടുമെന്നും, ആ ചെലവ് ആദ്യം ഞാന്‍ വഹിക്കണമെന്നും, ഒരു മൂന്നാല് മാസങ്ങള്‍ കഴിഞ്ഞാല്‍ ചെക്കന്‍ അത് തിരിച്ചു തരുമെന്നും ഒക്കെ എന്നെ അറിയിച്ചു. താഴെ കിടക്കുന്ന ഫിയറ്റ് കാര്‍ അവളുടെ വീടാക്കാം എന്നാ എന്‍റെ നിര്‍ദ്ദേശം മൂന്നില്‍ രണ്ടു വോട്ടോടെ തള്ളപ്പെട്ടു. എല്ലാം തീരുമാനിച്ച വാക്കാല്‍ ഉള്ള കരാറില്‍ എന്‍റെ ഒപ്പ് മാത്രം. 

എന്‍റെ പോലീസ് ബുദ്ധിയില്‍ ഉദിച്ച കാര്യങ്ങള്‍ വായനക്കാരെ അറിയിക്കാന്‍ വേണ്ടി മാത്രം കുറിക്കുന്നു. ഒന്ന് ഈ വെളുത്ത പോമെരേണിയന്‍ വേണമെന്നതിന്‍റെ വാശിയുടെ പിന്നില്‍ ഉള്ള വക്ര ബുദ്ധി എന്‍റെ തലയിലെ മുടിയുടെയും, ഈ പോമെരേണിയന്‍ പട്ടിയുടെ മുടിയും തമ്മില്‍ ഉള്ള രൂപ സാമ്യം കാരണം എവിടെയെങ്കിലും, ഭക്ഷണത്തില്‍ അടക്കം, വെളുത്ത മുടി കണ്ടാല്‍ എന്‍റെ പുറത്തു അതിന്‍റെ കുറ്റം ചുമത്താന്‍ എളുപ്പം. സ്വാഭാവികമായും ഞാന്‍ പട്ടിയില്‍ കൂടുതല്‍ ശ്രദ്ധിക്കും. രണ്ടു, പാറു എന്ന് ഈ പട്ടിക്കു പേരിട്ടാല്‍ ബാല്‍കണിയില്‍ നിന്നും ഇനി ഞാന്‍ 'ബേബി' എന്ന് വിളിച്ചാല്‍ തിരിച്ചു അടുക്കളയില്‍ നിന്നും ഇവള്‍ 'പാറു' എന്ന് വിളിക്കുകയും, അപ്പോള്‍ അപ്പുറത്തെ ബേബി ഉണ്ടാക്കുന്ന ശബ്ദങ്ങളുടെ മറു മരുന്നായി ഇവിടെ നിന്നും പാറു ഉണ്ടാക്കുകയും അങ്ങിനെ എന്‍റെയും, സുന്ദരന്റെയും, നെടുങ്ങാടിയുടെയും ഇടയില്‍ വിള്ളല്‍ ഉണ്ടാവുകയും ചെയ്യും. ഞങ്ങളുടെ ഇടക്കുള്ള വെള്ളമടി അതോടെ നില്‍ക്കും. മൂന്ന്, ഇവളുടെ ഈ മൂന്നാല് എന്ന ആ ശബ്ദം വിശ്വസിക്കാന്‍ പറ്റാത്തതായ കാരണം രൂപ അഞ്ചായിരം എന്‍റെ പോയി എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തുന്നു. 

എന്തായാലും സപ്തംബര്‍ ഒന്നാം തീയതി മുതല്‍ രണ്ടു വെളുത്ത തലകള്‍ എന്‍റെ ബാല്‍കണിയില്‍ കാണാം എന്ന് നിങ്ങള്‍ക്കെല്ലാം ഉറപ്പിക്കാം. ഒന്ന് കൂടി പറയട്ടെ. ഞാന്‍ ഉമ്മറത്തേക്ക് എത്തി നോക്കുന്നതിനു മുമ്പ് ചെക്കന്‍ എന്‍റെ ഭാര്യയോടു ചോദിക്കുന്നുണ്ടായിരുന്നു "അച്ഛന്‍ സമ്മതിച്ചില്ലെങ്കില്‍ അമ്മ വീട് വിട്ടു എന്‍റെ കൂടെ പോരുമോ, അമ്മെ?" "പ്ഫാ കഴുതേ. അതിയാന്‍ മരിച്ച ശേഷം മാത്രമേ ഞാന്‍ മരിക്കാവൂ എന്നാ എന്‍റെ ദിവസവും ഉള്ള പ്രാര്‍ത്ഥന. പാവം ഞാന്‍ പോയാല്‍ പിന്നെ ആരാ അതിയാനെ നോക്കുക? നിന്നെയൊക്കെ നിന്‍റെ ഭാര്യ, സാരി തുമ്പില്‍ കെട്ടിയിടും." അതാണ്‌ വായനക്കാരെ ആ കറുത്ത ശരീരത്തിന്റെ ഉള്ളില്‍ ഉള്ള വെളുത്ത മനസ്സ്. ഞാനും ദിവസവും പ്രാര്‍ഥിക്കുന്നത് അവള്‍ ആദ്യം മരിക്കണേ എന്നാണു.