രാവിലെ ആറര മണി ആയാല്‍ എനിക്ക് ദിവസവും കുറെ വിരുന്നുകാരുണ്ടാവും. ആദ്യം കുറെ പ്രാവുകളാണ് ബാല്‍ക്കണിയില്‍ വരുക. അവര്‍ വരുന്നതിനു മുമ്പ് അവിടമെല്ലാം വൃത്തിയാക്കി, ഒരു വലിയ സ്റ്റീല്‍ പാത്രത്തില്‍ നിറയെ വെള്ളം ഒഴിച്ച് വെക്കണം. (വെള്ളം എല്ലാ പക്ഷികളും ദിവസം മുഴുവന്‍ കുടിച്ചു കൊണ്ടിരിക്കും). ഒരു പാത്രത്തില്‍ നിറയെ നെല്ലും, ചാമയും കലര്‍ത്തി ചുമരില്‍ ക്കൂടെ വരിക്കു ഇട്ടു കൊടുക്കും. ഇരുപതിലും കൂടുതല്‍ പ്രാവുകള്‍ അത് മുഴുവന്‍ പത്തു പതിനഞ്ചു മിനുട്ട് കൊണ്ട് കാലിയാക്കും. അപ്പോഴേക്കും ആറെ മുക്കാല്‍ ആയിട്ടുണ്ടാവും. അപ്പുറത്തുള്ള നാല് ബദാം മരങ്ങളില്‍ അപ്പോഴേക്കും കുഞ്ഞിക്കിളികളും, മഞ്ഞക്കിളികളും, നിരന്നിരിക്കുണ്ടാവും. ഹൈ ടെന്‍ഷന്‍ കമ്പിയില്‍ രണ്ടു ബുള്‍ബുള്ള് കളും, കാക്കകളും ഉണ്ടാകും. ഇവര്‍ക്ക് ചാമയും, നെല്ലും ഒന്നും വേണ്ട. അവര്‍ക്ക് ചോറും, മിക്സ്ച്ചറും ആണ് പ്രിയം. കാക്കകളിലും രണ്ടു തരത്തിലുള്ളവര്‍ ഇരിക്കുന്നുണ്ടാകും. ഒന്ന് മുഴുവന്‍ കറുപ്പുള്ളവരും, മറ്റേതു കഴുത്തില്‍ ചെമ്പന്‍ വരയുള്ള ഇനവും. കറമ്പന്‍ കാക്കകള്‍ക്ക് തീരെ പേടിയില്ല. അവര്‍ കുറച്ചു തറവാടികളും ആണ്. അവര്‍ക്ക് ചോറും, മിക്സ്ച്ചറും ഇടുന്ന സ്ഥലം വേറെയാണ്. അവര്‍ ഇരിക്കുന്ന സ്ഥലത്ത് അഥവാ ഞാനോ, ഭാര്യയോ പോയി നിന്നാല്‍ ചില സമയങ്ങളില്‍ ഞങ്ങളുടെ കയ്യില്‍ കൊത്തി ഞങ്ങളെ അവിടെ നിന്നും മാറ്റും. ഈ കാക്കകള്‍ക്ക് ചോറിന്റെ കൂടെ തൈരും വേണം. അവിടെ നിന്നും കഴിച്ചു കഴിഞ്ഞാല്‍ അവര്‍ സ്ഥലം വിടും. പിന്നെ വെയില്‍ ചൂട് പിടിച്ചാല്‍ ബാല്‍ക്കണിയില്‍ അവര്‍ (കറുത്ത കാക്കകള്‍)) മാത്രം) വന്നു ക്ഷീണം മാറ്റാന്‍ ഇരിക്കും. ചെമ്പന്‍ കാക്കകള്‍ അങ്ങിനെയല്ല. കക്കാനാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം. അവര്‍ക്കാണെങ്കില്‍ കറമ്പന്‍ കാക്കകളെ മാത്രമേ പേടിയുള്ളൂ. കോങ്കണ്ണിട്ട് നോക്കി അവര്‍ മറ്റുള്ള പക്ഷികളുടെ മിക്സ്ചര്‍ കൂടി തട്ടിയെടുക്കും. എല്ലാം അവര്‍ക്ക് മാത്രം എന്നാണു അവരുടെ പക്ഷം. ബാല്‍ക്കണിക്കകത്ത് ഒരു പാത്രത്തില്‍ (ഒരു പഴയ ഫ്ലവര്‍ വൈയിസ്) കുഞ്ഞിക്കിളികള്‍ക്കും, മഞ്ഞക്കിളികള്‍ക്കും, ബുള്‍ബുള്‍കള്‍ക്കും മിക്സ്ചര്‍ ഇട്ടു കൊടുക്കും. ഇതില്‍ കുഞ്ഞിക്കിളികളെ മറ്റെല്ലാ പക്ഷികളും കൊതി ഓടിക്കും. ബുള്‍ബുള്‍കളെ കുഞ്ഞിക്കിളികളെ ഒഴിച്ചാല്‍ മറ്റെല്ലാവരും കൊത്തി ഓടിക്കും. ചെമ്പന്‍ കാക്കകളും,, പ്രാവുകളും ബാല്‍ക്കണിക്കകത്തെ പാത്രത്തില്‍ നിന്നും മറ്റുള്ള കൊച്ചു പക്ഷികളെ ഓടിച്ചു മിക്സ്ചര്‍ കൊത്തിയെടുക്കും. എന്റെ അടുത്തു കുറച്ചു മിക്സ്ചര്‍ ഇട്ടു കൊടുത്താല്‍ കുഞ്ഞിക്കിളികള്‍ പലപ്പോഴും മെല്ലെ വന്നു തിന്നും. ബുള്‍ബുള്ളിനും കുറച്ചു വിട്ടു ഇട്ടു കൊടുത്താല്‍ പേടിയോടു കൂടി ചിലപ്പോള്‍ കുറച്ചൊക്കെ തിന്നും. മഞ്ഞക്കിളികള്‍ക്ക് എന്നെ പേടിയാണ്. പല തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കി എന്നെ അവിടെ നിന്നും മാറ്റാന്‍ നോക്കും. പക്ഷെ ഞാന്‍ പോയാല്‍ ചെമ്പന്‍ കാക്കകള്‍ അല്ലെങ്കില്‍ പ്രാവുകള്‍ മുഴുവനും കട്ടെടുക്കും. ഈ ചെമ്പന്‍ കാക്കകളെയും, പ്രാവുകളെയും ഓടിക്കാന്‍ ഞാന്‍ ഒരു പ്രതിമ പോലെ ബാല്‍ക്കണിയില്‍ അങ്ങിനെ നില്‍ക്കും. പേടിച്ചു, പേടിച്ചു മഞ്ഞക്കിളികള്‍ തിന്നാന്‍ പാത്രത്തില്‍ ഇരിക്കുമ്പോഴേക്കും, കള്ളന്‍ ചെമ്പന്‍ കാക്കകള്‍ അല്ലെങ്കില്‍ ആ പ്രാവുകള്‍ അവിടെ തിന്നാന്‍ വന്നിരിക്കും. അപ്പോള്‍ ഞാന്‍ അവരെ ഓടിക്കാന്‍ തുടങ്ങിയാല്‍ മഞ്ഞക്കിളികളും, കുഞ്ഞിക്കിളികളും, ബുള്‍ബുള്ളും പറന്നു പോകും. പല വഴികളും നോക്കി. അവസാനം ഞാന്‍ ഒന്ന് തീരുമാനിച്ചു. കിട്ടുന്നവര്‍ക്ക് കിട്ടട്ടെ. ഫ്ലവര്‍ വൈസ്സിലും മൂന്നു, നാല് സ്ഥലങ്ങളിലും മിക്സ്ചര്‍ ഇട്ടു കൊടുത്തു ഞാന്‍ അമ്പല ദര്‍ശനത്തിന്നു പോകും.
അടുത്തുള്ള ഹനുമാന്റെ അമ്പലത്തിലേക്ക് പോകുന്ന വഴിക്ക് ഞാന്‍ ആലോചിച്ചു. ഈ പക്ഷികളെ പോലെ തന്നെയല്ലേ മനുഷ്യന്മാര്‍. ഉള്ളത്? ശക്തി കുറഞ്ഞവരും, കൂടിയവരും, തറവാടികളും, സൂത്രക്കാരും, കള്ളന്മാരും ഒക്കെ ഉള്ള മനുഷ്യന്മാര്‍. നമ്മളില്‍ ഇടയ്ക്കും ഇല്ലേ? മനുഷ്യന്മാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ്, നമുക്ക് സാധന സാമഗ്രികള്‍ വേണ്ടുവോളം ദൈവം (പ്രകൃതി) തരുന്നുണ്ടായിരിക്കാം. പക്ഷെ ഈ തരുന്നതില്‍ ഏറിയ പങ്കും ശക്തി കൂടിയവരും, സൂത്രക്കാരും കൈ വശം വെക്കുന്നു. നല്ലവരായ, സത്യസന്ധന്മാരായ തറവാടികള്‍ അവരുടെ ആവശ്യത്തിന്നുള്ളത് എടുത്തു മാറി നില്‍ക്കുന്നു. പാവപ്പെട്ടവര്‍ക്കാകട്ടെ ബാക്കി വന്നതില്‍ എന്തെങ്കിലും കിട്ടിയാല്‍ ഭാഗ്യം. ദൈവം ഒരു പക്ഷെ ശക്തി കൂടിയവരെയും, അതിസൂത്രക്കാരെയും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടാകും. അങ്ങിനെ ശ്രമിച്ചപ്പോള്‍, പാവപ്പെട്ടവരും, ശക്തി കുറഞ്ഞവരും പേടിച്ചു (മഞ്ഞക്കിളികളും, കുഞ്ഞിക്കിളികളും, ബുള്‍ബുള്ളും പോലെ) മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ ദൈവം വിചാരിച്ചിട്ടുണ്ടാകും "കിട്ടുന്നവര്‍ക്ക് കിട്ടട്ടെ. വിവേചന ബുദ്ധി മനുഷ്യന്മാര്‍ക്ക് കൊടുത്തിട്ടുണ്ടല്ലോ!"
No comments:
Post a Comment