വിത്ത് പാകി പത്തായത്തില്‍ എത്തുന്ന വരെയുള്ള ഓരോ ശ്രമകണങ്ങളും അയാള്‍ ഒരു തുള്ളി പോലും കളയാതെ കുപ്പികളില്‍ സൂക്ഷിച്ചു. ചെടി വലുതാക്കി കായ തരുന്ന മരത്തിന്‍റെ പരുവത്തില്‍ ആക്കിയ വിയര്‍പ്പു തുള്ളികളും അയാള്‍ മറക്കാതെ കുപ്പികളിലാക്കി സൂക്ഷിച്ചു. മണ്ണില്‍ വീണ ഓരോ വിയര്‍പ്പു തുള്ളികളെയും അയാള്‍ ആഴത്തില്‍ കുഴിച്ചു കിണറുകളും, കുളങ്ങളും ആക്കി തിരിച്ചെടുത്തു കുപ്പികളിലാക്കി. ആരോടോ പക വീട്ടാന്‍ എന്ന പോലെ രോഷം കാട്ടി ഒഴുകുന്ന പുഴകളിലേക്ക് തെറിച്ചു വീണ ശ്രമ ബിന്ദുക്കളേയും അയാള്‍ വൃഥാ പാഴാക്കാന്‍ സമ്മതിച്ചില്ല. ഒഴുക്കിനെതിരെ നീന്തി അത് കൈക്കലാക്കി കുപ്പികളില്‍ ആക്കുന്നത് വരെ അയാള്‍ക്ക് ഉറക്കം വരുമായിരുന്നില്ല. രാത്രികളുടെ അനേകം പേറ്റുനോവുകളുടെ വേദന അയാളിലേക്കും പടര്‍ന്നു വന്ന ഒരു സായാഹ്നത്തില്‍ ഭാര്യയെ നോക്കി അയാള്‍ പറഞ്ഞു "എന്തോ സുഖം തോന്നുന്നില്ല. ഒന്ന് കിടക്കട്ടെ." അന്ന് വരെയും മൃദുവായി തോന്നിയിരുന്ന പുല്‍പ്പായ അയാള്‍ക്ക് ഒരു കല്ല് പോലെ തോന്നി. ഒരു കത്തിയെടുത്തു വളര്‍ന്നു വലുതാക്കിയ വാഴയുടെ അടുത്തു പോയി പറഞ്ഞു "വേദനിപ്പിക്കണം എന്ന് വിചാരിച്ചിട്ടല്ല. ആവശ്യമായി വന്നു." നീണ്ട, മുറിക്കാത്ത ഇലയുമായി വന്നു അതില്‍ കിടന്നപ്പോള്‍ അയാള്‍ക്ക് ഒരു സുഖം തോന്നി. "നിങ്ങള്‍ക്കെന്താ ഭ്രാന്തു പിടിച്ചോ?" ഒരിക്കലും തിരിച്ചു ഒരക്ഷരം പറയാത്ത ഭാര്യയുടെ വാക്കുകള്‍ ചെവിയില്‍ മുട്ടി തിരിച്ചു വന്നു. "സന്ധ്യയായി അല്ലെ? ദേവീ, നീ ആ നിലവിളക്ക് കൊളുത്തി ഒന്നിവിടെ വെക്കൂ. എനിക്കൊന്നു വായിക്കണം." വടക്കോട്ട് തിരിഞ്ഞു കിടന്നു അയാള്‍ പുലമ്പി. നിലവിളക്കും കൊളുത്തി വന്ന ദേവിയും ഒരു ഉള്‍വിളി കിട്ടിയ പോലെ അയാളോട് ചേര്‍ന്ന് കിടന്നു. നാല് കണ്ണുകള്‍ രാമനാമം ചൊല്ലി അടഞ്ഞപ്പോള്‍, അയാളുടെ പ്രിയപ്പെട്ട പുളിമാവിന്‍റെ ശരീരം തെക്കേ തൊടിയിലെ രണ്ടു കുഴികളുടേയും അളവില്‍ മുറിഞ്ഞു കഴിഞ്ഞിരുന്നു.
അയാളുടെ നിറഞ്ഞ കുപ്പികള്‍ നിലത്തുറക്കാത്ത കാലുകളോടു കൂടി, അടുത്ത നാളുകളില്‍ രണ്ടു വരികളില്‍ സ്ഥാനം പിടിക്കുന്നുണ്ടായിരുന്നു. നര്‍ത്തനം ചെയ്യുന്ന രണ്ടു കണ്ണുകളുടെയും, നുരഞ്ഞു പൊങ്ങുന്ന ഗ്ലാസ്സുകളുടേയും നീണ്ട വരികളില്‍.!.
No comments:
Post a Comment