ഇടവഴിയോ? മുള്ള് കുത്തുമോ? ഓര്‍മ്മകളിലെ ഇടവഴിയിലേക്ക് അറിയാതെ ഇറങ്ങി പോയി. മാധവിയമ്മ എല്ലാ വര്‍ഷവും വേലി കേട്ടില്ല. പനമ്പട്ടയുടെ നാരു കൊണ്ടാണ് മുള്ള് വേലി കെട്ടുക. ഒരു കൊല്ലത്തിനു മുമ്പ് തന്നെ വേലി ഇടവഴിയിലേക്ക് തൂങ്ങിയിട്ടുണ്ടാകും.പോരാത്തതിന ്, ഒരു ചെറിയ ഇടം കണ്ടാല്‍ മതി. പാടത്ത് വരുന്ന പശുക്കളും, ആടുകളും എല്ലാം മാധവിയമ്മയുടെ തൊടിയിലേക്ക് ചാടും. പിന്നെ, പിന്നെ വേലി ഇടവഴിയിലും ആയമ്മയുടെ തൊടി ഇടവഴിയും ആകും. വേലി കെട്ടാത്ത സമയമാണെങ്കില്‍ സൂക്ഷിച്ചു നടക്കണം. ഇല്ലെങ്കില്‍ മുമ്പിലേക്ക് നടക്കുന്ന നമ്മെ "എവിടെക്കാടാ ഇത്ര തിരക്കിട്ട് പോകുന്നത്, എന്നെയൊന്നും ഒരു വിലയില്ലാതെ" എന്നും പറഞ്ഞു മുള്ള്മാമന്‍ ഒന്ന് കൊളുത്തി വലിക്കും. കുറച്ചു പഴയ വസ്ത്രമാണെങ്കില്‍ ചിലപ്പോള്‍ 'ക്ര്ര്ര്‍' എന്നൊരു ശബ്ദമേ കേള്‍ക്കൂ. പുതുതായി വേലി കെട്ടിയ സമയമാണെങ്കില്‍ ഇടവഴിയില്‍ പച്ച മുള്ളുണ്ടാകും. കുത്തിയാല്‍ ഭയങ്കര കടച്ചിലാണ്. രണ്ടു പുറത്തും തൊട്ടാവാടി ചെടികള്‍ പൂവും, കായയുമായി ചിരിച്ചു നില്‍ക്കുന്നുണ്ടാകും. ആര് അടുത്തു കൂടെ പോയാലും വലിയ ബഹുമാനത്തോടെ കൈ കൂപ്പി കൊണ്ടിരിക്കും. വേലിപ്പുറത്ത് ഓന്തുമാമന്‍ ഇരിക്കുണ്ടാകും. "ഉം.....എങ്ങോട്ടാ?" എന്ന് തല കൊണ്ട് ചോദിക്കും. ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും പുള്ളിക്കാരന്‍ ഓടി പോകും. വലിയ തിരക്കിലാണെപ്പോഴും. പിന്നെ വലിയ തലയുള്ള തുമ്പികള്‍ ഇരിക്കുന്നുണ്ടാകും. പൈലറ്റും, എയര്‍ ഹൊസ്റ്റെസ്സും, റണ്‍വെയും ഒന്നും ഇല്ലാതെ ടെക് ഓഫ് ചെയ്യുമ്പോള്‍ പിന്നാലെ ഓടി എന്നെക്കൂടി കൊണ്ട് പോകുമോ എന്ന് ചോദിക്കാറുണ്ടായിരുന്നു. കുമാരനാശാന്റെ "ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ......." എന്ന കവിത ഓര്‍മ്മിപ്പിക്കുന്ന വിധം പല നിറങ്ങളിലുള്ള പൂമ്പാറ്റകള്‍ ഓരോ ചെടിയിലും പറ്റിപ്പിടിച്ചിരിക്കുന്നുണ്ടാക ും. മാധവിയമ്മയുടെ കൊമ്പിപ്പശുവോ, നാണുനായരുടെ ടോമിയോ ഇടവഴിയുടെ അറ്റത്ത് കണ്ടാല്‍ എന്റെ തിരിച്ചു ഒരു ഓട്ടം ഉണ്ട്. ചിലപ്പോ രണ്ടു പുറവും നോക്കി ആരും ഇല്ലെന്നു ഉറപ്പിച്ചു, ട്രൌസര്‍ പൊന്തിച്ചു ഒന്ന് മൂത്രമൊഴിക്കാന്‍ നോക്കുമ്പോഴാകും "അയ്യേ, ഈ ചെക്കനു ഒരു നാണവും ഇല്ലല്ലോ" എന്നും പറഞ്ഞു മാധവിയമ്മയുടെ മകള്‍ മുകളില്‍ നിന്നും കളിയാക്കുക. ട്രൌസര്‍ പെട്ടെന്ന് താഴെക്കാക്കുമ്പോഴേക്കും മൂത്രം പകുതി അതില്‍ ആയിട്ടുണ്ടാകും. ഇനിപ്പോ അവള്‍ അവിടെയില്ലെന്നു ഉറപ്പാക്കി ഒഴിക്കാന്‍ തുടങ്ങിയാല്‍, അത് കാലിലേക്ക് തന്നെ ഒലിച്ചു വരും. ഒഴിഞ്ഞു മാറി വരുമ്പോഴേക്കും കിഴക്കോട്ടു നിന്നിരുന്ന ഞാന്‍ വടക്കോട്ട് മുഖം ആക്കി നില്‍പ്പുണ്ടാകും. ചിലപ്പോള്‍ ആ വേലിത്തിണ്ണയില്‍ ചെറിയ പോടുകളുണ്ടാകും. അതിലേക്കു ഒഴിക്കുമ്പോ പേടിയുണ്ടാകും, പാമ്പോ മറ്റോ പുറത്തേക്കു ചാടിയാലോ എന്ന്. വേലിക്കരികിലുള്ള വലിയ മരങ്ങള്‍ക്ക് മുകളില്‍ കാക്കയും, കുയിലും, ചെമ്പോത്തും, തത്തമ്മയും, അണ്ണാനും ഒക്കെ തമ്മില്‍ വട്ടമേശ സമ്മേളനം നടക്കുന്നുണ്ടാകും. എന്താ ഇവര്‍ക്ക് എന്നും സമ്മേളനം കൂടാന്‍ ഒരു വിഷയം ഉണ്ടാവുക എന്ന് എന്നും ആലോചിക്കും. കുയിലിനോട് അതിന്റെ അതെ ശബ്ദത്തില്‍ തിരിച്ചു ചോദിച്ചാല്‍ ഭയങ്കര ദ്വേഷ്യത്തില്‍ ചിലക്കുന്നുണ്ടാകും. "ഇവനേതെടാ ഈ പീറചെക്കന്‍ എന്നോടു വര്‍ത്തമാനം പറയാന്‍ -" എന്ന പോലെ. ചിലപ്പോ തീവണ്ടി പോണ പോലെ ഓടുന്ന തേരട്ട ഉണ്ടാകും. അവനെ കൈ കൊണ്ട് തൊടില്ല. ഒരു മരക്കഷണം കൊണ്ട് തൊട്ടാല്‍ അപ്പൊ ചുരുണ്ട് ഒരു വട്ടമാകും. ഇനി ഉണ്ട് നീളത്തില്‍ ജാഥയായി പോകുന്ന ഉറുമ്പിന്‍ കൂട്ടം. മുമ്പിലുള്ളവന് ഒരു ചുവന്ന കൊടി കൊടുക്കാന്‍ ശ്രമിച്ചാല്‍ എല്ലാവരും കൂടി പരക്കം പായും. കടിക്കാത്ത ഉറുമ്പാണെങ്കില്‍ ചിലപ്പോള്‍ അഞ്ചാറെണ്ണത്തിനെ കയ്യില്‍ വെക്കും. കുറച്ചു മുമ്പില്‍ പോയി കുഴിയാനകളുടെ കുഴിയില്‍ ഇട്ടു കൊടുക്കും. ഉറുമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴെല്ലാം കുഴിയാന മണ്ണ് തെറുപ്പിച്ച് അതിനെ കുഴിയിലേക്ക് തന്നെ വീഴ്ത്തും. സന്ധ്യ മയങ്ങിയാല്‍ ഒറ്റ ഓട്ടമാണ്. പാമ്പും, പ്രേതവും ഒക്കെ ഇറങ്ങുംത്രെ. ഒറ്റ ഓട്ടത്തിന് അപ്പുറത്ത് എത്തിയാല്‍ എങ്ങിനെയാണ് എന്നെ പിടിക്കാന്‍ പറ്റുക?
No comments:
Post a Comment