പനിനീര്‍പ്പൂവിന്റെ നിത്യ സന്ദര്‍ശകനായിരുന്ന വണ്ടിനോടു ഒരിക്കല്‍ അതിന്റെ അഹന്ത പറഞ്ഞു "നിന്റെ കറുത്ത ദേഹം എന്നില്‍ മുട്ടിച്ചാല്‍ എനിക്കും പകരില്ലേ ആ കറുപ്പ്? നിന്ദ്യമായ ആ ദരിദ്ര കറുപ്പ്!" ഒന്നും മിണ്ടാതെ ആ പാവം വണ്ട് തുളസിയില്‍ പോയിരുന്നു. അവന്റെ മനസ്സിന്റെ വ്രണം ഉഴിഞ്ഞു മാറ്റിയ തുളസിയെ നിറകണ്ണുകളോടെ നോക്കി വണ്ട് പറഞ്ഞു "താങ്കള്‍ക്കു തരാന്‍ എന്റെ കയ്യില്‍ ഈ കറുപ്പ് നിറം മാത്രമേ ഉള്ളൂ.എന്റെ കയ്യില്‍ വേറൊന്നും ഇല്ല." വെളുത്ത് സുന്ദരിയായ ആ തുളസി പറഞ്ഞു "എനിക്ക് കറുപ്പ് നല്ല ഇഷ്ടമാണ്. പുറമേ കറുപ്പാണെങ്കിലും താങ്കളുടെ അകം വെളുപ്പാണ്. തന്നോളൂ. ഞാന്‍ സന്തോഷമായി സ്വീകരിക്കാം. പ്രതിഫലമായിട്ടല്ല. താങ്കളുടെ ഓര്‍മ്മയ്ക്ക് വേണ്ടി മാത്രം." സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടിയ വണ്ട് കറുപ്പ് നിറം പകര്‍ന്നപ്പോള്‍ വെള്ള തുളസിയുടെ നിറം നീലയായി മാറി. ആ നീല തുളസിയെ മന്ദമാരുത രൂപത്തില്‍ വന്ന ദൈവം ഉമ്മ വെച്ച് പറഞ്ഞു "പൂക്കളില്‍ ജ്ന്യാനി നീ. ഏറ്റവും ഉപയോജ്യ നീ. ഏറ്റവും പുണ്യവതി നീ." യാതൊന്നും അറിയാത്ത മാതിരി, യാതൊരു അഹന്തയും തോന്നാതെ നീലത്തുളസി വണ്ടിനോടു പറഞ്ഞു "സന്ധ്യ ആയല്ലോ! നിനക്ക് തരാന്‍ എന്റെ കയ്യില്‍ ഭക്ഷണം ഒന്നും ഇല്ല. നീ ആ ചെളിയില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയുടെ അടുത്തു പൊയ്ക്കോള്ളൂ. അവള്‍ നിനക്ക് എന്തെങ്കിലും തരാതിരിക്കില്ല." മനസ്സോടെ തുളസിയെ നമിച്ചു വണ്ട് താമരയുടെ അടുത്തു പോയിരുന്നു. ഒന്നും മിണ്ടാത്ത വണ്ടിനോടു അവള്‍ ചോദിച്ചു "വിശന്നു വലയുക ആണല്ലേ? എന്റെ രക്തത്തിന്നു നല്ല മാധുര്യമാണ്. കുടിച്ചോളൂ. വേണ്ടുവോളം കുടിക്കാം." വയറും, കണ്ണും നിറഞ്ഞ വണ്ട് പോകാന്‍ തുടങ്ങുമ്പോള്‍ താമര പറഞ്ഞു "തുളസിയുടെ ചില ഗുണങ്ങള്‍ എന്നിലേക്ക് പകര്‍ന്നു, അല്ലെ? ഇപ്പോള്‍ രാത്രിയായി. പോകേണ്ട. ഞാന്‍ നിന്നെ പുതപ്പിക്കാം."
പനിനീര്‍പ്പൂ ഇന്നും അതിന്റെ അഹന്തയുടെ ഫലം അനുഭവിക്കുന്നു. ഇപ്പോഴും ദേഹം മുറിച്ചു നടണം. അടുത്ത തലമുറ വേണമെങ്കില്‍. അതെ വഴിയുള്ളൂ. അഹന്ത പോകുവോളം മുറിക്കട്ടെ.
No comments:
Post a Comment