"പഴയ പാത്രങ്ങള്‍ കൊടുക്കാനുണ്ടോ?", "പഴയ തുണി കൊടുക്കാനുണ്ടോ?", "പഴയ കടലാസ്സ്, പത്രം കൊടുക്കാനുണ്ടോ?". രാവിലെ മുതല്‍ നിര നിരയായി ഉന്തു വണ്ടിക്കാര്‍ നീട്ടി വിളിച്ചു പോകുന്നുണ്ട്. വണ്ടികളൊക്കെ കാലി തന്നെ. ഇപ്പോള്‍ പഴയതൊന്നും ആരും കൊടുക്കുന്നില്ലെന്ന് തോന്നുന്നു. "എന്താ കച്ചവടം ഒന്നും ഇല്ലേ?" വെറുതെ ഒരുത്തന്റെ പുറകില്‍ തട്ടി ചോദിച്ചു. "മ്ചെം" തോളുകള്‍ പൊക്കി ഇല്ലെന്നുള്ളതിനു ഒരു ശബ്ദം മാത്രം അവന്റെ വായില്‍ നിന്നും വന്നു. "ഞാന്‍ കൂടെ വരട്ടെ?" അവനോടു ചോദിച്ചു. "നിങ്ങള്‍ വന്നിട്ടെന്തു ചെയ്യാനാ?" ആ ചോദ്യത്തിലും, അവന്റെ കളിയാക്കലിലും എല്ലാം അടങ്ങിയിരുന്നു. "ഒരു കൈ നോക്കാമല്ലോ?" മനസ്സില്ലാ മനസ്സോടെ അവന്‍ കൂടെ ചേര്‍ത്തു. വണ്ടി തള്ളി ഞാന്‍ ചോദിച്ചു "പഴയ വിശ്വാസങ്ങള്‍ വില്‍ക്കാനുണ്ടോ?" ഞങ്ങള്‍ രണ്ടു പേരും, വണ്ടിയോടു കൂടി പുറത്തു വീഴുന്ന പഴയ വിശ്വാസങ്ങളില്‍ മുങ്ങി പ്പോയി. എങ്ങിനെയെങ്കിലും പുറത്തു വന്നപ്പോള്‍ അവന്‍ പറഞ്ഞു "ഇതെല്ലാം കിട്ടി ഞാന്‍ എന്ത് ചെയ്യാനാ? എന്റെ പഴയ കച്ചവടം തന്നെ ഇനി ഞാന്‍ നോക്കിക്കോളാം. നിങ്ങളുടെ ആവശ്യം ഇല്ല." കിട്ടിയ പഴയ വിശ്വാസങ്ങള്‍ മുഴുവന്‍ കൈയ്യില്‍ തന്നു പറഞ്ഞു "ഇത് നിങ്ങള്‍ തന്നെ എടുത്തോ." സങ്കടപ്പെട്ടു വീട്ടില്‍ എത്തി അടുക്കി നോക്കുമ്പോള്‍ രത്നങ്ങളും, മാണിക്ക്യങ്ങളും. ഒന്ന് മനസ്സിലാകുന്ന തരത്തില്‍ തുടച്ചു എടുക്കണം. ലോക്കറില്‍ ഭദ്രമായി പൂട്ടി വെച്ചു. അടുത്ത ദിവസം ഞാനും വണ്ടിയുമായി ഇറങ്ങി "പഴയ വിശ്വാസങ്ങള്‍ വില്‍ക്കാനുണ്ടോ?"
No comments:
Post a Comment