എല്ലാ ദിവസവും നാളേക്ക് വിരിയുന്ന മൊട്ടുകള്‍ നോക്കി ഞാന്‍ നടക്കും. നഗരഭാവത്തില്‍ പൂക്കളുടെ വേട്ടക്കാരുടെ കണ്ണുകളില്‍ നിന്നും രക്ഷപ്പെട്ട ഈ മൊട്ടുകള്‍ എന്നെ കണ്ടാല്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടാവും. അമ്മച്ചെടിയുടെ നാളെയുടെ സ്വപ്നങ്ങളെ യാതൊരു കനിവുമില്ലാതെ നഖക്ഷതം കൊണ്ട് മുറിച്ചു മാറ്റുമ്പോള്‍ ആ അമ്മയുടെ കണ്ണുകളില്‍ നിന്നും വീഴുന്ന അശ്രു ബിന്ദുക്കള്‍ ഞാന്‍ കണ്ടില്ലെന്ന് നടിക്കും. ഒരു ദിവസം കൂടി അമ്മയുടെ നെഞ്ചിന്റെ ചൂടേറ്റ് ഒന്നുറങ്ങിക്കോട്ടേ എന്ന് ആ മൊട്ടുകള്‍ കെഞ്ചിക്കരയുന്നുണ്ടാവും.ആ അമ്മിഞ്ഞപ്പാലിന്റെ രുചിയില്‍ നിന്നും നിര്‍ബ്ബന്ധമായി പിടിച്ചു മാറ്റി, ഒന്നുമറിയാത്ത ഭാവത്തില്‍ നടന്നു നീങ്ങുമ്പോള്‍ ആ അമ്മച്ചെടി എന്ത് പറഞ്ഞാവും ശപിക്കുന്നുണ്ടാകുക? അവരുടെ നിഘണ്ടുവില്‍ ഭ്രൂണ ഹത്യക്ക് എന്തായിരിക്കും ശബ്ദം ഉണ്ടാവുക? എന്റെ മുന്‍ഗാമികളായ പൂവേട്ടക്കാരെ അവര്‍ എന്താവും പേരിട്ടിട്ടുണ്ടായിരിക്കുക? നരധാമന്‍ എന്നതിന്റെ അവരുടെ പര്യായം എന്തായിരിക്കും? കാലുകള്‍ ബന്ധിച്ചു നിറുത്തിയിരിക്കുന്ന ഭൂമീദേവിയെന്ന എല്ലാ ചരാചരങ്ങളുടെയും അമ്മയോട് "ഞങ്ങളോട് എന്തിനീ പാരപക്ഷ്യം? ഞങ്ങളുടെ കാലുകള്‍ക്ക് മാത്രം എന്തിനീ ബന്ധനം?" എന്ന് കണ്ണീരില്‍ കുതിര്‍ന്ന പരാതിയില്‍ ക്കൂടി ആ അമ്മച്ചെടി പറഞ്ഞിട്ടുണ്ടാവില്ലേ? എന്റെതെന്ന കൈപ്പിടിയില്‍ ഒതുക്കുന്ന ആ പിഞ്ചു മൊട്ടുകളുടെ രക്തക്കറ, തിമിരം ബാധിച്ച എന്റെ കണ്ണുകള്‍ എത്ര സുഗമമായാണ് കണ്ടില്ലെന്നു നടിക്കുന്നത് ? കൈകളില്‍ പിടിച്ച ആ കറ എത്ര എളുപ്പമാണ് യാതൊരു വികാരവും ഇല്ലാതെ ഞാന്‍ കഴുകി കളയുന്നത് ? വെള്ളത്തില്‍ മുക്കിയിട്ട ആ മൊട്ടുകള്‍ രാത്രി മുഴുവന്‍, എനിക്ക് കേള്‍ക്കാത്ത ശബ്ദത്തില്‍, അന്യോന്യം എന്തായിരിക്കും പറഞ്ഞിട്ടുണ്ടായിരിക്കുക? ആ ഭ്രൂണഹത്ത്യക്കാരനായ ഞാന്‍ എന്ന ചെകുത്താന്‍ ഉണരുന്നതിനു മുമ്പേ പുലരിയെ ഒന്ന് കാണാന്‍ നമുക്ക് മിഴി തുറക്കാം എന്നായിരിക്കുമോ? നിഷ്ക്കളങ്കത്തിന്റെ മൂര്‍ത്തീഭാവങ്ങളെ നിങ്ങള്‍ക്കെന്തറിയാം? പാപങ്ങള്‍ ഗംഗയിലും, യമുനയിലും, നിളയിലും കഴുകി ക്കളയുന്ന ഞാന്‍ നഗരത്തിലെ ഫ്ലാറ്റില്‍ നിശ്ചിതസമയങ്ങളില്‍ ഒഴുകുന്ന വെള്ള പ്രവാഹങ്ങളിലും പാപം കഴുകിക്കളയുന്നുണ്ട്. മിഴി തുറക്കുന്ന നിങ്ങളുടെ കഴുത്തില്‍ ഞാന്‍ "ഇത് ദേവന്, ഇത് ദേവിക്ക്" എന്ന തിരിച്ചറിയല്‍ ചീട്ടുകള്‍ തൂക്കി, നെഞ്ചോടു ചേര്‍ത്തു ഹോമ ചിഹ്നങ്ങളായി വെച്ചു, എന്റെ മോഹങ്ങള്‍ പൂവണിയാന്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥന എന്തായിരുന്നു? ഞങ്ങളുടെ നരധാമനായ, ഭ്രൂണഹത്യക്കാരനായ ഇവന്റെ പ്രാര്‍ത്ഥന നീ എങ്ങിനെ കേള്‍ക്കുന്നു, ദേവീ അല്ലെങ്കില്‍ ദേവാ എന്നായിരുന്നുവോ? മനുഷ്യന്റെ പര്യായമായ എന്റെ നിത്യ ദുഖത്തിന്റെ കാരണം എന്റെ ഈ സ്വാര്‍ഥത തന്നെ ആയിരുന്നുവോ? എന്നാലും എനിക്ക് പൂക്കള്‍ വേണം, മൊട്ടുകള്‍ വേണം. എനിക്കെന്റെ മോഹങ്ങള്‍ പൂവണിയണം. നിങ്ങളുടെ മോഹങ്ങള്‍ കൊണ്ട് എനിക്കെന്തു ഗുണം? ഇവിടെ എന്റെതാണ് എല്ലാം, എന്റെ ദേവന്‍, എന്റെ ദേവി.
No comments:
Post a Comment