എട്ടാം യാമത്തില്‍ തന്നെ എഴുന്നേറ്റു. കയ്യിന്റെ അറ്റത്ത് ലക്ഷ്മിയെയും, നടുവില്‍ സരസ്വതിയെയും, താഴെ ഗോവിന്ദനെയും ഒക്കെ നോക്കി. ആരെയും കാണാനില്ലല്ലോ? മനസ്സ് പതറിപ്പോയി. മുഖം കഴുകി മൂലയില്‍ വെച്ചിരുന്ന പഴയ സഞ്ചി എടുത്തു. പത്തു യമങ്ങളുടെയും (വിലക്കുകള്‍ -) പൊതികള്‍ അഴിച്ചു നോക്കി. ഉറുമ്പും, പാറ്റയും അരിച്ചു സുഷിരങ്ങള്‍ വീണിരിക്കുന്നു. അഹിംസയുടെയും, അസ്തേയയുടെയും (മോഷ്ട്ടിക്കാതിരിക്കുക), അര്‍ജവയുടെയും (സത്യസന്ധത) 'അ' അവരുമായുള്ള ബന്ധം വിടര്‍ത്തി സത്ത്യത്തിന്റെയും, ശൌചത്തിന്റെയും, ക്ഷമയുടേയും കൂടെ ലോപിച്ചിരിക്കുന്നു. ബ്രഹ്മചര്യം (ലൈംഗിക ശുദ്ധത) പലരുടെയും നടുവില്‍ നഗ്നയായി കിടന്നു കാമലൊലയായി മാടി വിളിക്കുന്നു. ധൃടചിത്തത (മനസ്ഥിരത) മുടി അഴിച്ചിട്ടു, മനോരോഗിയായി എന്തൊക്കെയോ പുലമ്പുന്നുണ്ട്. ദയയെ, നിര്‍ദയത്വം തിന്നു കഴിഞ്ഞിരിക്കുന്നു. മിതാഹാരം, മാംസ ഭക്ഷണം തിന്നു കൊഴുത്തിരിക്കുന്നു. അറുപത്തിനാല് അനാചാരങ്ങളുടെ പൊക്കണസഞ്ചിയുടെ ഉള്ളില്‍ നിന്നും അടക്കിയ ചിരികള്‍ കേട്ടു. പത്തു അനുഷ്ഠാനങ്ങളുടെ അടുത്ത പൊതിയും അഴിച്ചു നോക്കി. "വിനയത്തെ" ആറാം യാമത്തിന്റെ മറവില്‍ അടക്കം ചെയ്തുവത്രെ. സംതൃപ്തി അതൃപ്തി പ്രകടിപ്പിച്ചു മൂലയില്‍ ഇരിക്കുന്നു. ദാനവും, പരസ്പര വിശ്വാസവും ദാനവന്മാരുടെ വാളിന് ഇരയായി കഴിഞ്ഞിരിക്കുന്നു. ഈശ്വര പൂജയും, ഗ്രന്ഥ വായനയും സന്യാസം എടുത്തിരിക്കുന്നു. അവബോധം (ജ്ന്യാനം) തല ചുറ്റി വീണു കിടക്കുന്നു. പരിശുദ്ധ പ്രതിജ്ഞകള്‍ അപവിത്രങ്ങളായി കിടന്നു മോങ്ങുന്നു. മന്ത്രോച്ചാരണം വിശുദ്ധ നൂലുകളില്‍ ആത്മഹത്യ ചെയ്തു തൂങ്ങി കിടക്കുന്നു. വിരക്തി സ്വര്‍ണ്ണാലങ്കാരങ്ങള്‍ നിറഞ്ഞ മേനി കാട്ടി കുഴഞ്ഞാടുന്നു.
അയാളും ആ പഴയ സഞ്ചികള്‍ ദൂരെ വലിച്ചെറിഞ്ഞു. ഒരു വലിയ ചാക്ക് തന്നെ കയ്യിലെടുത്തു. ഇന്നെടുക്കാനുള്ള തലകളുടെ, ബലാല്‍സംഗം ചെയ്യാനുള്ള പെണ്‍കുട്ടികളുടെ, മോഷ്ടിക്കുവാനുള്ള സാധനങ്ങളുടെ, പറയാനുള്ള നുണകളുടെ ഒരു നീണ്ട പട്ടികയുമായി പുറത്തിറങ്ങി. പെണ്‍പൂച്ചകളും, പെണ്‍പട്ടികളും അയാളുടെ കണ്ണുകളില്‍ നോക്കി ഓലിയിടുന്നുണ്ടായിരുന്നു. രണ്ടാം കല്പ്പത്തില്‍ നീണ്ട നിദ്രയില്‍ എല്ലാം മറന്നു കിടക്കുന്ന യുഗപുരുഷനെ വിളിക്കാനെന്ന പോലെ. സന്തോഷത്തോടെ നടന്നു നീങ്ങുന്ന അയാളുടെ ദേഹത്തില്‍ നിന്നും വിയര്‍പ്പായി വീഴുന്ന രക്തത്തുള്ളികള്‍ നക്കി, പിന്നാലെ ചെന്നായ്ക്കളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു.
