കീറി നാറുന്ന കുപ്പായവുമിട്ട്, പാറിപ്പറക്കുന്ന മുടിയുമായി അയാള്‍ കടല്‍ക്കരയിലേക്ക് പോകുന്ന ആ പാതവക്കില്‍ ഇരുന്നു. വിസര്‍ജ്ജനത്തിനു കൊണ്ടു പോകുന്ന ഓരോ ഗണപതി
വിഗ്രഹവും കണ്ടു അയാള്‍ കൈ കൊട്ടി ചിരിച്ചു. സ്വര്‍ണ്ണം കൊണ്ട് തീര്‍ത്ത വിഗ്രഹങ്ങള്‍, സ്വര്‍ണ്ണത്തില്‍ മുക്കിയ വിഗ്രഹങ്ങള്‍, സ്വര്‍ണ്ണ ആഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ച വിഗ്രഹങ്ങള്‍, നാല് പുറങ്ങളിലും ബള്‍ബുകളുടെ ശോഭ കൊണ്ട് തിളങ്ങുന്ന വിഗ്രഹങ്ങള്‍, വലിയ ലോറിയില്‍ വരുന്ന വിഗ്രഹം, മിനി ലോറിയില്‍ വരുന്നവ, ഓട്ടോ റിക്ഷയില്‍ വരുന്നവ, ഉന്തു വണ്ടിയില്‍ കൊണ്ട് വരുന്നവ എന്തെല്ലാം തരത്തിലുള്ള വിഗ്രഹങ്ങളാണ്! കൈ കൊട്ടി ചിരിക്കുന്ന ആ ഭ്രാന്തനെ നോക്കി വിഗ്രഹ വിസര്‍ജ്ജനത്തിനു പോകുന്ന പലരും ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അയാള്‍ കണ്ടത്. ഒരു മനുഷ്യനും, അയാളുടെ കൂടെ ഒരു ചെറിയ പെണ്‍കുട്ടിയും, ഒരു ആറു വയസ്സായിക്കാണും, ഒരു കൊച്ചു ഗണേശ വിഗ്രഹവും ആയി വരുന്നത്. പാട്ടും, കൊട്ടും ഒന്നും ഇല്ലാതെ അയാള്‍ ഒരു കാലില്‍ ഒരു മുളവടിയുടെ സഹായത്തോടെ നൊണ്ടി, നൊണ്ടി ഒറ്റ കയ്യില്‍ ആ കൊച്ചു വിഗ്രഹം ബാലന്‍സ് ചെയ്തു കടലിനു നേര്‍ക്ക് നടക്കുന്നു. അയാളുടെ കൊച്ചു മകള്‍ കരഞ്ഞു, തുടുത്ത മുഖവുമായി പിന്നിലും ഉണ്ട്. "വെള്ളത്തില്‍ ഒഴുക്കേണ്ട, അച്ഛാ" എന്ന് കൂടെ, കൂടെ പറയുന്നുണ്ട്. കേള്‍ക്കാത്ത ഭാവത്തില്‍ നടക്കുന്ന അയാളുടെ കയ്യില്‍ നിന്നും ആ കൊച്ചു വിഗ്രഹവും തട്ടിപ്പറിച്ചു, ആ ആറു വയസ്സുകാരിയെയും പൊക്കി പ്പിടിച്ചു ഭ്രാന്തന്‍ ഓടി. ഉറക്കെ കരയുന്ന ആ അച്ഛന്റെ ശബ്ദം ചെണ്ടകളുടെ ശബ്ദത്തില്‍ മുങ്ങുകയായിരുന്നു. കാണുന്നവരും, കേള്‍ക്കുന്നവരും പൊട്ടി, പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. പൊട്ടിയ നെഞ്ഞും, നിറഞ്ഞ കണ്ണുമായി അയാള്‍ തിരിച്ചു തന്റെ ചേരിയില്‍ എത്തിയപ്പോള്‍ കാണുന്നു. ഭ്രാന്തനും, തന്റെ മോളും കൂടി ഒറ്റ മുറിയുള്ള ആ ചേരിയില്‍. ചിരിച്ചു കൊണ്ടിരിക്കുന്നു. ഗണപതിയുടെ ആ കൊച്ചു വിഗ്രഹത്തെ മകള്‍ കെട്ടിപ്പിടിച്ചിരിക്കുകയാണ്. വിഗ്രഹത്തിന്റെ കഴുത്തില്‍ ഒരു പുതിയ പൂ മാലയുമുണ്ട്. ഭ്രാന്തന്റെ കണ്ണുനീര്‍ കുതിര്‍ന്ന ആരതിയില്‍ അയാളും, ആ അരുമ മോളും മുഴുകി ഇരുന്നു. ആരതിക്ക് ശേഷം മൂവരും കൂടി പറഞ്ഞു "ഗണപതി ബാപ്പ മോറിയ, പുട്ച്ച്യാ വരഷാപ്പന്‍ ഇത്തെസ് രാഹ." ഗണപതിക്ക് ജയം, അടുത്ത വര്ഷം കൂടി ഇവിടെ തന്നെ ഉണ്ടായിരിക്കണേ.
No comments:
Post a Comment