junction kerala.com

Saturday, September 29, 2012

പുതിയ പഴമ

അക്ഷരങ്ങളില്‍ ക്ഷകാരമെവിടെയെ-*
ന്നക്ഷരങ്ങളില്‍ തിരഞ്ഞ മാത്രകള്‍ 
അക്ഷമക്കും ക്ഷമയുണ്ടോ എന്ന-
ക്ഷമനായ് ആരാഞ്ഞ നാളുകള്‍
വൃത്തമൊന്നര്‍ത്ഥത്തില്‍ തീര്‍ത്തു 
വൃത്താന്ദമെന്തെന്നറിയുവാന്‍
വൃത്തത്തിലക്ഷരം വൃത്തിയായ്
ചേക്കേറി, ബഹിര്‍ ഭാഗത്തക്ഷരം 
ക്ഷോഭത്താല്‍ വിറ പൂണ്ടു.
വൃത്തമോരലങ്കാരമല്ലേ എന്നും 
വൃത്തമെത്ത്ര പൂജ്യനെന്നുമവര്‍
വൃത്തത്തിനുള്ളില്‍ നിന്നുമോതി.
ബാഹ്യരാണെങ്കിലോ ഭ്രുത്യ-
മാത്രനായ നീ  എത്ര മാത്ര പൂജ്യമെ-
ന്നക്ഷമരായ് പഴി ചൊല്ലി.
വൃത്തത്തിന്‍ വരയില്‍ നിന്നാരോ 
മൊഴി ചൊല്ലി, അക്ഷരമന്ധ-
മല്ലെന്നാകില്‍, ഐശ്വര്യം തന്നെയക്ഷരം 
ആ മൊഴിയിരവലൊരു ഭൂരിപക്ഷമായി.

*ക്ഷകാരം എന്നതിന് സൃഷ്ടി എന്നര്‍ത്ഥം കൊടുത്തിരിക്കുന്നു. 

Wednesday, September 26, 2012

അറിവിന്റെ നിറം.

ഇരുട്ട് മായുന്നതിന്നു മുമ്പ് അയാള്‍ എഴുന്നേല്‍ക്കാറുണ്ടായിരുന്നു. അന്ന് വൈകിപ്പോയിരുന്നു. മഷി കഴിഞ്ഞ പേനയും കടിച്ചു, നഷ്ട്ടപ്പെട്ടു പോയ ഇരുളിനെ ഓര്‍ത്തു അയാള്‍ വിലപിച്ചിരുന്നു. പിന്നിലേക്ക്‌ പോയാല്‍ ഇരുട്ടിനെ കാണാന്‍ പറ്റുമോ? വൃഥാവിലാവില്ലേ നടത്തം? വെറുതെ ആലോചിച്ചു. ഇരുട്ടിനു മാത്രമേ തനിക്കു ആ കറുത്ത മഷി തരാന്‍ ആവുള്ളൂ. അതില്‍ എഴുതിയാലേ സമാധാനം തോന്നൂ. ആരെങ്കിലും വായിക്കൂ. ഇനി പറഞ്ഞിട്ട് എന്ത് കാര്യം? കുനിഞ്ഞ മുഖവുമായി ഇരിക്കുന്ന അയാള്‍ തല പൊക്കി. ആരാ തന്നെ തോണ്ടിയത്? വെളുത്ത ചിരിയുമായി സൂര്യ രശ്മി മുന്നില്‍ നില്‍ക്കുന്നു. "മഷി കഴിഞ്ഞ സങ്കടത്തില്‍ ആണല്ലേ?" ആ ചിരിയില്‍ എന്തൊരു സാന്ത്വനം? ആ ചിരിക്കു എന്തൊരു വശ്യത? എന്തെ ഇത് വരെ ഞാന്‍ ഇരുട്ടിനെ പ്രേമിച്ചു നടന്നിരുന്നത്? "എന്താ ആലോചിക്കുന്നത്? തൂലികയില്‍ ഞാന്‍ നിറഞ്ഞു നിന്നാല്‍ മതിയോ?" ചോദ്യം കേട്ട് അയാള്‍ ചിരിച്ചു. വെളുത്ത മഷിയില്‍ വെളുത്ത ഏടില്‍ എഴുതിക്കിടക്കുന്ന വാക്കുകളെ ആലോചിച്ചു അറിയാതെ പൊട്ടിച്ചിരിച്ചു. ആലോചനയുടെ അതെ വഴിയില്‍ നടന്ന വെളുത്ത സുന്ദരിയും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. ആ പങ്കു ചേര്‍ന്ന ചിരിക്കു പക്ഷെ എന്തോ അര്‍ത്ഥമുണ്ടല്ലോ? സുന്ദരിയുടെ മുഖത്തേക്ക് അയാള്‍ സൂക്ഷിച്ചു നോക്കി. അറിവിന്റെ നിറമാണല്ലോ ഇത്? സാക്ഷാല്‍ സരസ്വതി! ഏഴു നിറങ്ങളും കലര്ന്നവള്‍! അല്ലെ വെളുപ്പ്‌? അറിവില്ലമയല്ലേ ഇരുട്ട്? യാതൊരു നിറവും ഇല്ലാത്ത പിച്ചക്കാരി. അപ്പോള്‍ വെളുപ്പ്‌ മഷിയില്‍ എഴുതുമ്പോള്‍ വായിക്കാന്‍ പറ്റാത്തവരല്ലേ അറിവില്ലാത്തവര്‍? തല കുനിച്ച് വെളുപ്പിനെ വന്ദിച്ച് അയാള്‍ വെളുപ്പില്‍ ഇല്ലാതാകുകയായിരുന്നു. അയാളില്‍ ഞാനും.

Tuesday, September 25, 2012

എന്റെ അറിവുകേട്:



അടുത്ത നാളിന്നു പകുത്തു നല്‍കാന്‍ 
പടുത്തു ഞാനോരീ കൊച്ചു സൌധം 
കുഴിച്ചു മാറ്റിയ കറുത്ത മണ്ണില്‍ 
കുഴച്ചു വെച്ചൊരു വെളുത്ത സുപ്തി.

മഴയ്ക്കു മുമ്പേ തഴക്കുവാനായ്
അഴിച്ചോതുക്കീ കഴിഞ്ഞ ജന്മം 
പകച്ചു നില്‍ക്കും കിതപ്പ് കാണ്‍കെ 
വിതച്ചു ഞാനെന്‍ കുതിപ്പ് കാലം.

കറുത്ത കല്ലില്‍ തികച്ചു  വെച്ചു 
മടുത്ത പാട്ടിന്‍ തുടുത്ത താളം 
കറുത്ത തേക്കില്‍ കടഞ്ഞു വെച്ചു
മറന്ന രാഗം നനുത്ത ഭാഗം.

കൊതിച്ച ചുമരില്‍ ഗണിച്ചു വെച്ചു
കുറഞ്ഞ വാക്കില്‍ നിറഞ്ഞ പ്രാസം,
പുരപ്പുറത്തായ്  തറച്ചു നിര്‍ത്തീ 
അതിര്‍ത്തി കാക്കാന്‍ അന്യാപദേശം.

കവാട മാര്‍ഗ്ഗേ തറച്ചു വെച്ചു 
ഗണിച്ച വാക്കും, തടിച്ച നാക്കും 
അതിശയോക്തിക്കയിത്തമില്ലേ
വിളിച്ചു കൂവി, വിരോധാഭാസം.

സിനെക്ഡോക്കും, മെടോനിമിക്കും 
നിമിത്തമെന്താ,  തടഞ്ഞു  നോക്കാം 
അരിക്ക് വയറും, അരക്ക് പെണ്ണും 
വരഞ്ഞു കാണാന്‍, കരഞ്ഞുവല്ലോ.

അരക്കിനാവിന്റെ കടുത്ത നോവില്‍ 
കരിച്ചു ഞാനെന്റെ മരിച്ച മോഹം
വിതച്ചതെല്ലാം മെതിക്കുവാനായ്
തികച്ചു വേണ്ടേ മികച്ച മൂള?

ശ്രമബിന്ദു

വിത്ത് പാകി പത്തായത്തില്‍ എത്തുന്ന വരെയുള്ള ഓരോ ശ്രമകണങ്ങളും അയാള്‍ ഒരു തുള്ളി പോലും കളയാതെ കുപ്പികളില്‍ സൂക്ഷിച്ചു. ചെടി വലുതാക്കി കായ തരുന്ന മരത്തിന്‍റെ പരുവത്തില്‍ ആക്കിയ വിയര്‍പ്പു തുള്ളികളും അയാള്‍ മറക്കാതെ കുപ്പികളിലാക്കി സൂക്ഷിച്ചു. മണ്ണില്‍ വീണ ഓരോ വിയര്‍പ്പു തുള്ളികളെയും അയാള്‍ ആഴത്തില്‍ കുഴിച്ചു കിണറുകളും, കുളങ്ങളും ആക്കി തിരിച്ചെടുത്തു കുപ്പികളിലാക്കി. ആരോടോ പക വീട്ടാന്‍ എന്ന പോലെ രോഷം കാട്ടി ഒഴുകുന്ന പുഴകളിലേക്ക് തെറിച്ചു വീണ ശ്രമ ബിന്ദുക്കളേയും അയാള്‍ വൃഥാ പാഴാക്കാന്‍ സമ്മതിച്ചില്ല. ഒഴുക്കിനെതിരെ നീന്തി അത് കൈക്കലാക്കി കുപ്പികളില്‍ ആക്കുന്നത് വരെ അയാള്‍ക്ക്‌ ഉറക്കം വരുമായിരുന്നില്ല. രാത്രികളുടെ അനേകം പേറ്റുനോവുകളുടെ വേദന അയാളിലേക്കും പടര്‍ന്നു വന്ന ഒരു സായാഹ്നത്തില്‍ ഭാര്യയെ നോക്കി അയാള്‍ പറഞ്ഞു "എന്തോ സുഖം തോന്നുന്നില്ല. ഒന്ന് കിടക്കട്ടെ." അന്ന് വരെയും മൃദുവായി തോന്നിയിരുന്ന പുല്‍പ്പായ അയാള്‍ക്ക്‌ ഒരു  കല്ല്‌ പോലെ തോന്നി. ഒരു കത്തിയെടുത്തു വളര്‍ന്നു വലുതാക്കിയ വാഴയുടെ അടുത്തു പോയി പറഞ്ഞു "വേദനിപ്പിക്കണം എന്ന് വിചാരിച്ചിട്ടല്ല. ആവശ്യമായി വന്നു." നീണ്ട, മുറിക്കാത്ത ഇലയുമായി വന്നു അതില്‍ കിടന്നപ്പോള്‍ അയാള്‍ക്ക്‌ ഒരു സുഖം തോന്നി. "നിങ്ങള്‍ക്കെന്താ ഭ്രാന്തു പിടിച്ചോ?" ഒരിക്കലും തിരിച്ചു ഒരക്ഷരം പറയാത്ത ഭാര്യയുടെ  വാക്കുകള്‍ ചെവിയില്‍ മുട്ടി തിരിച്ചു വന്നു. "സന്ധ്യയായി അല്ലെ? ദേവീ, നീ ആ നിലവിളക്ക് കൊളുത്തി ഒന്നിവിടെ വെക്കൂ. എനിക്കൊന്നു വായിക്കണം." വടക്കോട്ട്‌ തിരിഞ്ഞു കിടന്നു അയാള്‍ പുലമ്പി. നിലവിളക്കും കൊളുത്തി വന്ന ദേവിയും ഒരു ഉള്‍വിളി കിട്ടിയ പോലെ അയാളോട് ചേര്‍ന്ന് കിടന്നു. നാല് കണ്ണുകള്‍ രാമനാമം ചൊല്ലി അടഞ്ഞപ്പോള്‍, അയാളുടെ പ്രിയപ്പെട്ട പുളിമാവിന്‍റെ ശരീരം തെക്കേ തൊടിയിലെ രണ്ടു കുഴികളുടേയും അളവില്‍ മുറിഞ്ഞു കഴിഞ്ഞിരുന്നു.


അയാളുടെ നിറഞ്ഞ കുപ്പികള്‍ നിലത്തുറക്കാത്ത കാലുകളോടു കൂടി, അടുത്ത നാളുകളില്‍  രണ്ടു വരികളില്‍ സ്ഥാനം പിടിക്കുന്നുണ്ടായിരുന്നു. നര്‍ത്തനം ചെയ്യുന്ന രണ്ടു കണ്ണുകളുടെയും, നുരഞ്ഞു പൊങ്ങുന്ന ഗ്ലാസ്സുകളുടേയും നീണ്ട വരികളില്‍.!. 

Sunday, September 23, 2012

കീറി നാറുന്ന കുപ്പായവുമിട്ട്, പാറിപ്പറക്കുന്ന മുടിയുമായി അയാള്‍ കടല്‍ക്കരയിലേക്ക്‌ പോകുന്ന ആ പാതവക്കില്‍ ഇരുന്നു. വിസര്‍ജ്ജനത്തിനു കൊണ്ടു പോകുന്ന ഓരോ ഗണപതി  വിഗ്രഹവും  കണ്ടു അയാള്‍ കൈ കൊട്ടി ചിരിച്ചു. സ്വര്‍ണ്ണം കൊണ്ട് തീര്‍ത്ത വിഗ്രഹങ്ങള്‍, സ്വര്‍ണ്ണത്തില്‍ മുക്കിയ വിഗ്രഹങ്ങള്‍, സ്വര്‍ണ്ണ ആഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ച വിഗ്രഹങ്ങള്‍, നാല് പുറങ്ങളിലും ബള്‍ബുകളുടെ ശോഭ കൊണ്ട് തിളങ്ങുന്ന വിഗ്രഹങ്ങള്‍, വലിയ ലോറിയില്‍ വരുന്ന വിഗ്രഹം, മിനി ലോറിയില്‍ വരുന്നവ, ഓട്ടോ റിക്ഷയില്‍ വരുന്നവ, ഉന്തു വണ്ടിയില്‍ കൊണ്ട് വരുന്നവ എന്തെല്ലാം തരത്തിലുള്ള വിഗ്രഹങ്ങളാണ്! കൈ കൊട്ടി ചിരിക്കുന്ന ആ ഭ്രാന്തനെ നോക്കി വിഗ്രഹ   വിസര്‍ജ്ജനത്തിനു പോകുന്ന പലരും ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ്‌ അയാള്‍ കണ്ടത്. ഒരു മനുഷ്യനും, അയാളുടെ കൂടെ ഒരു ചെറിയ പെണ്‍കുട്ടിയും, ഒരു ആറു വയസ്സായിക്കാണും, ഒരു കൊച്ചു ഗണേശ വിഗ്രഹവും ആയി വരുന്നത്. പാട്ടും, കൊട്ടും ഒന്നും ഇല്ലാതെ അയാള്‍ ഒരു കാലില്‍ ഒരു മുളവടിയുടെ സഹായത്തോടെ  നൊണ്ടി, നൊണ്ടി ഒറ്റ കയ്യില്‍ ആ കൊച്ചു വിഗ്രഹം ബാലന്‍സ് ചെയ്തു കടലിനു നേര്‍ക്ക്‌ നടക്കുന്നു. അയാളുടെ കൊച്ചു മകള്‍ കരഞ്ഞു, തുടുത്ത മുഖവുമായി പിന്നിലും ഉണ്ട്. "വെള്ളത്തില്‍ ഒഴുക്കേണ്ട, അച്ഛാ" എന്ന് കൂടെ, കൂടെ പറയുന്നുണ്ട്. കേള്‍ക്കാത്ത ഭാവത്തില്‍ നടക്കുന്ന അയാളുടെ കയ്യില്‍ നിന്നും ആ കൊച്ചു വിഗ്രഹവും തട്ടിപ്പറിച്ചു, ആ ആറു വയസ്സുകാരിയെയും പൊക്കി പ്പിടിച്ചു ഭ്രാന്തന്‍ ഓടി. ഉറക്കെ കരയുന്ന ആ അച്ഛന്റെ ശബ്ദം ചെണ്ടകളുടെ ശബ്ദത്തില്‍ മുങ്ങുകയായിരുന്നു. കാണുന്നവരും, കേള്‍ക്കുന്നവരും പൊട്ടി, പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. പൊട്ടിയ നെഞ്ഞും, നിറഞ്ഞ കണ്ണുമായി അയാള്‍ തിരിച്ചു തന്റെ ചേരിയില്‍ എത്തിയപ്പോള്‍ കാണുന്നു. ഭ്രാന്തനും, തന്റെ മോളും കൂടി  ഒറ്റ മുറിയുള്ള ആ ചേരിയില്‍. ചിരിച്ചു കൊണ്ടിരിക്കുന്നു.  ഗണപതിയുടെ ആ കൊച്ചു വിഗ്രഹത്തെ മകള്‍ കെട്ടിപ്പിടിച്ചിരിക്കുകയാണ്. വിഗ്രഹത്തിന്റെ കഴുത്തില്‍ ഒരു പുതിയ പൂ മാലയുമുണ്ട്. ഭ്രാന്തന്റെ കണ്ണുനീര്‍ കുതിര്‍ന്ന ആരതിയില്‍ അയാളും, ആ അരുമ മോളും മുഴുകി ഇരുന്നു. ആരതിക്ക് ശേഷം മൂവരും കൂടി പറഞ്ഞു  "ഗണപതി ബാപ്പ മോറിയ, പുട്ച്ച്യാ വരഷാപ്പന്‍ ഇത്തെസ് രാഹ." ഗണപതിക്ക്‌ ജയം, അടുത്ത വര്ഷം കൂടി ഇവിടെ തന്നെ ഉണ്ടായിരിക്കണേ.

വീണ്ടും ഒരു വിരഹം

നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളഞ്ഞു, പൊട്ടിച്ചിതറി കിടക്കുന്ന കുപ്പിവളകളുടെ മധ്യത്തില്‍ അവള്‍ ഇരുന്നു. പ്രായം കയറി വരാന്‍ വിസമ്മതിക്കുന്ന ആ ശരീരം താല്‍ക്കാലികമായെങ്കിലും    ക്ഷീണിച്ചിരുന്നു. കണ്ണുകളില്‍ തുളുങ്ങി കിടക്കുന്ന അഗാധ ദുഖത്തെ, ഉള്ളില്‍ തന്നെ നിര്‍ത്തുവാന്‍ കരിങ്കല്‍ കഷ്ണങ്ങളും, മണല്‍ക്കൂനയും ഒഴുക്കിന്നെതിരെ വാരി വിതറിയിട്ടു. വിറയാര്‍ന്ന കൈകള്‍ കൊണ്ട് മുന്നില്‍ കിടക്കുന്ന  സനാതന ഓര്‍മ്മയ്ക്ക്‌ ഒരു ഭസ്മ തിലകം ചാര്‍ത്തി, ആ യുവതി യവനികയ്ക്കു പിന്നില്‍ ഒതുങ്ങി ഇരുന്നു. നാല് പുറങ്ങളിലും നടക്കുന്ന കുശു കുശുക്കളില്‍ ആസക്തി ഇല്ലാതെ ...............അവളുടെ അവസ്ഥ ആരെങ്കിലും കണ്ടിരിക്കുമോ? ഉണ്ടാവാന്‍ വഴിയില്ല. ഉണ്ടെങ്കില്‍ അവളുടെ കാലില്‍ തട്ടി ചില വാക്കുകള്‍ ചിതറുമായിരുന്നില്ലല്ലോ! നാല് പുറങ്ങളിലും ആ സുന്ദരി വീണ്ടും ആരെയോ തിരയുന്ന പോലെ നോക്കുന്നുണ്ടായിരുന്നു.

അല്ലിഗറി



പനിനീര്‍പ്പൂവിന്റെ നിത്യ സന്ദര്‍ശകനായിരുന്ന വണ്ടിനോടു ഒരിക്കല്‍ അതിന്റെ അഹന്ത പറഞ്ഞു "നിന്റെ കറുത്ത ദേഹം എന്നില്‍ മുട്ടിച്ചാല്‍ എനിക്കും പകരില്ലേ ആ  കറുപ്പ്? നിന്ദ്യമായ ആ ദരിദ്ര കറുപ്പ്!" ഒന്നും മിണ്ടാതെ ആ പാവം വണ്ട്‌ തുളസിയില്‍ പോയിരുന്നു. അവന്റെ മനസ്സിന്റെ  വ്രണം ഉഴിഞ്ഞു മാറ്റിയ തുളസിയെ നിറകണ്ണുകളോടെ  നോക്കി വണ്ട്‌ പറഞ്ഞു "താങ്കള്‍ക്കു തരാന്‍ എന്റെ കയ്യില്‍ ഈ കറുപ്പ് നിറം മാത്രമേ ഉള്ളൂ.എന്റെ കയ്യില്‍ വേറൊന്നും ഇല്ല." വെളുത്ത് സുന്ദരിയായ ആ തുളസി പറഞ്ഞു "എനിക്ക് കറുപ്പ് നല്ല ഇഷ്ടമാണ്. പുറമേ കറുപ്പാണെങ്കിലും താങ്കളുടെ അകം വെളുപ്പാണ്. തന്നോളൂ. ഞാന്‍ സന്തോഷമായി സ്വീകരിക്കാം. പ്രതിഫലമായിട്ടല്ല. താങ്കളുടെ ഓര്‍മ്മയ്ക്ക്‌ വേണ്ടി മാത്രം." സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടിയ വണ്ട്‌ കറുപ്പ് നിറം പകര്‍ന്നപ്പോള്‍ വെള്ള തുളസിയുടെ നിറം  നീലയായി  മാറി. ആ നീല തുളസിയെ  മന്ദമാരുത രൂപത്തില്‍ വന്ന ദൈവം ഉമ്മ വെച്ച് പറഞ്ഞു "പൂക്കളില്‍ ജ്ന്യാനി നീ. ഏറ്റവും ഉപയോജ്യ നീ. ഏറ്റവും പുണ്യവതി നീ." യാതൊന്നും അറിയാത്ത മാതിരി, യാതൊരു അഹന്തയും തോന്നാതെ നീലത്തുളസി വണ്ടിനോടു പറഞ്ഞു "സന്ധ്യ ആയല്ലോ! നിനക്ക് തരാന്‍ എന്റെ കയ്യില്‍ ഭക്ഷണം ഒന്നും ഇല്ല. നീ ആ ചെളിയില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയുടെ അടുത്തു പൊയ്ക്കോള്ളൂ. അവള്‍ നിനക്ക് എന്തെങ്കിലും തരാതിരിക്കില്ല." മനസ്സോടെ തുളസിയെ നമിച്ചു വണ്ട്‌ താമരയുടെ അടുത്തു പോയിരുന്നു.  ഒന്നും മിണ്ടാത്ത വണ്ടിനോടു അവള്‍ ചോദിച്ചു "വിശന്നു  വലയുക ആണല്ലേ? എന്റെ രക്തത്തിന്നു നല്ല മാധുര്യമാണ്. കുടിച്ചോളൂ. വേണ്ടുവോളം കുടിക്കാം." വയറും,  കണ്ണും  നിറഞ്ഞ വണ്ട്‌ പോകാന്‍ തുടങ്ങുമ്പോള്‍ താമര പറഞ്ഞു "തുളസിയുടെ ചില ഗുണങ്ങള്‍ എന്നിലേക്ക്‌ പകര്‍ന്നു, അല്ലെ? ഇപ്പോള്‍ രാത്രിയായി. പോകേണ്ട. ഞാന്‍ നിന്നെ പുതപ്പിക്കാം."
പനിനീര്‍പ്പൂ ഇന്നും അതിന്റെ അഹന്തയുടെ ഫലം അനുഭവിക്കുന്നു. ഇപ്പോഴും ദേഹം മുറിച്ചു നടണം. അടുത്ത തലമുറ വേണമെങ്കില്‍. അതെ വഴിയുള്ളൂ. അഹന്ത പോകുവോളം മുറിക്കട്ടെ.

Friday, September 21, 2012

എല്ലാ ദിവസവും നാളേക്ക് വിരിയുന്ന മൊട്ടുകള്‍ നോക്കി ഞാന്‍ നടക്കും. നഗരഭാവത്തില്‍ പൂക്കളുടെ വേട്ടക്കാരുടെ കണ്ണുകളില്‍ നിന്നും രക്ഷപ്പെട്ട ഈ മൊട്ടുകള്‍ എന്നെ കണ്ടാല്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടാവും. അമ്മച്ചെടിയുടെ നാളെയുടെ സ്വപ്നങ്ങളെ യാതൊരു കനിവുമില്ലാതെ നഖക്ഷതം കൊണ്ട് മുറിച്ചു  മാറ്റുമ്പോള്‍ ആ അമ്മയുടെ കണ്ണുകളില്‍ നിന്നും വീഴുന്ന അശ്രു ബിന്ദുക്കള്‍ ഞാന്‍ കണ്ടില്ലെന്ന്  നടിക്കും. ഒരു ദിവസം കൂടി അമ്മയുടെ നെഞ്ചിന്റെ ചൂടേറ്റ് ഒന്നുറങ്ങിക്കോട്ടേ എന്ന് ആ മൊട്ടുകള്‍ കെഞ്ചിക്കരയുന്നുണ്ടാവും.ആ അമ്മിഞ്ഞപ്പാലിന്റെ  രുചിയില്‍ നിന്നും നിര്‍ബ്ബന്ധമായി പിടിച്ചു മാറ്റി, ഒന്നുമറിയാത്ത ഭാവത്തില്‍ നടന്നു നീങ്ങുമ്പോള്‍ ആ അമ്മച്ചെടി എന്ത് പറഞ്ഞാവും ശപിക്കുന്നുണ്ടാകുക? അവരുടെ നിഘണ്ടുവില്‍ ഭ്രൂണ ഹത്യക്ക് എന്തായിരിക്കും ശബ്ദം ഉണ്ടാവുക? എന്റെ മുന്‍ഗാമികളായ പൂവേട്ടക്കാരെ അവര്‍ എന്താവും പേരിട്ടിട്ടുണ്ടായിരിക്കുക?  നരധാമന്‍ എന്നതിന്റെ അവരുടെ പര്യായം എന്തായിരിക്കും? കാലുകള്‍ ബന്ധിച്ചു നിറുത്തിയിരിക്കുന്ന ഭൂമീദേവിയെന്ന  എല്ലാ ചരാചരങ്ങളുടെയും അമ്മയോട്  "ഞങ്ങളോട് എന്തിനീ പാരപക്ഷ്യം? ഞങ്ങളുടെ കാലുകള്‍ക്ക് മാത്രം എന്തിനീ ബന്ധനം?" എന്ന് കണ്ണീരില്‍ കുതിര്‍ന്ന പരാതിയില്‍ ക്കൂടി ആ അമ്മച്ചെടി പറഞ്ഞിട്ടുണ്ടാവില്ലേ?  എന്റെതെന്ന കൈപ്പിടിയില്‍ ഒതുക്കുന്ന ആ പിഞ്ചു മൊട്ടുകളുടെ രക്തക്കറ, തിമിരം ബാധിച്ച എന്റെ കണ്ണുകള്‍ എത്ര സുഗമമായാണ് കണ്ടില്ലെന്നു നടിക്കുന്നത് ? കൈകളില്‍ പിടിച്ച ആ കറ എത്ര എളുപ്പമാണ് യാതൊരു വികാരവും ഇല്ലാതെ ഞാന്‍ കഴുകി കളയുന്നത്‌ ? വെള്ളത്തില്‍ മുക്കിയിട്ട ആ മൊട്ടുകള്‍ രാത്രി മുഴുവന്‍, എനിക്ക് കേള്‍ക്കാത്ത ശബ്ദത്തില്‍, അന്യോന്യം എന്തായിരിക്കും പറഞ്ഞിട്ടുണ്ടായിരിക്കുക? ആ ഭ്രൂണഹത്ത്യക്കാരനായ ഞാന്‍ എന്ന ചെകുത്താന്‍ ഉണരുന്നതിനു മുമ്പേ പുലരിയെ ഒന്ന് കാണാന്‍ നമുക്ക് മിഴി തുറക്കാം എന്നായിരിക്കുമോ? നിഷ്ക്കളങ്കത്തിന്റെ മൂര്‍ത്തീഭാവങ്ങളെ നിങ്ങള്‍ക്കെന്തറിയാം? പാപങ്ങള്‍ ഗംഗയിലും, യമുനയിലും, നിളയിലും കഴുകി ക്കളയുന്ന ഞാന്‍ നഗരത്തിലെ ഫ്ലാറ്റില്‍ നിശ്ചിതസമയങ്ങളില്‍ ഒഴുകുന്ന വെള്ള പ്രവാഹങ്ങളിലും പാപം കഴുകിക്കളയുന്നുണ്ട്. മിഴി തുറക്കുന്ന നിങ്ങളുടെ കഴുത്തില്‍ ഞാന്‍ "ഇത് ദേവന്, ഇത് ദേവിക്ക്" എന്ന തിരിച്ചറിയല്‍ ചീട്ടുകള്‍ തൂക്കി, നെഞ്ചോടു ചേര്‍ത്തു ഹോമ ചിഹ്നങ്ങളായി വെച്ചു, എന്റെ മോഹങ്ങള്‍ പൂവണിയാന്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥന എന്തായിരുന്നു? ഞങ്ങളുടെ നരധാമനായ, ഭ്രൂണഹത്യക്കാരനായ ഇവന്റെ പ്രാര്‍ത്ഥന നീ എങ്ങിനെ കേള്‍ക്കുന്നു, ദേവീ അല്ലെങ്കില്‍ ദേവാ എന്നായിരുന്നുവോ? മനുഷ്യന്റെ പര്യായമായ എന്റെ നിത്യ ദുഖത്തിന്റെ കാരണം എന്റെ ഈ സ്വാര്‍ഥത തന്നെ ആയിരുന്നുവോ? എന്നാലും എനിക്ക് പൂക്കള്‍ വേണം, മൊട്ടുകള്‍ വേണം. എനിക്കെന്റെ മോഹങ്ങള്‍ പൂവണിയണം. നിങ്ങളുടെ മോഹങ്ങള്‍ കൊണ്ട് എനിക്കെന്തു ഗുണം? ഇവിടെ എന്റെതാണ് എല്ലാം, എന്റെ ദേവന്‍, എന്റെ ദേവി.

Wednesday, September 19, 2012

ഞാനെന്ന ചവറ്റുകുട്ട

എന്താണിത്? നടവഴിയില്‍ മുഴുവന്‍ ചവറാണല്ലോ! നാറുന്ന ചപ്പു ചവര്‍ . ഇപ്പോഴല്ലേ ഞാന്‍ ഇതു വഴി വന്നത്? വഴിപോക്കര്‍ ആവും. അതോ അയല്പക്കരോ? വൃത്തി കെട്ടവരാണ്. നാറികള്‍ . ഏതായാലും ചൂലെടുത്ത് ഒന്ന് വൃത്തിയാക്കാം. ഒരറ്റം മുതല്‍ തൂത്തു വാരി കൂടയില്‍ ഇട്ടു. തിരിഞ്ഞു നോക്കി. വൃത്തിയയല്ലോ അല്ലെ? ഇതെന്താ? അത്രയും ചപ്പു ചവര്‍ വീണ്ടും! ഒരു പ്രാവശ്യം കൂടി വൃത്തിയാക്കി തിരിഞ്ഞു നോക്കി. പുറത്തു നിറച്ച ചവറ്റു കൂട നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പക്ഷെ വഴിയിലെ വൃത്തികേട് ഉണ്ടെങ്കിലും വര്‍ദ്ധിച്ചിട്ടെ ഉള്ളൂ. മനസ്സിലാകുന്നില്ല. ഇതെവിടുന്നാണ് വരുന്നതെന്നറിയാന്‍ മനസ്സിന്റെ ഉള്ളിലേക്ക് ഒന്ന് നോക്കി. എന്താ ഇതു? എന്‍റെ മനസ്സിന്‍റെ ഉള്ളിലെ വൃത്തികേടായിരുന്നല്ലോ ഇതെല്ലാം! എന്നിട്ടും ഞാന്‍ എന്തെ മറ്റുള്ളവരെ കുറ്റക്കാരാക്കിയത്? എന്റെ അറിവ് കേടാണോ? എല്ലാവരും പുകഴ്ത്താറുണ്ടല്ലോ ! എന്നെ പ്പോലെ അറിവുള്ളവര്‍ ഉണ്ടാവുകയില്ല എന്ന്. സയന്‍സ് ആയാലും, കണക്കു ആയാലും, രാഷ്ട്രീയം ആയാലും, നിയമം ആയാലും ആകാശത്തിന്നു താഴെയുള്ള എന്തിനെ പറ്റിയും എനിക്കറിവുണ്ടെന്നു! എത്ര ക്യുസ് മത്സരങ്ങളില്‍ ഞാന്‍ ജയിച്ചുട്ടുണ്ട്! എങ്കിലും എന്‍റെ തലച്ചോറിലും ഒന്ന് എത്തി നോക്കാം. ദൈവമേ! ആദ്യമായി ആ വാക്ക് പുറത്തു വന്നു. അവിടെയും വെറും ചപ്പു ചവറുകള്‍ മാത്രമാണല്ലോ! സ്നേഹം എന്നതൊന്നു അവിടെ ഉണ്ടോ? അലിവു എന്നൊരു വികാരം എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ? കഷ്ടം! ഈ ജീവിതം എന്തിനു വേണ്ടിയായിരുന്നു! മുഴുവന്‍  പാഴായിപ്പോയില്ലേ? ഈ നിമിഷം മുതല്‍ക്കു തന്നെ ആ ചപ്പു ചവറുകള്‍ ഒന്ന് വലിച്ചെറിയാന്‍ കഴിഞ്ഞെങ്കില്‍! ഈ വഴിയെല്ലാം എത്ര നന്നായിരുന്നു! എന്‍റെ അടുത്ത  തലമുറക്കെങ്കിലും ഉപയോഗപ്രദമായിരുന്നു!

Tuesday, September 18, 2012

ഞാന്‍ എന്ന നിഴല്‍:

ഞാന്‍ നിങ്ങളുടെ നിഴല്‍, നിങ്ങളുടെ സ്വന്തം നിഴല്‍ ആണ് കേട്ടോ. ഞെട്ടുന്നുണ്ട്, അല്ലെ? എന്‍റെ മുഖം നിങ്ങള്‍ക്ക് അന്യമായി തോന്നുന്നുണ്ടോ? അതോ, എന്‍റെ വാക്കുകളില്‍ വിശ്വാസക്കുറവു തോന്നിയിട്ടാണോ? ഒരു അന്യത്വം, ഒരു പരിചയമില്ലായ്മ മുഖത്ത് മിന്നിയത് കൊണ്ട് ചോദിച്ചതാണ്. എന്തെ ഒരിക്കല്‍ തീഷ്ണതയുടെ  പര്യായങ്ങളായ ആ കണ്ണുകള്‍ ഇന്ന് എന്‍റെ കണ്ണുകളില്‍ നിന്നും പിന്‍വലിച്ചത്? എന്നും, എപ്പോഴും നാല് പുറങ്ങളില്‍  പേരും, പെരുമയും  തിരഞ്ഞു കൊണ്ടിരുന്ന  ആ കണ്ണുകള്‍!,  ഇന്നെന്തേ ഒരേ ബിന്ദുവില്‍ മാത്രം, ഇമ വെട്ടാതെ, നോക്കുന്നത്? എന്‍റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഒരു ബധിരനെപ്പോലെയാണല്ലോ പെരുമാറുന്നത്. ആരെന്തു പറഞ്ഞാലും, സ്വന്തം ശ്രവണേന്ദ്രിയങ്ങളില്‍ക്കൂടി അല്ലെങ്കിലും, ആ കാതുകളില്‍ എത്തിക്കാന്‍!.എത്രയോ ശിങ്കിടികളെ വെച്ചിരുന്നില്ലേ?  തിരിച്ചെന്തെങ്കിലും പറയാതിരിക്കാന്‍ ഇപ്പോള്‍ എങ്ങിനെ കഴിയുന്നു? പേര് കേട്ട വാഗ്മി ആയിരുന്നല്ലോ! ആയിരങ്ങളെ ഊമകളാക്കി  എത്രയെത്ത്ര കയ്യടികള്‍ ചെവിയിലും, കടലാസ്സുകളിലും സൂക്ഷിച്ചു വെച്ചിട്ടുണ്ട്!   എന്ത് കണ്ടാലും, മോഹം തോന്നിയാല്‍ പിന്നെ, അത് കീശയില്‍ ആക്കണം, അതിനു വേണ്ടി ആ വസ്തുക്കളുടെ പിന്നില്‍ നിന്നും മാറാതിരുന്ന ആ ഇമകള്‍ എന്താണ് ഇപ്പോള്‍ അനങ്ങാന്‍ മടിക്കുന്നത്? എന്നെയെങ്കിലും നോക്കാതിരിക്കുന്നതെന്തേ?  അപകര്‍ഷതാ ബോധം കൊണ്ടാണോ? എന്‍റെ കണ്ണുകളില്‍ വെറുപ്പ്‌ നിറയുന്നുണ്ടോ എന്ന സംശയം കൊണ്ടാണോ? ആ സംശയം നിങ്ങള്‍ക്ക് തോന്നേണ്ട. ഞാന്‍ അതില്‍ നിന്നെല്ലാം അതീതനാണ്, മാഷെ. എങ്കിലും ഞാന്‍ പറയട്ടെ. പറയാതിരിക്കാന്‍ കഴിയില്ല. ഇത്രയും കാലം എന്നെ അന്ധനും, ഊമയും, ബധിരനും ആക്കിയ നിങ്ങളോട് ഞാന്‍ ഇപ്പോഴെങ്കിലും എന്‍റെ ചിന്തകള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍, എന്‍റെ സ്വന്തം മനസ്സാക്ഷിയോട്‌ ചെയ്യുന്ന ഒരു വലിയ തെറ്റായിരിക്കും. പറ്റില്ല, നിങ്ങള്‍ക്ക് വേണ്ടി ഇനിയും കുരിശു ചുമക്കുവാന്‍. ഞാന്‍ വിസമ്മതിക്കുന്നു.നിങ്ങളുടെ ഒരപ്പകഷ്ണവും ഞാന്‍ രുചിച്ചിട്ടില്ല. എന്നും നിങ്ങളുടെ ആജ്ഞ ശിരസാ വഹിച്ചിരുന്ന ഞാന്‍ തന്നെയാണ് ഇത് പറയുന്നത്. സംശയിക്കേണ്ട. നിങ്ങളുടെ തൊട്ടടുത്തു ഇരുന്നു തന്നെയാണ് പറയുന്നത്. ഇപ്പോള്‍ ഒരു പേടിയും തോന്നുന്നില്ല, മാഷേ. നിങ്ങളുടെ കൈകളുടെയും, കാലുകളുടെയും ഊക്കു ഒരു പാടു അറിഞ്ഞ, സഹിച്ച, ഞാന്‍ തന്നെയാണ്, മാഷേ, പറയുന്നത്.അന്നും നിങ്ങളെ പേടിച്ചിട്ടായിരുന്നില്ല ഞാന്‍ മിണ്ടാതിരുന്നിരുന്നത്. നിങ്ങളോടുള്ള സഹതാപം കൊണ്ടായിരുന്നു. എന്തെ കയ്യിന്നൊരു ഇളക്കം? എന്നോടു മിണ്ടാതിരിക്കാന്‍ ആംഗ്യം കാട്ടുകയാണോ അതോ വീണ്ടും തൊഴിക്കാന്‍ തോന്നുന്നുണ്ടോ? പറ്റില്ലല്ലോ, മാഷേ, ഇനിയും അത് ഇളകില്ല. ദൈവത്തിന്റെ നാമങ്ങള്‍ ജപിക്കാന്‍ ആ ചുണ്ടുകള്‍ ഇളകുന്നത് തന്നെ നിങ്ങളുടെ ഭാഗ്യം. നിങ്ങളെ ഞാന്‍ കളിയാക്കുക  അല്ല. അങ്ങിനെ ആയിരുന്നെങ്കില്‍ അതെന്നോ, ആ ജനലക്ഷങ്ങളുടെ  മുമ്പില്‍ വെച്ചാകാമായിരുന്നു. എനിക്കും ചെറുപ്പം ആയിരുന്നു. നിങ്ങള്‍ക്ക് എന്നെ തൊടാന്‍ പോലും കിട്ടുമായിരുന്നില്ല. പക്ഷെ ഞാന്‍ പറഞ്ഞില്ലേ? നിങ്ങളോട് എനിക്ക് സഹതാപമായിരുന്നു. നിങ്ങള്‍ വെട്ടിക്കൂട്ടുന്ന സ്വപ്ന സാമ്രാജ്യങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കിട്ടില്ല എന്നെനിക്കു അറിയാമായിരുന്നു. ഇപ്പോള്‍ ഞാനും, നിങ്ങളും ഉള്ള ഈ മുറിയില്‍, ആരും സാക്ഷികളായി ഇല്ലാത്ത ഈ വേളയില്‍, നിങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ ചെറുതാക്കാതെ, അപമാനിക്കാതെ, എല്ലാം തുറന്നു പറയണമെന്നുണ്ട്. അതാണ്‌ ഞാന്‍ തിരക്കിട്ട് വന്നത്. സമയം വൈകുന്നതിനു മുമ്പേ ഇതെല്ലാം പറഞ്ഞെ പറ്റൂ.


പിച്ച വെക്കുന്ന ആ കാലം നിങ്ങള്‍ക്ക് ഓര്‍മ്മ ഉണ്ടാവില്ല. അതിനു മുമ്പ് തന്നെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എല്ലാവരും പറഞ്ഞു, നിങ്ങള്‍ അമ്മയുടെയും, അച്ഛന്‍റെയും കൈകള്‍ പിടിച്ചു നടക്കാന്‍ പഠിച്ചുവെന്ന്. അവര്‍ ഉണ്ടെങ്കിലും, ഇല്ലെങ്കിലും ഓരോ പ്രാവശ്യവും നിങ്ങള്‍ വീഴുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നു നിങ്ങള്‍ക്ക് തുണയായിട്ടു. നിങ്ങള്‍ക്കൊന്നും പറ്റാതിരിക്കാന്‍ ഞാന്‍ നിങ്ങളെ താങ്ങുമായിരുന്നു. അവര്‍ നിങ്ങളെ വേര്‍ പിരിഞ്ഞപ്പോഴും ഞാനായിരുന്നു കൂടെ നിന്നത്.  ഞാന്‍ നിങ്ങളില്‍ നിന്നും എന്തെങ്കിലും ആസ്തിക്കോ, അല്ലെങ്കില്‍ പ്രശംസക്ക് വേണ്ടിയോ അല്ല ഇതെല്ലാം പറയുന്നത്. വേണ്ട. തല ചെരിച്ചു എന്നെ നോക്കേണ്ട. വീണ്ടും എനിക്ക് നിങ്ങളോട് സഹതാപം തോന്നും. ഞാന്‍ എന്‍റെ വാക്കുകള്‍ വീണ്ടും ആവനാഴിയില്‍ വെക്കാന്‍ ഇടയുണ്ട്. എന്‍റെ ഈ വാക്കുകള്‍ നിങ്ങള്‍ ഇവിടെ ഉപേക്ഷിച്ചു പോയേക്കാം. ആരെങ്കിലും, ആരെങ്കിലും ഒരാള്‍ ഈ കഥ വായിച്ചേക്കാം. അത് മതി, എനിക്ക്. നിങ്ങള്‍ക്ക് അഞ്ചു വയസ്സായപ്പോള്‍, സ്വന്തം കാലുകളില്‍ നില്‍ക്കാം എന്നായപ്പോള്‍ എന്നെ പിടിക്കാന്‍, എന്നെ ഉപദ്രവിക്കാന്‍ എന്‍റെ പിന്നാലെ പാഞ്ഞു വരുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്ക് പിടി തരാതെ, ഒഴിഞ്ഞു മാറുമായിരുന്നു. ആ ഒഴിഞ്ഞു മാറല്‍. എന്‍റെ ജീവനെ സംരക്ഷിക്കാന്‍ വേണ്ടി ആയിരുന്നില്ല, മാഷേ. നിങ്ങളോടുള്ള സ്നേഹം കൊണ്ടായിരുന്നു. ജീവിത കാലം മുഴുവന്‍ നിങ്ങളെ സംരക്ഷിക്കണം എന്ന് വ്രതമെടുത്ത എന്‍റെ കറ മുറിഞ്ഞ സ്നേഹമായിരുന്നു, മാഷേ അത്. നിങ്ങളുടെ വിദ്യാഭ്യാസ കാലങ്ങളിലും ഇതേ വികാര വിചാരങ്ങള്‍ ആയിരുന്നു എന്നെ നയിച്ചത്. അതിന്നു ശേഷമാണ് നിങ്ങളുടെ ഭാവമാറ്റം ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ഗുരുക്കള്‍ പഠിപ്പിച്ച നല്ല കാര്യങ്ങളെല്ലാം നിങ്ങള്‍ ഒരു വിഴുപ്പു പോലെ പിന്നിലേക്ക്‌ എറിയുകയായിരുന്നു. എന്തും വെട്ടി പിടിക്കണം, അത് ഏതു വഴിയില്‍ ക്കൂടി ആയാലും, ആരെ ചതിച്ചു ആയാലും, എന്ത് വില കൊടുത്തായാലും, എന്നുള്ള നിങ്ങളുടെ വീക്ഷണത്തില്‍ നിന്നും നിങ്ങളെ എത്ര പ്രാവശ്യം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു! നിങ്ങള്‍ക്ക് എന്നോടു പുച്ഛം ആയിരുന്നു. ആ തുപ്പല്‍ ഏറ്റു വാങ്ങി, ഒന്ന് കുളിക്കാന്‍ പോലും നില്‍ക്കാതെ നിങ്ങളുടെ പിന്നാലെ കിതച്ചു, കിതച്ചു ഒപ്പം എത്തിയതിന്‍റെ ചേതോവികാരം, എന്‍റെ ധര്‍മം, നിങ്ങള്‍ പഠിച്ച ഒരു പുസ്തകങ്ങളിലും ഇല്ലായിരുന്നു. ആ കാരണം കൊണ്ട് തന്നെ ആയിരുന്നു ആ പുച്ഛം മുഖത്ത് ഉണ്ടായിരുന്നത്. 

പേരും പെരുമയും, ധനവും  മാത്രം നിങ്ങളുടെ സൂര്യ ഭഗവാനായിരുന്നു. രാവിലെ തന്നെ ആ ഭഗവാനെയും നോക്കി നിങ്ങള്‍ക്ക് ഒരു നടത്തം ഉണ്ടായിരുന്നു. എത്രയോ പ്രാവശ്യം, നിങ്ങളെ പിന്തുടരാതിരിക്കാന്‍ എന്‍റെ മനസ്സ് എന്നോടു ആജ്ഞാപിച്ചിരുന്നു. പക്ഷെ എന്‍റെ ധര്‍മം ആയിരുന്നു നിങ്ങളെ പിന്തുടരുക എന്നത്. തെറ്റായ വഴികളില്‍ക്കൂടി പോകുമ്പോഴെല്ലാം ഞാന്‍ നിങ്ങളെ പിന്നില്‍ നിന്നും വലിച്ചിരുന്നു. ആ വഴി തെറ്റാണ്, അതിലെ പോകേണ്ട എന്ന് കേണപേക്ഷിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാവുന്ന വസ്തുതയല്ലേ? പക്ഷെ, ഓരോ പ്രാവശ്യവും നിങ്ങള്‍ കാലു മടക്കി എന്നെ തോഴിക്കുകയായിരുന്നു, ഒരു പട്ടിയെപ്പോലെ. അതില്‍ എനിക്ക് തെല്ലും വിഷമമില്ലായിരുന്നു. പക്ഷെ നിങ്ങളുടെ ചെയ്തികള്‍ എന്നെ സങ്കടപ്പെടുത്തിയിരുന്നു. അവ എനിക്ക് സഹിക്കാവുന്നതിലും കൂടുതല്‍ ആയിരിന്നു. മഴ പോലെ പെയ്തിരുന്ന എന്‍റെ കണ്ണുനീരും കണ്ടില്ലെന്നു നടിച്ചു നിങ്ങള്‍ നടക്കുകയായിരുന്നു. നിങ്ങള്‍ എറിഞ്ഞു കൊടുത്തിരുന്ന എല്ലിന്‍ കഷ്ണങ്ങളും തിന്നു എത്രയോ ശിങ്കിടികള്‍ അന്ന് നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പിന്നെ എന്‍റെ കണ്ണുനീര്‍ നിങ്ങള്‍ എങ്ങിനെ കാണാന്‍, അല്ലെ? അരുത്, ഇപ്പോള്‍ കണ്ണുനീര്‍ വീഴ്ത്തേണ്ട. കര്‍മ്മ യുദ്ധത്തിലെ അര്‍ജുനനെ പ്പോലെ ആ കണ്ണുനീര്‍ എന്നെ നിസ്സഹായനാക്കും. ഗദ് ഗധംഗളിലൂടെ പിന്നെ എനിക്കൊന്നും പറയാന്‍ പറ്റില്ല. ഞാന്‍ പറയുന്നതെല്ലാം സത്യമാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ ബോധ്യമാവുന്നുണ്ട്, അല്ലെ? ഞാന്‍, ആ കണ്ണുനീര്‍ തുടക്കുന്നില്ല. ഞാനും നിങ്ങളില്‍ നിന്നും ഒരു പാഠം ഉള്‍ക്കൊണ്ടു, കാണാത്ത പോലെ തിരിഞ്ഞിരിക്കട്ടെ.

നിങ്ങളുടെ നീണ്ട കാലടികള്‍ക്കൊപ്പം എത്തുവാന്‍ ഞാന്‍ ഓടുമായിരുന്നു. നിങ്ങള്‍ അറിയാതെ നിങ്ങളുടെ മുമ്പിലും, പിന്നിലും, വശങ്ങളിലും, എനിക്ക് മാത്രം കാണാന്‍ പറ്റിയിരുന്ന (നിങ്ങളുടെ ശിങ്കിടികള്‍ നിങ്ങള്‍ അറിയാതെ നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ കുഴിച്ചിരുന്ന) അഗാധഗര്‍ത്തങ്ങളില്‍ നിന്നും വലിച്ചു മാറ്റുമായിരുന്നു. നിങ്ങള്‍ വെറും പോഴന്‍ ആയിരുന്നു. വെറും ഒരു കളിപ്പാട്ടം. ഇരുട്ടിലും നിങ്ങളുടെ ചെയ്തികള്‍ കുറവായിരുന്നില്ല. ചെയ്തതും, ചെയ്യിച്ചതും ആയ എത്രയോ കര്‍മ്മങ്ങളുടെ രക്ത കറകള്‍ നിങ്ങളുടെ ഈ കൈകളിലുണ്ട്? വേണ്ട, പൊക്കി നോക്കാന്‍ നോക്കേണ്ട. അവ ഇനി ഒരിക്കലും പൊങ്ങുകയില്ല, മാഷേ. നൂറു കണക്കിന് കൈകള്‍ നിങ്ങള്‍ ഇത് പോലെ അനക്കാന്‍ പറ്റാതാക്കിയിട്ടില്ലേ, മറന്നു പോയോ? നിങ്ങള്‍ മറന്നാലും, എനിക്ക് മറക്കാന്‍ പറ്റുകയില്ല. കാരണം, ഞാന്‍ അതിനെല്ലാം മൂക സാക്ഷി ആയിരുന്നു. അത് മാത്രമോ, മാഷേ? രാത്രികളില്‍ നിങ്ങളുടെ പേക്കൂത്തുകളുടെ ഉടമ എന്നെയാക്കിയിരുന്നില്ലേ? എത്ര വൈദഗ്ധ്യത്തോടെയാണ് നിങ്ങള്‍ നിഴലുകള്‍ നിഴലുകളെ ആക്രമിക്കുന്നതായും, കെട്ടിപ്പുണരുന്നതായും  ചിത്രീകരിച്ച്, എന്‍റെയും, എന്‍റെ സഹോദരങ്ങളുടെയും  പുറത്തു ഉത്തരവാദിത്വം പഴി ചാരിയത്! നിങ്ങളെ ഓര്‍മ്മിപ്പിക്കുകയല്ല, മാഷേ. ദീര്‍ഘവീക്ഷണമുള്ള ഞാന്‍ അന്ന് തന്നെ നിങ്ങളുടെ ഈ നിസ്സഹായ അവസ്ഥയിലുള്ള കിടപ്പ് കണ്ടിരുന്നു. നിഴലായിട്ടല്ല മാഷേ, സത്യസ്ഥിതിയിലുള്ള ഈ അവസ്ഥ, ഈ ശരശയ്യ, തന്നെ ആയിരുന്നു കണ്ടത്. നിങ്ങളെ കാണിക്കാന്‍ എത്ര യത്നിച്ചു? പക്ഷെ നിങ്ങള്‍ ഗാന്ധാരിയെപ്പോലെ കണ്ണ് മൂടി ഇരിക്കുകയായിരുന്നല്ലോ? പോരാത്തതിന്നു എന്നെ അസൂയയുടെ മൂര്‍ത്തീഭാവമായും ചിത്രീകരിച്ചു. ഞാന്‍ ബധിരനും, മൂകനും ആയി ആക്ഷേപങ്ങള്‍ സഹിച്ച് ഇരുന്നു. കാരണം എനിക്ക് യാതൊരു നഷ്ടവും ഇല്ലായിരുന്നു.

മദ്ധ്യാഹ്നത്തിനു ശേഷം നിങ്ങള്‍ക്ക് നിങ്ങള്‍ വെട്ടിപ്പിടിച്ചത് അളക്കാനുള്ള വെമ്പലായിരുന്നു. സൂര്യനടക്കം കെട്ടിപ്പിടിച്ച നിങ്ങള്‍ സൂര്യന് മുമ്പില്‍ നടക്കുകയായിരുന്നു. സൂര്യനെ പിന്നിലാക്കിയ സന്തോഷം എല്ലാവരെയും നിങ്ങള്‍ക്ക് കാണിക്കണമായിരുന്നു. കഷ്ട്ടവും, സഹതാപവും തോന്നിയ ഞാന്‍ നിങ്ങള്‍ക്ക് മുമ്പേ നടന്നു നിങ്ങളെ തടുക്കുന്നുണ്ടായിരുന്നു.  അസ്തമയത്തിലെക്കുള്ള  ഈ പോക്ക് നിങ്ങള്‍ക്ക് നല്ലതല്ല എന്ന് പറയുന്നുണ്ടായിരുന്നു. എന്‍റെ ശരീരത്തിന് പുറത്തു വെക്കുന്ന നിങ്ങളുടെ ഓരോ കാലടിയും എനിക്ക് സഹിക്കാന്‍ പറ്റുന്നതിലും കൂടുതല്‍ ആയിരുന്നു. എന്നിട്ടും ഞാന്‍ ഒരു പരിതാപവും പറയാതെ, രക്തം പൊടിയുന്ന എന്‍റെ ദേഹം തുടയ്ക്കുക പോലും ചെയ്യാതെ, നിങ്ങളുടെ മുന്നില്‍ നടന്നു. നിങ്ങളെ, നിങ്ങളുടെ പാദങ്ങളെ  തടയുക മാത്രം ആയിരുന്നു എന്‍റെ ലക്‌ഷ്യം. കാരണം നിങ്ങളുടെ പതനം മനസ്സിലാക്കിയിരുന്ന നിങ്ങളുടെ ശിങ്കിടികള്‍, എന്തിനു നിങ്ങളുടെ  സ്വന്തം രക്തത്തില്‍ പിറന്ന മക്കള്‍ പോലും, സന്തോഷിക്കുകയായിരുന്നു. വെട്ടിപ്പിടിച്ച  ആസ്ത്തികള്‍, വിയര്‍പ്പു വീഴ്ത്താതെ അവര്‍ക്ക് സ്വന്തം ആകുന്ന നിമിഷങ്ങളെ  സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. ഈ വൈകിയ നിമിഷങ്ങളില്‍ എന്തിന്നാണ് ആ കാലുകള്‍ അനക്കാന്‍ നോക്കുന്നത്? തിരിച്ചു പോകാന്‍ നോക്കുകയാണോ? അതോ ഈ സായാന്ഹത്തിലെങ്കിലും എന്നെ ചവുട്ടിയിരുന്ന ആ കാലുകളെ ശപിക്കുകയാണോ? നിങ്ങളിലുള്ള എന്‍റെ വിശ്വാസം തീര്‍ത്തും ഇല്ലാതായിരിക്കുന്നു, മാഷേ. കാരണം ഇപ്പോഴും നിങ്ങള്‍ക്ക് അനങ്ങാന്‍ കഴിഞ്ഞാല്‍, എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍, എന്നെ ചവുട്ടി മാറ്റി അതെ മക്കളുടെ ഭാഗം നിങ്ങള്‍ വീണ്ടും പിടിക്കും. എന്നാലും എനിക്ക് വിദ്വേഷമില്ല, മാഷേ. കാരണം ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു.

ഓ, എന്തിനാണ് ആ ദയനീയമായ കണ്ണുകള്‍ കൊണ്ട് എന്നെ ഇപ്പോള്‍ നോക്കിയത്? ഒരു ദ്രിഡവിശ്വാസത്തിന്റെ ലാഞ്ചന എനിക്ക് നേരെ എറിയുന്നത് ഇപ്പോള്‍ ഞാന്‍ വേറിട്ട്‌ കാണുന്നുണ്ട്, മാഷേ. വേറെ ആരും നിങ്ങള്‍ക്ക് തുണയുണ്ടാവില്ല, അല്ലെ? പേടിക്കേണ്ട. ഞാന്‍ കൂടെയുണ്ടാവും. നിങ്ങള്‍ക്ക് കുഴിച്ച, നിങ്ങള്‍ക്കുണ്ടാക്കിയ ആ അസ്ഥിമാടത്തിന്റെ അവിടം വരെ, ഞാന്‍ തീര്‍ച്ചയായും കൂടെ നില്‍ക്കാം. നിങ്ങള്‍ എന്നെ വിശ്വസിച്ച നിലക്ക് എനിക്ക്  ചില കടമകള്‍  കൂടെയുണ്ട്, മാഷേ. ആ കാലുകള്‍ ശരിക്ക് വെക്കണം, ആ കൈകള്‍ ശരീരത്തിന്റെ വശങ്ങളില്‍ വെക്കണം, ആ വാ അടച്ചു പിടിക്കണം, ആ കണ്ണുകള്‍ തുറിക്കാതെ അടച്ചു പിടിക്കണം. അതെ മാഷേ, ഇത് ഞാന്‍ ഇപ്പോള്‍ ചെയ്തില്ലെങ്കില്‍  നിങ്ങളുടെ ആന്തരീകഭാഗങ്ങള്‍ കൂടി  വിറ്റ് നിങ്ങളുടെ  മക്കള്‍ കാശാക്കും. ഈ പാപങ്ങള്‍ ചെയ്തു കൂട്ടിയ ആന്തരീക ഭാഗങ്ങള്‍ വേറെ ആര്‍ക്കെങ്കിലും കൊടുത്താല്‍ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും. അതെനിക്ക് സമ്മതിക്കാന്‍ വിഷമമാണ്. അവസാന ശ്വാസം എടുത്തോളൂ മാഷേ, കുഴി വരെ ഞാന്‍ അനുഗമിക്കാം. എന്‍റെ കര്‍മ്മം അതോടെ തീരും. വേഗം, അവര്‍ വരുന്നുണ്ട്. തേങ്ങലുകളുടെ മുഖക്കച്ചയുമണിഞ്ഞു. നന്ദി മാഷേ, ഇപ്പോഴെങ്കിലും നിങ്ങള്‍ എന്നെ വിശ്വസിച്ചുവല്ലോ!

Monday, September 17, 2012

ഞങ്ങളുടെ പോമേറെനിയന്‍::



കുറച്ചു ദിവസങ്ങളായി അമ്മയും, മകനും കൂടി ഇടക്കിടക്ക് കുശു കുശുക്കുന്നത് കേള്‍ക്കാമായിരുന്നു. ചോതിക്കുമ്പോഴൊക്കെ ഏതെങ്കിലും ടീ വീ സീരിയലിന്റെ കഥയാണ് ഡിസ്കസ് ചെയ്യുന്നത് എന്ന് പറയും. ഇവരെന്താ കഥ എഴുതാന്‍ പോവുകയാണോ എന്ന് ഞാന്‍ മനസ്സില്‍ വിചാരിക്കും. ആ വിഡ്ഢിപ്പെട്ടിയുടെ പൊടി പോലും തുടാക്കാത്ത ഞാന്‍, ആ പെട്ടിയില്‍ കയറി മിണ്ടാതെ ഇരിക്കും. പിന്നെ രണ്ടാളുടെയും ശബ്ദമില്ല. എന്തോ ശരിയല്ല എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. 

വൈകുന്നേരമായാല്‍ ഞാന്‍ പോയി ഞങ്ങളുടെ വീടിന്‍റെ ബാല്‍കണിയില്‍ നിന്നും തലയും പുറത്തിട്ടു ഇരിക്കും. ഒന്നാമത്തെ നിലയില്‍ ആണ് ഞങ്ങളുടെ വീട്. തവള ഈച്ചയെ പിടിക്കുന്നത് പോലെ ഇടക്കൊക്കെ റോഡില്‍ ക്കൂടി പോകുന്ന ഈച്ചകളെ പിടിക്കാന്‍ ഒന്ന് നാവു നീട്ടി നോക്കും. വല്ല പഴയ ഈച്ചയൊക്കെ ആണെങ്കില്‍ കുറച്ചു നേരം എന്‍റെ നാവും നോക്കി നില്‍ക്കും. ചായക്കൊന്നും ചാന്‍സ് കാണുന്നില്ല എന്ന് മനസ്സിലാക്കിയാല്‍ മിണ്ടാതെ പൊടി തട്ടി പറന്നു പോകും. വേറൊരു ഉപയോഗം കണ്ണിനു ചില ചില്ലറ വ്യായാമം ഒക്കെ കിട്ടും. കോളേജും, ഓഫീസും ഒക്കെ വിടുന്ന നേരമായിരിക്കും. ഇന്ഗ്ലീഷ്‌ വൈദ്യന്‍ വ്യായാമം ഒക്കെ ചെയ്യാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈ അടുത്ത ദിവസങ്ങളായി വീട്ടുകാരിയും, അവളുടെ സീരിയല്‍ എല്ലാം കളഞ്ഞു, എന്‍റെ ഒപ്പം തല പുറത്തിട്ടിരിക്കും. ഉള്ള വ്യായാമവും കളയണം എന്ന വ്രതമെടുത്ത പോലെയാണ് അവളുടെ ഇരുത്തം. എന്‍റെ നേരെ മുമ്പില്‍, ഒരു സ്ടൂളില്‍ കാലില്‍ കാലും കേറ്റി ഇരിക്കുന്നത് കണ്ടാല്‍ ഒരു ടീ വീ പ്രോഗ്രാമില്‍ ഏതോ ഒരു പോത്തന്‍ അവളുടെ ഇന്റര്‍വ്യൂ എടുക്കുകയാണെന്ന് തോന്നും. 

ഇന്ന് ചെക്കന്‍ എന്‍റെ പിന്നില്‍ ഉണ്ടെന്നു തോന്നുന്നു. അവന്‍ സംവിധായകന്‍ ആണെന്ന് തോന്നുന്നു. പേരിനു മാത്രം ആയിരിക്കും. ഇവളുള്ളപ്പോള്‍ വേറെ ആരും എത്ര കട്ടും പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കല്ലേ അറിയൂ. എന്തോ പ്രോഗ്രാം ഇവരുടെ തലയില്‍ ഉണ്ട് എന്ന് ഉറപ്പാണ്. "എട മണീ, രാവിലെ ഒരു മൂന്നു മണിക്ക്, നാല് നായ്ക്കള്‍ താഴത്തു കൂടി ഒരാളുടെ നേരെ കുരച്ചു ചാടുന്നത് കണ്ടു. ഞാന്‍ എന്തോ ശബ്ദം കേട്ട് ജനലില്‍ ക്കൂടി നോക്കുകയായിരുന്നു. ഒരു കറുത്ത മീശക്കാരന്‍ ആയിരുന്നു. എന്തോ ഒരു കെട്ടും ചുമലില്‍ ഉണ്ട്. നമ്മുടെ കെട്ടിടത്തിലേക്ക് തന്നെ ആയിരുന്നു ആ മീശക്കാരന്‍റെ വരവ് വിചാരിച്ചിരുന്നത് എന്ന് തോന്നുന്നു." ഈ പറഞ്ഞതിനെ ഒക്കെ ഒന്ന് ഞാന്‍ നിരൂപണം ചെയ്തു നോക്കി. പോലീസ്കാരന്‍ ആയി കുറെ കൊല്ലങ്ങളായില്ലേ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്? ഒന്ന്, മണീ എന്ന ആ വിളി. അത് ഞാന്‍ എന്‍റെ മകനെ വിളിക്കുന്നതാണ്. ഇവള്‍ കുട്ടാ, കുഞ്ഞാ എന്നൊക്കെയോ വിളിക്കൂ. രണ്ടാമതായി , മൂന്നാല് എന്നത് ഇവളുടെ പ്രിയപ്പെട്ട ശബ്ദങ്ങള്‍ ആണ്. മൂന്നാല് കൊല്ലങ്ങള്‍ , മൂന്നാല് മാങ്ങകള്‍ , മൂന്നാല് ലിറ്റര്‍. എന്നൊക്കെയേ ഇവള്‍ പറയൂ. അപ്പൊറത്തെ തുന്നക്കാരിയുടെ കയ്യില്‍ സൂചി കേറി മൂന്നാല് ലിറ്റര്‍ ചോര പോയ കാര്യം കഴിഞ്ഞ ആഴ്ച എന്നോടു പറഞ്ഞിട്ടേ ഉള്ളൂ. മൂന്നാമത്, ഈ മൂന്ന് മണിക്കേ എനിക്ക് നല്ല ഉറക്കം കിട്ടൂ എന്ന് ഇവള്‍ക്ക് നന്നായി അറിയാം. അവസാനമായി ഈ വീട്ടിലെ ഏത് ജനാല തുറന്നാലും കെട്ടിടത്തിന്റെ ഗേറ്റ് കാണാന്‍ പറ്റില്ല. ഞാന്‍ ചെറുതായിട്ട് ചിരിച്ചു മീശ ഒന്ന് പിരിച്ചു. 

അവള്‍ക്കാ ചിരി പിടിച്ചില്ല എന്ന് തോന്നുന്നു. കറുത്ത ആ മുഖത്തു കുറച്ചു കൂടി കരിയെഴുതി കറുപ്പിച്ച പോലെ തോന്നി. അല്ലെങ്കില്‍ തന്നെ അപ്പുറത്തെ ചിലരൊക്കെ രഹസ്യമായി നമ്മുടെ പോലീസ്കാരന്‍ കുറുപ്പനും കൊള്ഗൈറ്റില്‍ പങ്കുണ്ടാവും എന്നത് അയാളുടെ ഭാര്യയെ കണ്ടാല്‍ അറിയാമല്ലോ എന്ന് പറയുന്നത് കക്കൂസ്സില്‍ ഇരിക്കുമ്പോള്‍ കേട്ടതാണ്. "നിങ്ങള്ക്ക് വിശ്വാസമില്ലെങ്കില്‍ അപ്പുറത്തെ പാറുട്ടിയോട് ചോതിച്ചു നോക്ക്. അവളുടെ ആ കൊറ്റന്‍ പട്ടിയും കൂടെ കുരക്കുന്നുണ്ടായിരുന്നു." " അപ്പോള്‍ ആ എസ്കിമോവിനെ ശാന്തമാക്കാന്‍ പാറുട്ടി നോക്കിയില്ലേ? എന്താ ആ പട്ടിയുടെ പേര്?" എസ്കിമോ വര്‍ഗ്ഗത്തില്‍ പെട്ട പട്ടിക്കു ഇവളുടെ ബേബി എന്ന പേരാണ് അവരിട്ടിരിക്കുന്നത് എന്ന് എനിക്ക് എങ്ങിന്യാ മറക്കാന്‍ പറ്റുക. ഇടക്ക് എന്‍റെ വീട്ടില്‍ നിന്നും ഞാന്‍ ഇവളെ വിളിച്ചാല്‍ പാറുട്ടിയുടെ വീട്ടില്‍ നിന്നും ഓരോ ശബ്ദങ്ങള്‍ ആ എസ്കിമോ വര്ഗ്ഗക്കാരി ഉണ്ടാക്കും. "നിങ്ങളെ, മനുഷ്യാ. വെറുതെ എന്നെ ക്കൊണ്ട് ഓരോന്ന് പറയിക്കണ്ടേ." "അച്ഛാ” ചെക്കന്‍ നേപ്പാളി ഗൂര്‍ഖയുടെ ഭാഷയില്‍ പറഞ്ഞതാണോ അതോ എന്നെ വിളി ച്ച താണോ എന്ന് പറയാന്‍ പറ്റില്ല. എന്തായാലും പിന്നില്‍ നിന്നും ചെക്കന്‍റെ മുരളല്‍ കേട്ടപ്പോള്‍ മിണ്ടാതിരുന്നു. 

ഒരു പത്തു മിനിട്ടിന്‍റെ നിശ്ശബ്ദതക്ക് ശേഷം ബാക്കി ഭാഗം തുടങ്ങി. അവള്‍ ചവുട്ടി കുതിച്ചു അകത്തേക്ക് പോകാതിരുന്നപ്പോള്‍ തന്നെ കഥ ഇനിയും തുടരും എന്നറിയാമായിരുന്നു. പണ്ടൊക്കെ എന്‍റെ നാട്ടിലെ സിനിമ കൊട്ടേല് സപ്ലൈ പോയാല്‍ എല്ലാവരും കൂടി കൂക്കും, വിസില്‍ അടിക്കും. അവിടെ തന്നെ ഇരുന്നു ഒരു ബീഡിയും വലിക്കും. പത്തു മിനിറ്റ് കാത്തു നിന്ന് പിന്നെയും സപ്ലൈ വന്നില്ലെങ്കില്‍ മണ്ണെണ്ണ ഒഴിച്ച് ഉപയോഗിക്കാവുന്ന ആ പഴഞ്ചന്‍ ജനരെടര്‍ ഓണ്‍ ചെയ്യും. പിന്നെ സിനിമയിലെ സംഭാഷണം ഒന്നും കേള്‍ക്കില്ല. അത്രയും ശബ്ദം ആ ലൊടാക്ക് യന്ത്രത്തിനു ഉണ്ടായിരുന്നു. എന്നാലും രണ്ടില്‍ ഒന്ന് ഉണ്ടാവുന്നത് വരെ പബ്ലിക് അവിടെ തന്നെ ഇരിക്കും. ഇതിന്നിടയില്‍ ചിലര്‍ അവരുടെ രണ്ടില്‍ ഒന്ന് ചെയ്യാനോ, ഇല്ലെങ്കില്‍ രണ്ടും ചെയ്യാനോ തിടുക്കിട്ടു പോയി വന്നിട്ടുണ്ടാവും. അത് അവരുടെ സ്വകാര്യം. ആ അനുഭവം വെച്ചു ഞാനും സൈലന്‍സ് മോഡില്‍ അവിടെ ഇരുന്നു. 

മൂക്കിന്നുള്ളിലുള്ള മിക്കവാറും രോമങ്ങളും പറിച്ചു കഴിഞ്ഞു എന്നായി ക്കഴിഞ്ഞപ്പോള്‍ എന്‍റെ ബേബിയുടെ ഞരക്കങ്ങള്‍ തുടങ്ങി. " പേപ്പറില്‍ ഇപ്പൊ എന്നും കള്ളന്‍മാരുടെ വാര്‍ത്ത മാത്രമേ ഉള്ളൂ. അമ്മയുടെ മാലേം, വളകളും, ഒക്കെ വീട്ടില്‍ തന്ന്യാ. നല്ല റിസ്കാ" ആദ്യ തവണ പോലെ ചെക്കന്‍റെ വക പിന്നില്‍ നിന്നും അറിവിന്‍റെ ശബ്ദം. അന്താക്ഷരി കളിക്കാന്‍ അവന്‍റെ അമ്മക്ക് എറിഞ്ഞു കൊടുത്ത പദങ്ങള്‍ പോലെ തോന്നി. "ന്നാ നമുക്ക് ഒരു ലോക്കര്‍ ബാങ്കില്‍ തുടങ്ങാം, അല്ലെ?" ഒരു വലിയ പ്രശ്നം പരിഹരിച്ച പോലെ ഞാന്‍ തല ഒന്ന് പൊന്തിച്ചു ചെക്കനെ നോക്കി. "പ്സ്..പ്സ്..പ്സ്.." ചെക്കന്‍റെ ആ കളിയാക്കിയുള്ള ചിരിയുടെ മുദ്രാഭാവം നോക്കാന്‍ എനിക്ക് പിന്നിലേക്ക്‌ നോക്കേണ്ട ആവശ്യം ഒന്നും വേണ്ടി വന്നില്ല. പണ്ട് ഇല്ലങ്ങളില്‍ പോയി താണ ജാതിക്കാര്‍ കയ്യും വായില്‍ വെച്ചു സംസാരിക്കുന്നത് പോലെ. അല്ലെങ്കില്‍ കുട്ടിക്കാലത്ത് പൂരത്തിന് പോയി പൊരി തിന്നുന്നത് പോലെ. കയ്യു തരിച്ചു കയറുന്നുണ്ടായിരുന്നു. മുമ്പിലെ ഇന്റര്‍വ്യൂക്കാരിയുടെ നിഴല്‍ കണ്ടാല്‍ എന്‍റെ ഭാര്യയാണോ അതോ വല്ല ഭൂതമാണോ എന്നെനിക്കു സംശയം തോന്നിയിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ലൈറ്റ് ഇല്ലാതെ അവളെ കാണാന്‍ നല്ല വിഷമമാണ്. എന്‍റെ ബലമായ സംശയം ഇവളെ നൈജീരിയായില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്തതാണെന്നാണ്. കറുത്ത കാറില്‍ ഇവള്‍ ചാരി നിന്നാല്‍ കാണാന്‍ പറ്റാതെ ഞാന്‍ വെള്ളം ഒഴിച്ചാലോ എന്ന് പേടിച്ചു ആദ്യത്തെ കാറ് തന്നെ ഞാന്‍ വെളുത്തതെ വാങ്ങിച്ചുള്ളൂ.പെണ്ണ് കാണാന്‍ പോയപ്പോള്‍ ഞാന്‍ ഇവള്‍ക്ക് ഭാരതീയ പൌരത്വം ഉണ്ടോ എന്ന് ചോദിച്ചതായിരുന്നു. അപ്പോഴേക്കും ആ കല്യാണ ബ്രോക്കര്‍ എന്‍റെ കഴുത്തില്‍ കാള വിഷം കഴിച്ച ശിവന്‍റെ കഴുത്തില്‍ കയറി പ്പിടിച്ച പോലെ പിടിച്ചു. എന്നിട്ട് ഒരു ഡായ ലോഗും വെച്ചു കാച്ചി "ഇദ്ദേഹം ഭയങ്കര തമാശക്കാരനാ." ബുള്‍ ഡോഗിന്റെ മുഖമുള്ള എന്നെ എല്ലാവരും ആ പേരില്‍ തന്നെയാണ് വിളിക്കുന്നതും. അതിന്നു പുറമേ പോലിസ്കാരനും. തമാശ ഏഴു അയല്പക്കത്ത് കൂടി പോകാത്ത എന്നെ ജോക്കര്‍ എന്ന് വിളിച്ച അവനെ പിന്നീട് ഒരു കേസ്സില്‍ കുടുക്കി ഇഷ്ടം പോലെ പെരുമാറിയത് വേറെയൊരു സത്യം. എന്‍റെ കൈയ്യില്‍ നിന്നും വാങ്ങിയ ബ്രോക്കര്‍ കാശിന്‍റെ ഇരട്ടി വസൂല്‍ ചെയ്യുകയും ചെയ്തു. കല്യാണത്തിനു ശേഷം ഞങ്ങളെ കണ്ടാല്‍ നാട്ടുകാര്‍ ബുള്‍ഡോഗും, ഡോബര്‍വുമണും വരുന്നുണ്ടല്ലോ എന്നായിരുന്നു പറഞ്ഞിരുന്നത് തന്നെ. ചിലര്‍ മറഞ്ഞിരുന്നു കുരയ്ക്കുന്ന ശബ്ദവും ഉണ്ടാക്കിയിരുന്നു. പോലീസ്കാരന്‍ എന്ന നിലയില്‍ എന്‍റെ ശിങ്കിടികള്‍ ആരാണ് ഞങ്ങള്‍ക്ക് ഈ പേരിട്ടത് എന്നും പറഞ്ഞു തന്നിരുന്നു. എന്റെ വകയിലെ ഒരു അടുത്ത ബന്ധു ആയിരുന്നു ഈ കര്‍മ്മം ചെയ്തത്. അത് കാരണം ഭേദ്യം ഒഴിവാക്കേണ്ടി വന്നു. കല്യാണത്തിനു ഈ ബ്രോക്കരല്ലേ കാരണക്കാരന്‍ എന്നൊരു ദ്വേഷ്യവും ഉണ്ടായിരുന്നു. അതു കാരണം ഇവളുടെ കാര്‍ബണ്‍ കോപ്പിയായ അനുജത്തിയെ അയാളുടെ കഴുത്തിലും ഞാന്‍ മുഖാന്ദിരം കെട്ടി കൊടുത്തു. അതിനു ശേഷം ഒരു പെട്ടിക്കട തുടങ്ങി അയാള്‍ അതിനുള്ളില്‍ ഒതുങ്ങി കൂടിയിരിക്കയാണ്. കൈയ്യില്‍ ഉണ്ടായിരുന്ന എല്ലാ ഫോട്ടോകളും, ജാതക കോപ്പികളും കായലില്‍ ഒഴുക്കി എന്ന് അയാള്‍ തന്നെ പറഞ്ഞു. ഇപ്പോള്‍ ഞാനും, പാറുട്ടിയുടെ ഭര്‍ത്താവും, ഈ ബ്രോക്കറും (നെടുങ്ങാടി) പിരിച്ചാലും പിരിയാത്ത കൂട്ടുകാരാണ്. "ചേട്ടാ, ചേട്ടന്‍ എന്നെ അന്ന് ലോക്കപ്പില്‍ വെച്ച് കൊന്നാലും സാരമില്ലായിരുന്നു" എന്ന് ഇടക്കിടക്ക് പറയും. എന്നോടു അയാള്‍ ചെയ്ത തെറ്റ് മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഇടക്കിടക്ക്, പ്രത്യേകിച്ചു ഒരു നാല് പെഗ് അകത്തു ചെല്ലുമ്പോള്‍, പറയാതിരിക്കില്ല.

ഏതായാലും കാര്യത്തില്‍ നിന്നും വ്യതി ചലിക്കേണ്ട. ചെക്കന്‍റെ ആ പബ്സ് ചിരി കഴിഞ്ഞപ്പോള്‍ ആ കരിനിഴല്‍ പറഞ്ഞു "ഏതു കഷ്ട്ട കാലത്തിന്നാണാവോ ഈ ജന്തുവിന്‍റെ ഭാര്യയാവാന്‍ തോന്നിയത്! ദൈവം പടപ്പിച്ചപ്പോള്‍ തലയില്‍ എന്തെങ്കിലും തിരുകി വെക്കാന്‍ മറന്നു എന്ന് തോന്നുന്നു." സമാധാനം. ആള് പോയിട്ടില്ല. ദൈവത്തിന്റെ പോലെ അപ്രത്യക്ഷമാണെന്നെ ഉള്ളൂ. ജന്തു ന്നൊക്കെ ഒരു പോലീസുകാരനോട്‌ പറയണമെങ്കില്‍ സ്വന്തം ഭാര്യ തന്നെ ആകണം. 

"മനുഷ്യാ, നിങ്ങള്‍ ഒന്നാലോചിച്ചു നോക്ക്. നിങ്ങള്‍ ഇടക്കിടക്ക് രാത്രി ഡ്യുട്ടിയില്‍ ആയിരിക്കും. നിങ്ങള്‍ ഉമ്മറത്ത്‌ കിടക്കുമ്പോള്‍ ഞങ്ങള്‍ക്ക് പേടിയില്ല. നിങ്ങള്‍ ഇല്ലാത്തപ്പോള്‍ അവിടെ ഒരു പട്ടി ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരിക്കും!” അപ്പോള്‍ ഒരു പട്ടിയാണ്‌ വിഷയം.വീണ്ടും ആ പോലീസ് സ്റ്റൈലില്‍ ബുദ്ധി അറിയാതെ പ്രവര്‍ത്തിച്ചു. ഒന്ന്, എന്‍റെ തലക്കകത്ത് ഒന്നും ഇല്ലെങ്കില്‍ ഞാന്‍ എങ്ങിനെയാണ് ആലോചിക്കുക? രണ്ടു, എനിക്ക് പകരക്കാരന്‍ അല്ലെ, പട്ടി? മൂന്നു, അവളുടെ പറച്ചില്‍ വെച്ചു നോക്കിയാല്‍ ഒരേ സമയത്ത് ഞാനും പട്ടിയും ഉണ്ടെങ്കില്‍, പട്ടി ഉള്ളിലല്ലേ കിടക്കുന്നുണ്ടാവുക? ഞാനും രാത്രി കുരയ്ക്കാന്‍ വേണ്ടി ഉമ്മറത്ത് കിടക്കുന്നു എന്നല്ലേ അവളുടെ സാരം? 

ഉത്തരങ്ങള്‍ തിരയാന്‍ തുടങ്ങും മുമ്പേ പിന്നില്‍ ചെക്കന്‍ അന്താക്ഷരി ഏറ്റെടുത്തു. "അപ്പോറത്തെ ആന്‍റിക്ക് എന്താ ഒരു തലക്കനം! ഒരു വലിയ പട്ടിയുണ്ട് എന്നുള്ള ഹുങ്കാ" പാറുട്ടിയുടെ കാര്യമാണ് പറയുന്നതെങ്കിലും അറിയാത്ത പോലെ "ഏതു ആന്‍റിയാടാ? ആ ബേബിപട്ടിയുടെ ഉടമസ്തയോ?" ആ ഇരുമ്പു കസേര വലിച്ചു തലയ്ക്കു കിട്ടുമോ എന്ന് തന്നെ തോന്നി. " നിങ്ങള്‍ ഒരു രാക്ഷസന്‍ തന്നെയാ" അന്താക്ഷരിയല്ല. ഭാര്യയുടെ കളമൊഴിയാണ്. അത് ശരി. അവള്‍ പറയുന്നത് എല്ലാം ശരി വെച്ചാല്‍ ഞാന്‍ മനുഷ്യന്‍, ഇല്ലെങ്കില്‍ ഞാന്‍ രാക്ഷസന്‍ ആണ്. "അതോണ്ടല്ലേ നിന്നെ കല്യാണം കഴിച്ചത്." മെല്ലെ ചുണ്ടനക്കാതെ പറഞ്ഞു. "എന്താ, നിങ്ങളുടെ വിചാരം എന്നൊക്കെ മനസ്സിലായി. വെറുതെ എന്നെക്കൊണ്ട് എന്തെങ്കിലും പറയിപ്പിക്കണ്ട. എത്ര ആള്‍ക്കാരാ എന്നെ കല്യാണം കഴിക്കാന്‍ തയ്യാറുണ്ടായിരുന്നത് എന്ന് എനിക്ക് മാത്രമേ അറിയൂ. എന്നിട്ട് അവസാനം..." ഒന്നും പറയണ്ട. വന്ന ചിരിയെ എന്‍റെ പൂമുഖത്ത് നിന്നും ഇല്ലാതാക്കാന്‍ കുനിഞ്ഞിരുന്നു കാലിന്‍റെ നഖം ഒന്ന് തുടച്ചു. കൂര്‍ത്തു നീണ്ട എന്‍റെ നഖങ്ങള്‍ കണ്ടപ്പോള്‍ എനിക്കും ഞാന്‍ രാക്ഷസന്‍ തന്നെ അല്ലെ എന്ന സംശയം ഉണ്ടാവാതിരുന്നില്ല. 

ഇവളെ ഒന്ന് കെട്ടിച്ചയക്കാന്‍ ഇവളുടെ തന്തപ്പിടി എത്ര പോല്ലാപ്പാടു പിടിച്ചിട്ടുണ്ട് എന്ന് എനിക്കറിഞ്ഞു കൂടെ? അപ്പൊറത്തെ ഈ ബേബി എന്ന പട്ടിയുടെ ഉടമസ്ഥ, പാറുട്ടിയുടെ ഭര്‍ത്താവ്, വിഷ്ണുസുന്ദരന്‍, ഇവളെ ഒരു പ്രാവശ്യം പെണ്ണ് കാണാന്‍ പോയതായിരുന്നു. അയാള്‍ തന്നെ എന്നോടു പറഞ്ഞതാണ്. ഈ സുന്ദരന്‍, ഞാന്‍ അങ്ങിനെയാണ് അയാളെ വിളിക്കാറ്, എപ്പോഴും ചിരിച്ചു കൊണ്ട് ഇരിക്കുന്നത് പോലെയേ തോന്നു. അയാളുടെ മുപ്പത്തി ആറു പല്ലുകളും പുറത്താണോ എന്ന് തോന്നിപ്പോകും. മുപ്പത്തി ആറു ഇല്ലെങ്കിലും മുമ്പിലെ മുകളിലുള്ള മുഴുവന്‍ പല്ലുകളും ഒന്നിനോടൊന്നു വാദിച്ചു പുറത്താണ്. അത് കാരണം എപ്പോഴും ട്യൂബ് ലൈറ്റ് ഓണ്‍ ചെയ്ത പോലെയാണ്. 'മാസ്ക്' എന്ന ഇന്ഗ്ലീഷ്‌ കാര്‍ടൂണ്‍, സിനിമ ആക്കുകയാണെങ്കില്‍ ഈ സുന്ദരന്‍ ആയിരിക്കും അതിലെ നായകന്‍ എന്നതിന് ഒരു സംശയവും എനിക്കില്ല.

അയാളുടെ ഹെല്‍മെറ്റ്‌ കൂടി സ്പെഷല്‍ ആണ്. മോട്ടോര്‍ സൈക്കിള്‍ റൈസില്‍ ഉപയോഗിക്കുന്ന മുന്‍ഭാഗം കുറച്ചു കൂടുതല്‍ കൂര്‍ത്ത തരം ഹെല്‍മെറ്റ്‌.. സാധാരണ ഹെല്‍മെറ്റ്‌ ഇട്ടാല്‍ പല്ലുകള്‍ കാരണം മുമ്പിലുള്ള ഗ്ലാസ് താഴെ ആക്കാന്‍ പറ്റില്ല. ഞാന്‍ അയാളുടെ ഹെല്‍മെറ്റിനെ ദന്ത രക്ഷകന്‍ എന്നാണു പറയുക. അയാളോട് തന്നെ ചോതിക്കും "സുന്ദരാ, ഇന്ന് ദന്ത രക്ഷകന്‍ എവിടെ?" ഒന്ന് പറയട്ടെ. ഇത്രയും നല്ല ഒരു മനുഷ്യനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. ദൈവത്തിനെ ആള്‍ രൂപത്തില്‍ കാണുക എന്ന് തന്നെ പറയാം. നാട്ടില്‍ ആര്‍ക്കും എന്തെങ്കിലും സഹായം വേണോ "ആ വിഷ്ണുസുന്ദരന്റെ അടുത്തു ഒന്ന് പോയി നോക്കാമായിരുന്നോ? അയാള്‍ ചെയ്തില്ലെങ്കില്‍ പിന്നെ കാര്യം മറന്നേക്കു." ഒരാളെയും, ഒരു ജന്തുവിനെയും നോവിക്കാത്ത മനുഷ്യന്‍ ഈ വിഷ്ണു സുന്ദരന്‍ മാത്രമേ ഉണ്ടാകൂ എന്നാണു എന്റെ ബലമായ വിശ്വാസം. ഇയാള്‍ ജനിക്കുമ്പോള്‍ തന്നെ ഇയാളുടെ അച്ഛനും, അമ്മയ്ക്കും ഇയാളുടെ പല്ലിന്‍റെ ഭാവി അറിയുമായിരുന്നുവോ ആവോ! ഈ പല്ലവ രാജ വംശം തുടങ്ങിയത് ഒരു വിഷ്ണു, സിംഹ വിഷ്ണു, ആണെന്നാണ്‌ എന്‍റെ ഓര്‍മ്മ. 

കാര്യത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല. പെണ്ണ് കാണാന്‍ വന്ന വിഷ്ണു സുന്ദരനെ എന്‍റെ ഭാര്യക്ക് ഇഷ്ട്ടപ്പെട്ടതാണത്രെ. എനിക്ക് തന്നതിന്‍റെ ഇരട്ടി സ്വര്‍ണം ഇയാള്‍ക്ക് എന്‍റെ അമ്മായി അച്ഛന്‍ വാഗ്ദാനവും ചെയ്തിരുന്നു. അന്ന് സുന്ദരന്റെ വീട്ടില്‍ എലെക്ട്രിസിറ്റി കണക്ഷന്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ സന്ധ്യ കഴിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ ഓര്‍ത്തു സുന്ദരന്‍ വേണ്ട എന്ന് പറഞ്ഞതാണത്രേ. ഈ കാര്യങ്ങളെല്ലാം പറഞ്ഞു ഞങ്ങള്‍ എപ്പോഴും ചിരിക്കുന്ന കാര്യം ഈ കറുമ്പിക്ക് അറിയില്ല. 

"നീ എന്താ കാര്യം ച്ചാല്‍ പറഞ്ഞു തുലക്കുന്നുണ്ടോ?" എനിക്ക് ദ്വേഷ്യം വരാന്‍ തുടങ്ങിയിരുന്നു. പിന്നിലേക്ക്‌ ഒന്ന് കോങ്കണ്ണിട്ട് നോക്കിയപ്പോള്‍ ചെക്കന്‍ കൈകള്‍ രണ്ടും ഒക്കത്ത് വെച്ചിരിക്കുന്നു. ശബ്ദം താഴ്ത്തി അവനോടും ചോദിച്ചു "എന്താ, നിങ്ങള്‍ പറഞ്ഞു വരുന്നത്, മണീ?" അവന്‍ വാ തുറക്കുന്നതിനു മുമ്പ് ഇവള്‍ "നമുക്ക് ഒരു പട്ടിയെ വളര്‍ത്തണം. നല്ല വെളുത്ത ഒരു പട്ടിയെ." വായില്‍ വന്ന ഉമിനീരും കൂടി തൊണ്ടയില്‍ തങ്ങിപ്പോയി. ഇവര്‍ പറഞ്ഞതിന്‍റെ പരിണിതഫലം ഗ്രഹിക്കാന്‍ എനിക്ക് അധികം സമയം ഒന്നും വേണ്ടി വന്നില്ല. ഒരാഴ്ച, ഏറി ക്കവിഞ്ഞാല്‍ ഒരു മാസം, അത് കഴിഞ്ഞാല്‍ പട്ടി സൂക്ഷിപ്പുകാരന്‍ നൂറു ശതമാനവും ഞാന്‍ മാത്രം. തുടക്കത്തില്‍ ഭയങ്കര ശ്രദ്ധ ആയിരിക്കും. അതു കഴിഞ്ഞാല്‍ രാവിലെ പട്ടി ഉണര്‍ന്നു, രാത്രി അതുറങ്ങുന്നത് വരെ മുഴുവന്‍ സൂക്ഷിപ്പ് ചുമതലയും എന്‍റെ തലയില്‍ ഇവര്‍ ഒസ്യത്ത് എഴുതി വയ്ക്കും. 

എന്‍റെ ചിന്തകള്‍ക്ക് വിഗ്നം വരുത്തി ക്കൊണ്ട് നൈജീരിയക്കാരി പറഞ്ഞു "നിങ്ങള്‍ അതിനെ നോക്കേണ്ട കാര്യം ഒന്നും ഇല്ല. മുഴുവന്‍ ചുമതലയും ഞങ്ങള്‍ രണ്ടു പേരും എടുക്കുന്നു." താഴത്തുള്ള രണ്ടു കാറിന്‍റെയും, ഒരു ബൈക്കിന്‍റെയും, ഒരു സ്കൂടറിന്‍റെയും ചുമതല ഇതു പോലെ ഇവര്‍ ഏറ്റെടുത്തതാണ്. ഒരു പൊടി തട്ടണമെങ്കില്‍ ഞാന്‍ തന്നെ ഇറങ്ങണം. " കരാര്‍ എഴുതി ഒപ്പിടണം. ട്രൈപാര്‍ട്രൈറ്റ്‌ കരാര്‍ മൂന്നു പേരും സാക്ഷി പത്രത്തോട് കൂടി ഒപ്പിടാന്‍ തയ്യാറാണോ? എന്‍റെ ചില നിബന്ധനകള്‍ അതില്‍ എടുത്തു കാട്ടണം. എങ്കില്‍ ഞാന്‍ സമ്മതിക്കാം." ധൈര്യം സംഭരിച്ചു രണ്ടു പേരോടും കൂടി പറഞ്ഞു. "നിങ്ങള്‍ കരാറും ഉണ്ടാക്കി അതും കെട്ടി പ്പിടിച്ചു ഇവിടെ ഇരുന്നോ. ഞങ്ങള്‍ അടുത്ത ആഴ്ച ചെക്കന്‍റെ പുതിയ വീടിലേക്ക്‌ മാറുന്നു. അവിടെ ഞങ്ങള്‍ പട്ടിയും, പോത്തും ഒക്കെ വളര്‍ത്തും." ആ രണ്ടാമത് പറഞ്ഞ മൃഗം എന്നെ ഉദ്ദേശിച്ചായിരുന്നു. ചെക്കന്‍ പോകുന്നത് കണ്ടു. മുമ്പിലുള്ള കസേരയില്‍ തപ്പിയപ്പോള്‍ കസേര കാലി. അവള്‍ പോകുന്ന പോലെ ഭൂമി കുലുക്കം ഉണ്ടായതാണ്. പക്ഷെ ഇരുട്ടായിരുന്നതിനാല്‍ പോകുന്നതു കണ്ടില്ല. തലയില്‍ ഇരുട്ട് കയറി. വയറില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. 

ചെക്കന്‍ പുതിയ വീട് പണിതപ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിന്‍റെ ഉള്ളില്‍ നിന്നും ശബ്ദങ്ങള്‍ വരുന്നുണ്ട്. സാധനങ്ങള്‍ എടുത്തു വെക്കുകയായിരിക്കുമോ? എന്തോ ആകട്ടെ എന്നും വിചാരിച്ചു ഒന്ന് മയങ്ങിപ്പോയി. എന്തോ കത്തുന്ന മണം ഘ്രണിച്ചാണ് രണ്ടു മണിക്കൂര്‍ കഴിഞ്ഞു ഉണര്‍ന്നത്. വയറിന്‍റെ ഉള്ളില്‍ നിന്നും ആണ്. മെല്ലെ എഴുന്നേറ്റു അടുക്കളയിലേക്ക് നോക്കി. ഇരുട്ടാണോ അതോ ബേബി അടുക്കള നിറഞ്ഞു നില്‍ക്കുകയാണോ എന്ന് മനസ്സിലായില്ല. റിവേര്‍സ് ഗീയറില്‍ ഹാളിലേക്ക് ഒന്നെത്തി നോക്കി. ടീ വീ യുടെ ശബ്ദം ചെറുതാക്കി ഇരുട്ട് സോഫയില്‍ രണ്ടു കാലുകളും കയറ്റി ഇരിക്കുകയാണ്. ചെക്കനും അടുത്ത് എന്തോ കൊറിച്ചു ഇരിക്കുകയാണ്. അവന്റെ തല അവളുടെ തോളില്‍ ആണ്. എന്‍റെ നിഴല്‍ ടീ വീ യില്‍ കാണുന്ന കാര്യം എനിക്കറിയാമായിരുന്നു. അത് കാരണം ശ്രദ്ധിച്ചു മാത്രമാണ് എത്തി നോക്കിയത്. "നമുക്ക് ഊണ് കഴിക്കുമ്പോള്‍ എല്ലാം തീരുമാനിക്കാം." രണ്ടു പേരും ഉത്സാഹത്തോടെ, ധൃതി പിടിച്ചു വന്നു. എനിക്ക് വിളമ്പി തരാന്‍ അവള്‍ക്കു ഒരു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു. ഊണ് കഴിക്കുമ്പോള്‍ പട്ടി വെളുത്ത പോമെരേണിയന്‍ ആകണമെന്നും, അതിന്‍റെ പേര് പാറു എന്നായിരിക്കുമെന്നും, ചെക്കന്‍റെ അറിവില്‍ അഞ്ചായിരം കൊടുത്താല്‍ കിട്ടുമെന്നും, ആ ചെലവ് ആദ്യം ഞാന്‍ വഹിക്കണമെന്നും, ഒരു മൂന്നാല് മാസങ്ങള്‍ കഴിഞ്ഞാല്‍ ചെക്കന്‍ അത് തിരിച്ചു തരുമെന്നും ഒക്കെ എന്നെ അറിയിച്ചു. താഴെ കിടക്കുന്ന ഫിയറ്റ് കാര്‍ അവളുടെ വീടാക്കാം എന്നാ എന്‍റെ നിര്‍ദ്ദേശം മൂന്നില്‍ രണ്ടു വോട്ടോടെ തള്ളപ്പെട്ടു. എല്ലാം തീരുമാനിച്ച വാക്കാല്‍ ഉള്ള കരാറില്‍ എന്‍റെ ഒപ്പ് മാത്രം. 

എന്‍റെ പോലീസ് ബുദ്ധിയില്‍ ഉദിച്ച കാര്യങ്ങള്‍ വായനക്കാരെ അറിയിക്കാന്‍ വേണ്ടി മാത്രം കുറിക്കുന്നു. ഒന്ന് ഈ വെളുത്ത പോമെരേണിയന്‍ വേണമെന്നതിന്‍റെ വാശിയുടെ പിന്നില്‍ ഉള്ള വക്ര ബുദ്ധി എന്‍റെ തലയിലെ മുടിയുടെയും, ഈ പോമെരേണിയന്‍ പട്ടിയുടെ മുടിയും തമ്മില്‍ ഉള്ള രൂപ സാമ്യം കാരണം എവിടെയെങ്കിലും, ഭക്ഷണത്തില്‍ അടക്കം, വെളുത്ത മുടി കണ്ടാല്‍ എന്‍റെ പുറത്തു അതിന്‍റെ കുറ്റം ചുമത്താന്‍ എളുപ്പം. സ്വാഭാവികമായും ഞാന്‍ പട്ടിയില്‍ കൂടുതല്‍ ശ്രദ്ധിക്കും. രണ്ടു, പാറു എന്ന് ഈ പട്ടിക്കു പേരിട്ടാല്‍ ബാല്‍കണിയില്‍ നിന്നും ഇനി ഞാന്‍ 'ബേബി' എന്ന് വിളിച്ചാല്‍ തിരിച്ചു അടുക്കളയില്‍ നിന്നും ഇവള്‍ 'പാറു' എന്ന് വിളിക്കുകയും, അപ്പോള്‍ അപ്പുറത്തെ ബേബി ഉണ്ടാക്കുന്ന ശബ്ദങ്ങളുടെ മറു മരുന്നായി ഇവിടെ നിന്നും പാറു ഉണ്ടാക്കുകയും അങ്ങിനെ എന്‍റെയും, സുന്ദരന്റെയും, നെടുങ്ങാടിയുടെയും ഇടയില്‍ വിള്ളല്‍ ഉണ്ടാവുകയും ചെയ്യും. ഞങ്ങളുടെ ഇടക്കുള്ള വെള്ളമടി അതോടെ നില്‍ക്കും. മൂന്ന്, ഇവളുടെ ഈ മൂന്നാല് എന്ന ആ ശബ്ദം വിശ്വസിക്കാന്‍ പറ്റാത്തതായ കാരണം രൂപ അഞ്ചായിരം എന്‍റെ പോയി എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തുന്നു. 

എന്തായാലും സപ്തംബര്‍ ഒന്നാം തീയതി മുതല്‍ രണ്ടു വെളുത്ത തലകള്‍ എന്‍റെ ബാല്‍കണിയില്‍ കാണാം എന്ന് നിങ്ങള്‍ക്കെല്ലാം ഉറപ്പിക്കാം. ഒന്ന് കൂടി പറയട്ടെ. ഞാന്‍ ഉമ്മറത്തേക്ക് എത്തി നോക്കുന്നതിനു മുമ്പ് ചെക്കന്‍ എന്‍റെ ഭാര്യയോടു ചോദിക്കുന്നുണ്ടായിരുന്നു "അച്ഛന്‍ സമ്മതിച്ചില്ലെങ്കില്‍ അമ്മ വീട് വിട്ടു എന്‍റെ കൂടെ പോരുമോ, അമ്മെ?" "പ്ഫാ കഴുതേ. അതിയാന്‍ മരിച്ച ശേഷം മാത്രമേ ഞാന്‍ മരിക്കാവൂ എന്നാ എന്‍റെ ദിവസവും ഉള്ള പ്രാര്‍ത്ഥന. പാവം ഞാന്‍ പോയാല്‍ പിന്നെ ആരാ അതിയാനെ നോക്കുക? നിന്നെയൊക്കെ നിന്‍റെ ഭാര്യ, സാരി തുമ്പില്‍ കെട്ടിയിടും." അതാണ്‌ വായനക്കാരെ ആ കറുത്ത ശരീരത്തിന്റെ ഉള്ളില്‍ ഉള്ള വെളുത്ത മനസ്സ്. ഞാനും ദിവസവും പ്രാര്‍ഥിക്കുന്നത് അവള്‍ ആദ്യം മരിക്കണേ എന്നാണു.

Sunday, September 16, 2012

ഇന്നലെകളുടെ പേറ്റുനോവില്‍ കണ്‍ മിഴിക്കുന്ന ഇന്നുകള്‍ . പേരില്ലാത്ത ഇന്നുകളുടെ നെറ്റിയില്‍ സ്നേഹ ചുംബനങ്ങളും അശ്രുക്കളും പൊഴിക്കുന്ന ഇന്നലെകള്‍. ഇന്നിന്‍റെ സ്പന്ദനമാധുരിമയില്‍ ലയിച്ചു ഇല്ലാതാകുമ്പോള്‍, ഇന്നിന്‍റെ ചൂണ്ടുവിരലില്‍ പിടിച്ച ഇന്നലെകളെ നോക്കി ഇന്നിന്‍റെ അമര്‍ഷം "എന്നെ തനിച്ചു വിടാത്തതെന്തേ?" ഇന്നലെകളുടെ വിരഹദുഃഖം അവരില്‍ കത്തിയമര്‍ന്നപ്പോള്‍ അകലത്തില്‍ ഇന്നിന്‍റെ ഞാനെന്ന ജയഭേരി നാളെയില്‍ മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു. ശക്തിയുടെ അസ്തമയനാളുകളില്‍ ഇന്നലെകളെ നോക്കി ഇന്നു വാവിട്ടു കരഞ്ഞു "വരൂ. എന്‍റെ ചൂണ്ടു വിരല്‍ പിടിക്കൂ." ഇന്നലെകളുടെ കരിഞ്ഞ മണവുമായി വന്ന കാറ്റ് ഇന്നിനോട് പറഞ്ഞു "ഇല്ലാത്ത ഇന്നലെകളെ മറന്നേക്കൂ. നാളെയുടെ ജനനത്തിന്നായി രാത്രിയെ പുണരൂ. ഇന്നലെകളുടെ നല്ലൊരു നാളെ നിനക്ക് ജനിക്കട്ടെ. ജീവിതം മുഴുവന്‍ ചൂണ്ടു വിരല്‍ പിടിക്കാന്‍ തരുന്ന നല്ലൊരു നാളെ. ഇന്നലെകളുടെ തെറ്റുകളില്ലാത്ത ഒരു നല്ല നാളെ." 

ഞാനും, നിങ്ങളും അതില്‍ ഒരു കണികയായി ഉണ്ടെങ്കിലും, ഇല്ലെങ്കിലും. നമ്മള്‍ എന്ന ഞാനും, നിങ്ങളും നാളെയുടെ സ്മൃതിപഥത്തില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും.
ഒന്നെന്നുമെന്നുമൊന്നുമാത്രം
ഒന്നെന്നുമൊന്നായിട്ടന്നു പൂജ്യര്‍ 
ഒന്നെന്നു നിന്നുമന്നു പാദപൂജ്യര്‍ 
ഒന്നായിട്ടന്നു നിന്നു മെയ്യു നോക്കാത- 
ന്നല്ലോ മനമൊന്നിലൊന്നു ധന്യര്‍. 
നന്നായതൊന്നിലതൊന്നു തോന്നി
മണ്ണായതൊന്നല്ലേ നീയതൊന്നു
ഒന്നായി വന്നുമിന്നു നന്നായിടുന്നു
ഒന്നേന്നു പോന്നതിലൊന്നുമൊന്നു
ഒന്നായി മായിച്ചതിലൊന്നുമൊന്നു
നന്നായി വായിച്ചതിലോന്നുമൊന്ന്
മണ്ണായി വാദിച്ചതിലൊന്നു മൊന്ന്.

Friday, September 14, 2012

പഴയ തറവാട്

അടുക്കളെന്നു രാമന്റെയും, കൃഷ്ണന്റെയും നാമങ്ങള്‍ ഇടക്കിടക്ക് കേള്‍ക്കാന്‍ തുടങ്ങിയപ്പോ കുട്ടന്‍ നായര്‍ എഴുന്നേറ്റു. പല്ല് ഉമിക്കരി കൊണ്ട് തേച്ചു തിരിച്ചു കോസറിയില്‍ വന്നിരുന്നു. കട്ടന്‍ കാപ്പി കിട്ടാന്‍ ഇല്ലാത്ത ഒന്ന് രണ്ടു ചുമ ഉണ്ടാക്കി. ഇടനാഴിയില്‍ നിന്നും അമ്മയുടെ മൂളല്‍ കേള്‍ക്കുന്നുണ്ട്. കഷായം കഴിഞ്ഞിട്ടുണ്ടാവണം.ഇന്നലെ കുപ്പിയില്‍ വെള്ളം ചേര്‍ത്തു മുമ്പില്‍ വന്നു ദേവി മൂന്നാല് പ്രാവശ്യം കഴിഞ്ഞു എന്ന് കാണിക്കാന്‍ വേണ്ടി കുലുക്കിയതായിരുന്നല്ലോ. കയ്യും കുത്തി ചുമരിന്റെ വിള്ളലില്‍ക്കൂടി വെറുതെ പുറത്തേക്ക് നോക്കി. പുളി മാവിന്റെ കൊമ്പുകള്‍ ചിലതെങ്കിലും കാണാം. അറിയാതെ ഒന്ന് കൂടി നോക്കി. കുറേശ്ശെ പൂക്കള്‍ വരുന്നുണ്ടല്ലോ. രാമന്റെയും, കൃഷ്ണന്റെയും നാമങ്ങളോടെ അടുത്തടുത്തു വരുന്ന പാദസ്പര്‍ശങ്ങള്‍.. . ദേവി സ്റ്റീല്‍ ഗ്ലാസില്‍ കാപ്പിയും കൊണ്ട് വന്നു. കട്ടന്‍ കാപ്പി അല്ല. നല്ല കടുത്ത ചായ. ദേവി ഇല്ലാത്ത വേലിക്കടുത്തു നിന്ന് അയല്പക്കക്കാരിയെ വിളിച്ചപ്പോള്‍ തന്നെ എന്തോ കടം വാങ്ങാന്‍ ആണെന്ന സംശയം തോന്നിയതായിരുന്നു. "എവിടുന്നെ ഇപ്പൊ പാല്?" കയ്യില്‍ തന്നു കൊസറിയില്‍ ഇല്ലാത്ത മടക്കുകളെ നിവര്‍ത്താന്‍ തുടങ്ങി. എന്തോ കുഴപ്പമുണ്ട്. "ഇന്ന് കുറച്ചു കൂടുതല്‍ കറന്നു. പാവം അമ്മിണി കുട്ടിക്ക് കുറച്ചേ കുടിക്കാന്‍ കിട്ടിയിട്ടുണ്ടാവൂ." വൈദ്യര്‍ അവളോടു ദിവസവും പാല് കുടിക്കണം എന്ന് പ്രത്യേകം പറഞ്ഞതായിരുന്നു. പശുക്കുട്ടിക്കു കൊടുക്കാതെ കൂടുതല്‍ കറക്കണം എന്നുണ്ടെങ്കില്‍ ഇവള്‍ രണ്ടാമതും ജനിക്കണം. പാല് കുടിക്കാതെ എനിക്ക് തന്നിരിക്ക്യ. അര ക്ലാസ്സില്‍ അമ്മക്ക് അടുപ്പിന്റെ അടുത്തു വെച്ചിട്ട്ണ്ടാകും. ദേവിയെ ഒന്ന് കൂടി നോക്കി. വല്ലാത്ത വിളര്‍ച്ച ഉണ്ട്. രക്തം കുറവ് തന്നെയാണ്. "എന്തെ?" മെല്ലെ ചോതിച്ചു. "ചെക്കന്റെ ഫീസ്‌ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അടച്ചിട്ടിലെങ്കില്‍ കോളെജിന്നു പേര് വെട്ടും ത്രെ." തലേ ദിവസം അടുക്കളേല് അമ്മേം മകനും കൂടി എന്തോ കുശു കുശുക്കുന്നത് കേട്ടിരിന്നു. ഒന്നും മിണ്ടാതെ ചായ മൊത്തി കുടിച്ചു. അവള്‍ തിരിച്ചു അടുക്കളയിലേക്ക് പോയിരിക്കുന്നു. "കൃഷ്ണാ, ആ മാവെങ്കിലും ഒന്ന് നേരെ പൂത്തു കിട്ടിയിരുന്നെങ്കില്‍ എന്തെങ്കിലും കിട്ടുമായിരുന്നു." അടുക്കളയില്‍ നിന്നും അവളുടെ മൊഴി കേട്ടു. അറിയാതെ വിള്ളലില്‍ ക്കൂടി ഒന്ന് കൂടി നോക്കി. കൃഷ്ണന്‍ ബാപ്പുട്ടിയില്‍ കൂടി ജനനം എടുത്ത പോലെ തോന്നി. നേരെ ഗ്ലാസ്സുമായി പുറത്തേക്ക് നടന്നു. പിന്നില്‍ മാവിന്റെ അടുത്തു പോയി ഒരു അവലോകനം നടത്തി. മുഴുവന്‍ പൂവ്വായിട്ടില്ല. എന്നാലും ബാപ്പുട്ടി എന്തെങ്കിലും തരാതിരിക്കില്ല. തോര്‍ത്തെടുത്തിട്ടു നടക്കാന്‍ തുടങ്ങിയപ്പോ ദേവി "എന്തെങ്കില് കഴിക്കാര്‍ന്നുവോ. അല്ലെങ്കി തന്നെ വയറു വേദനയാ." കേള്‍ക്കാത്ത പോലെ നീണ്ടു നടന്നു. നിഴല്‍ നോക്കി. ഒരു എട്ടു മണി ആയി കാണണം. വാച്ച് കേടു വന്നിട്ട് മൂന്നാല് മാസങ്ങളായി ക്കാണും. "മൂത്താരെ, കള നിറഞ്ഞിരിക്കുന്നു. എടുക്കണോ?" അവളുടെ കുടിയില്‍ നിന്നും പാറുട്ടിയാണ്. "രണ്ടുസം കഴിയട്ടെ, പാറുട്ടിയെ " ബാപ്പുട്ടി ണ്ടായിയാല്‍ മത്യാര്‍ന്നൂ. നടത്തത്തിന്റെ വേഗത ഒന്നൂടെ കൂട്ടി. സമാധാനം ആയി. അവന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. "എന്താ, ബാപ്പ്പുട്യെ മാങ്ങ കച്ചവടം ഒന്നും ഇല്ല്യേ ഈ കൊല്ലം?" പേപ്പറില്‍ തല മുക്കിയിരുന്ന മമ്മത് തല പൊക്കി ഒന്ന് ചിരിച്ച പോലെ നോക്കി. "അതിനു പൂവെങ്കിലും ആവണ്ടേ ന്റെ കുട്ടന്‍ നായരേ? മരം നോക്കി കച്ചവടം നടത്താന്‍ പറ്റുമോ?" "ആരെ പറഞ്ഞു പൂവായിട്ടില്ല ന്നു. യ്യ് അവിടെ ഒന്ന് വന്നു നോക്ക്." "അടുത്ത ആഴ്ചയില് വരാം കുട്ടന്‍ നായരെ. ങ്ങള്‍ക്ക് അഡ്വാന്‍സ് എന്തെകിലും വേണം ന്നുണ്ടെങ്കില് ചോതിച്ചോളിന്‍ തരാം." ഒരു ശ്വാസം വീണു. "ന്നാ എന്തെങ്കിലും ങ്ങുടു എടുത്തോ. നമക്ക് എപ്പോളാച്ചാ നോക്കാം." ബാപ്പുട്ടി തന്ന നോട്ടുകള്‍ എണ്ണാതെ മടിയില്‍ വെച്ച്. "നന്ദി ണ്ട് ട്ട്വോ കൃഷ്ണാ." "ങ്ങള്‍ക്കെന്താ പ്രാന്തും പിടിച്ചോ, നായരേ? ഞാന്‍ കൃഷ്ണനും, രാമനും ഒന്നും അല്ല. ബാപ്പുട്ട്യാ." നിറഞ്ഞ കണ്ണുകള്‍ കാട്ടാതെ വലിഞ്ഞു നടന്നു. ചെക്കന്‍ പോണേന്റെ മുമ്പേ വീടിലെത്തണം. ആ ബാലന്‍ നായര്‍ക്കും ഒരു പത്തുറുപ്പിക കൊടുക്കണം. ഇന്ന് ബുധന്‍ അല്ലെ. അയാള്‍ അങ്ങാടിയില്‍ പോണുണ്ടാകും. അമ്മക്ക് ഒരു ചെറിയ കുപ്പിയെങ്കിലും കഷായം കൊണ്ടരാന്‍ പറയാം. പിന്നിലെ മാവിലെ തല ഉറക്കാത്ത മാമ്പൂവുകള്‍ കണ്ണ് തുറക്കുന്നെ ഉള്ളൂ.

സ്നേഹമാണ് വേദങ്ങള്‍, സ്നേഹമാണ് ബൈബിള്‍, സ്നേഹമാണ് ഖുര്‍ആന്‍, സ്നേഹമാണ് ദൈവം

ആദ്യമില്ലാത്ത വേദങ്ങള്‍, അന്ദ്യമില്ലാത്ത വേദങ്ങള്‍. അതോ അന്തമില്ലാത്ത വേദങ്ങളോ? കഴിച്ചു വയര്‍ നിറക്കാന്‍ നോക്കി. നിറയുന്നില്ലല്ലോ. കുപ്പിയില്‍ നിറച്ചു കുഞ്ഞിനു നല്‍കി. എന്നാലും ചെക്കന്‍ കരച്ചില്‍ തന്നെ. ഉരുളയാക്കാന്‍ കുഴയ്ക്കുമ്പോള്‍ കൂടുതല്‍ കുഴയുകയാണ്. മൂളിപ്പാട്ടായി ചെക്കനെ ഉറക്കാന്‍ നോക്കി. ഉറങ്ങുന്നില്ലല്ലോ. കരച്ചിലാക്കി പറഞ്ഞു നോക്കി. ചെക്കന് ഒരു കുലുക്കവുമില്ല. ചന്തിയില്‍ നുള്ളി പറഞ്ഞപ്പോള്‍, കയ്യില്‍ അടിച്ചു പറഞ്ഞപ്പോള്‍ വേദം ഭാവം മാറി ഭേദ്യമായി. കറുപ്പ് വെളുപ്പില്‍ കലക്കി നല്‍കി. ചെക്കന്‍ മയങ്ങി. വേദം വ്യാധിയായി. അമ്മയില്ലാത്ത കുട്ടിയാണ്. കീറത്തോര്‍ത്തു തോളിലിട്ടു അയാള്‍ പുറത്തിറങ്ങി. എന്തെങ്കിലും ജോലി. "തൊടി കിളക്കണോ, മൂത്താരെ?" "ഒരാഴ്ച കഴിയട്ടെ." പുക വരാന്‍ മടിക്കുന്ന മൂതാരുടെ വീട്ടിന്നകത്ത് നിന്നും ശബ്ദം കേട്ടു. മരുന്ന് വാങ്ങിയിട്ടില്ല എന്ന് തോന്നുന്നു. കിടക്കുകയായിരിക്കും. ഒരേ ഒരു മകന്‍ ദൂരെ എവിടെയോ നന്നായി കഴിയുന്നുണ്ട്. ഭാഷ അറിയാത്ത മരുമകളാണ്. വന്നിട്ടും കാര്യമില്ലത്ത്രെ. പൈസക്ക് ഭാഷ യുണ്ടോ? അവിടേം, ഇവിടേം ഒക്കെ ഉറുപ്പ്യ ഒന്ന് തന്നെ ആവില്ലേ? വേദം വാദിക്കാന്‍ പറ്റിയതാവില്ല. ചെക്കന് ഭാഷ ഇല്ലാത്ത ഉറുപ്പ്യ അച്ഛനു അയച്ചു കൊടുത്തൂടെ, ആവോ? പാവം എന്തെകിലും മരുന്നു വാങ്ങി കഴിക്കുമായിരുന്നു. വേദം ആയുര്‍വെദമായി അയാളുടെ മനസ്സില്‍ ചക്രശ്വാസം മുട്ടി. മൂത്താരുടെ വീട്ടുമുറ്റം പുല്ലു നിറഞ്ഞിരിക്കുന്നു. കാടു നിറഞ്ഞ സ്ഥലത്തെ പുല്ലു കുറച്ചൊക്കെ പറച്ചു മാറ്റി. വീണ്ടും പറയ്ക്കാന്‍ നോക്കുമ്പോള്‍ ഒരു തവള ചെക്കന്റെ ശബ്ദത്തില്‍ ചാടിപ്പോയി. ഓ ചെക്കന് വേദമില്ലാത്ത കഞ്ഞി വേണം. "ഞാന്‍ പിന്നെ വരാം, മൂത്താരെ." "ന്റെ അടുത്തു ഒന്നും ഇല്ലല്ലോടാ." പുല്ലു പറിക്കുന്നത്‌ മൂത്താര് കണ്ടിട്ടുണ്ടാവണം. "ആ തെങ്ങില്‍ ഇളനീര്‍ ണ്ടെങ്ങി രണ്ടെണ്ണം ഇടാര്‍ന്നൂ. ഒന്ന് നീയും എടുത്തോ, നെന്റെ ചെക്കനേയ്." തെങ്ങിന്റെ മണ്ടയിലേക്കു നോക്കി. "രണ്ടെണ്ണം തന്നെ, ള്ളൂ മൂത്താരെ." "അതാങ്ങുട് ഇട്ടോടാ. ഒന്ന് ഇവിടെ വെട്ടി വെച്ചോ. ഒന്ന് ചെക്കന് കൊടുക്ക്. വെശുന്നു കരയണ ശബ്ദം കേട്ടിരുന്നു." കീറത്തോര്‍ത്തു ചുരുട്ടി അയാള്‍ വേദങ്ങളുടെ വേദിയിലേക്ക് ചാടിക്കയറി. രണ്ടും വെട്ടി താഴത്തിട്ടു. ഒന്ന് വെട്ടി മൂത്താരുടെ അടുത്തു വെച്ച്. തൊട്ടു നോക്കി. പനിക്കുന്നില്ല. മുറ്റത്തു അനക്കം കേട്ടു നോക്കി. അപ്പുറത്തെ അമ്മിണി തൂക്കു പാത്രത്തില്‍ കഞ്ഞിയുമായി വന്നിരിക്കുകയാണ്. "പാവം, രണ്ടൂസായിട്ട് ഒന്നും കഴിച്ചിട്ടുണ്ടാവില്ല." രക്ത ബന്ധമില്ലാത്ത അച്ഛന്റെ മകള്‍. എവിടുന്നോ കിട്ടിയ അരി അറിവിന്റെ കഞ്ഞി ആക്കി ആവിയോടെ കൊണ്ട് വരികയാണ്. "അച്ഛന് ഞാന്‍ കൊടുക്കാം. കൊറച്ചു നീ കൊണ്ടോയിട്ട് ആ ചെക്കന് കൊടുക്ക്." പൊട്ടപ്പാത്രത്തില്‍ തന്ന കഞ്ഞിവറ്റുകള്‍ എണ്ണി നോക്കാതെ അയാള്‍ വാങ്ങി. നാല് വേദങ്ങളും ഇളനീരിലും, കഞ്ഞിയിലും ആക്കി അയാള്‍ ധൃതിപ്പെട്ടു നടന്നു. ചെക്കന്റെ മയക്കം കഴിഞ്ഞിട്ടുണ്ടാവണം.

എന്റെ നൂറു പറ പത്തായം:




താഴെ നിന്നും ഉറക്കെ, ഉറക്കെ ശബ്ദം കേട്ടപ്പോള്‍ പത്താം നിലയിലെ പത്തായത്തില് നിന്നും പതുക്കെ തല പുറത്തിട്ടു. പഴയ പത്തായത്തില്‍ ദിവസങ്ങളോളം രാത്രി കാലങ്ങളില്‍ മിനക്കിട്ടു പണിത ഓട്ടയില്‍ കൂടെ എലി പുറത്തേക്ക് നോക്കുന്നത് പോലെ. കൈയ് വായക്കരുകെ പിടിക്കുന്നതിനു പകരം ഇരുമ്പഴിയില്‍ മുറുക്കെ പിടിച്ചു. പിന്നിലേക്ക് ഒന്ന് നോക്കി. ആ സ്പ്രിംഗ് പോലത്തെ വാലും ഇല്ല. എന്തായാലും ഞാന്‍ എലി അല്ല. സമാധാനമായി. ഇനി തല പുറത്തിടാം. കാക്കയും, കഴുകനും ഒന്നും കൊത്തി കൊണ്ട് പോകില്ല. ആദ്യം ആ കഴുത്തില് പാടുള്ള പറയന്‍ കാക്ക നോക്കുന്നത് പോലെ മുകളിലെക്കാണ് കണ്ണ് പോയത്. ദൈവത്തെ നോക്കിയതല്ല. മുകളിലെ പത്തായത്തില് ചെകുത്താന്‍ ഉണ്ടോ എന്ന് നോക്കിയതാ. മൂന്നു വയസ്സുള്ള ചിരിക്കുന്ന ചെകുത്താന്‍ ചെക്കന്.
ചെക്കന് ഒരു ഗുണം ഉണ്ട്. ജീവപര്യന്തം തടവ് കിട്ടിയ കൊലയാളിയുടെ പോലെ എപ്പോഴും പത്തായത്തിന്റെ അഴികളും പിടിച്ചും നില്‍ക്കുന്നുണ്ടാവും. കൈകളും, കാലുകളും, തലകളും (ഒരു തല ഒന്നും അല്ല ചെക്കനുള്ളത്. രാവണന്റെ രണ്ടാം ജന്മമാണ് എന്ന് തോന്നുന്നു.) ഇളകികൊണ്ടിരിക്കുന്നുണ്ടാവും. അത് കാരണം കുരിശില്‍ കെട്ടിയിരിക്ക അല്ല എന്ന് ഞാന്‍ ഉറപ്പിക്കാറുണ്ട്. പേര് അവധൂത്. പേര് പോലെ തന്നെ ചെക്കനും. നഗ്നന്‍ , മുഴു നഗ്നന്‍ . നീലച്ചിത്രത്തില്‍ ചാന്‍സ് നോക്കി നില്‍ക്കുന്ന ഭാവമാ. ചെക്കന്റെ തന്ത സെന്‍സര്‍ ബോര്‍ഡില്‍ തന്നെ ആയ കാരണം അതിന്റെ ഒരു ഹുങ്കും ഉണ്ട് ചെക്കന്. ശബ്ദം വിട്ടു നിശ്ശബ്ദമായി ചെക്കന്റെ കാര്യം പറയാന്‍ കാരണം ഉണ്ട്. എന്റെ തിളങ്ങുന്ന മുഴുക്കഴണ്ടി തല കണ്ടാല് ചെക്കന് യുറോപ്യന്‍ ക്ലോസേറ്റ് ആണെന്ന് തോന്നുന്നുണ്ട് എന്ന് തോന്നുന്നു. അപ്പൊ നടത്തും അവന്റെ പരിപാടി. നല്ല ഉന്നവും ആണ്. വലുതായാല്‍ നീലച്ചിത്രത്തില്‍ ചാന്‍സ് കിട്ടിയില്ലെങ്ങില് തന്നെ എന്താ? ഒളിമ്പിക്സില്‍ ഇത്തരം ഒരു പരിപാടി അവന്റെ തന്ത ഉണ്ടാപ്പിക്കും. അത്ര സ്വാധീനം ഉള്ളവനാ. അവന്റെ ഇപ്പോഴത്തെ ഉന്നം കണ്ടാല്‍ അവനു തന്നെ ഒന്നും, രണ്ടും, മൂന്നും പ്രൈസ്. സംഗതി ഒപ്പിച്ചു കഴിഞ്ഞാല്‍ ചെകുത്താനും അമ്മയും കൂടി ഒരു ചിരിയുണ്ട്. ചെക്കന്റെ അപ്പോഴത്തെ ചിരി കാണുമ്പോള് കാര്‍ടൂണില്‍ കാണുന്നത് പോലെ അവനെ പേപ്പര്‍ പോലെ പരത്തി ആ അഴികളുടെ ഉള്ളില് ക്കൂടെ വലിച്ചു പുറത്തിട്ടു ഒരു റോഡ് റോള്ളര് കയറ്റാനുള്ള ദ്വേഷ്യം തോന്നും. അപ്പോഴാ അവന്റെ അമ്മയുടെ ചിരി നോക്കുക. ആ വെളുത്ത മാലാഖയുടെ മുഖവും, ഒരു ലിടെര് വെള്ളം കൊള്ളാവുന്ന ഇടതു വശത്തെ നുണക്കുഴിയും, പാലിനെ വെല്ലു വിളിച്ച് നിര നിരയായി ജര്മന് പട്ടാളത്തിനെപ്പോലെ നില്ക്കുന്ന ദന്തനിരകളും, ചിരിക്കുമ്പോള് മുഖത്തേക്ക് ചാടി വീഴുന്ന നീണ്ടു ചുരുണ്ട കാര്കൂന്തലും. മാലാഖയുടെ ഭര്‍ത്താവ് ജര്‍മന്‍കാരന്‍ ഹിട്ലര്‍ തന്നെയാണ്. അവന്റെ രോകറ്റ് പോലത്തെ ശബ്ദം മുകളില്‍ കേട്ടാല്‍ ഞാന്‍ തല പോയി വാലിന്റെ അറ്റം കൂടി എന്റെ പത്തായത്തിന്റെ പുറത്തിടില്ല. എന്റെ ഭാര്യയാണെങ്കില്‍ ഇടക്കിടക്ക് എന്നോടു പറയും "ദാ നിങ്ങളിപ്പോ ഈ വയസ്സാന്‍കാലത്ത് ആ മോളിലത്തെ സാറിന്റെ മീശയോടു മുട്ടാനോന്നും പോണ്ട. അയാള്‍ നിങ്ങളെ പ്പോലെ ഒന്നും അല്ല. ദിവസവും പത്തു മുട്ടയും, രണ്ടു കോഴിയും, മൂന്നു ലിറ്റര്‍ പാലും ഒക്കെയാണ് കഴിച്ചു വരുന്നത്. രാവിലെ ദിവസവും രാവിലെ രണ്ടു മണിക്കൂര്‍ കസര്‍ത്ത് ഉണ്ട്." കേള്‍ക്കുമ്പോള്‍ ചൊറി വരും. ഇവളാ അവന്നു മുട്ടയും, കോഴിയും, പാലും ഒക്കെ ഉണ്ടാക്കുന്നത്ന്നു തോന്നും. ചൊറിഞ്ഞു, ചൊറിഞ്ഞു ഒരു ദിവസം അറിയാതെ ചോതിച്ചു "ആ പനക്കുറ്റി മൂത്രം എത്ര ഒഴിക്കുന്നുണ്ട്, എത്ര കക്കൂസില്‍ പോകുന്നുണ്ട് എന്നതിന്റെ കണക്കും നന്റെലുണ്ടോ?" ചോദിക്കേണ്ട ന്നു തോന്നി. ദിവസം മുഴുവന്‍ ചിറാപുഞ്ചിയില്‍ മഴ പെയ്യുന്നത് പോലെ ഒരു ഇരുത്തം ആയിരുന്നു. നല്ല കാലം അന്ന് എന്റെ മകന് രാത്രി മുഴുവന്‍ ജോലി ഉണ്ടായിരുന്നു. അത് കാരണം അവന്‍ വന്നിരുന്നില്ല.

പഴയ ഫിയറ്റ് വണ്ടി പോലെ (സ്ടീയരിംഗ് ഒരു വശത്തേക്ക് പിടിച്ചാല്‍ വണ്ടി മറ്റേ വശത്തെക്കാണ് പോകുക) എന്റെ വ്യാഖ്യാനം ആകുന്നല്ലോ. എന്താ പറഞ്ഞു വന്നത്? ആ. മാലാഖയുടെ ചിരി കണ്ടാല്‍ പിന്നെ ദ്വേഷ്യം ഒക്കെ പോകും. ആ ചിരിക്കു പിന്നാലെ സോറി എന്ന ഒരു മധു മൊഴിയും. തലയില്‍ കുറച്ചു മൂത്രം വീണാലെന്താ? പുണ്യാഹം ന്നും പറഞ്ഞു പണ്ട് വീട്ടിലും, അടുക്കളയിലും ഒക്കെ ഗോമൂത്രം അല്ലെ തളിച്ചിരുന്നത് എന്ന് സമാധാനിച്ചു കുളിമുറിയില്‍ കയറുമ്പോഴാ പൈപിന്റെ വക ഒരു കളിയാക്കല്‍ "ഇസ്സ്, ഇസ്സ്, ഇസ്സ് " ന്നും പറഞ്ഞു പല്ലില്ലാത്ത ഇസ്മയില്‍ ചിരിച്ചിരുന്നത് പോലെ വെറും കാറ്റാവും പുറത്തു വരുക. ഇസ്മയില്‍ ഇടക്ക് പുറത്തു വിട്ടിരുന്ന തുപ്പല്‍ പോലെ ഇടക്കൊന്നു തുപ്പുകയും ചെയ്യും. "എന്റെ കുറുപ്പേ" ന്നും പറഞ്ഞു എന്നെ കാര്‍ക്കിച്ചു തുപ്പുന്നത് പോലെയാണ് തോന്നുക. എന്തായാലും ആ കാറ്റിന്റെയും, തുപ്പലിന്റെയും താഴെ തലയൊന്നു കാണിച്ചു, അമ്പലത്തിലെ എമ്ബ്രാന്തിരിയുടെ പോലെ, കുളിച്ചു ന്നു കാണിക്കും.

കോയമ്പതൂരിനു പോണ്ട ആളെ തിരുവനന്തപുരം ഫാസ്റ്റ് പാസ്സേനജറില്‍ കയറ്റി ഇരുത്തിയ പോലെയാണ് എന്റെ പ്രതിപാദനത്തിന്റെ ദിശ. എന്താ ശബ്ദം ന്നു നോക്കാന്‍ ആയിരുന്നു ഞാന്‍ പത്തായത്തില്‍ നിന്നും തല പുറത്തിടെണ്ടി യിരുന്നത്. അപ്പോഴേക്കും ആ ചെകുത്താന്റെ ഓര്‍മ്മ എന്നെ ആകെ വട്ടം കറക്കി. തിരിച്ചു പത്തായത്തിന്റെ ഓട്ടയിലേക്ക് തന്നെ പോകാം.

അയ്യോ. ഒരു കാര്യം പറയാന്‍ വിട്ടു. ഞാന്‍ കുളിച്ചു രണ്ടാമതും ഓട്ടയുടെ അടുത്തു പോയി ചെക്കന്‍ ഇല്ലാത്ത മുക്ക് നോക്കി നിന്നാല്‍ തന്നെ ചെക്കന്‍ രഡാറും, എന്റെ മൊട്ടത്തല രഡാരിന്റെ ഇരയും പോലെയാണ്. ചെക്കന്‍ നീങ്ങി, നീങ്ങി എന്റെ തലപ്പുറത്ത് തന്നെ വന്നു നില്‍ക്കും. ഒരിക്കല്‍ ഒരു കണ്ണാടി എടുത്തു ഓട്ടയുടെ അടുത്തു പോയി ചെക്കന്‍ മോളിലുണ്ടോ എന്ന് കണ്ണാടിയില്‍ പരതി നോക്കുമ്പോഴുണ്ട്‌ എതിരെയുള്ള പത്തായപൊത്തില്‍ നിന്നും പൊട്ടിച്ചിരിയുടെ ഒരു മാലപ്പടക്കം. സര്‍ദാര്‍ജിയുടെ കോളജില്‍ പോകുന്ന മകളും, കൂട്ടുകാരികളും ആണ്. ഈ തലയുള്ളപ്പോ എന്തിനാ ഈ കണ്ണാടി എന്ന് പറഞ്ഞു ചിരിക്കുകയാണ്. നാണക്കേടു തോന്നിയെങ്കിലും പല്ല് കടിച്ചു ചുണ്ടില്‍ മുറിയുണ്ടാക്കി മിണ്ടാതിരുന്നു. സര്‍ദാര്‍ജിയുടെ താടിയും, അരയിലുള്ള കത്തിയും ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാണ്.

താടി വടിക്കാറായോ എന്ന് നോക്കുന്ന പോലെ കാണിച്ചു കണ്ണാടിയില്‍ ക്കൂടി മുകളില്‍ ചെക്കന്‍ ഇല്ല എന്ന് ഉറപ്പു വരുത്തി. താഴേക്ക്‌ നോക്കിയപ്പോള്‍ ഉന്തു വണ്ടിയില്‍ മഞ്ഞ കളറില്‍ എന്തോ അടുക്കി വെച്ചതായി കാണുന്നുണ്ട്. ശബ്ദതരംഗങ്ങള്‍ക്കു വേഗത കുറവുള്ള കാരണം വണ്ടി തല്ലുന്നവന്‍ വാ പൊളിച്ചു ഒരു രണ്ടു നിമിഷങ്ങള്‍ കഴിഞ്ഞാണ് അവന്‍ വിളിച്ചു പറയുന്നത് എന്റെ ചെവിയില്‍ എത്തുന്നത്. "നിങ്ങള്‍ക്കാ ഡോക്ടറെ കണ്ടു ഒരു യന്ത്രം വാങ്ങി പിടിപ്പിച്ചൂടെ" എന്ന് ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കും. അത് കേള്‍ക്കുമ്പോള്‍ തോന്നും. ഓ ഇവള്‍ ഒരു ചെറുപ്പക്കാരി എന്ന്. എന്നാലും ചിറാപുഞ്ചി ഓര്‍ത്തു ഒന്നും മിണ്ടില്ല. ഒന്ന് കൂടെ ശ്രദ്ധിച്ചു. എന്താ ഈ വണ്ടിക്കാരന്‍ വിളിച്ചു പറയുന്നത്? പപ്പാ.....പപ്പാ..ന്നാണല്ലോ. എന്താപ്പോ ഇത്. അച്ചന്മാരെയും വിക്കാന്‍ തുടങ്ങി ന്നോ? അതാവില്ല. ഒന്ന് കൂടി കൈ ഉപയോഗിച്ചു ചെവി കൂര്‍പ്പിച്ചു. കുട്ടികളുടെ കാര്‍ട്ടൂണ്‍ "പോപ്‌ ഐ" എന്നാണല്ലോ പറയുന്നത്. കേള്‍ക്കാനില്ല. ഇടക്കിടക്ക് ചെകുത്താന്‍ മുകളില്‍ ഇല്ലല്ലോ എന്ന് കണ്ണാടിയില്‍ ഉറപ്പിക്കുന്നുണ്ട്. എന്റെ പെരുമാറ്റവും, പരിഭ്രമവും ഒക്കെ കണ്ടിട്ടാണെന്ന് തോന്നുന്നു സര്‍ദാര്‍ജിയുടെ മകളുടെ ഒരു കൂട്ടുകാരി അപ്പോറത്തെ പത്തായത്തില്‍ നിന്നും വിളിച്ചു പറഞ്ഞു "അങ്ക്ലെ, കപ്പങ്ങ, കൊപ്പക്ക, ഓമക്കായ ന്നൊക്കെ പറയില്ലേ. അതാ വണ്ടിയില്. വാങ്ങി വരണോ?" "ഹേയ്‌, വേണ്ട കുട്ടീ." എപ്പോ നോക്കിയാലും ഈ പെണ്‍കുട്ടികള്‍ ഇവിടെ എന്നെ തന്നെ നോക്കി ഇരിക്കുകയാണോ? ആകെ നാണക്കേടായി. പിന്നില്‍ ചിറാപ്പുന്ജിയും മുകളില്‍ ചെകുത്താനും ഇല്ലല്ലോ എന്ന് ഉറപ്പിച്ചു എതിരുള്ള സര്‍ദാര്‍ജിയുടെ വീട്ടിലെ കുട്ടികള്‍ കാണാതെ മുകളിലേക്ക് നോക്കാന്‍ ഒന്ന് കുളത്തിലെ നീര്‍ക്കോലി പോലെ തല ഒന്ന് നീട്ടി തിരിച്ചിട്ടു. മാലാഖ തനിച്ചു ഉണ്ടെങ്കിലോ!