ഞങ്ങളുടെ വീടിനു കുറച്ചു ദൂരെ താമസമുള്ള ഒരു പരിചയക്കാരന്‍ ഉണ്ടായിരുന്നു, നാണുവാശാന്‍ എന്നാണു വിളിച്ചിരുന്നത്. അന്ന് ഒരു എഴുപത്തഞ്ചു വയസ്സ് വരുമായിരുന്നു. ആ വടിയും എടുത്തു വരുന്നത് കണ്ടാല്‍ ആശാനെ അറിയുന്നവരൊന്നും പിന്നെ വഴിയില്‍ നില്‍ക്കില്ല. പേര് കേട്ട കരിനാക്കുകാരന്‍ ആയിരുന്നു എന്നത് തന്നെ കാര്യം.
ഓണക്കാലം. ഞങ്ങളുടെ അടുത്തുള്ള മമ്മത് കടയില്‍ നിറയെ ഓണക്കുലകള്‍ നിരത്തിയിരിക്കുന്നു. നാണ്‌വാര് പോയി വില ചോദിച്ചു. ഓണത്തിനു മമ്മതിന്റെ ആദ്യത്തെ കസ്ടമര്‍. ആയിരുന്നു. നാനുവാരിന്റെ കരിനാക്ക് അറിവുള്ളത് കാരണം പത്തു രൂപ കുറച്ചു തന്നെ വില പറഞ്ഞു. വില കേട്ട് നാണ്‌വാര് പറഞ്ഞു "അവിടെ തന്നെ ഇരിക്കട്ടെ." പാവം മമ്മത്. ഓണം കഴിഞ്ഞിട്ടും ഓണക്കുലകള്‍ തൂങ്ങി കിടന്നു. പഴങ്ങള്‍ ഉണങ്ങിപ്പോയി എന്ന് മാത്രം.
എന്റെ അമ്മാമന്‍ 1963 ഇല്‍ ഭാണ്ടാരയില്‍ നിന്നും വരുന്നു. അന്ന് വീട്ടില്‍ മണ്ണെണ്ണ വിളക്കുകള്‍ ആണ്. അമ്മാമയുടെ സൈക്കിളില്‍ വെച്ചിരുന്ന ഹെഡ് ലാംപും കൊണ്ട് വന്നിരുന്നു. മുമ്പില്‍ രിഫ്ലെക്ടരും, രണ്ടു പുറത്തും പച്ചയും. ചുകപ്പും ഗ്ലാസ്സും, പിന്നില്‍ ഒരു പിടിയും ഉള്ള മണ്ണെണ്ണ വിളക്ക് രാത്രി ഇറങ്ങി നടക്കാന്‍ പറ്റിയതായിരുന്നു. എപ്പോഴെങ്കിലും ആ വീട്ടില്‍ എത്തുന്ന ഞാന്‍ സന്ധ്യക്ക് അതൊന്നു കൊളുത്തി പുറത്തേക്കിറങ്ങി. പുറത്തിറങ്ങിയതും നാണുവാശാന്‍ മുന്നില്‍. ഭൂതം പോലെ നില്‍ക്കുന്നു. അമ്മാമനെ കാണാന്‍ വന്നതായിരുന്നുവത്രേ. എന്റെ കയ്യില്‍ ഉണ്ടായിരുന്ന സൈക്കിള്‍ വിളക്ക് കണ്ടു പറഞ്ഞു "ഹായ്, അത്ഭുത വിളക്കാണല്ലോ. ഒന്ന് ആ ഉമ്മറപ്പടിയില്‍ വെക്കൂ. ഞാന്‍ ഒന്ന് കാണട്ടെ." ഞാന്‍ എല്ലാവരെയും നോക്കി പേടിയോടു കൂടി താഴെ വെച്ചു. 'ഭൂം' എന്നൊരു ശബ്ദം ഉണ്ടാക്കി വിളക്ക് ഒന്നിച്ചു കത്തുന്നതെ പിന്നെ കണ്ടുള്ളൂ. അമ്മാമന്‍ ഓടി വന്നു കുറച്ചു മണ്ണെടുത്തിട്ട് തീ അണച്ചു. തിളങ്ങുന്ന ചുമപ്പു നിറമുള്ള ആ വിളക്ക് അപ്പോഴേക്കും ഒരു കരിംഭൂതം ആയി കഴിഞ്ഞിരുന്നു. നാണുവാശാന്‍ ഒരു ശബ്ദം പോലും ഉരുവിടാതെ പോയി കഴിഞ്ഞിരുന്നു. എനിക്കിപ്പോഴും സംശയം അത് അയാളുടെ ഭൂതം ആയിരുന്നോ എന്നാണു?
എന്റെ വീട്ടില്‍ ഒരു മാവ് ഉണ്ടായിരുന്നു. കപ്പല്‍ മാങ്ങ എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞിരുന്നത്. നല്ല സ്വാദ് ആയിരുന്നു. അധികം പുളിയില്ലാത്ത കാരണം പച്ചക്ക് തന്നെ ഉപ്പു കൂട്ടി തിന്നാന്‍ നല്ല സ്വാദ് ആയിരുന്നു. ഒരു കൊല്ലം നിറയെ മാങ്ങ ഉണ്ടായി. നാനുവാര്‍ വടി കുത്തി വീട്ടില്‍ വന്നു പറഞ്ഞു "ആ കിഴക്കോട്ടുള്ള കൊമ്പില്‍ മാങ്ങ നിറഞ്ഞ കാരണം ഇല കൂടി കാണുന്നില്ല." ഇതും പറഞ്ഞു പുള്ളിക്കാരന്‍ ഞങ്ങളുടെ പടിപ്പുര കൂടി കടന്നിട്ടുണ്ടാവില്ല, അതാ പൊട്ടി വീഴുന്നു അദ്ദേഹം പറഞ്ഞ ആ കൊമ്പും, മാങ്ങകളും. എന്തായാലും നാണുവാശാന്റെ കയ്യില്‍ തന്നെ ഒരു പത്തു മാങ്ങ എന്റെ അമ്മമ്മ അവരുടെ വീട്ടിലേക്കു കൊടുത്തയച്ചു. സന്തോഷത്തോടു കൂടിയായിരുന്നോ അതോ ദ്വേഷ്യം വീട്ടുകയായിരുന്നോ എന്നറിയില്ല.
നാണുവാശാന്റെ സംഭാഷണവും, മാവിന്റെ കൊമ്പു വീഴലിനും ദ്രിക്സാക്ഷിയായിരുന്ന മുണ്ടി അമ്മമ്മയോടു പറഞ്ഞു "എന്റെ തമ്പ്രാട്ടീ. ആ മൂത്താര് അയ്യപ്പന്‍റെ വീട്ടിലെ ചക്ക നിറഞ്ഞ പ്ലാവ് കണ്ടു ഇത് പോലെ എന്താ അയ്യപ്പാ പ്ലാവോന്നും വീഴില്ലല്ലോ അല്ലെ എന്ന് ചോദിക്കലും ഒരു അഞ്ചാറു ചക്കകള്‍ ഒന്നിന് മീതെ ഒന്നായി താഴെ വീണതും ദാ ഈ കഴിഞ്ഞ ആഴ്ചയില്‍ അല്ലെണ്ടായത്." പച്ചക്കറികള്‍ ഉണ്ടാക്കുന്ന എല്ലാ സ്ഥലങ്ങളിലും അന്ന് നാണുവാശാനെ പേടിച്ചു ഒരു കോലം കെട്ടി വെക്കുമായിരുന്നു "കരിങ്കണ്ണാ നോക്ക്" എന്നും അതില്‍ എഴുതുമായിരുന്നു.
ഇപ്പോള്‍ ചക്കയും, മാങ്ങയും, പച്ചക്കറികളും ഒന്നും ഇല്ലാത്തതു കാരണം നാണുവാശാന്മാരും ഇല്ല. കോലം കെട്ടലും ഇല്ല. ഇല്ലെങ്കില്‍ അവിടെയെങ്കിലും പോയി നിന്ന് വല്ല നോക്ക് കൂലിക്ക് ശ്രമിക്കാമായിരുന്നു.
No comments:
Post a Comment