ആദ്യമില്ലാത്ത വേദങ്ങള്‍, അന്ദ്യമില്ലാത്ത വേദങ്ങള്‍. അതോ അന്തമില്ലാത്ത വേദങ്ങളോ? കഴിച്ചു വയര്‍ നിറക്കാന്‍ നോക്കി. നിറയുന്നില്ലല്ലോ. കുപ്പിയില്‍ നിറച്ചു കുഞ്ഞിനു നല്‍കി. എന്നാലും ചെക്കന്‍ കരച്ചില്‍ തന്നെ. ഉരുളയാക്കാന്‍ കുഴയ്ക്കുമ്പോള്‍ കൂടുതല്‍ കുഴയുകയാണ്. മൂളിപ്പാട്ടായി ചെക്കനെ ഉറക്കാന്‍ നോക്കി. ഉറങ്ങുന്നില്ലല്ലോ. കരച്ചിലാക്കി പറഞ്ഞു നോക്കി. ചെക്കന് ഒരു കുലുക്കവുമില്ല. ചന്തിയില്‍ നുള്ളി പറഞ്ഞപ്പോള്‍, കയ്യില്‍ അടിച്ചു പറഞ്ഞപ്പോള്‍ വേദം ഭാവം മാറി ഭേദ്യമായി. കറുപ്പ് വെളുപ്പില്‍ കലക്കി നല്‍കി. ചെക്കന്‍ മയങ്ങി. വേദം വ്യാധിയായി. അമ്മയില്ലാത്ത കുട്ടിയാണ്. കീറത്തോര്‍ത്തു തോളിലിട്ടു അയാള്‍ പുറത്തിറങ്ങി. എന്തെങ്കിലും ജോലി. "തൊടി കിളക്കണോ, മൂത്താരെ?" "ഒരാഴ്ച കഴിയട്ടെ." പുക വരാന്‍ മടിക്കുന്ന മൂതാരുടെ വീട്ടിന്നകത്ത് നിന്നും ശബ്ദം കേട്ടു. മരുന്ന് വാങ്ങിയിട്ടില്ല എന്ന് തോന്നുന്നു. കിടക്കുകയായിരിക്കും. ഒരേ ഒരു മകന്‍ ദൂരെ എവിടെയോ നന്നായി കഴിയുന്നുണ്ട്. ഭാഷ അറിയാത്ത മരുമകളാണ്. വന്നിട്ടും കാര്യമില്ലത്ത്രെ. പൈസക്ക് ഭാഷ യുണ്ടോ? അവിടേം, ഇവിടേം ഒക്കെ ഉറുപ്പ്യ ഒന്ന് തന്നെ ആവില്ലേ? വേദം വാദിക്കാന്‍ പറ്റിയതാവില്ല. ചെക്കന് ഭാഷ ഇല്ലാത്ത ഉറുപ്പ്യ അച്ഛനു അയച്ചു കൊടുത്തൂടെ, ആവോ? പാവം എന്തെകിലും മരുന്നു വാങ്ങി കഴിക്കുമായിരുന്നു. വേദം ആയുര്‍വെദമായി അയാളുടെ മനസ്സില്‍ ചക്രശ്വാസം മുട്ടി. മൂത്താരുടെ വീട്ടുമുറ്റം പുല്ലു നിറഞ്ഞിരിക്കുന്നു. കാടു നിറഞ്ഞ സ്ഥലത്തെ പുല്ലു കുറച്ചൊക്കെ പറച്ചു മാറ്റി. വീണ്ടും പറയ്ക്കാന്‍ നോക്കുമ്പോള്‍ ഒരു തവള ചെക്കന്റെ ശബ്ദത്തില്‍ ചാടിപ്പോയി. ഓ ചെക്കന് വേദമില്ലാത്ത കഞ്ഞി വേണം. "ഞാന്‍ പിന്നെ വരാം, മൂത്താരെ." "ന്റെ അടുത്തു ഒന്നും ഇല്ലല്ലോടാ." പുല്ലു പറിക്കുന്നത് മൂത്താര് കണ്ടിട്ടുണ്ടാവണം. "ആ തെങ്ങില്‍ ഇളനീര്‍ ണ്ടെങ്ങി രണ്ടെണ്ണം ഇടാര്‍ന്നൂ. ഒന്ന് നീയും എടുത്തോ, നെന്റെ ചെക്കനേയ്." തെങ്ങിന്റെ മണ്ടയിലേക്കു നോക്കി. "രണ്ടെണ്ണം തന്നെ, ള്ളൂ മൂത്താരെ." "അതാങ്ങുട് ഇട്ടോടാ. ഒന്ന് ഇവിടെ വെട്ടി വെച്ചോ. ഒന്ന് ചെക്കന് കൊടുക്ക്. വെശുന്നു കരയണ ശബ്ദം കേട്ടിരുന്നു." കീറത്തോര്‍ത്തു ചുരുട്ടി അയാള്‍ വേദങ്ങളുടെ വേദിയിലേക്ക് ചാടിക്കയറി. രണ്ടും വെട്ടി താഴത്തിട്ടു. ഒന്ന് വെട്ടി മൂത്താരുടെ അടുത്തു വെച്ച്. തൊട്ടു നോക്കി. പനിക്കുന്നില്ല. മുറ്റത്തു അനക്കം കേട്ടു നോക്കി. അപ്പുറത്തെ അമ്മിണി തൂക്കു പാത്രത്തില്‍ കഞ്ഞിയുമായി വന്നിരിക്കുകയാണ്. "പാവം, രണ്ടൂസായിട്ട് ഒന്നും കഴിച്ചിട്ടുണ്ടാവില്ല." രക്ത ബന്ധമില്ലാത്ത അച്ഛന്റെ മകള്‍. എവിടുന്നോ കിട്ടിയ അരി അറിവിന്റെ കഞ്ഞി ആക്കി ആവിയോടെ കൊണ്ട് വരികയാണ്. "അച്ഛന് ഞാന്‍ കൊടുക്കാം. കൊറച്ചു നീ കൊണ്ടോയിട്ട് ആ ചെക്കന് കൊടുക്ക്." പൊട്ടപ്പാത്രത്തില്‍ തന്ന കഞ്ഞിവറ്റുകള്‍ എണ്ണി നോക്കാതെ അയാള്‍ വാങ്ങി. നാല് വേദങ്ങളും ഇളനീരിലും, കഞ്ഞിയിലും ആക്കി അയാള്‍ ധൃതിപ്പെട്ടു നടന്നു. ചെക്കന്റെ മയക്കം കഴിഞ്ഞിട്ടുണ്ടാവണം.
No comments:
Post a Comment