താഴെ നിന്നും ഉറക്കെ, ഉറക്കെ ശബ്ദം കേട്ടപ്പോള്‍ പത്താം നിലയിലെ പത്തായത്തില് നിന്നും പതുക്കെ തല പുറത്തിട്ടു. പഴയ പത്തായത്തില്‍ ദിവസങ്ങളോളം രാത്രി കാലങ്ങളില്‍ മിനക്കിട്ടു പണിത ഓട്ടയില്‍ കൂടെ എലി പുറത്തേക്ക് നോക്കുന്നത് പോലെ. കൈയ് വായക്കരുകെ പിടിക്കുന്നതിനു പകരം ഇരുമ്പഴിയില്‍ മുറുക്കെ പിടിച്ചു. പിന്നിലേക്ക് ഒന്ന് നോക്കി. ആ സ്പ്രിംഗ് പോലത്തെ വാലും ഇല്ല. എന്തായാലും ഞാന്‍ എലി അല്ല. സമാധാനമായി. ഇനി തല പുറത്തിടാം. കാക്കയും, കഴുകനും ഒന്നും കൊത്തി കൊണ്ട് പോകില്ല. ആദ്യം ആ കഴുത്തില് പാടുള്ള പറയന്‍ കാക്ക നോക്കുന്നത് പോലെ മുകളിലെക്കാണ് കണ്ണ് പോയത്. ദൈവത്തെ നോക്കിയതല്ല. മുകളിലെ പത്തായത്തില് ചെകുത്താന്‍ ഉണ്ടോ എന്ന് നോക്കിയതാ. മൂന്നു വയസ്സുള്ള ചിരിക്കുന്ന ചെകുത്താന്‍ ചെക്കന്.
ചെക്കന് ഒരു ഗുണം ഉണ്ട്. ജീവപര്യന്തം തടവ് കിട്ടിയ കൊലയാളിയുടെ പോലെ എപ്പോഴും പത്തായത്തിന്റെ അഴികളും പിടിച്ചും നില്‍ക്കുന്നുണ്ടാവും. കൈകളും, കാലുകളും, തലകളും (ഒരു തല ഒന്നും അല്ല ചെക്കനുള്ളത്. രാവണന്റെ രണ്ടാം ജന്മമാണ് എന്ന് തോന്നുന്നു.) ഇളകികൊണ്ടിരിക്കുന്നുണ്ടാവും. അത് കാരണം കുരിശില്‍ കെട്ടിയിരിക്ക അല്ല എന്ന് ഞാന്‍ ഉറപ്പിക്കാറുണ്ട്. പേര് അവധൂത്. പേര് പോലെ തന്നെ ചെക്കനും. നഗ്നന്‍ , മുഴു നഗ്നന്‍ . നീലച്ചിത്രത്തില്‍ ചാന്‍സ് നോക്കി നില്‍ക്കുന്ന ഭാവമാ. ചെക്കന്റെ തന്ത സെന്‍സര്‍ ബോര്‍ഡില്‍ തന്നെ ആയ കാരണം അതിന്റെ ഒരു ഹുങ്കും ഉണ്ട് ചെക്കന്. ശബ്ദം വിട്ടു നിശ്ശബ്ദമായി ചെക്കന്റെ കാര്യം പറയാന്‍ കാരണം ഉണ്ട്. എന്റെ തിളങ്ങുന്ന മുഴുക്കഴണ്ടി തല കണ്ടാല് ചെക്കന് യുറോപ്യന്‍ ക്ലോസേറ്റ് ആണെന്ന് തോന്നുന്നുണ്ട് എന്ന് തോന്നുന്നു. അപ്പൊ നടത്തും അവന്റെ പരിപാടി. നല്ല ഉന്നവും ആണ്. വലുതായാല്‍ നീലച്ചിത്രത്തില്‍ ചാന്‍സ് കിട്ടിയില്ലെങ്ങില് തന്നെ എന്താ? ഒളിമ്പിക്സില്‍ ഇത്തരം ഒരു പരിപാടി അവന്റെ തന്ത ഉണ്ടാപ്പിക്കും. അത്ര സ്വാധീനം ഉള്ളവനാ. അവന്റെ ഇപ്പോഴത്തെ ഉന്നം കണ്ടാല്‍ അവനു തന്നെ ഒന്നും, രണ്ടും, മൂന്നും പ്രൈസ്. സംഗതി ഒപ്പിച്ചു കഴിഞ്ഞാല്‍ ചെകുത്താനും അമ്മയും കൂടി ഒരു ചിരിയുണ്ട്. ചെക്കന്റെ അപ്പോഴത്തെ ചിരി കാണുമ്പോള് കാര്‍ടൂണില്‍ കാണുന്നത് പോലെ അവനെ പേപ്പര്‍ പോലെ പരത്തി ആ അഴികളുടെ ഉള്ളില് ക്കൂടെ വലിച്ചു പുറത്തിട്ടു ഒരു റോഡ് റോള്ളര് കയറ്റാനുള്ള ദ്വേഷ്യം തോന്നും. അപ്പോഴാ അവന്റെ അമ്മയുടെ ചിരി നോക്കുക. ആ വെളുത്ത മാലാഖയുടെ മുഖവും, ഒരു ലിടെര് വെള്ളം കൊള്ളാവുന്ന ഇടതു വശത്തെ നുണക്കുഴിയും, പാലിനെ വെല്ലു വിളിച്ച് നിര നിരയായി ജര്മന് പട്ടാളത്തിനെപ്പോലെ നില്ക്കുന്ന ദന്തനിരകളും, ചിരിക്കുമ്പോള് മുഖത്തേക്ക് ചാടി വീഴുന്ന നീണ്ടു ചുരുണ്ട കാര്കൂന്തലും. മാലാഖയുടെ ഭര്‍ത്താവ് ജര്‍മന്‍കാരന്‍ ഹിട്ലര്‍ തന്നെയാണ്. അവന്റെ രോകറ്റ് പോലത്തെ ശബ്ദം മുകളില്‍ കേട്ടാല്‍ ഞാന്‍ തല പോയി വാലിന്റെ അറ്റം കൂടി എന്റെ പത്തായത്തിന്റെ പുറത്തിടില്ല. എന്റെ ഭാര്യയാണെങ്കില്‍ ഇടക്കിടക്ക് എന്നോടു പറയും "ദാ നിങ്ങളിപ്പോ ഈ വയസ്സാന്‍കാലത്ത് ആ മോളിലത്തെ സാറിന്റെ മീശയോടു മുട്ടാനോന്നും പോണ്ട. അയാള്‍ നിങ്ങളെ പ്പോലെ ഒന്നും അല്ല. ദിവസവും പത്തു മുട്ടയും, രണ്ടു കോഴിയും, മൂന്നു ലിറ്റര്‍ പാലും ഒക്കെയാണ് കഴിച്ചു വരുന്നത്. രാവിലെ ദിവസവും രാവിലെ രണ്ടു മണിക്കൂര്‍ കസര്‍ത്ത് ഉണ്ട്." കേള്‍ക്കുമ്പോള്‍ ചൊറി വരും. ഇവളാ അവന്നു മുട്ടയും, കോഴിയും, പാലും ഒക്കെ ഉണ്ടാക്കുന്നത്ന്നു തോന്നും. ചൊറിഞ്ഞു, ചൊറിഞ്ഞു ഒരു ദിവസം അറിയാതെ ചോതിച്ചു "ആ പനക്കുറ്റി മൂത്രം എത്ര ഒഴിക്കുന്നുണ്ട്, എത്ര കക്കൂസില്‍ പോകുന്നുണ്ട് എന്നതിന്റെ കണക്കും നന്റെലുണ്ടോ?" ചോദിക്കേണ്ട ന്നു തോന്നി. ദിവസം മുഴുവന്‍ ചിറാപുഞ്ചിയില്‍ മഴ പെയ്യുന്നത് പോലെ ഒരു ഇരുത്തം ആയിരുന്നു. നല്ല കാലം അന്ന് എന്റെ മകന് രാത്രി മുഴുവന്‍ ജോലി ഉണ്ടായിരുന്നു. അത് കാരണം അവന്‍ വന്നിരുന്നില്ല.
പഴയ ഫിയറ്റ് വണ്ടി പോലെ (സ്ടീയരിംഗ് ഒരു വശത്തേക്ക് പിടിച്ചാല്‍ വണ്ടി മറ്റേ വശത്തെക്കാണ് പോകുക) എന്റെ വ്യാഖ്യാനം ആകുന്നല്ലോ. എന്താ പറഞ്ഞു വന്നത്? ആ. മാലാഖയുടെ ചിരി കണ്ടാല്‍ പിന്നെ ദ്വേഷ്യം ഒക്കെ പോകും. ആ ചിരിക്കു പിന്നാലെ സോറി എന്ന ഒരു മധു മൊഴിയും. തലയില്‍ കുറച്ചു മൂത്രം വീണാലെന്താ? പുണ്യാഹം ന്നും പറഞ്ഞു പണ്ട് വീട്ടിലും, അടുക്കളയിലും ഒക്കെ ഗോമൂത്രം അല്ലെ തളിച്ചിരുന്നത് എന്ന് സമാധാനിച്ചു കുളിമുറിയില്‍ കയറുമ്പോഴാ പൈപിന്റെ വക ഒരു കളിയാക്കല്‍ "ഇസ്സ്, ഇസ്സ്, ഇസ്സ് " ന്നും പറഞ്ഞു പല്ലില്ലാത്ത ഇസ്മയില്‍ ചിരിച്ചിരുന്നത് പോലെ വെറും കാറ്റാവും പുറത്തു വരുക. ഇസ്മയില്‍ ഇടക്ക് പുറത്തു വിട്ടിരുന്ന തുപ്പല്‍ പോലെ ഇടക്കൊന്നു തുപ്പുകയും ചെയ്യും. "എന്റെ കുറുപ്പേ" ന്നും പറഞ്ഞു എന്നെ കാര്‍ക്കിച്ചു തുപ്പുന്നത് പോലെയാണ് തോന്നുക. എന്തായാലും ആ കാറ്റിന്റെയും, തുപ്പലിന്റെയും താഴെ തലയൊന്നു കാണിച്ചു, അമ്പലത്തിലെ എമ്ബ്രാന്തിരിയുടെ പോലെ, കുളിച്ചു ന്നു കാണിക്കും.
കോയമ്പതൂരിനു പോണ്ട ആളെ തിരുവനന്തപുരം ഫാസ്റ്റ് പാസ്സേനജറില്‍ കയറ്റി ഇരുത്തിയ പോലെയാണ് എന്റെ പ്രതിപാദനത്തിന്റെ ദിശ. എന്താ ശബ്ദം ന്നു നോക്കാന്‍ ആയിരുന്നു ഞാന്‍ പത്തായത്തില്‍ നിന്നും തല പുറത്തിടെണ്ടി യിരുന്നത്. അപ്പോഴേക്കും ആ ചെകുത്താന്റെ ഓര്‍മ്മ എന്നെ ആകെ വട്ടം കറക്കി. തിരിച്ചു പത്തായത്തിന്റെ ഓട്ടയിലേക്ക് തന്നെ പോകാം.
അയ്യോ. ഒരു കാര്യം പറയാന്‍ വിട്ടു. ഞാന്‍ കുളിച്ചു രണ്ടാമതും ഓട്ടയുടെ അടുത്തു പോയി ചെക്കന്‍ ഇല്ലാത്ത മുക്ക് നോക്കി നിന്നാല്‍ തന്നെ ചെക്കന്‍ രഡാറും, എന്റെ മൊട്ടത്തല രഡാരിന്റെ ഇരയും പോലെയാണ്. ചെക്കന്‍ നീങ്ങി, നീങ്ങി എന്റെ തലപ്പുറത്ത് തന്നെ വന്നു നില്‍ക്കും. ഒരിക്കല്‍ ഒരു കണ്ണാടി എടുത്തു ഓട്ടയുടെ അടുത്തു പോയി ചെക്കന്‍ മോളിലുണ്ടോ എന്ന് കണ്ണാടിയില്‍ പരതി നോക്കുമ്പോഴുണ്ട് എതിരെയുള്ള പത്തായപൊത്തില്‍ നിന്നും പൊട്ടിച്ചിരിയുടെ ഒരു മാലപ്പടക്കം. സര്‍ദാര്‍ജിയുടെ കോളജില്‍ പോകുന്ന മകളും, കൂട്ടുകാരികളും ആണ്. ഈ തലയുള്ളപ്പോ എന്തിനാ ഈ കണ്ണാടി എന്ന് പറഞ്ഞു ചിരിക്കുകയാണ്. നാണക്കേടു തോന്നിയെങ്കിലും പല്ല് കടിച്ചു ചുണ്ടില്‍ മുറിയുണ്ടാക്കി മിണ്ടാതിരുന്നു. സര്‍ദാര്‍ജിയുടെ താടിയും, അരയിലുള്ള കത്തിയും ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാണ്.
താടി വടിക്കാറായോ എന്ന് നോക്കുന്ന പോലെ കാണിച്ചു കണ്ണാടിയില്‍ ക്കൂടി മുകളില്‍ ചെക്കന്‍ ഇല്ല എന്ന് ഉറപ്പു വരുത്തി. താഴേക്ക് നോക്കിയപ്പോള്‍ ഉന്തു വണ്ടിയില്‍ മഞ്ഞ കളറില്‍ എന്തോ അടുക്കി വെച്ചതായി കാണുന്നുണ്ട്. ശബ്ദതരംഗങ്ങള്‍ക്കു വേഗത കുറവുള്ള കാരണം വണ്ടി തല്ലുന്നവന്‍ വാ പൊളിച്ചു ഒരു രണ്ടു നിമിഷങ്ങള്‍ കഴിഞ്ഞാണ് അവന്‍ വിളിച്ചു പറയുന്നത് എന്റെ ചെവിയില്‍ എത്തുന്നത്. "നിങ്ങള്‍ക്കാ ഡോക്ടറെ കണ്ടു ഒരു യന്ത്രം വാങ്ങി പിടിപ്പിച്ചൂടെ" എന്ന് ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കും. അത് കേള്‍ക്കുമ്പോള്‍ തോന്നും. ഓ ഇവള്‍ ഒരു ചെറുപ്പക്കാരി എന്ന്. എന്നാലും ചിറാപുഞ്ചി ഓര്‍ത്തു ഒന്നും മിണ്ടില്ല. ഒന്ന് കൂടെ ശ്രദ്ധിച്ചു. എന്താ ഈ വണ്ടിക്കാരന്‍ വിളിച്ചു പറയുന്നത്? പപ്പാ.....പപ്പാ..ന്നാണല്ലോ. എന്താപ്പോ ഇത്. അച്ചന്മാരെയും വിക്കാന്‍ തുടങ്ങി ന്നോ? അതാവില്ല. ഒന്ന് കൂടി കൈ ഉപയോഗിച്ചു ചെവി കൂര്‍പ്പിച്ചു. കുട്ടികളുടെ കാര്‍ട്ടൂണ്‍ "പോപ് ഐ" എന്നാണല്ലോ പറയുന്നത്. കേള്‍ക്കാനില്ല. ഇടക്കിടക്ക് ചെകുത്താന്‍ മുകളില്‍ ഇല്ലല്ലോ എന്ന് കണ്ണാടിയില്‍ ഉറപ്പിക്കുന്നുണ്ട്. എന്റെ പെരുമാറ്റവും, പരിഭ്രമവും ഒക്കെ കണ്ടിട്ടാണെന്ന് തോന്നുന്നു സര്‍ദാര്‍ജിയുടെ മകളുടെ ഒരു കൂട്ടുകാരി അപ്പോറത്തെ പത്തായത്തില്‍ നിന്നും വിളിച്ചു പറഞ്ഞു "അങ്ക്ലെ, കപ്പങ്ങ, കൊപ്പക്ക, ഓമക്കായ ന്നൊക്കെ പറയില്ലേ. അതാ വണ്ടിയില്. വാങ്ങി വരണോ?" "ഹേയ്, വേണ്ട കുട്ടീ." എപ്പോ നോക്കിയാലും ഈ പെണ്‍കുട്ടികള്‍ ഇവിടെ എന്നെ തന്നെ നോക്കി ഇരിക്കുകയാണോ? ആകെ നാണക്കേടായി. പിന്നില്‍ ചിറാപ്പുന്ജിയും മുകളില്‍ ചെകുത്താനും ഇല്ലല്ലോ എന്ന് ഉറപ്പിച്ചു എതിരുള്ള സര്‍ദാര്‍ജിയുടെ വീട്ടിലെ കുട്ടികള്‍ കാണാതെ മുകളിലേക്ക് നോക്കാന്‍ ഒന്ന് കുളത്തിലെ നീര്‍ക്കോലി പോലെ തല ഒന്ന് നീട്ടി തിരിച്ചിട്ടു. മാലാഖ തനിച്ചു ഉണ്ടെങ്കിലോ!
No comments:
Post a Comment