junction kerala.com

Sunday, January 13, 2013

കൊലയാളി.

ചില പ്രത്യേക പരിതസ്ഥിതികളില്‍ എന്റെ ഒരു സ്ഥിര ശത്രു ആയിരുന്നു അവന്‍ എന്ന് തന്നെ വേദനയോടെ എനിക്ക് പറയേണ്ടി വരുകയാണ്. അങ്ങിനെയാണ് ഒരു സെല്‍ഫ് കോര്‍സ്, റെസ്ലിംഗില്‍ ചെയ്തത് എന്നും പറയേണ്ടി വരുകയാണ്. ചെറുപ്പ കാലത്ത് നല്ല ഒരു  റെസ്ലര്‍ ആയിരുന്നു ഞാന്‍ എന്ന് സ്വയം വിശ്വസിക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. മറ്റുള്ളവരോടു ഇത് പറഞ്ഞു കഴിഞ്ഞാല്‍ ഒരു പുച്ഛത്തോടെ നീളന്‍പയറു പോലെയുള്ള എന്റെ കാലില്‍ നോക്കും.  പതുക്കെ മുണ്ട്  ഞാന്‍ താഴെക്കിടും. 

ചിലരുടെ, പ്രത്യേകിച്ച് ആ കാസീമിന്റെ, ഒരു ചോദ്യം ഉണ്ട് "അല്ലെടാ, ഈ 'ഗ്രീക്കോ റോമന്‍ റെസ്ലിങ്ങും ' 'ഫ്രീ സ്റ്റൈല്‌ റെസ്ലിങ്ങും ' തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?" "ടിക്കെറ്റ് എടുത്തു കാണുന്നത്  ഗ്രീക്കോ റോമന്‍ റെസ്ലിങ്ങും, പൈസ എടുക്കാതെ നിന്നെപ്പോലുള്ള കഞ്ഞികള്‍ കാണുന്നതു ഫ്രീ സ്റ്റൈല്‌ റെസ്ലിങ്ങും" എന്ന എന്റെ ജ്ഞ്യാനം ഞാന്‍ കാര്യമായി തന്നെ അവര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ ഷീലയൊ, ശാരദയോ മറ്റോ അവരെ ഇക്കിളി ഇട്ടാലുള്ള മട്ടില്‍ ഒരു ചിരി തന്നു പോകുമായിരുന്നു. 

എന്റെ കൂട്ടുകാരന്‍ കാസീം ശരിക്കും ഒരു റസ്ലെര്‍ ആണെന്നറിയാതെ, എന്റെ ജ്ന്യാനം അവനും ഒന്ന് പകര്‍ത്തു കൊടുക്കാന്‍ ശ്രമിച്ചു. അതൊരു വന്‍ അബന്ധം ആയി എന്നത് ഉടനെ തന്നെ എനിക്ക് മനസ്സിലായി. അവന്‍ എന്റെ 40 കിലോ ഭാരമുള്ള ശരീരം മുകളിലേക്ക് ഒന്ന് പൊക്കി ഭൂമിയുടെ കറക്കത്തിന്റെ എതിര്‍ ദിശയില്‍, ഒരു സീലിംഗ് ഫാനിന്റെ വേഗതയില്‍ ഒരു മൂന്നു മിനിട്ട് ഒന്ന് വട്ടം ചുറ്റി തിരിച്ച് താഴെ വെച്ചു. ഒരു  ഭൂമി അതിന്റെ അച്ചുതണ്ടില്‍ എങ്ങിനെയാണ് കറങ്ങുന്നത്  എന്ന് ഞാന്‍ പത്തു മിനിട്ട് കൊണ്ട് ശരിക്കും പഠിച്ചു. "ഇതാണെടാ സപ്ലെക്സ് " എന്നോ എന്തോ അവന്‍ പുലമ്പുന്നുണ്ടായിരുന്നു. അതിനു ശേഷം എന്നെ അറിയുന്നവരൊക്കെ കാസീം എന്ന പേര് എന്റെ മുമ്പില്‍ എടുക്കില്ലായിരുന്നു. കാരണം എനിക്ക് ആ പേര് കേട്ടാല്‍ ഇളക്കവും, ബോധമില്ലായ്മയും, വയറിളക്കവും, ശര്‍ദ്ദിലും എല്ലാം ഒരുമിച്ചു വരുമായിരുന്നു.

എങ്കിലും ഈ കറുക്കുന്ന ആശയം എന്റെ മനസ്സില്‍ ശരിക്കും പതിഞ്ഞു. ഈ പാഠം പഠിച്ച ശേഷം എന്റെ ആ സ്ഥിര ശത്രുവിനെ നിലം പറ്റിക്കാന്‍ ഇതായിരുന്നു എന്റെയും ആയുധം. ഓരോ പ്രാവശ്യവും അവനെ ഒന്ന് കറക്കിയാല്‍ ആ സ്ത്രീ (ഏതു വിധത്തിലാണ് ഇവരുമായി അവന്റെ ബന്ധം എന്ന് എനിക്കറിയില്ല) ഓടി വരും. "അയ്യോ എന്താണ് നിങ്ങള്ക്ക് വേണ്ടത് എന്ന് എന്നോടു പറയൂ. ഞാന്‍ എല്ലാം ശരിയാക്കി തരാം." എന്ന് പറഞ്ഞ ശേഷം എനിക്ക് ഒരു സമയപരിധിയും തരുമായിരുന്നു. ആ വാക്ക്, എന്റെ റെസ്ലിംഗ് ശക്തി കൊണ്ട് മാത്രം ആയിരിക്കണം, ഏതു വിധേനയും പാലിച്ചിരുന്നു.


ഈ കറക്കുന്ന സൂത്രം അന്നൊക്കെ എന്നെപ്പോലെ കുറച്ചു ജ്ന്യാനികള്‍ക്കെ അറിവുള്ളൂ എന്ന കാരണം കൊണ്ട് ചിലരെങ്കിലും എന്റെ അടുത്തു വന്നു സഹായം അഭ്യര്‍ഥിച്ചിരുന്നു. അങ്ങിനെ അഭ്യര്‍ത്ഥനയുമായി വരുന്നവരോട് ഒരു പുച്ഛം ഞാനും കാണിച്ചു, "നാളെ വാടോ, മറ്റന്നാള്‍ വാടോ" എന്നൊക്കെ പറയുമായിരുന്നു. പല്ല് കുത്തിയിരിക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത് എങ്കിലും, വേറെ ഒരു അത്യാവശി ജോലിക്ക് തഹസില്‍ദാറെ കാണണം, അല്ലെങ്കില്‍ മജിസ്ട്രേട്ടിനെ കാണണം എന്നൊക്കെ കാച്ചുമായിരുന്നു. അന്ന് ഇവരൊക്കെ ആയിരുന്നു പൊതു ജനങ്ങളുടെ ദൈവങ്ങള്‍ എന്നതാണ് വാസ്തവം.

അങ്ങിനെ ഒരിക്കല്‍ നാണുനായരുടെ വേലി പ്രശ്ന കാര്യത്തില്‍ സ്ഥലം എസ് ഐ യെ കാണാന്‍ അയാളുടെ കൂടെ പോകേണ്ടി വന്നു. നാണ് നായരെ പുറത്തു തന്നെ നിറുത്തി, എസ ഐ യുടെ മുറിയില്‍ കയറിയ എനിക്ക് ആ അറിവില്ലാത്ത എസ ഐ യുടെ ആട്ടോടു കൂടിയ പുറത്താക്കല്‍ സഹിക്കേണ്ടി വന്നു എന്നത് എങ്ങിനെയോ നാട്ടില്‍ പാട്ടായി. ആ നശിച്ച നാണ് നായര്‍ തന്നെയാകും പറഞ്ഞു പരത്തിയത്. ഇടക്കൊന്നു ആ എസ ഐ എന്റെ വീട്ടില്‍ അയാളുടെ ബന്ധുവിന് ഒരു കല്യാണ ആലോചനയുമായി വന്നു.  എന്നോടു ക്ഷമ യാചിക്കാന്‍ വേണ്ടിയായിരുന്നു ആ വരവ് എന്ന് അയ്യപ്പന് ചായ കാശ് കൊടുത്ത് ഞാന്‍ തന്നെ പ്രചരിപ്പിച്ചപ്പോള്‍  മാത്രമേ എന്റെ ഇമേജ് ഒന്ന് ശരിയായുള്ളൂ. സെക്കണ്ടുകള്‍ക്കുള്ളില്‍ എന്നെ അയാളുടെ മുറിയില്‍ നിന്നും പുറത്താക്കിയിരുന്നതിനാല്‍ ആ എസ ഐക്ക് എന്റെ മുഖം തന്നെ ഓര്‍മ്മ ഉണ്ടായിരുന്നില്ല എന്ന് ഈ വിഡ്ഢികള്‍ക്ക്  അറിയുമോ?

കാലം പോകുന്നതോടൊപ്പം പലതും മാറി. തലയിലെ മുടിയെല്ലാം ശരത്കാലത്തു കൂടി കടന്നു പോയി.  വസന്തകാലം പക്ഷെ വന്നതുമില്ല. കണ്ണുകളില്‍ കാറുകളില്‍ 'സണ്‍ ഫിലിം' ഒട്ടിച്ച പോലെ ഒരു ഇരുട്ട് കയറി ക്കൂടി. പുറത്തു നിന്നുള്ള ശബ്ദങ്ങള്‍ക്ക്‌ ചെവികളില്‍ സൈലെന്സര്‍ വെച്ച പോലെ. എന്റെ ശരീരത്തിന്  ഒരു പത്തു കിലോ കനം കൂടി. പക്ഷെ നടുവിനു ഒരു വളവും കൂടി. റസ്ലിങ്ങില്‍ വട്ടം കറക്കുന്ന പരിപാടി നിന്നു എന്ന്  തന്നെ പറയാം. 

പക്ഷെ എന്റെ സ്ഥിരം ശത്രുവിന്, എന്നോടു നേരെയുള്ള പെരുമാറ്റത്തില്‍,  ഒരു മാറ്റവും വന്നിരുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം ആയിരുന്നു. എനിക്ക് അയാളുടെ എന്തെങ്കിലും ആവശ്യം വന്നാല്‍, എന്നെയിട്ടു കറക്കാന്‍ തുടങ്ങും. വയസ്സ് കൂടിയ കാരണം കൊണ്ടും, ശത്രുവിന് വന്നിരുന്ന സാങ്കേതിക മാറ്റങ്ങള്‍  കൊണ്ടും, തിരിച്ചു കറക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യം ഉണ്ടായിരുന്നു. പിന്നെ  കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല. നേരെ വിട്ടു, എന്റെ കൂട്ടുകാരന്‍ കീലെരിയുടെ അടുത്തേക്ക്.

കീലേരി എന്നാ പേര് കേട്ടാല്‍ തന്നെ ആള്‍ക്കാര്‍ മൂത്രം ഒഴിക്കുമായിരുന്നു. അത്രയ്ക്ക് വലിയ ഗുണ്ട ആണ്.  ഷോലേ എന്ന ഹിന്ദി പടത്തില്‍ ഗബ്ബര്‍ സിംഗിന്റെ കാര്യം പറയുന്നുണ്ട്. ഏതെങ്കിലും കുഞ്ഞുങ്ങള്‍ ഉറങ്ങാതെ കിടക്കുകയാണെങ്കില്‍ "ഗബ്ബര്‍ വരുന്നുണ്ട്, ഉറങ്ങിക്കോ" എന്ന് പറഞ്ഞാല്‍ കുഞ്ഞു ഉറങ്ങുമായിരുന്നുവെന്നു. ആ ഗബ്ബര്സിംഗ് കീലേരിയുടെ ശിഷ്യന്‍ ആണ്.

എന്തായാലും കീലെരിയില്‍ നിന്നു കത്തിയേറും, വാള്‍ പയറ്റും, കത്തിക്കുത്തും ഒക്കെ ചെറുതായിട്ടാണെങ്കിലും ഒന്ന് പഠിച്ചെടുത്തു എന്ന് പറയണമല്ലോ. അങ്ങിനെ എന്റെ സ്ഥിരം ശത്രുവായ അവന്‍ എന്നെ ഉപദ്രവിക്കുന്ന തക്കം നോക്കി ഇരിക്കുകയായിരുന്നു. ആദ്യത്തെ പ്രാവശ്യം തന്നെ കുത്തി മലര്ത്തണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. തീരെ  പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അവന്റെ ആക്രമണം ഉണ്ടായത്. കീലേരി പഠിപ്പിച്ചത് ശരിക്കും ഉപയോഗപ്രദമായി. ആദ്യം 1  കുത്ത് നാഭിയില്‍ തന്നെ. പിന്നെ 9 കുത്ത് വയറില്‍ തന്നെ.  ദ്വേഷ്യം തീരാതെ അവസാനമായി ഒരെണ്ണം കുറച്ചു, 8 കുത്ത് നെഞ്ചില്‍ ആയിരുന്നു.

കുത്തിക്കഴിഞ്ഞില്ല, അവള്‍ ഓടിക്കിതച്ച് എത്തി. പക്ഷെ അവള്‍ക്കും എത്ര മാറ്റമാണ് വന്നിട്ടുള്ളത്? പെണ്ണിനിപ്പോള്‍ മലയാളം കൂടാതെ ഹിന്ദിയും, ഇന്ഗ്ലീഷും ഒക്കെ അറിയാം. അതിന്റെ ഒരു നെഗളിപ്പോടെ എന്നോടു ചോദിച്ചു "നിങ്ങളോട് ഞാന്‍ മലയാളത്തിലാണോ, ഹിന്ദിയിലാണോ അതോ ഇന്ഗ്ലീഷിലാണോ വര്‍ത്തമാനം പറയേണ്ടത്?" പഴയ മൂന്നാം ക്ലാസ്സില്‍ നാല് പ്രാവശ്യം തോറ്റ എനിക്ക് മലയാളം തന്നെ കഷ്ട്ടി മാത്രം അറിയാം. എന്തായാലും ധൈര്യം സംഭരിച്ചു "നീ മലയാളത്തില്‍ സംസാരിച്ചോടീ" എന്ന് പറഞ്ഞു. ഒരു ദിവസത്തിന്നകം എന്റെ നഷ്ട്ടങ്ങള്‍ നികത്താം എന്ന് അവള്‍ വാക്ക് തന്നത്  കൊണ്ട് മാത്രം അവനെ അപ്പോള്‍ കൊന്നില്ല. പക്ഷെ അവള്‍ക്കു വിട്ടു കൊടുക്കാതെ എന്റെ കൂടെ തന്നെ നിര്‍ത്തി. അവനെ നന്നായി പൊതിഞ്ഞു കെട്ടി.

അവള്‍ ഒരു നമ്പരും തന്നിരുന്നു. അതെവിടെയാണ് എഴുതി വെച്ചത് എന്ന് ഓര്‍മ്മ വന്നില്ല. അവളില്‍ നിന്നും ഒരു വിവരവും കിട്ടിയെല്ലെന്നു കണ്ടപ്പോള്‍ ഞാന്‍ അവന്റെ അടുത്തേക്ക് പോയി ഒന്ന് കുലുക്കി വിളിച്ചു. ഒരു അനക്കവും ഇല്ലായിരുന്നു. അവന്റെ ചെവിയില്‍ കുറെ നേരം ഹലോ, ഹലോ എന്ന് വിളിച്ചു നോക്കി. നാഡിയൊന്നു പിടിച്ചു നോക്കി. ഒരു അനക്കവും ഇല്ല. അപ്പോഴാണ്‌ സത്യം ശരിക്കും മനസ്സിലായതു. അവന്‍ ചത്തു മലച്ചിരിക്കുന്നു. ആദ്യം തന്നെ കേസ്സില്ലാ വക്കീലായ എന്റെ സുഹൃത്തിനെ വിളിച്ചു. അവന്‍ വന്നു ഏതൊക്കെയോ വകുപ്പുകള്‍, 120ബി, 300, 302 എന്നൊക്കെ  പറഞ്ഞു. ഈ മൂന്നാം ക്ലാസ്സുകാരന് എന്ത് പീനല്‍ കോഡ്? എന്തായാലും ഇപ്പോള്‍ ഞാന്‍ കമ്പിയഴികള്‍ക്കുള്ളില്‍ നാണം മറയ്ക്കാന്‍ പാടു പെട്ട് ഇരിക്കുകയാണ്.  ജാമ്യം എടുക്കാന്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് കഴിയുന്നത്ര ദൂരേക്ക്‌ നോക്കുന്നുണ്ട്. 

No comments:

Post a Comment