junction kerala.com

Tuesday, January 1, 2013

മനുഷ്യന്റെ പുരോഗതി


ആ ഗ്രാമത്തില്‍ ഒരു വീട്ടിലും പണ്ട്  കടയില്‍ പോയി പച്ചക്കറി വാങ്ങിയ ശീലമില്ല. എല്ലാം വീട്ടില്‍ തന്നെ ഉണ്ടാകും. ഇനി അഥവാ ഇല്ലെങ്കില്‍ തന്നെ അടുത്ത വീട്ടില്‍ ഉള്ളവര്‍ അറിഞ്ഞു കൊണ്ട് വന്നു തരും. അവരുടെ കയ്യില്‍ ഇല്ലാത്തതു വേറെ ഒരു വീട്ടില്‍ ഉണ്ടെങ്കില്‍ ചോദിച്ചു വാങ്ങാന്‍ ആര്‍ക്കും മടിയും തോന്നിയിരുന്നില്ല. ഓണമായാലും വിഷുവായാലും, തിരുവാതിരയായാലും പച്ചക്കറികള്‍ കൊണ്ട് പത്തായം നിറഞ്ഞിരിക്കും. കായ പഴുക്കാന്‍ പുകയിട്ട മണം കൊല്ലം മുഴുവന്‍ നെല്ലിടുന്നത് വരെ പത്തായത്തില്‍ ഉണ്ടാകും. കര്‍ക്കിടക മാസങ്ങളില്‍ ഇലക്കറികള്‍ ആയിരിക്കും അധികവും. കര്‍ക്കിടക മാസത്തില്‍ ഉച്ച ആകുമ്പോഴേക്കും ചാമിയും, ചെള്ളിയും, ചക്കിയും വീടിന്റെ അടുക്കള ഭാഗത്ത്‌ ഇരിക്കും. ഉള്ളതെന്താണെന്ന് വെച്ചാല്‍ അവര്‍ക്കും കൊടുക്കും. വെറുതെ കഴിക്കുന്നത്‌ അവര്‍ക്ക് ഇഷ്ട്ടം അല്ല. ചൂലുണ്ടാക്കിയോ, പാടത്തു വരമ്പ് നോക്കിയോ എന്തെങ്കിലും ജോലി അവര്‍ ചെയ്യും. വീട്ടില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ കാശിനു വേണ്ടി വരും. പക്ഷെ പണിയെടുത്തു ആ കടം വീട്ടും. 

ഒരിക്കല്‍ ചെള്ളിക്ക് അസുഖം വന്നപ്പോള്‍, കല്യാണി ആ വീട്ടില്‍ ഓടിയെത്തി. "തമ്പ്രാട്ടീ, അവര്‍ക്ക് ബോധം ഇല്ല. മഞ്ചലില്‍ ആശുത്രീലേക്ക് കൊണ്ടോണം. പാമ്പ് കടിച്ചതാ. എന്തെങ്കിലും പൈസ കിട്ടിയേ പറ്റൂ." ആ വീട്ടിലെ അമ്മ പറഞ്ഞു "അയ്യോ കല്യാണീ, ഇവടെ പ്പോ ഒന്നൂം ഇല്ലല്ലോ. നീയൊരു കാര്യം ചെയ്യ്. ഈ മാല നന്റെ ചെക്കനെ കൊണ്ട് ആ ബാങ്കില്‍ വെച്ചോ. കിട്ടണ പൈസ വാങ്ങിക്കോ. എന്താ ന്നു വെച്ചാ പിന്നെ നോക്കാം." കണ്ണ് നിറച്ചു അവള്‍ ആ അമ്മയുടെ സ്വര്‍ണ്ണ മാലയും വാങ്ങി കൊണ്ട് പോയി. ഒരു സഹകരണ ബേങ്ക് സിറ്റിയിലുണ്ടായിരുന്നു . അവിടെ ജോലി ചെയ്യുന്നവരെ കണ്ണും അടച്ചു അന്നൊക്കെ വിശ്വസിക്കാം. യാതൊരു കള്ളത്തരവും ചെയ്യില്ല. ഇനി കല്യാണി അഥവാ മരിച്ചാല്‍ പോലും അവളുടെ ബന്ധുക്കള്‍ ആ മാല കൊണ്ട് വന്നു തരും. അതായിരുന്നു വിശ്വാസം.

ആരുടെ വീട്ടിലും ഒരു മരണം സംഭവിച്ചാല്‍ എല്ലാവരും ഓടിയെത്തും. ദൂരെയുള്ളവരെ അറിയിക്കാന്‍ ഒരാള്‍ പോവും. മറ്റൊരാള്‍ മുണ്ട്, ചന്ദനത്തിരി, ചന്ദനമുട്ടി ഇതൊക്കെ വാങ്ങാന്‍ ഓടും. അടുത്ത വീട്ടുകാര്‍ മരണ വീട്ടുകാര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങും. കുറച്ചു ചെറുപ്പക്കാര്‍ ഏതു മാവാണ് വെട്ടേണ്ടത് എന്ന് നോക്കി അത് വെട്ടി ചെറുതാക്കുന്ന ജോലിയില്‍ മുഴുകിയിട്ടുണ്ടാകും. വേറെ കുറച്ചു പേര്‍ തെക്കേ തൊടിയില്‍ കുഴി വെട്ടുന്ന ജോലിയില്‍ മുഴുങ്ങിയിട്ടുണ്ടാകും. ഇതിന്റെയൊക്കെ മേല്‍നോട്ടം രാമകൃഷ്ണന്‍ നായര്‍ ഏറ്റെടുത്തിട്ടുണ്ടാകും. ഇയാള്‍. നാരദ മുനിയുടെ രണ്ടാം ജന്മം ആണ്. ആ മരിച്ച വീട്ടിലെ ആരെങ്കിലും ആയി തലേ ദിവസം പോലും ഇയാള്‍ വഴക്കിട്ടിട്ടുണ്ടാകും.പക്ഷെ ആവശ്യം വരുമ്പോള്‍ അതെല്ലാം മറന്നു ഏറ്റവും മുന്നില്‍ വിയര്‍ത്തു പണിയെടുക്കും. ഈ ജോലികളെല്ലാം ആരും ആര്‍ക്കും പറഞ്ഞു കൊടുത്തിട്ടോ അല്ലെങ്കില്‍ എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചോ അല്ല ചെയ്തിരുന്നത്. എല്ലാം കഴിഞ്ഞ ശേഷമേ പിന്നെ ഇവരെല്ലാം പോയിരിന്നുള്ളൂ.

കല്യാണമാണെങ്കിലും ഇത് പോലെ തന്നെ. തലേ ദിവസം തന്നെ എല്ലാവരും ഒത്തു ചേരും. നാളികേരം ചിരകിയും, അട വെട്ടിയും, പച്ചക്കറി മുറിച്ചും എല്ലാവരും ഉറക്ക്മിളക്കും. രാമകൃഷ്ണന്‍ നായര്‍ എന്തുണ്ടാക്കിയാലും ഒരു പ്രത്യേക സ്വാദായിരുന്നു. കല്യാണപ്പെണ്ണിന്റെ അച്ഛനോ, അമ്മാമാനോ അറിഞ്ഞു അയാള്‍ക്കും, സഹായികള്‍ക്കും എന്തെങ്കിലും കൊടുക്കും. പോരാ എന്നൊരു വാക്ക് രാമകൃഷ്ണന്‍ നായര്‍ പറയില്ല. കുറഞ്ഞു എന്ന് രാമകൃഷ്ണന്‍ നായര്‍ക്കു തോന്നുകയാണെങ്കില്‍ "ഇത് കൂടി നിങ്ങള്‍ വീതിച്ചെടുത്തോ" എന്നും പറഞ്ഞു അയാളുടെ ഓഹരി അവര്‍ക്ക് കൊടുക്കും. സദ്യക്ക് ഗ്രാമത്തിലെ എല്ലാവരും വരുന്നത് കൊണ്ട് പാചകം ചെയ്യാന്‍ വലിയ ഉരുളികളും, ചെമ്പും മറ്റും വേണം. അവയെല്ലാം മനക്കില്‍ നിന്നും കൊടുക്കും. പ്രതിഫലമായി തിരിച്ചു കൊണ്ട് പോകുമ്പോള്‍ ഒന്നോ, രണ്ടോ ചീര്‍പ്പ് പഴം ആ പാത്രത്തില്‍ വെക്കും. കൂടുതല്‍ വെച്ചാല്‍ തിരുമേനി ദ്വേഷ്യപ്പെട്ടു തിരിച്ചു കൊടുത്തയക്കും. തട്ടിയോ, മുട്ടിയോ ഏതെങ്കിലും പാത്രം ചെറുതായി കേടു വന്നാല്‍ തന്നെ ആ നിഷ്ക്കളങ്കന്‍ തിരുമേനി "ഇതൊക്കെ നോക്കേണ്ടടോ, രാമാ" എന്ന് ചീത്ത പറയും.

അടുത്തുള്ള അമ്പലത്തിലെ തിരുമേനി ആര്‍ക്കു എന്ത് സംഭവിച്ചാലും ഒരു പ്രത്യേക പൂജ ചെയ്യും. എന്നിട്ട് നിവെദ്യമോ, തീര്‍ഥമോ ആ വീട്ടിലേക്കു കൊടുത്തയക്കും. ഒരു തോര്‍ത്തും, കോണകവും മാത്രമാകും  ആ തിരുമേനിയുടെ വസ്ത്രം. പ്രാണായാമത്തിലും, ന്യാസത്തിലും കൂടി ദഹാവകാശ പൂജ ചെയ്യുമ്പോള്‍ ആ മുഖത്തു ഒരു പ്രത്യേക തേജസ്സുണ്ടാകും. മാനസപൂജയില്‍ ക്കൂടെ ശരിക്കും ഒരു സ്വയം അര്‍പ്പണം തന്നെ നടത്തും. അദ്ദേഹത്തിനു എളുപ്പവഴി അറിയില്ലായിരുന്നു. വര്‍ണ്ണവ്യത്യാസം ചെയ്തികളില്‍ ക്കൂടിയാണ് മനസ്സിലാക്കേണ്ടത് എന്നായിരുന്നു ആ വലിയ മനുഷ്യന്റെ വിശ്വാസം.

പ്രത്യേക ദിവസങ്ങളില്‍ അമ്പലത്തില്‍ പായസം കഴിച്ചു വരുന്ന വഴിക്ക്, കുട്ടികള്‍ ഇലയുമായി പായസത്തിന്നു കാത്തിരിക്കുന്നുണ്ടാകും. എല്ലാവര്ക്കും ഉള്ളത് പോലെ കൊടുത്തു വീട്ടിലേക്കു മിക്കവാറും ഒരു സ്പൂണ്‍ മാത്രമേ വീട്ടുകാരികള്‍ കൊണ്ട് പോകൂ. ഉത്സവകാലത്ത് ഉച്ചക്ക് ഊണ് കഴിക്കുവാന്‍ അടുത്ത ഗ്രാമങ്ങളില്‍ നിന്നും പരിചയമുള്ള എല്ലാവരും കാണും.

മടവാള്‍, കൈക്കോട്ടു, മഴു, അരിവാള്‍, പരുമ്പ്, മുറം മുതലായ എല്ലാ കൃഷി വസ്ത്തുക്കളും ഏതു വീട്ടിലാണോ ഉള്ളത് അവിടെ പോയി എടുത്തു കൊണ്ട് വരുക എന്നതായിരുന്നു നിയമം. ഒരു മര്യാദ എന്നത് പോലെ ഒന്ന് പറയും, ദാ ഈ മഴു അല്ലെങ്കില്‍ കൈക്കോട്ടു അല്ലെങ്കില്‍ പരുമ്പ് എടുക്കുകയാണേ എന്ന്. ചിലരൊക്കെ ഒന്ന് മുറുമുറുത്തു "ദാ, സൂക്ഷിക്കണേ" എന്ന് പറയും. അതാരും ചെവിക്കൊള്ളില്ല.

പാടത്തിന്റെ നടുവിലായി ഒരു കുളമുണ്ട്. വീട്ടില്‍ കുളമില്ലാത്തവരും, കുളത്തില്‍ വെള്ളം വറ്റിയവരും എല്ലാം ഈ കുളത്തില്‍ തന്നെയാണ് കുളിക്കുക. മുസ്ലീംസിന്റെ ഒരു പാടു വീടുകള്‍ ആ കുളത്തിന്നരുകില്‍ ഉണ്ടായിരുന്ന കാരണം കുറെ ഉമ്മമാരും കുളിക്കാന്‍ ഉണ്ടാകുമായിരുന്നു. നാല് പുറങ്ങളിലും ആള്‍ക്കാര്‍ തുറന്നു കുളിച്ചിരുന്നു. ഒരിക്കലെങ്കിലും ഒരു വഴക്കുണ്ടായിട്ടില്ല. മാങ്ങയോ, പുളിയോ, കുരുമുളകോ, മരമോ, നാല്‍ക്കാലികളോ എന്ത് കച്ചവടം ഉണ്ടെങ്കിലും അത് അവിടെയുള്ള മാപ്പിളമാരുടെ മാത്രം അവകാശം എന്നായിരുന്നു വയ്പ്പ്. വീട് പൂട്ടുക എന്നത് ആ ഗ്രാമവാസികള്‍ക്ക്‌ അറിയില്ലായിരുന്നു. ആര്‍ക്കെങ്കിലും എതിരെ എന്തെങ്കിലും അന്യായം നടന്നാല്‍ ചോദിക്കാന്‍ ഗ്രാമത്തിലെ കാരണവന്മാര്‍ ഉണ്ടായിരുന്നു.

ഇന്ന് ആ ഗ്രാമത്തില്‍ തമിള്‍നാട്ടില്‍ നിന്നും കൊണ്ട് വരുന്ന പച്ചക്കറികളുടെ കൂമ്പാരമാണ്.  എ ടീ എം യന്ത്രങ്ങളില്‍ നിന്നും കാശെടുക്കുന്നു. കേറ്ററിംഗ് ഒരു കച്ചവടമാണ്. ശ്മശാനങ്ങളില്‍ ഡോക്ടരുടെ, പഞ്ചായത്ത് അല്ലെങ്കില്‍ മുന്സിപ്പാലിറ്റിയുടെ സാക്ഷ്യപത്രത്തോടു കൂടി ശവം നിശ്ചിത സമയത്തിന്നുള്ളില്‍ കൊണ്ട് പോകണം. കല്യാണം ഹോളുകളില്‍ മാത്രം നടത്തുന്നു. മുഹൂര്‍ത്തത്തിന്നു സെക്കണ്ടുകള്‍ നോക്കി വിരുന്നുകാര്‍ എത്തുന്നു. ചെക്കന്റെയും, പെണ്ണിന്റെയും അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും ഒഴിച്ച് മറ്റെല്ലാവരും വിരുന്നുകാര്‍ മാത്രമാണ്. പാടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു. കുളങ്ങളില്‍ ചണ്ടിയല്ലാതെ വേറെ ഒരു ജീവിയും ഇല്ല. അതിലെ വെള്ളത്തിനു ഇന്‌സെക്റ്റിസൈഡിന്റെയും, പെസ്റ്റിസൈഡിന്റെയും  മണമാണ്. മനുഷ്യരായി ആരും ഇല്ല. അവന്‍ ഹിന്ദുവാണ്, ഇവന്‍ മാപ്പിളയാണ്, മറ്റവന്‍ ക്രിസ്ത്യന്‍ ആണ് എന്ന് വേര്‍ തിരിച്ചു പെട്ടികള്‍ക്കുള്ളില്‍ ജീവിക്കുന്നു. ശമ്പളവും, പെന്‍ഷനും ഉള്ള പൂജാരിമാര്‍, ദക്ഷിണ നോക്കി ചുണ്ട് വിറപ്പിക്കുന്നു. ഇപ്പോള്‍ ഉത്സവത്തിന്നു വരുന്ന അതിഥികള്‍ ഏറ്റവും അടുത്ത ബാറില്‍ കയറുന്നു. ആരും ആരെയും അറിയുന്നില്ല. ചാവി കൊടുത്തു വിട്ട യന്ത്ര മനുഷ്യര്‍ അവരുടെ ഓരോ ഊഴവും കാത്തു കഴിയുന്നു.

No comments:

Post a Comment