junction kerala.com

Monday, September 3, 2018

ഒരു കുഞ്ഞുകഥ


രാജകീയ പ്രൗഢിയോടെ തൂങ്ങിക്കിടന്ന മാലയിലെ ചില മുത്തുകളിൽ വിങ്ങിപ്പൊട്ടിയ അഹന്തയുടെ തള്ളലിൽ കോർത്തു നിറുത്തിയിരുന്ന ചരടു ഒരു തേങ്ങലോടെ അറ്റുപോയി. സന്തോഷാധി ക്യത്തോടെ ചാടിച്ചാടി മൂലകളിൽ പോയിക്കിടന്ന ആ മുത്തുകളെ ചപ്പുചവറുകളുടെ കൂടെ അവൾ ദൂരെയക്കു വലിച്ചെറിഞ്ഞു. കൂട്ടത്തോടെ കിടന്നിരുന്ന മുത്തുക്കൾ വീണ്ടും ഒരു പുതിയ ചരടിൽ പ്രൗഢിയോടെ പുഞ്ചിരിച്ചു.

Thursday, January 17, 2013

പൂരപ്പറമ്പുകളും ബാല്യവും

എന്റെ മനസ്സിന്റെ ഉള്ളിലും ഒരു മൂക്കൊലിപ്പുകാരന്‍ ചെക്കന്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. വള്ളി ട്രൌസറും ഇട്ട്, ചാടിച്ചാടി മാത്രം നടക്കാന്‍ അറിയുന്ന ഒരു പോക്കിരിയായ പീക്കിരി. ചാടി നടക്കുമ്പോള്‍ ഒരു കീശയില്‍ നിന്നും ഗോട്ടികളുടെ കിലുക്കം കേള്‍ക്കാം. ആ ശബ്ദം കേള്‍ക്കാതിരിക്കാന്‍ അച്ഛന്റെയും, അമ്മാമന്മാരുടേയും മുമ്പില്‍ ക്കൂടി വളരെ സൂക്ഷിച്ചു നടക്കണം. ചിലപ്പോള്‍ കീശയില്‍ നിറയെ കശുവണ്ടി ആയിരിക്കും. ചുമരിലേക്കു എറിയും. രണ്ടാമത് അത് പോലെ ചുമരില്‍ എറിഞ്ഞു ആദ്യത്തെ കശുവണ്ടിയെ മുട്ടിച്ചാല്‍, മുട്ടിച്ചവന്റെ ആണ് രണ്ടും. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കാരണം രണ്ടു കളിക്കാരും ഞാന്‍ തന്നെ ആയിരിക്കും. ചിലപ്പോള്‍ മുറ്റമടിക്കുന്നവളുടെ മകന്‍ ചീധരന്‍ വരും. അവന്‍ കളിക്ക് കൂടണമെങ്കില്‍ ആദ്യം പത്തു കശുവണ്ടി ഞാന്‍ കടം കൊടുക്കണം. ആരും കാണാതെ പത്തായത്തില്‍ കയറി മുത്തച്ഛന്റെ ചാക്കില്‍ നിന്നും എടുത്തു കൊണ്ട് വന്നു കൊടുക്കും. പത്തു മിനിറ്റ് ആ ചെക്കന്റെ കൂടെ കളിച്ചാല്‍ അവന്‍ കടവും വീട്ടിയിട്ടുണ്ടാകും, എന്റെ രണ്ടു കീശകളും കാലിയാക്കിട്ടുണ്ടാകും. ഞാന്‍ കരയാന്‍ തുടങ്ങി എന്ന് കണ്ടാല്‍ ചെക്കന്‍ പറക്കും. എന്നും വിചാരിക്കും ഇനി ഈ ചെക്കനുമായി കളിക്കില്ല എന്ന്. 

വിഷുപക്ഷിയുടെ ശബ്ദം കേട്ടാല്‍ എഴുന്നേല്‍ക്കും, അതിന്റെ ഉറവിടം കണ്ടു തിരിച്ചു അത് പോലെ ശബ്ദം ഉണ്ടാക്കിയാലേ സമാധാനം ഉണ്ടാകൂ. "വിത്തും കൊക്കൊട്ടും, കള്ളന്‍ ചക്കട്ടു" എന്ന് പറയുമ്പോള്‍ തലേ ദിവസം കണ്ട ചക്ക ആ തെക്ക് കിഴക്കേ ഭാഗത്തെ പ്ലാവില്‍ തന്നെ ഇല്ലേ എന്ന് ഓടിപ്പോയി നോക്കും. മുളക്കൂട്ടത്തിലും, തെങ്ങിന്‍ പട്ടകളുടെ അറ്റത്തും ആശാരിപ്പണിയെടുക്കുന്ന തൂക്കാണാം കുരുവികളുടെ പണി മുടക്കാന്‍ എത്താന്‍ കഴിയാത്ത ദൂരേയ്ക്ക് കൈ കഴയുന്നത് വരെ കല്ലെറിയണം. അവര്‍ക്ക് ഒരു കുലുക്കവും ഇല്ല എന്ന് കണ്ടാല്‍ തിരിച്ചു നടക്കും.

അതിന്നിടക്ക്‌ തെങ്ങിന്‍ മുകളില്‍ നിന്നും ചിലച്ചിറങ്ങുന്ന അണ്ണാരക്കണ്ണന്റെ അടുത്തെത്താന്‍ ഓടും. എന്നെ കാണുന്നതിനു മുമ്പ് 'ചില്‍, ചില്‍' എന്നും പറഞ്ഞു തെങ്ങിന്റെ കുറച്ചുയരത്തേക്ക് കയറി തല കീഴായി ഇരുന്ന് എന്നോട് ദ്വേഷ്യപ്പെടും. കല്ലെടുക്കാന്‍ തുടങ്ങിയാല്‍ എന്റെ മെലിഞ്ഞ കൈകളുടെ ശക്തിക്കപ്പുറത്തെ ഉയരങ്ങളിലേക്ക് ഓടി ക്കയറി പിന്നെയും അവന്റെ ഇലത്താളം തുടങ്ങും. ശബ്ദത്തിന്നനുസരിച്ച് ആ വാലും, പൂരത്തിന്ന് ആനപ്പുറത്ത് വെഞ്ചാമരം വീശുന്നത് പോലെ ഉയര്‍ന്നു താഴുന്നുണ്ടാകും. 

അത് നോക്കി നില്‍ക്കുമ്പോഴായിരിക്കും കുളത്തിനരുകിലെ കൂവളത്തിനു മുകളില്‍ ഇരിക്കുന്ന പൊന്മാനെ കാണുക. എന്തിനാ ഈ പക്ഷി ഇടക്കിടക്ക് ഇങ്ങിനെ ഞെട്ടുന്നത് എന്ന് ഇപ്പോഴും ആലോചിക്കും. അത് പരല്‍ മീനിനെ പിടിക്കുന്നത് കാണാന്‍ കുളപ്പുരയിലേക്ക് ഓടി ശബ്ദമില്ലാതെ ഇരിക്കും. സൂര്യരശ്മികളുടെ തെളിച്ചത്തില്‍ വെള്ളത്തിന്റെ ഉപരിതലത്ത് ചാടിക്കളിക്കുന്ന പരല്‍മീനുകളുടെ തിളക്കം കാണുമ്പോള്‍ ഈയം പൂശാന്‍ വരുന്ന അലവികാക്കാനെ ഓര്‍മ്മ വരും. ഒരു കുഴി കുഴിച്ചു അതില്‍ കല്‍ക്കരിയിട്ടു ആ സഞ്ചിപോലെയുള്ള സാധനം അമര്‍ത്തുമ്പോള്‍ 'പിശ്, പിശ് " എന്നും പറഞ്ഞ് കാറ്റ് കുഴലില്‍ ക്കൂടി പോയി കല്‍ക്കരി കത്താന്‍ തുടങ്ങും. പിച്ചള പാത്രം ചൂടാക്കി അതില്‍ എന്തോ ഒരു സാധനത്തിന്റെ കഷ്ണം ഇട്ടാല്‍ അത് ഉരുകാന്‍ തുടങ്ങും. എന്നിട്ട് അലവിക്കാക്കാന്‍ ഒരു പൊടിയിട്ട്‌ ഒരു തുണികൊണ്ട് തുടക്കും. പാത്രം പരല്‍മീനിന്റെ അടിവശം പോലെ തിളങ്ങാന്‍ തുടങ്ങും. 

പെട്ടെന്നായിരിക്കും പൊന്മാന്‍ വെള്ളത്തിലേക്ക് ഒരു കൂളിയിടല്‍ നടത്തുക. മീനുകള്‍ വായുവില്‍ ചാടി മാറാന്‍ നോക്കുമെങ്കിലും കൊക്കില്‍ ഒരു മീനുമായെ പൊന്മാന്‍ പോകൂ. അടുത്ത മരക്കൊമ്പിന്മേല്‍ പോയിരുന്നു കൊക്ക് കൊണ്ട് ആ മീനിനെ കൊമ്പത്ത് അടിക്കുമ്പോള്‍ മീനിനോടു പാവം തോന്നും. വേഗം മരച്ചുവട്ടില്‍ പോയി കല്ലെടുത്ത്‌ എറിയാന്‍ നോക്കുമ്പോഴേക്കും മുറ്റമടിക്കുന്ന മുണ്ടി വിളിച്ചു കൂവിയിട്ടുണ്ടാകും "തമ്പ്രാട്ട്യെ, കുട്ടി ദാ കൊളത്തിന്റടുത്താണേ." അമ്മമ്മയുടെ ശബ്ദം "ഉണ്ണ്യേ, ങ്ങട് വരൂ. എന്തിനാ ആ തൊടീ ക്കൂടെ ങ്ങനെ കളിക്കണേ? നെറച്ച് പാമ്പുള്ള സ്ഥലാ." കുളത്തിന്നടുത്താണ് പാമ്പുങ്കാവുള്ളത്. ഈ മുണ്ടി കാരണം മീനിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കുമ്പൊഴെക്കും അമ്മയുടെ ശബ്ദം കേള്‍ക്കാം "ഈ ചെക്കനെ ഞാന്‍ പ്പോ കാണിച്ചു തരാം. ബടെ വാടാ". 

പൂരത്തിന് നിറയെ ബലൂണ്‍ കച്ചവടക്കാര്‍ വരും. പല നിറങ്ങളുടെ ബലൂണുകള്‍ കാണാന്‍ തന്നെ ഒരു രസമാണ്. ഊതി വീര്‍പ്പിച്ചു വിട്ടാല്‍ "പേ" എന്ന് ശബ്ദം ഉണ്ടാക്കുന്നവ, ഒരു നീണ്ട ഈര്‍ക്കല പോലെയുള്ള മരക്കഷണത്തില്‍ ഉള്ളില്‍ കടുകിട്ട് ഊതി വീര്‍പ്പിച്ച കട്ടി കൂടിയവ, ബലൂണിനു ബലൂണ്‍ കൊണ്ട് വാലുണ്ടാക്കി അങ്ങിനെ ഒരു തരം. വാങ്ങിക്കാന്‍ പോയാല്‍ സ്നേഹത്തോടെ പെരുമാറും. കയ്യില്‍ കാശൊന്നും ഇല്ലാതെ വെറുതെ കാണാന്‍ ചെന്ന് നിന്നാല്‍, ഒന്ന് തൊട്ടാല്‍ പേടി പ്പെടുത്തുന്ന ഒരു നോട്ടമുണ്ട് ചിലര്‍ക്ക്. അറിയാതെ ട്രൌസറില്‍ മൂത്രമൊഴിക്കും. ചുവന്ന കണ്ണുകളും, കൊമ്പന്‍ മീശയും ഉള്ള ചിലരുണ്ട്. അവരാണെങ്കില്‍ ദൂരെ നിന്ന് നോക്കുകയെ ഉള്ളൂ. വീടിന്റെ അടുത്തുള്ള മമ്മതാപ്ല ആണെങ്കില്‍ സ്നേഹത്തോടെ അടുത്തു നിര്‍ത്തും. എല്ലാ ബലൂണുകളും തൊട്ടു നോക്കാം. ഏതെങ്കിലും ബലൂണില്‍ തൊടുമ്പോള്‍ പൊട്ടിയാല്‍ തന്നെ എന്റെ തലയില്‍ തലോടി "അത് സാരല്ല്യാ മേന്‍നേ" ന്നു പറയും. പൈസ കയ്യില്‍ ഉണ്ടെങ്കിലും, ഇല്ലെങ്കിലും ഇഷ്ട്ടമുള്ള ഒരു ബലൂണ്‍ കൊണ്ട് പോകാം. ആള്‍ക്കാരുടെ ബഹളവും, തായമ്പകയുടേയും പൂതന്റെയും തറയുടെയും പറയുടെയും എല്ലാം ശബ്ദങ്ങളും, ആനയുടെയും, ആനപ്പിണ്ടിയുടെയും ചൂരും നിറഞ്ഞ പൂരപ്പറമ്പ് ഇന്ന് വരെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ആ ശബ്ദങ്ങളുടെ ഒക്കെ മുകളില്‍ ആണ് ആ മമ്മതാപ്ലയുടെ ശബ്ദം ഇപ്പോഴും നില്‍ക്കുന്നത്.

മുഖപുസ്തകത്തിന്റെ പല ഗ്രൂപ്പുകളിലും ചെല്ലുമ്പോള്‍ ഞാന്‍ ആ പഴയ പീറ ചെറുക്കന്‍ ആകും. വര്‍ണ്ണങ്ങള്‍ നിറഞ്ഞ ബലൂണുകള്‍ നോക്കി അന്തം വിട്ടു നില്‍ക്കും. എനിക്കെന്തേ ബലൂണ്‍ ഉണ്ടാക്കാന്‍ അറിയാത്തത് എന്ന് ആലോചിച്ചു സങ്കടം തോന്നും. മറ്റുള്ളവര്‍ ഉണ്ടാക്കിയ ബലൂണുകളില്‍ ചിലതില്‍ ഒന്ന് തൊടാന്‍ കൊതിക്കും. കണ്ണ് ചുകന്നവരും, കൊമ്പന്‍ മീശക്കാരും ആണെങ്കില്‍ ദൂരെ വായില്‍ വിരലിട്ടു കടിച്ചു നിന്നു നാലു പുറവും നോക്കും "മമ്മതാപ്ലമാര്‍ എവിടെയെങ്കിലും ഉണ്ടോ?" അവരുടെ ബലൂണുകളില്‍ വീണ്ടും, വീണ്ടും ഒന്ന് സ്പര്‍ശിച്ചു സായൂജ്യമടയും.

Sunday, January 13, 2013

കൊലയാളി.

ചില പ്രത്യേക പരിതസ്ഥിതികളില്‍ എന്റെ ഒരു സ്ഥിര ശത്രു ആയിരുന്നു അവന്‍ എന്ന് തന്നെ വേദനയോടെ എനിക്ക് പറയേണ്ടി വരുകയാണ്. അങ്ങിനെയാണ് ഒരു സെല്‍ഫ് കോര്‍സ്, റെസ്ലിംഗില്‍ ചെയ്തത് എന്നും പറയേണ്ടി വരുകയാണ്. ചെറുപ്പ കാലത്ത് നല്ല ഒരു  റെസ്ലര്‍ ആയിരുന്നു ഞാന്‍ എന്ന് സ്വയം വിശ്വസിക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. മറ്റുള്ളവരോടു ഇത് പറഞ്ഞു കഴിഞ്ഞാല്‍ ഒരു പുച്ഛത്തോടെ നീളന്‍പയറു പോലെയുള്ള എന്റെ കാലില്‍ നോക്കും.  പതുക്കെ മുണ്ട്  ഞാന്‍ താഴെക്കിടും. 

ചിലരുടെ, പ്രത്യേകിച്ച് ആ കാസീമിന്റെ, ഒരു ചോദ്യം ഉണ്ട് "അല്ലെടാ, ഈ 'ഗ്രീക്കോ റോമന്‍ റെസ്ലിങ്ങും ' 'ഫ്രീ സ്റ്റൈല്‌ റെസ്ലിങ്ങും ' തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?" "ടിക്കെറ്റ് എടുത്തു കാണുന്നത്  ഗ്രീക്കോ റോമന്‍ റെസ്ലിങ്ങും, പൈസ എടുക്കാതെ നിന്നെപ്പോലുള്ള കഞ്ഞികള്‍ കാണുന്നതു ഫ്രീ സ്റ്റൈല്‌ റെസ്ലിങ്ങും" എന്ന എന്റെ ജ്ഞ്യാനം ഞാന്‍ കാര്യമായി തന്നെ അവര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ ഷീലയൊ, ശാരദയോ മറ്റോ അവരെ ഇക്കിളി ഇട്ടാലുള്ള മട്ടില്‍ ഒരു ചിരി തന്നു പോകുമായിരുന്നു. 

എന്റെ കൂട്ടുകാരന്‍ കാസീം ശരിക്കും ഒരു റസ്ലെര്‍ ആണെന്നറിയാതെ, എന്റെ ജ്ന്യാനം അവനും ഒന്ന് പകര്‍ത്തു കൊടുക്കാന്‍ ശ്രമിച്ചു. അതൊരു വന്‍ അബന്ധം ആയി എന്നത് ഉടനെ തന്നെ എനിക്ക് മനസ്സിലായി. അവന്‍ എന്റെ 40 കിലോ ഭാരമുള്ള ശരീരം മുകളിലേക്ക് ഒന്ന് പൊക്കി ഭൂമിയുടെ കറക്കത്തിന്റെ എതിര്‍ ദിശയില്‍, ഒരു സീലിംഗ് ഫാനിന്റെ വേഗതയില്‍ ഒരു മൂന്നു മിനിട്ട് ഒന്ന് വട്ടം ചുറ്റി തിരിച്ച് താഴെ വെച്ചു. ഒരു  ഭൂമി അതിന്റെ അച്ചുതണ്ടില്‍ എങ്ങിനെയാണ് കറങ്ങുന്നത്  എന്ന് ഞാന്‍ പത്തു മിനിട്ട് കൊണ്ട് ശരിക്കും പഠിച്ചു. "ഇതാണെടാ സപ്ലെക്സ് " എന്നോ എന്തോ അവന്‍ പുലമ്പുന്നുണ്ടായിരുന്നു. അതിനു ശേഷം എന്നെ അറിയുന്നവരൊക്കെ കാസീം എന്ന പേര് എന്റെ മുമ്പില്‍ എടുക്കില്ലായിരുന്നു. കാരണം എനിക്ക് ആ പേര് കേട്ടാല്‍ ഇളക്കവും, ബോധമില്ലായ്മയും, വയറിളക്കവും, ശര്‍ദ്ദിലും എല്ലാം ഒരുമിച്ചു വരുമായിരുന്നു.

എങ്കിലും ഈ കറുക്കുന്ന ആശയം എന്റെ മനസ്സില്‍ ശരിക്കും പതിഞ്ഞു. ഈ പാഠം പഠിച്ച ശേഷം എന്റെ ആ സ്ഥിര ശത്രുവിനെ നിലം പറ്റിക്കാന്‍ ഇതായിരുന്നു എന്റെയും ആയുധം. ഓരോ പ്രാവശ്യവും അവനെ ഒന്ന് കറക്കിയാല്‍ ആ സ്ത്രീ (ഏതു വിധത്തിലാണ് ഇവരുമായി അവന്റെ ബന്ധം എന്ന് എനിക്കറിയില്ല) ഓടി വരും. "അയ്യോ എന്താണ് നിങ്ങള്ക്ക് വേണ്ടത് എന്ന് എന്നോടു പറയൂ. ഞാന്‍ എല്ലാം ശരിയാക്കി തരാം." എന്ന് പറഞ്ഞ ശേഷം എനിക്ക് ഒരു സമയപരിധിയും തരുമായിരുന്നു. ആ വാക്ക്, എന്റെ റെസ്ലിംഗ് ശക്തി കൊണ്ട് മാത്രം ആയിരിക്കണം, ഏതു വിധേനയും പാലിച്ചിരുന്നു.


ഈ കറക്കുന്ന സൂത്രം അന്നൊക്കെ എന്നെപ്പോലെ കുറച്ചു ജ്ന്യാനികള്‍ക്കെ അറിവുള്ളൂ എന്ന കാരണം കൊണ്ട് ചിലരെങ്കിലും എന്റെ അടുത്തു വന്നു സഹായം അഭ്യര്‍ഥിച്ചിരുന്നു. അങ്ങിനെ അഭ്യര്‍ത്ഥനയുമായി വരുന്നവരോട് ഒരു പുച്ഛം ഞാനും കാണിച്ചു, "നാളെ വാടോ, മറ്റന്നാള്‍ വാടോ" എന്നൊക്കെ പറയുമായിരുന്നു. പല്ല് കുത്തിയിരിക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത് എങ്കിലും, വേറെ ഒരു അത്യാവശി ജോലിക്ക് തഹസില്‍ദാറെ കാണണം, അല്ലെങ്കില്‍ മജിസ്ട്രേട്ടിനെ കാണണം എന്നൊക്കെ കാച്ചുമായിരുന്നു. അന്ന് ഇവരൊക്കെ ആയിരുന്നു പൊതു ജനങ്ങളുടെ ദൈവങ്ങള്‍ എന്നതാണ് വാസ്തവം.

അങ്ങിനെ ഒരിക്കല്‍ നാണുനായരുടെ വേലി പ്രശ്ന കാര്യത്തില്‍ സ്ഥലം എസ് ഐ യെ കാണാന്‍ അയാളുടെ കൂടെ പോകേണ്ടി വന്നു. നാണ് നായരെ പുറത്തു തന്നെ നിറുത്തി, എസ ഐ യുടെ മുറിയില്‍ കയറിയ എനിക്ക് ആ അറിവില്ലാത്ത എസ ഐ യുടെ ആട്ടോടു കൂടിയ പുറത്താക്കല്‍ സഹിക്കേണ്ടി വന്നു എന്നത് എങ്ങിനെയോ നാട്ടില്‍ പാട്ടായി. ആ നശിച്ച നാണ് നായര്‍ തന്നെയാകും പറഞ്ഞു പരത്തിയത്. ഇടക്കൊന്നു ആ എസ ഐ എന്റെ വീട്ടില്‍ അയാളുടെ ബന്ധുവിന് ഒരു കല്യാണ ആലോചനയുമായി വന്നു.  എന്നോടു ക്ഷമ യാചിക്കാന്‍ വേണ്ടിയായിരുന്നു ആ വരവ് എന്ന് അയ്യപ്പന് ചായ കാശ് കൊടുത്ത് ഞാന്‍ തന്നെ പ്രചരിപ്പിച്ചപ്പോള്‍  മാത്രമേ എന്റെ ഇമേജ് ഒന്ന് ശരിയായുള്ളൂ. സെക്കണ്ടുകള്‍ക്കുള്ളില്‍ എന്നെ അയാളുടെ മുറിയില്‍ നിന്നും പുറത്താക്കിയിരുന്നതിനാല്‍ ആ എസ ഐക്ക് എന്റെ മുഖം തന്നെ ഓര്‍മ്മ ഉണ്ടായിരുന്നില്ല എന്ന് ഈ വിഡ്ഢികള്‍ക്ക്  അറിയുമോ?

കാലം പോകുന്നതോടൊപ്പം പലതും മാറി. തലയിലെ മുടിയെല്ലാം ശരത്കാലത്തു കൂടി കടന്നു പോയി.  വസന്തകാലം പക്ഷെ വന്നതുമില്ല. കണ്ണുകളില്‍ കാറുകളില്‍ 'സണ്‍ ഫിലിം' ഒട്ടിച്ച പോലെ ഒരു ഇരുട്ട് കയറി ക്കൂടി. പുറത്തു നിന്നുള്ള ശബ്ദങ്ങള്‍ക്ക്‌ ചെവികളില്‍ സൈലെന്സര്‍ വെച്ച പോലെ. എന്റെ ശരീരത്തിന്  ഒരു പത്തു കിലോ കനം കൂടി. പക്ഷെ നടുവിനു ഒരു വളവും കൂടി. റസ്ലിങ്ങില്‍ വട്ടം കറക്കുന്ന പരിപാടി നിന്നു എന്ന്  തന്നെ പറയാം. 

പക്ഷെ എന്റെ സ്ഥിരം ശത്രുവിന്, എന്നോടു നേരെയുള്ള പെരുമാറ്റത്തില്‍,  ഒരു മാറ്റവും വന്നിരുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം ആയിരുന്നു. എനിക്ക് അയാളുടെ എന്തെങ്കിലും ആവശ്യം വന്നാല്‍, എന്നെയിട്ടു കറക്കാന്‍ തുടങ്ങും. വയസ്സ് കൂടിയ കാരണം കൊണ്ടും, ശത്രുവിന് വന്നിരുന്ന സാങ്കേതിക മാറ്റങ്ങള്‍  കൊണ്ടും, തിരിച്ചു കറക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യം ഉണ്ടായിരുന്നു. പിന്നെ  കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല. നേരെ വിട്ടു, എന്റെ കൂട്ടുകാരന്‍ കീലെരിയുടെ അടുത്തേക്ക്.

കീലേരി എന്നാ പേര് കേട്ടാല്‍ തന്നെ ആള്‍ക്കാര്‍ മൂത്രം ഒഴിക്കുമായിരുന്നു. അത്രയ്ക്ക് വലിയ ഗുണ്ട ആണ്.  ഷോലേ എന്ന ഹിന്ദി പടത്തില്‍ ഗബ്ബര്‍ സിംഗിന്റെ കാര്യം പറയുന്നുണ്ട്. ഏതെങ്കിലും കുഞ്ഞുങ്ങള്‍ ഉറങ്ങാതെ കിടക്കുകയാണെങ്കില്‍ "ഗബ്ബര്‍ വരുന്നുണ്ട്, ഉറങ്ങിക്കോ" എന്ന് പറഞ്ഞാല്‍ കുഞ്ഞു ഉറങ്ങുമായിരുന്നുവെന്നു. ആ ഗബ്ബര്സിംഗ് കീലേരിയുടെ ശിഷ്യന്‍ ആണ്.

എന്തായാലും കീലെരിയില്‍ നിന്നു കത്തിയേറും, വാള്‍ പയറ്റും, കത്തിക്കുത്തും ഒക്കെ ചെറുതായിട്ടാണെങ്കിലും ഒന്ന് പഠിച്ചെടുത്തു എന്ന് പറയണമല്ലോ. അങ്ങിനെ എന്റെ സ്ഥിരം ശത്രുവായ അവന്‍ എന്നെ ഉപദ്രവിക്കുന്ന തക്കം നോക്കി ഇരിക്കുകയായിരുന്നു. ആദ്യത്തെ പ്രാവശ്യം തന്നെ കുത്തി മലര്ത്തണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. തീരെ  പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അവന്റെ ആക്രമണം ഉണ്ടായത്. കീലേരി പഠിപ്പിച്ചത് ശരിക്കും ഉപയോഗപ്രദമായി. ആദ്യം 1  കുത്ത് നാഭിയില്‍ തന്നെ. പിന്നെ 9 കുത്ത് വയറില്‍ തന്നെ.  ദ്വേഷ്യം തീരാതെ അവസാനമായി ഒരെണ്ണം കുറച്ചു, 8 കുത്ത് നെഞ്ചില്‍ ആയിരുന്നു.

കുത്തിക്കഴിഞ്ഞില്ല, അവള്‍ ഓടിക്കിതച്ച് എത്തി. പക്ഷെ അവള്‍ക്കും എത്ര മാറ്റമാണ് വന്നിട്ടുള്ളത്? പെണ്ണിനിപ്പോള്‍ മലയാളം കൂടാതെ ഹിന്ദിയും, ഇന്ഗ്ലീഷും ഒക്കെ അറിയാം. അതിന്റെ ഒരു നെഗളിപ്പോടെ എന്നോടു ചോദിച്ചു "നിങ്ങളോട് ഞാന്‍ മലയാളത്തിലാണോ, ഹിന്ദിയിലാണോ അതോ ഇന്ഗ്ലീഷിലാണോ വര്‍ത്തമാനം പറയേണ്ടത്?" പഴയ മൂന്നാം ക്ലാസ്സില്‍ നാല് പ്രാവശ്യം തോറ്റ എനിക്ക് മലയാളം തന്നെ കഷ്ട്ടി മാത്രം അറിയാം. എന്തായാലും ധൈര്യം സംഭരിച്ചു "നീ മലയാളത്തില്‍ സംസാരിച്ചോടീ" എന്ന് പറഞ്ഞു. ഒരു ദിവസത്തിന്നകം എന്റെ നഷ്ട്ടങ്ങള്‍ നികത്താം എന്ന് അവള്‍ വാക്ക് തന്നത്  കൊണ്ട് മാത്രം അവനെ അപ്പോള്‍ കൊന്നില്ല. പക്ഷെ അവള്‍ക്കു വിട്ടു കൊടുക്കാതെ എന്റെ കൂടെ തന്നെ നിര്‍ത്തി. അവനെ നന്നായി പൊതിഞ്ഞു കെട്ടി.

അവള്‍ ഒരു നമ്പരും തന്നിരുന്നു. അതെവിടെയാണ് എഴുതി വെച്ചത് എന്ന് ഓര്‍മ്മ വന്നില്ല. അവളില്‍ നിന്നും ഒരു വിവരവും കിട്ടിയെല്ലെന്നു കണ്ടപ്പോള്‍ ഞാന്‍ അവന്റെ അടുത്തേക്ക് പോയി ഒന്ന് കുലുക്കി വിളിച്ചു. ഒരു അനക്കവും ഇല്ലായിരുന്നു. അവന്റെ ചെവിയില്‍ കുറെ നേരം ഹലോ, ഹലോ എന്ന് വിളിച്ചു നോക്കി. നാഡിയൊന്നു പിടിച്ചു നോക്കി. ഒരു അനക്കവും ഇല്ല. അപ്പോഴാണ്‌ സത്യം ശരിക്കും മനസ്സിലായതു. അവന്‍ ചത്തു മലച്ചിരിക്കുന്നു. ആദ്യം തന്നെ കേസ്സില്ലാ വക്കീലായ എന്റെ സുഹൃത്തിനെ വിളിച്ചു. അവന്‍ വന്നു ഏതൊക്കെയോ വകുപ്പുകള്‍, 120ബി, 300, 302 എന്നൊക്കെ  പറഞ്ഞു. ഈ മൂന്നാം ക്ലാസ്സുകാരന് എന്ത് പീനല്‍ കോഡ്? എന്തായാലും ഇപ്പോള്‍ ഞാന്‍ കമ്പിയഴികള്‍ക്കുള്ളില്‍ നാണം മറയ്ക്കാന്‍ പാടു പെട്ട് ഇരിക്കുകയാണ്.  ജാമ്യം എടുക്കാന്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് കഴിയുന്നത്ര ദൂരേക്ക്‌ നോക്കുന്നുണ്ട്. 

Tuesday, January 1, 2013

മനുഷ്യന്റെ പുരോഗതി


ആ ഗ്രാമത്തില്‍ ഒരു വീട്ടിലും പണ്ട്  കടയില്‍ പോയി പച്ചക്കറി വാങ്ങിയ ശീലമില്ല. എല്ലാം വീട്ടില്‍ തന്നെ ഉണ്ടാകും. ഇനി അഥവാ ഇല്ലെങ്കില്‍ തന്നെ അടുത്ത വീട്ടില്‍ ഉള്ളവര്‍ അറിഞ്ഞു കൊണ്ട് വന്നു തരും. അവരുടെ കയ്യില്‍ ഇല്ലാത്തതു വേറെ ഒരു വീട്ടില്‍ ഉണ്ടെങ്കില്‍ ചോദിച്ചു വാങ്ങാന്‍ ആര്‍ക്കും മടിയും തോന്നിയിരുന്നില്ല. ഓണമായാലും വിഷുവായാലും, തിരുവാതിരയായാലും പച്ചക്കറികള്‍ കൊണ്ട് പത്തായം നിറഞ്ഞിരിക്കും. കായ പഴുക്കാന്‍ പുകയിട്ട മണം കൊല്ലം മുഴുവന്‍ നെല്ലിടുന്നത് വരെ പത്തായത്തില്‍ ഉണ്ടാകും. കര്‍ക്കിടക മാസങ്ങളില്‍ ഇലക്കറികള്‍ ആയിരിക്കും അധികവും. കര്‍ക്കിടക മാസത്തില്‍ ഉച്ച ആകുമ്പോഴേക്കും ചാമിയും, ചെള്ളിയും, ചക്കിയും വീടിന്റെ അടുക്കള ഭാഗത്ത്‌ ഇരിക്കും. ഉള്ളതെന്താണെന്ന് വെച്ചാല്‍ അവര്‍ക്കും കൊടുക്കും. വെറുതെ കഴിക്കുന്നത്‌ അവര്‍ക്ക് ഇഷ്ട്ടം അല്ല. ചൂലുണ്ടാക്കിയോ, പാടത്തു വരമ്പ് നോക്കിയോ എന്തെങ്കിലും ജോലി അവര്‍ ചെയ്യും. വീട്ടില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ കാശിനു വേണ്ടി വരും. പക്ഷെ പണിയെടുത്തു ആ കടം വീട്ടും. 

ഒരിക്കല്‍ ചെള്ളിക്ക് അസുഖം വന്നപ്പോള്‍, കല്യാണി ആ വീട്ടില്‍ ഓടിയെത്തി. "തമ്പ്രാട്ടീ, അവര്‍ക്ക് ബോധം ഇല്ല. മഞ്ചലില്‍ ആശുത്രീലേക്ക് കൊണ്ടോണം. പാമ്പ് കടിച്ചതാ. എന്തെങ്കിലും പൈസ കിട്ടിയേ പറ്റൂ." ആ വീട്ടിലെ അമ്മ പറഞ്ഞു "അയ്യോ കല്യാണീ, ഇവടെ പ്പോ ഒന്നൂം ഇല്ലല്ലോ. നീയൊരു കാര്യം ചെയ്യ്. ഈ മാല നന്റെ ചെക്കനെ കൊണ്ട് ആ ബാങ്കില്‍ വെച്ചോ. കിട്ടണ പൈസ വാങ്ങിക്കോ. എന്താ ന്നു വെച്ചാ പിന്നെ നോക്കാം." കണ്ണ് നിറച്ചു അവള്‍ ആ അമ്മയുടെ സ്വര്‍ണ്ണ മാലയും വാങ്ങി കൊണ്ട് പോയി. ഒരു സഹകരണ ബേങ്ക് സിറ്റിയിലുണ്ടായിരുന്നു . അവിടെ ജോലി ചെയ്യുന്നവരെ കണ്ണും അടച്ചു അന്നൊക്കെ വിശ്വസിക്കാം. യാതൊരു കള്ളത്തരവും ചെയ്യില്ല. ഇനി കല്യാണി അഥവാ മരിച്ചാല്‍ പോലും അവളുടെ ബന്ധുക്കള്‍ ആ മാല കൊണ്ട് വന്നു തരും. അതായിരുന്നു വിശ്വാസം.

ആരുടെ വീട്ടിലും ഒരു മരണം സംഭവിച്ചാല്‍ എല്ലാവരും ഓടിയെത്തും. ദൂരെയുള്ളവരെ അറിയിക്കാന്‍ ഒരാള്‍ പോവും. മറ്റൊരാള്‍ മുണ്ട്, ചന്ദനത്തിരി, ചന്ദനമുട്ടി ഇതൊക്കെ വാങ്ങാന്‍ ഓടും. അടുത്ത വീട്ടുകാര്‍ മരണ വീട്ടുകാര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങും. കുറച്ചു ചെറുപ്പക്കാര്‍ ഏതു മാവാണ് വെട്ടേണ്ടത് എന്ന് നോക്കി അത് വെട്ടി ചെറുതാക്കുന്ന ജോലിയില്‍ മുഴുകിയിട്ടുണ്ടാകും. വേറെ കുറച്ചു പേര്‍ തെക്കേ തൊടിയില്‍ കുഴി വെട്ടുന്ന ജോലിയില്‍ മുഴുങ്ങിയിട്ടുണ്ടാകും. ഇതിന്റെയൊക്കെ മേല്‍നോട്ടം രാമകൃഷ്ണന്‍ നായര്‍ ഏറ്റെടുത്തിട്ടുണ്ടാകും. ഇയാള്‍. നാരദ മുനിയുടെ രണ്ടാം ജന്മം ആണ്. ആ മരിച്ച വീട്ടിലെ ആരെങ്കിലും ആയി തലേ ദിവസം പോലും ഇയാള്‍ വഴക്കിട്ടിട്ടുണ്ടാകും.പക്ഷെ ആവശ്യം വരുമ്പോള്‍ അതെല്ലാം മറന്നു ഏറ്റവും മുന്നില്‍ വിയര്‍ത്തു പണിയെടുക്കും. ഈ ജോലികളെല്ലാം ആരും ആര്‍ക്കും പറഞ്ഞു കൊടുത്തിട്ടോ അല്ലെങ്കില്‍ എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചോ അല്ല ചെയ്തിരുന്നത്. എല്ലാം കഴിഞ്ഞ ശേഷമേ പിന്നെ ഇവരെല്ലാം പോയിരിന്നുള്ളൂ.

കല്യാണമാണെങ്കിലും ഇത് പോലെ തന്നെ. തലേ ദിവസം തന്നെ എല്ലാവരും ഒത്തു ചേരും. നാളികേരം ചിരകിയും, അട വെട്ടിയും, പച്ചക്കറി മുറിച്ചും എല്ലാവരും ഉറക്ക്മിളക്കും. രാമകൃഷ്ണന്‍ നായര്‍ എന്തുണ്ടാക്കിയാലും ഒരു പ്രത്യേക സ്വാദായിരുന്നു. കല്യാണപ്പെണ്ണിന്റെ അച്ഛനോ, അമ്മാമാനോ അറിഞ്ഞു അയാള്‍ക്കും, സഹായികള്‍ക്കും എന്തെങ്കിലും കൊടുക്കും. പോരാ എന്നൊരു വാക്ക് രാമകൃഷ്ണന്‍ നായര്‍ പറയില്ല. കുറഞ്ഞു എന്ന് രാമകൃഷ്ണന്‍ നായര്‍ക്കു തോന്നുകയാണെങ്കില്‍ "ഇത് കൂടി നിങ്ങള്‍ വീതിച്ചെടുത്തോ" എന്നും പറഞ്ഞു അയാളുടെ ഓഹരി അവര്‍ക്ക് കൊടുക്കും. സദ്യക്ക് ഗ്രാമത്തിലെ എല്ലാവരും വരുന്നത് കൊണ്ട് പാചകം ചെയ്യാന്‍ വലിയ ഉരുളികളും, ചെമ്പും മറ്റും വേണം. അവയെല്ലാം മനക്കില്‍ നിന്നും കൊടുക്കും. പ്രതിഫലമായി തിരിച്ചു കൊണ്ട് പോകുമ്പോള്‍ ഒന്നോ, രണ്ടോ ചീര്‍പ്പ് പഴം ആ പാത്രത്തില്‍ വെക്കും. കൂടുതല്‍ വെച്ചാല്‍ തിരുമേനി ദ്വേഷ്യപ്പെട്ടു തിരിച്ചു കൊടുത്തയക്കും. തട്ടിയോ, മുട്ടിയോ ഏതെങ്കിലും പാത്രം ചെറുതായി കേടു വന്നാല്‍ തന്നെ ആ നിഷ്ക്കളങ്കന്‍ തിരുമേനി "ഇതൊക്കെ നോക്കേണ്ടടോ, രാമാ" എന്ന് ചീത്ത പറയും.

അടുത്തുള്ള അമ്പലത്തിലെ തിരുമേനി ആര്‍ക്കു എന്ത് സംഭവിച്ചാലും ഒരു പ്രത്യേക പൂജ ചെയ്യും. എന്നിട്ട് നിവെദ്യമോ, തീര്‍ഥമോ ആ വീട്ടിലേക്കു കൊടുത്തയക്കും. ഒരു തോര്‍ത്തും, കോണകവും മാത്രമാകും  ആ തിരുമേനിയുടെ വസ്ത്രം. പ്രാണായാമത്തിലും, ന്യാസത്തിലും കൂടി ദഹാവകാശ പൂജ ചെയ്യുമ്പോള്‍ ആ മുഖത്തു ഒരു പ്രത്യേക തേജസ്സുണ്ടാകും. മാനസപൂജയില്‍ ക്കൂടെ ശരിക്കും ഒരു സ്വയം അര്‍പ്പണം തന്നെ നടത്തും. അദ്ദേഹത്തിനു എളുപ്പവഴി അറിയില്ലായിരുന്നു. വര്‍ണ്ണവ്യത്യാസം ചെയ്തികളില്‍ ക്കൂടിയാണ് മനസ്സിലാക്കേണ്ടത് എന്നായിരുന്നു ആ വലിയ മനുഷ്യന്റെ വിശ്വാസം.

പ്രത്യേക ദിവസങ്ങളില്‍ അമ്പലത്തില്‍ പായസം കഴിച്ചു വരുന്ന വഴിക്ക്, കുട്ടികള്‍ ഇലയുമായി പായസത്തിന്നു കാത്തിരിക്കുന്നുണ്ടാകും. എല്ലാവര്ക്കും ഉള്ളത് പോലെ കൊടുത്തു വീട്ടിലേക്കു മിക്കവാറും ഒരു സ്പൂണ്‍ മാത്രമേ വീട്ടുകാരികള്‍ കൊണ്ട് പോകൂ. ഉത്സവകാലത്ത് ഉച്ചക്ക് ഊണ് കഴിക്കുവാന്‍ അടുത്ത ഗ്രാമങ്ങളില്‍ നിന്നും പരിചയമുള്ള എല്ലാവരും കാണും.

മടവാള്‍, കൈക്കോട്ടു, മഴു, അരിവാള്‍, പരുമ്പ്, മുറം മുതലായ എല്ലാ കൃഷി വസ്ത്തുക്കളും ഏതു വീട്ടിലാണോ ഉള്ളത് അവിടെ പോയി എടുത്തു കൊണ്ട് വരുക എന്നതായിരുന്നു നിയമം. ഒരു മര്യാദ എന്നത് പോലെ ഒന്ന് പറയും, ദാ ഈ മഴു അല്ലെങ്കില്‍ കൈക്കോട്ടു അല്ലെങ്കില്‍ പരുമ്പ് എടുക്കുകയാണേ എന്ന്. ചിലരൊക്കെ ഒന്ന് മുറുമുറുത്തു "ദാ, സൂക്ഷിക്കണേ" എന്ന് പറയും. അതാരും ചെവിക്കൊള്ളില്ല.

പാടത്തിന്റെ നടുവിലായി ഒരു കുളമുണ്ട്. വീട്ടില്‍ കുളമില്ലാത്തവരും, കുളത്തില്‍ വെള്ളം വറ്റിയവരും എല്ലാം ഈ കുളത്തില്‍ തന്നെയാണ് കുളിക്കുക. മുസ്ലീംസിന്റെ ഒരു പാടു വീടുകള്‍ ആ കുളത്തിന്നരുകില്‍ ഉണ്ടായിരുന്ന കാരണം കുറെ ഉമ്മമാരും കുളിക്കാന്‍ ഉണ്ടാകുമായിരുന്നു. നാല് പുറങ്ങളിലും ആള്‍ക്കാര്‍ തുറന്നു കുളിച്ചിരുന്നു. ഒരിക്കലെങ്കിലും ഒരു വഴക്കുണ്ടായിട്ടില്ല. മാങ്ങയോ, പുളിയോ, കുരുമുളകോ, മരമോ, നാല്‍ക്കാലികളോ എന്ത് കച്ചവടം ഉണ്ടെങ്കിലും അത് അവിടെയുള്ള മാപ്പിളമാരുടെ മാത്രം അവകാശം എന്നായിരുന്നു വയ്പ്പ്. വീട് പൂട്ടുക എന്നത് ആ ഗ്രാമവാസികള്‍ക്ക്‌ അറിയില്ലായിരുന്നു. ആര്‍ക്കെങ്കിലും എതിരെ എന്തെങ്കിലും അന്യായം നടന്നാല്‍ ചോദിക്കാന്‍ ഗ്രാമത്തിലെ കാരണവന്മാര്‍ ഉണ്ടായിരുന്നു.

ഇന്ന് ആ ഗ്രാമത്തില്‍ തമിള്‍നാട്ടില്‍ നിന്നും കൊണ്ട് വരുന്ന പച്ചക്കറികളുടെ കൂമ്പാരമാണ്.  എ ടീ എം യന്ത്രങ്ങളില്‍ നിന്നും കാശെടുക്കുന്നു. കേറ്ററിംഗ് ഒരു കച്ചവടമാണ്. ശ്മശാനങ്ങളില്‍ ഡോക്ടരുടെ, പഞ്ചായത്ത് അല്ലെങ്കില്‍ മുന്സിപ്പാലിറ്റിയുടെ സാക്ഷ്യപത്രത്തോടു കൂടി ശവം നിശ്ചിത സമയത്തിന്നുള്ളില്‍ കൊണ്ട് പോകണം. കല്യാണം ഹോളുകളില്‍ മാത്രം നടത്തുന്നു. മുഹൂര്‍ത്തത്തിന്നു സെക്കണ്ടുകള്‍ നോക്കി വിരുന്നുകാര്‍ എത്തുന്നു. ചെക്കന്റെയും, പെണ്ണിന്റെയും അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും ഒഴിച്ച് മറ്റെല്ലാവരും വിരുന്നുകാര്‍ മാത്രമാണ്. പാടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു. കുളങ്ങളില്‍ ചണ്ടിയല്ലാതെ വേറെ ഒരു ജീവിയും ഇല്ല. അതിലെ വെള്ളത്തിനു ഇന്‌സെക്റ്റിസൈഡിന്റെയും, പെസ്റ്റിസൈഡിന്റെയും  മണമാണ്. മനുഷ്യരായി ആരും ഇല്ല. അവന്‍ ഹിന്ദുവാണ്, ഇവന്‍ മാപ്പിളയാണ്, മറ്റവന്‍ ക്രിസ്ത്യന്‍ ആണ് എന്ന് വേര്‍ തിരിച്ചു പെട്ടികള്‍ക്കുള്ളില്‍ ജീവിക്കുന്നു. ശമ്പളവും, പെന്‍ഷനും ഉള്ള പൂജാരിമാര്‍, ദക്ഷിണ നോക്കി ചുണ്ട് വിറപ്പിക്കുന്നു. ഇപ്പോള്‍ ഉത്സവത്തിന്നു വരുന്ന അതിഥികള്‍ ഏറ്റവും അടുത്ത ബാറില്‍ കയറുന്നു. ആരും ആരെയും അറിയുന്നില്ല. ചാവി കൊടുത്തു വിട്ട യന്ത്ര മനുഷ്യര്‍ അവരുടെ ഓരോ ഊഴവും കാത്തു കഴിയുന്നു.

Monday, December 31, 2012

രണ്ടാം ജന്മം.

എട്ടാം യാമത്തില്‍ തന്നെ എഴുന്നേറ്റു. കയ്യിന്റെ അറ്റത്ത്‌ ലക്ഷ്മിയെയും, നടുവില്‍ സരസ്വതിയെയും, താഴെ ഗോവിന്ദനെയും ഒക്കെ നോക്കി. ആരെയും കാണാനില്ലല്ലോ? മനസ്സ് പതറിപ്പോയി. മുഖം കഴുകി മൂലയില്‍ വെച്ചിരുന്ന പഴയ സഞ്ചി എടുത്തു. പത്തു യമങ്ങളുടെയും (വിലക്കുകള്‍ -) പൊതികള്‍ അഴിച്ചു നോക്കി. ഉറുമ്പും, പാറ്റയും അരിച്ചു സുഷിരങ്ങള്‍ വീണിരിക്കുന്നു. അഹിംസയുടെയും, അസ്തേയയുടെയും (മോഷ്ട്ടിക്കാതിരിക്കുക), അര്‍ജവയുടെയും (സത്യസന്ധത) 'അ' അവരുമായുള്ള ബന്ധം വിടര്‍ത്തി സത്ത്യത്തിന്റെയും, ശൌചത്തിന്റെയും, ക്ഷമയുടേയും കൂടെ ലോപിച്ചിരിക്കുന്നു. ബ്രഹ്മചര്യം (ലൈംഗിക ശുദ്ധത) പലരുടെയും നടുവില്‍ നഗ്നയായി കിടന്നു കാമലൊലയായി മാടി വിളിക്കുന്നു. ധൃടചിത്തത (മനസ്ഥിരത) മുടി അഴിച്ചിട്ടു, മനോരോഗിയായി എന്തൊക്കെയോ പുലമ്പുന്നുണ്ട്. ദയയെ, നിര്‍ദയത്വം തിന്നു കഴിഞ്ഞിരിക്കുന്നു. മിതാഹാരം, മാംസ ഭക്ഷണം തിന്നു കൊഴുത്തിരിക്കുന്നു. അറുപത്തിനാല് അനാചാരങ്ങളുടെ പൊക്കണസഞ്ചിയുടെ ഉള്ളില്‍ നിന്നും അടക്കിയ ചിരികള്‍ കേട്ടു. പത്തു അനുഷ്ഠാനങ്ങളുടെ അടുത്ത പൊതിയും അഴിച്ചു നോക്കി. "വിനയത്തെ" ആറാം യാമത്തിന്റെ മറവില്‍ അടക്കം ചെയ്തുവത്രെ. സംതൃപ്തി അതൃപ്തി പ്രകടിപ്പിച്ചു മൂലയില്‍ ഇരിക്കുന്നു. ദാനവും, പരസ്പര വിശ്വാസവും ദാനവന്മാരുടെ വാളിന് ഇരയായി കഴിഞ്ഞിരിക്കുന്നു. ഈശ്വര പൂജയും, ഗ്രന്ഥ വായനയും സന്യാസം എടുത്തിരിക്കുന്നു. അവബോധം (ജ്ന്യാനം) തല ചുറ്റി വീണു കിടക്കുന്നു. പരിശുദ്ധ പ്രതിജ്ഞകള്‍ അപവിത്രങ്ങളായി കിടന്നു മോങ്ങുന്നു. മന്ത്രോച്ചാരണം വിശുദ്ധ നൂലുകളില്‍ ആത്മഹത്യ ചെയ്തു തൂങ്ങി കിടക്കുന്നു. വിരക്തി സ്വര്‍ണ്ണാലങ്കാരങ്ങള്‍ നിറഞ്ഞ മേനി കാട്ടി കുഴഞ്ഞാടുന്നു.
Photo: രണ്ടാം ജന്മം.
എട്ടാം യാമത്തില്‍ തന്നെ എഴുന്നേറ്റു. കയ്യിന്റെ അറ്റത്ത്‌ ലക്ഷ്മിയെയും, നടുവില്‍ സരസ്വതിയെയും, താഴെ ഗോവിന്ദനെയും ഒക്കെ നോക്കി. ആരെയും കാണാനില്ലല്ലോ? മനസ്സ് പതറിപ്പോയി. മുഖം കഴുകി മൂലയില്‍ വെച്ചിരുന്ന പഴയ സഞ്ചി എടുത്തു. പത്തു യമങ്ങളുടെയും (വിലക്കുകള്‍ -) പൊതികള്‍ അഴിച്ചു നോക്കി. ഉറുമ്പും, പാറ്റയും അരിച്ചു സുഷിരങ്ങള്‍ വീണിരിക്കുന്നു. അഹിംസയുടെയും, അസ്തേയയുടെയും (മോഷ്ട്ടിക്കാതിരിക്കുക), അര്‍ജവയുടെയും (സത്യസന്ധത)  'അ' അവരുമായുള്ള ബന്ധം വിടര്‍ത്തി സത്ത്യത്തിന്റെയും, ശൌചത്തിന്റെയും, ക്ഷമയുടേയും കൂടെ ലോപിച്ചിരിക്കുന്നു. ബ്രഹ്മചര്യം  (ലൈംഗിക ശുദ്ധത) പലരുടെയും നടുവില്‍ നഗ്നയായി കിടന്നു കാമലൊലയായി മാടി വിളിക്കുന്നു. ധൃടചിത്തത (മനസ്ഥിരത) മുടി അഴിച്ചിട്ടു, മനോരോഗിയായി എന്തൊക്കെയോ പുലമ്പുന്നുണ്ട്. ദയയെ,  നിര്‍ദയത്വം തിന്നു കഴിഞ്ഞിരിക്കുന്നു. മിതാഹാരം, മാംസ ഭക്ഷണം തിന്നു കൊഴുത്തിരിക്കുന്നു. അറുപത്തിനാല്  അനാചാരങ്ങളുടെ പൊക്കണസഞ്ചിയുടെ ഉള്ളില്‍ നിന്നും അടക്കിയ ചിരികള്‍ കേട്ടു. പത്തു അനുഷ്ഠാനങ്ങളുടെ അടുത്ത പൊതിയും അഴിച്ചു നോക്കി.  "വിനയത്തെ" ആറാം യാമത്തിന്റെ മറവില്‍ അടക്കം ചെയ്തുവത്രെ. സംതൃപ്തി അതൃപ്തി പ്രകടിപ്പിച്ചു മൂലയില്‍ ഇരിക്കുന്നു. ദാനവും, പരസ്പര വിശ്വാസവും ദാനവന്മാരുടെ വാളിന് ഇരയായി കഴിഞ്ഞിരിക്കുന്നു. ഈശ്വര പൂജയും, ഗ്രന്ഥ വായനയും സന്യാസം എടുത്തിരിക്കുന്നു. അവബോധം (ജ്ന്യാനം) തല ചുറ്റി വീണു കിടക്കുന്നു. പരിശുദ്ധ പ്രതിജ്ഞകള്‍ അപവിത്രങ്ങളായി കിടന്നു മോങ്ങുന്നു. മന്ത്രോച്ചാരണം വിശുദ്ധ നൂലുകളില്‍ ആത്മഹത്യ ചെയ്തു തൂങ്ങി കിടക്കുന്നു. 
അയാളും ആ പഴയ സഞ്ചികള്‍  ദൂരെ വലിച്ചെറിഞ്ഞു. ഒരു വലിയ ചാക്ക് തന്നെ കയ്യിലെടുത്തു. ഇന്നെടുക്കാനുള്ള തലകളുടെ, ബലാല്‍സംഗം ചെയ്യാനുള്ള പെണ്‍കുട്ടികളുടെ, മോഷ്ടിക്കുവാനുള്ള സാധനങ്ങളുടെ, പറയാനുള്ള നുണകളുടെ ഒരു നീണ്ട പട്ടികയുമായി പുറത്തിറങ്ങി. പെണ്‍പൂച്ചകളും, പെണ്‍പട്ടികളും അയാളുടെ കണ്ണുകളില്‍ നോക്കി ഓലിയിടുന്നുണ്ടായിരുന്നു. രണ്ടാം കല്പ്പത്തില്‍ നീണ്ട നിദ്രയില്‍ എല്ലാം മറന്നു കിടക്കുന്ന യുഗപുരുഷനെ വിളിക്കാനെന്ന പോലെ. സന്തോഷത്തോടെ നടന്നു നീങ്ങുന്ന അയാളുടെ ദേഹത്തില്‍ നിന്നും  വിയര്‍പ്പായി വീഴുന്ന രക്തത്തുള്ളികള്‍ നക്കി, പിന്നാലെ ചെന്നായ്ക്കളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു.

ഇടവഴി.

ഇടവഴിയോ? മുള്ള് കുത്തുമോ? ഓര്‍മ്മകളിലെ ഇടവഴിയിലേക്ക് അറിയാതെ ഇറങ്ങി പോയി. മാധവിയമ്മ എല്ലാ വര്‍ഷവും വേലി കേട്ടില്ല. പനമ്പട്ടയുടെ നാരു കൊണ്ടാണ് മുള്ള് വേലി കെട്ടുക. ഒരു കൊല്ലത്തിനു മുമ്പ് തന്നെ വേലി ഇടവഴിയിലേക്ക് തൂങ്ങിയിട്ടുണ്ടാകും.പോരാത്തതിന്, ഒരു ചെറിയ ഇടം കണ്ടാല്‍ മതി. പാടത്ത് വരുന്ന പശുക്കളും, ആടുകളും എല്ലാം മാധവിയമ്മയുടെ തൊടിയിലേക്ക്‌ ചാടും. പിന്നെ, പിന്നെ വേലി ഇടവഴിയിലും ആയമ്മയുടെ തൊടി ഇടവഴിയും ആകും. വേലി കെട്ടാത്ത സമയമാണെങ്കില്‍ സൂക്ഷിച്ചു നടക്കണം. ഇല്ലെങ്കില്‍ മുമ്പിലേക്ക് നടക്കുന്ന നമ്മെ "എവിടെക്കാടാ ഇത്ര തിരക്കിട്ട് പോകുന്നത്, എന്നെയൊന്നും ഒരു വിലയില്ലാതെ" എന്നും പറഞ്ഞു മുള്ള്മാമന്‍ ഒന്ന് കൊളുത്തി വലിക്കും. കുറച്ചു പഴയ വസ്ത്രമാണെങ്കില്‍ ചിലപ്പോള്‍ 'ക്ര്ര്ര്‍' എന്നൊരു ശബ്ദമേ കേള്‍ക്കൂ. പുതുതായി വേലി കെട്ടിയ സമയമാണെങ്കില്‍ ഇടവഴിയില്‍ പച്ച മുള്ളുണ്ടാകും. കുത്തിയാല്‍ ഭയങ്കര കടച്ചിലാണ്. രണ്ടു പുറത്തും തൊട്ടാവാടി ചെടികള്‍ പൂവും, കായയുമായി ചിരിച്ചു നില്‍ക്കുന്നുണ്ടാകും. ആര് അടുത്തു കൂടെ പോയാലും വലിയ ബഹുമാനത്തോടെ കൈ കൂപ്പി കൊണ്ടിരിക്കും. വേലിപ്പുറത്ത് ഓന്തുമാമന്‍ ഇരിക്കുണ്ടാകും. "ഉം.....എങ്ങോട്ടാ?" എന്ന് തല കൊണ്ട് ചോദിക്കും. ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും പുള്ളിക്കാരന്‍ ഓടി പോകും. വലിയ തിരക്കിലാണെപ്പോഴും. പിന്നെ വലിയ തലയുള്ള തുമ്പികള്‍ ഇരിക്കുന്നുണ്ടാകും. പൈലറ്റും, എയര്‍ ഹൊസ്റ്റെസ്സും, റണ്‍വെയും ഒന്നും ഇല്ലാതെ ടെക് ഓഫ് ചെയ്യുമ്പോള്‍ പിന്നാലെ ഓടി എന്നെക്കൂടി കൊണ്ട് പോകുമോ എന്ന് ചോദിക്കാറുണ്ടായിരുന്നു. കുമാരനാശാന്റെ  "ഈ വല്ലിയില്‍ നിന്ന് ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ......." എന്ന കവിത ഓര്‍മ്മിപ്പിക്കുന്ന വിധം പല നിറങ്ങളിലുള്ള പൂമ്പാറ്റകള്‍ ഓരോ ചെടിയിലും പറ്റിപ്പിടിച്ചിരിക്കുന്നുണ്ടാകും. മാധവിയമ്മയുടെ കൊമ്പിപ്പശുവോ, നാണുനായരുടെ ടോമിയോ ഇടവഴിയുടെ അറ്റത്ത്‌ കണ്ടാല്‍ എന്റെ തിരിച്ചു ഒരു ഓട്ടം ഉണ്ട്. ചിലപ്പോ രണ്ടു പുറവും നോക്കി ആരും ഇല്ലെന്നു ഉറപ്പിച്ചു, ട്രൌസര്‍ പൊന്തിച്ചു ഒന്ന് മൂത്രമൊഴിക്കാന്‍ നോക്കുമ്പോഴാകും "അയ്യേ, ഈ ചെക്കനു ഒരു നാണവും ഇല്ലല്ലോ" എന്നും പറഞ്ഞു മാധവിയമ്മയുടെ മകള്‍ മുകളില്‍ നിന്നും കളിയാക്കുക. ട്രൌസര്‍ പെട്ടെന്ന് താഴെക്കാക്കുമ്പോഴേക്കും മൂത്രം പകുതി അതില്‍ ആയിട്ടുണ്ടാകും. ഇനിപ്പോ അവള്‍ അവിടെയില്ലെന്നു ഉറപ്പാക്കി ഒഴിക്കാന്‍ തുടങ്ങിയാല്‍, അത് കാലിലേക്ക് തന്നെ ഒലിച്ചു വരും. ഒഴിഞ്ഞു മാറി വരുമ്പോഴേക്കും കിഴക്കോട്ടു നിന്നിരുന്ന ഞാന്‍ വടക്കോട്ട്‌ മുഖം ആക്കി നില്‍പ്പുണ്ടാകും. ചിലപ്പോള്‍ ആ വേലിത്തിണ്ണയില്‍ ചെറിയ പോടുകളുണ്ടാകും. അതിലേക്കു ഒഴിക്കുമ്പോ പേടിയുണ്ടാകും, പാമ്പോ മറ്റോ പുറത്തേക്കു ചാടിയാലോ എന്ന്. വേലിക്കരികിലുള്ള വലിയ മരങ്ങള്‍ക്ക് മുകളില്‍ കാക്കയും, കുയിലും, ചെമ്പോത്തും, തത്തമ്മയും, അണ്ണാനും ഒക്കെ തമ്മില്‍ വട്ടമേശ സമ്മേളനം നടക്കുന്നുണ്ടാകും. എന്താ ഇവര്‍ക്ക് എന്നും സമ്മേളനം കൂടാന്‍ ഒരു വിഷയം ഉണ്ടാവുക എന്ന് എന്നും ആലോചിക്കും. കുയിലിനോട് അതിന്റെ അതെ ശബ്ദത്തില്‍ തിരിച്ചു ചോദിച്ചാല്‍ ഭയങ്കര ദ്വേഷ്യത്തില്‍ ചിലക്കുന്നുണ്ടാകും. "ഇവനേതെടാ ഈ പീറചെക്കന്‍ എന്നോടു വര്‍ത്തമാനം പറയാന്‍ -" എന്ന പോലെ. ചിലപ്പോ തീവണ്ടി പോണ പോലെ ഓടുന്ന തേരട്ട ഉണ്ടാകും. അവനെ കൈ കൊണ്ട് തൊടില്ല. ഒരു മരക്കഷണം കൊണ്ട് തൊട്ടാല്‍ അപ്പൊ ചുരുണ്ട് ഒരു വട്ടമാകും. ഇനി ഉണ്ട് നീളത്തില്‍ ജാഥയായി പോകുന്ന ഉറുമ്പിന്‍ കൂട്ടം. മുമ്പിലുള്ളവന് ഒരു ചുവന്ന കൊടി കൊടുക്കാന്‍ ശ്രമിച്ചാല്‍ എല്ലാവരും കൂടി പരക്കം പായും. കടിക്കാത്ത ഉറുമ്പാണെങ്കില്‍ ചിലപ്പോള്‍ അഞ്ചാറെണ്ണത്തിനെ കയ്യില്‍ വെക്കും. കുറച്ചു മുമ്പില്‍ പോയി കുഴിയാനകളുടെ കുഴിയില്‍ ഇട്ടു കൊടുക്കും. ഉറുമ്പ്‌ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴെല്ലാം കുഴിയാന മണ്ണ് തെറുപ്പിച്ച് അതിനെ കുഴിയിലേക്ക് തന്നെ വീഴ്ത്തും. സന്ധ്യ മയങ്ങിയാല്‍ ഒറ്റ ഓട്ടമാണ്. പാമ്പും, പ്രേതവും ഒക്കെ ഇറങ്ങുംത്രെ. ഒറ്റ ഓട്ടത്തിന് അപ്പുറത്ത് എത്തിയാല്‍ എങ്ങിനെയാണ് എന്നെ പിടിക്കാന്‍ പറ്റുക? 

Friday, November 30, 2012

വിവേചന ബുദ്ധി

രാവിലെ ആറര മണി ആയാല്‍ എനിക്ക് ദിവസവും കുറെ വിരുന്നുകാരുണ്ടാവും. ആദ്യം കുറെ പ്രാവുകളാണ് ബാല്‍ക്കണിയില്‍ വരുക. അവര്‍ വരുന്നതിനു മുമ്പ് അവിടമെല്ലാം വൃത്തിയാക്കി, ഒരു വലിയ സ്റ്റീല്‍ പാത്രത്തില്‍ നിറയെ വെള്ളം ഒഴിച്ച് വെക്കണം. (വെള്ളം എല്ലാ പക്ഷികളും ദിവസം മുഴുവന്‍ കുടിച്ചു  കൊണ്ടിരിക്കും). ഒരു പാത്രത്തില്‍ നിറയെ നെല്ലും, ചാമയും കലര്‍ത്തി ചുമരില്‍ ക്കൂടെ വരിക്കു ഇട്ടു കൊടുക്കും. ഇരുപതിലും കൂടുതല്‍ പ്രാവുകള്‍ അത് മുഴുവന്‍ പത്തു പതിനഞ്ചു മിനുട്ട് കൊണ്ട് കാലിയാക്കും. അപ്പോഴേക്കും ആറെ മുക്കാല്‍ ആയിട്ടുണ്ടാവും. അപ്പുറത്തുള്ള നാല് ബദാം മരങ്ങളില്‍ അപ്പോഴേക്കും കുഞ്ഞിക്കിളികളും, മഞ്ഞക്കിളികളും, നിരന്നിരിക്കുണ്ടാവും. ഹൈ ടെന്‍ഷന്‍ കമ്പിയില്‍ രണ്ടു ബുള്‍ബുള്ള് കളും, കാക്കകളും  ഉണ്ടാകും. ഇവര്‍ക്ക്  ചാമയും, നെല്ലും ഒന്നും വേണ്ട. അവര്‍ക്ക് ചോറും, മിക്സ്ച്ചറും ആണ് പ്രിയം. കാക്കകളിലും രണ്ടു തരത്തിലുള്ളവര്‍ ഇരിക്കുന്നുണ്ടാകും. ഒന്ന് മുഴുവന്‍ കറുപ്പുള്ളവരും, മറ്റേതു കഴുത്തില്‍ ചെമ്പന്‍ വരയുള്ള ഇനവും. കറമ്പന്‍ കാക്കകള്‍ക്ക് തീരെ പേടിയില്ല. അവര്‍ കുറച്ചു തറവാടികളും ആണ്. അവര്‍ക്ക് ചോറും, മിക്സ്ച്ചറും ഇടുന്ന സ്ഥലം വേറെയാണ്. അവര്‍ ഇരിക്കുന്ന സ്ഥലത്ത് അഥവാ ഞാനോ, ഭാര്യയോ പോയി നിന്നാല്‍ ചില സമയങ്ങളില്‍ ഞങ്ങളുടെ കയ്യില്‍ കൊത്തി ഞങ്ങളെ അവിടെ നിന്നും മാറ്റും. ഈ കാക്കകള്‍ക്ക് ചോറിന്റെ കൂടെ തൈരും വേണം.  അവിടെ നിന്നും കഴിച്ചു കഴിഞ്ഞാല്‍ അവര്‍ സ്ഥലം വിടും. പിന്നെ വെയില്‍ ചൂട് പിടിച്ചാല്‍ ബാല്‍ക്കണിയില്‍ അവര്‍ (കറുത്ത കാക്കകള്‍)) മാത്രം) വന്നു ക്ഷീണം മാറ്റാന്‍ ഇരിക്കും. ചെമ്പന്‍ കാക്കകള്‍ അങ്ങിനെയല്ല. കക്കാനാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം. അവര്‍ക്കാണെങ്കില്‍ കറമ്പന്‍ കാക്കകളെ മാത്രമേ പേടിയുള്ളൂ. കോങ്കണ്ണിട്ട്   നോക്കി അവര്‍ മറ്റുള്ള പക്ഷികളുടെ മിക്സ്ചര്‍ കൂടി തട്ടിയെടുക്കും. എല്ലാം അവര്‍ക്ക് മാത്രം എന്നാണു അവരുടെ പക്ഷം.  ബാല്‍ക്കണിക്കകത്ത് ഒരു പാത്രത്തില്‍ (ഒരു പഴയ ഫ്ലവര്‍ വൈയിസ്) കുഞ്ഞിക്കിളികള്‍ക്കും, മഞ്ഞക്കിളികള്‍ക്കും, ബുള്‍ബുള്‍കള്‍ക്കും മിക്സ്ചര്‍ ഇട്ടു കൊടുക്കും. ഇതില്‍ കുഞ്ഞിക്കിളികളെ മറ്റെല്ലാ പക്ഷികളും കൊതി ഓടിക്കും. ബുള്‍ബുള്‍കളെ കുഞ്ഞിക്കിളികളെ ഒഴിച്ചാല്‍ മറ്റെല്ലാവരും കൊത്തി ഓടിക്കും. ചെമ്പന്‍ കാക്കകളും,, പ്രാവുകളും ബാല്‍ക്കണിക്കകത്തെ പാത്രത്തില്‍ നിന്നും മറ്റുള്ള കൊച്ചു പക്ഷികളെ ഓടിച്ചു മിക്സ്ചര്‍ കൊത്തിയെടുക്കും. എന്റെ അടുത്തു കുറച്ചു മിക്സ്ചര്‍ ഇട്ടു കൊടുത്താല്‍ കുഞ്ഞിക്കിളികള്‍ പലപ്പോഴും മെല്ലെ വന്നു തിന്നും. ബുള്‍ബുള്ളിനും കുറച്ചു വിട്ടു ഇട്ടു കൊടുത്താല്‍ പേടിയോടു കൂടി ചിലപ്പോള്‍ കുറച്ചൊക്കെ തിന്നും. മഞ്ഞക്കിളികള്‍ക്ക് എന്നെ പേടിയാണ്. പല തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കി എന്നെ അവിടെ നിന്നും മാറ്റാന്‍ നോക്കും. പക്ഷെ ഞാന്‍ പോയാല്‍ ചെമ്പന്‍ കാക്കകള്‍ അല്ലെങ്കില്‍ പ്രാവുകള്‍ മുഴുവനും കട്ടെടുക്കും. ഈ ചെമ്പന്‍ കാക്കകളെയും, പ്രാവുകളെയും ഓടിക്കാന്‍ ഞാന്‍ ഒരു പ്രതിമ പോലെ ബാല്‍ക്കണിയില്‍ അങ്ങിനെ നില്‍ക്കും. പേടിച്ചു, പേടിച്ചു മഞ്ഞക്കിളികള്‍ തിന്നാന്‍ പാത്രത്തില്‍ ഇരിക്കുമ്പോഴേക്കും, കള്ളന്‍ ചെമ്പന്‍ കാക്കകള്‍ അല്ലെങ്കില്‍ ആ പ്രാവുകള്‍ അവിടെ തിന്നാന്‍ വന്നിരിക്കും. അപ്പോള്‍ ഞാന്‍ അവരെ ഓടിക്കാന്‍ തുടങ്ങിയാല്‍ മഞ്ഞക്കിളികളും, കുഞ്ഞിക്കിളികളും, ബുള്‍ബുള്ളും പറന്നു പോകും. പല വഴികളും നോക്കി. അവസാനം ഞാന്‍ ഒന്ന് തീരുമാനിച്ചു. കിട്ടുന്നവര്‍ക്ക് കിട്ടട്ടെ. ഫ്ലവര്‍ വൈസ്സിലും മൂന്നു, നാല് സ്ഥലങ്ങളിലും മിക്സ്ചര്‍ ഇട്ടു കൊടുത്തു ഞാന്‍ അമ്പല ദര്‍ശനത്തിന്നു പോകും. 


അടുത്തുള്ള ഹനുമാന്റെ അമ്പലത്തിലേക്ക് പോകുന്ന വഴിക്ക് ഞാന്‍ ആലോചിച്ചു. ഈ പക്ഷികളെ പോലെ തന്നെയല്ലേ മനുഷ്യന്മാര്‍. ഉള്ളത്? ശക്തി കുറഞ്ഞവരും, കൂടിയവരും, തറവാടികളും, സൂത്രക്കാരും, കള്ളന്മാരും ഒക്കെ ഉള്ള മനുഷ്യന്മാര്‍. നമ്മളില്‍ ഇടയ്ക്കും ഇല്ലേ? മനുഷ്യന്മാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ്, നമുക്ക് സാധന സാമഗ്രികള്‍ വേണ്ടുവോളം ദൈവം (പ്രകൃതി) തരുന്നുണ്ടായിരിക്കാം. പക്ഷെ ഈ തരുന്നതില്‍ ഏറിയ പങ്കും ശക്തി കൂടിയവരും, സൂത്രക്കാരും കൈ വശം വെക്കുന്നു. നല്ലവരായ, സത്യസന്ധന്മാരായ തറവാടികള്‍ അവരുടെ ആവശ്യത്തിന്നുള്ളത് എടുത്തു മാറി നില്‍ക്കുന്നു. പാവപ്പെട്ടവര്‍ക്കാകട്ടെ ബാക്കി വന്നതില്‍ എന്തെങ്കിലും കിട്ടിയാല്‍ ഭാഗ്യം. ദൈവം ഒരു പക്ഷെ ശക്തി കൂടിയവരെയും, അതിസൂത്രക്കാരെയും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടാകും. അങ്ങിനെ ശ്രമിച്ചപ്പോള്‍, പാവപ്പെട്ടവരും, ശക്തി കുറഞ്ഞവരും പേടിച്ചു (മഞ്ഞക്കിളികളും, കുഞ്ഞിക്കിളികളും, ബുള്‍ബുള്ളും പോലെ) മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ ദൈവം വിചാരിച്ചിട്ടുണ്ടാകും "കിട്ടുന്നവര്‍ക്ക് കിട്ടട്ടെ. വിവേചന ബുദ്ധി മനുഷ്യന്മാര്‍ക്ക് കൊടുത്തിട്ടുണ്ടല്ലോ!"